Showing posts with label Death. Show all posts
Showing posts with label Death. Show all posts

ഓര്‍മ്മകള്‍ പിന്തുടരുമ്പോള്‍

വിവസ്ത്രരാക്കപ്പെട്ട ഓര്‍മ്മകളേ

നിങ്ങള്‍ എന്‍റെ മനസ്സിനെ ഉദ്ധീപിപ്പിക്കാതെയിരിക്കുക.

നിങ്ങളുടെ സങ്കടത്തിന്‍റെ
കണ്ണീര്‍ച്ചുഴിയിലകപ്പെടാന്‍ ഇനിയുമെനിക്കാവില്ല.

നിങ്ങളുടെ കന്യാചര്‍മ്മം ഭേദിക്കാനാവാതെ
എന്‍റെ അസ്തിത്വം തിരിച്ചു വരുമ്പോള്‍ ഞാന്‍ മരണത്തെ ഓര്‍ക്കുന്നു.

നാശമേ..
നിങ്ങള്‍ വസ്ത്രങ്ങളണിയുക...
നിങ്ങള്‍ എന്‍റെ മനസ്സിനെ വീണ്ടും ഉദ്ധീപിപ്പിക്കാതെയിരിക്കുക.






ഞാനും ഭ്രാന്തനാകുന്ന ഒരു കാലം




ഞാനും ഭ്രാന്തനാകുന്ന ഒരു കാലം വരും, അന്നു നിങ്ങളെന്നെ കല്ലെറിയും, അന്നു ഞാന്‍ മെറ്റാമോര്‍ഫിസിന്റെ ധൃവീകരണങ്ങളില്‍ സഞ്ചരിക്കുന്ന മാറുന്ന മനസ്സിന്റെ അടിമയായിരിക്കും. അന്നു ശൈത്യകാലങ്ങള്‍ക്കു പകരം വേനലുകള്‍ പെയ്യിക്കുന്ന തീയമ്പുകള്‍ മഞ്ഞിനെ ആവാഹിക്കും.

അന്നു പ്രണയം തോല്‍ക്കുന്ന കാമവരമ്പുകളില്‍ ജനിക്കുന്ന തന്തയില്ലാക്കുഞ്ഞുങ്ങള്‍ക്ക്‌ സെറിലാക്‌ വിളമ്പുന്ന അനാഥാലയങ്ങളില്‍ കൂലിവേലക്കു ഞാന്‍ പണിയെടുക്കും. ശവകുടീരങ്ങളുടെ മേലെ പന്തലുകെട്ടി ഞാന്‍ കഞ്ഞിയും ചെറുപയറും വേവിക്കും. എന്‍റെ കീറിയ കൊന്തക്കുപ്പായങ്ങള്‍ക്ക് യുഗങ്ങളുടെ വിയര്‍പ്പിന്‍റെ മണമായിരിക്കും.

അന്നും എന്‍റെ അഭയാര്‍ഥി സ്വപ്‌നങ്ങള്‍ പൂര്‍ണ്ണമാവാതെ ചിരിച്ചുകൊണ്ടു ചത്തുവീഴും. എന്‍റെ ഭാണ്ടക്കെട്ടില്‍ അന്നും അവളുടെ ഓര്‍മ്മച്ചിത്രങ്ങളുടെ ആല്‍ബം ഒതുക്കത്തോടെ കിമഴന്നു കിടക്കും. വായിക്കുന്ന പുസ്തകങ്ങളില്‍ മരിച്ചുവീഴുന്ന എന്റെ പഴയ അനുഭവങ്ങള്‍ എന്‍റെ മനുഷ്യത്വത്തെ വീണ്ടും ഉദാരമാക്കും.

പഴകിയ ഭക്ഷണങ്ങളില്‍ ഞാന്‍ രാജകീയത കണ്ടെത്തും. കത്തിയും മുള്ളും ഇല്ലാതെ ഞാന്‍ ഭോജനം നടത്തും. മനുഷ്യനെന്നോ മൃഗമെന്നോ തിരിച്ചറിയാതെ ഞാന്‍ പല ജീവികളുടെയും കൂടെ അന്തിയുറങ്ങും. ചില ജീവികളുടെ സഹാനുഭൂതിയില്‍ ഞാന്‍ എന്‍റെ അവസ്ഥയെ പ്രൌഡീകരിക്കുന്ന കാലങ്ങളെ വെറുക്കും.

ആസന്നമായ മരണങ്ങളെ വെറുതെയെങ്കിലും ഞാന്‍ പേടിക്കാന്‍ ആഗ്രഹിക്കും. കടന്നു പോവുന്ന ഓരോ വഴികളിലും ഓരോ മരണങ്ങള്‍ നമ്മെനോക്കി ഒളിച്ചിരിക്കുന്നു എന്ന എന്റെ വിശ്വാസം എന്നെ ചതിക്കും. അത്യാഗ്രഹങ്ങളെ വിഴുങ്ങി ഓര്‍മകളെ പൊഴിച്ചു പിന്നെയും യുഗങ്ങള്‍ താണ്ടി വേനലുകളെ അഭിമുഖീകരിച്ചു ഞാന്‍ ഭ്രാന്തന്മാര്‍ക്കുള്ള നോബല്‍ സമ്മാനം വാങ്ങി ഭാണ്ടക്കെട്ടില്‍ നിക്ഷേപിക്കും. ഭാണ്ടക്കെട്ടില്‍ പറ്റിപ്പിടിച്ച രണ്ടു മൂന്ന് HIV ബാധിച്ച ഈച്ചകള്‍ അതൊക്കെ കണ്ടു ചിരിക്കുമായിരിക്കും.


നിന്റെ നിശബ്ദതയാണെന്റെ മരണമെന്ന് ഞാന്‍ തിരിച്ചറിയുന്നു.


--------------------------------------------------


കാല്‍പനികതയുടെ മരച്ചുവട്ടിലേക്ക് ഒരിറ്റു കഞ്ചാവുമായി വന്നു പ്രണയകച്ചവടം തുടങ്ങിയ ഒരു യുവാവ്‌. ആ യുവാവിന്റെ പേരായിരുന്നു ബെന്‍ ജോണ്‍സണ്‍. ഒരിക്കല്‍ കുമ്മായം വറ്റി വരണ്ട അവന്റെ മനസ്സില്‍ പ്രണയത്തിന്റെ ഉല്‍ക്കമഴ പെയ്യിച്ച് അവള്‍ വന്നു. അവളുടെ പേരായിരുന്നു ലംബോര്‍ഗിണി. പതിയെ പെയ്ത മഴയില്‍ ഇരുവരും തലതല്ലി സ്നേഹത്തിന്റെ നാരങ്ങ മുട്ടായികള്‍ തിന്നു. മുഖത്തോട് മുഖം നോക്കി പ്രണയത്തിന്റെ മുദ്രാവാക്യം വിളിച്ചു. ഉടലില്‍നിന്ന് ചോര്‍ന്നോലിച്ച കാമം കപ്പലണ്ടി പൊതിഞ്ഞ പഴയ കടലാസുകള്‍ കൊണ്ടു തുടച്ചു.

ഒരിക്കല്‍ റേഷന്‍ കടകള്‍ പണിമുടക്കിയ കാലം, കാലം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഒരുങ്ങിയപ്പോള്‍ അവര്‍ പരസ്പരം അഭയാര്‍ഥികളെപ്പോലെ ഭാവിയെ പേടിച്ച് അമൃതാ എക്സ്പ്രസ്സ്ല്‍ സ്വാര്‍ത്ഥതയുടെ ടിക്കറ്റ്‌ എടുത്ത്‌ ഒളിച്ചോടി. അവര്‍ പ്രണയത്തെ വലിച്ചെറിഞ്ഞ കടലാസ് പെട്ടികളിയില്‍ പുതുജീവിതത്തിന്റെ പുഴുക്കള്‍ നിറഞ്ഞു.

പിന്നീട്, നീലച്ചടയന്റെ ലഹരി നിറഞ്ഞ നിലാവത്ത് നത്തോലികള്‍ പിടയുന്ന നിശബ്ദതയില്‍ പ്രണയം അവര്‍ അറിയാതെ കൂര്‍ക്കം വലിച്ചു. അന്നൊരുനാള്‍ നീണ്ട ഇടനാഴികളില്‍ ചോരതുപ്പിയ മനസ്സിന്റെ വേദനയില്‍ അവര്‍ തിരിച്ചറിഞ്ഞു പ്രണയം ഒരു വൃത്തികെട്ട മനസ്സിന്റെ അവസ്ഥയാണെന്ന്.

കാലങ്ങള്‍ കുത്തിയൊലിച്ചു പോയി.. ഉറക്കം വരാത്ത ഒരു രാത്രില്‍ ബെന്‍ജോണ്‍സന്‍ ലംബോര്‍ഗിണിക്ക് ഒരു SMS അയച്ചു.

"നിന്റെ നിശബ്ദതയാണെന്റെ മരണമെന്ന് ഞാന്‍ തിരിച്ചറിയുന്നു."

ലംബോര്‍ഗിണി കരഞ്ഞു.

ശുഭം.


അവശിഷ്ടങ്ങള്‍


മരണത്തിന്റെ ഇരുണ്ട വഴികളില്‍ അയാള്‍ തല കുനിച്ചു നടന്നു നീങ്ങി, ചെയ്ത തെറ്റുകളില്‍ ആസ്വദിച്ചു ചെയ്ത പാപങ്ങളെ  പശ്ചാത്താപത്തിനു വിട്ടു കൊടുക്കാതെ,

ആ തെറ്റുകളെ താലോലിച്ചു കൊണ്ടവന്‍ വിദൂരതയിലേക്ക് നടന്നു, മരണത്തെ പുല്‍കി
നേര്‍ത്ത പഞ്ഞികെട്ടുകളിലേക്ക് ദൈവം അവനെ ഉയര്‍ത്തുമ്പോള്‍ അവന്‍ അറിഞ്ഞില്ല ചില സ്നേഹപാപങ്ങള്‍ പ്രസവിച്ച അവന്റെ സത്തയെ ചിലര്‍ ഓമനിച്ചു വളര്‍ത്തുന്നുന്ടെന്നു.. അതവന്‍ അറിഞ്ഞിരുന്നെകില്‍...

അറിഞ്ഞിരുന്നെങ്കിലും ഒരു ചുക്കും ചെയ്യില്ലരുന്നു....

ഞാന്‍ ചാവാന്‍ പോണൂ!


ഞാന്‍ ചാവാന്‍ പോണൂ
----------------
കുറ്റബോധത്തിന്റെ ആവേശത്തിന് മുള്ള് മുളച്ചു, മനസ്സിന്റെ വേഗം കൂടി,  മൃതിയുടെ നിശബ്ദതയിലേക്ക് ഓടിയൊളിക്കാന്‍ തിടുക്കം കാട്ടിയ എന്റെ ഭീരുത്വത്തിന് ശക്തി പകര്‍ന്നത് എന്റെ നഷ്ടപ്രണയങ്ങളായിരുന്നു‍. പുലരിളില്‍ പേടിപെടുത്തുന്ന പൊയ്മുഖങ്ങളായും‍ ഇരുട്ടില്‍ മുറിപെടുത്തുന്ന സ്വപ്‌നങ്ങളായും അവയെന്നെ വേട്ടയാടി. മഴയുടെ തണുപ്പില്‍ ഞാന്‍ ഒളിച്ചു നിന്നു. തണുത്ത മഴയില്‍ തെന്നി നീങ്ങിയ ഞാന്‍ എന്നെ മറന്നു.

ഇന്ന് ബോധത്തില്‍ ഇരുളില്‍ കുറ്റബോധത്തിന്റെ ആധിക്യത്താല്‍ മനസ്സ് ആക്സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി, വേഗങ്ങള്‍ക്കപ്പുറം നിശബ്ദതയിലേക്ക്‌ ഊളിയിടാന്‍ ഒരു കുറുക്കു വഴി അതായിരുന്നു, മൂലപ്രപഞ്ചത്തിന്റെ ഒഴിഞ്ഞ കോണില്‍ ഒന്നര സെന്റ്‌ കാല്പനിക ഭൂമി തേടി ഞാന്‍ അലഞ്ഞു. അവസാനം ദൈവം പട്ടയം കൊടുക്കാത്ത സ്ഥലത്ത് ഞാന്‍ എന്റെ നിറമുള്ള സ്വപ്നങ്ങളെ പ്രതിഷ്ടിച്ചു.

പിന്നെ ഒരു തമാശ എന്താണെന്ന് വച്ചാല്‍, മരിച്ചാ പിന്നെ ഒരിക്കലും ആത്മഹത്യ ചെയ്യാന്‍ പറ്റില്ലയത്രെ.. അത് മോശമായി പ്പോയി.. ഇത് ദൈവത്തിന്റെ വൃത്തികെട്ട ഒരു തമാശ ആയിപ്പോയി..

രണ്ടാമത്തെ മരണം

മരങ്ങള്‍ ഇലകള്‍ പൊഴിക്കും പോലെ ദൈവം ജീവിതങ്ങള്‍ പൊഴിക്കുന്നു. ദൈവം നീചനാണോ? ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറം പിടിച്ചു വരുമ്പോഴേക്കും ഒരു ചെറിയ കാറ്റില്‍ സ്വന്തം ഇടയരിയാതെ മരണത്തിന്റെ തണുപ്പിലേക്ക് പറന്നു ഇറങ്ങുന്ന ജീവിതങ്ങള്‍,  മരണത്തിനു തണുപ്പുള്ള സുഖമായിരിക്കും എന്ന് എന്റെ മരിച്ചു പോയ സ്വപ്നങ്ങള്‍ പറഞ്ഞിരുന്നു, അത് കൊണ്ടാണത്രേ മരിച്ചവരെ പുതപ്പിക്കുന്നത്, ആത്മാക്കള്‍ തണുത്തു ഐസു കട്ടപോലെ ഉറങ്ങുന്നു എരിയുന്ന ചകിരി തോണ്ടുകളുടെ ചൂടറിയാതെ.. അടുത്ത ജീവിതത്തിലേക്ക്ള്ള വഴിയില്‍ ഇടക്കെന്നു ക്ഷീണം മാറ്റാന് കിടക്കുന്ന പോലെ തണുത്തു മരവിച്ചു കിടക്കുന്നു‍. എനിക്കും തണുക്കുന്ന പോലെ...

അലിയാനായ്‌

മണ്ണിലലിയാനായ്‌ ഞാന്‍ ചിരിച്ചു നോക്കി. ചിരിച്ചു ചിരിച്ചു ഞാന്‍ മണ്ണ് കപ്പി. കപ്പിയ മണ്ണെല്ലാം വായിലായി. വായിലായ മണ്ണെല്ലാം വയറ്റിലായി. വയറ്റിലായ മണ്ണെല്ലാം ദേഹത് ചേര്‍ന്ന് പിന്നീടെപ്പോഴോ ഞാന്‍ മരിച്ചു പോയിരുന്നു. അന്ത്യ കൂദാശകള്‍ക്കൊടുവില്‍ വീണ്ടും ഞാന്‍ മണ്ണിലലിഞ്ഞു ചേര്‍ന്നു.