സ്വപ്നനാമ്പുകള്‍

പൊള്ളയായ മനസ്സിന്‍റെ അകത്തളങ്ങള്‍ മഴയെക്കാത്തിരിന്നു. നിരര്‍ഥകമായ ഉച്വാസങ്ങള്‍ വളര്‍ച്ചയില്ലാതെ ഖനീഭവിച്ചുകിടന്നു‍. ഓര്‍മ്മകളുടെ മൂക്കുപിഴിഞ്ഞവകയില്‍ ഒട്ടിപ്പിടിച്ച പൊന്തിനില്‍ക്കുന്ന മണക്കുന്നനൊമ്പരങ്ങള്‍ കഴുകാന്‍മറന്നതല്ല. അത് കനക്കുന്ന തുലാമഴനൂലുകള്‍ക്കുവേണ്ടി മാറ്റിവെച്ചിരിക്കയാണ്‌. ആ മഴയില്‍ കുതിര്‍ന്നുപോവാന്‍ ബാക്കിവെച്ച നൊമ്പരങ്ങള്‍.

വൈകാരിക മാലിന്യങ്ങള്‍ തള്ളുന്ന മനസ്സിന്‍റെമണ്ണ് നല്ല ഫലഭൂവിഷ്ടമാവും. സ്നേഹങ്ങളെ കണ്ണീരുനനച്ചു ശൂന്യമായമനസ്സിന്‍റെ അകിടില്‍ പാകിയെറിയാന്‍ തോന്നിയില്ല.

നിര്‍വികാരമായ വിരസതയെ സാക്ഷിയാക്കുന്ന മൗനങ്ങളെ ഒളിപ്പിച്ച വികൃതമായപകലുകള്. ആ പകലുകളെ മാന്തിത്തിന്നുന്ന സമയങ്ങളിലാവണം പ്രണയത്തിന്‍റെ അസ്ഥിവാരങ്ങളില്‍ മുഴുവന്‍ മണ്ണറിയാതെ സ്വപ്നനാമ്പുകള്‍ മുളച്ചത്.

ഒറ്റപ്പെടലിന്‍റെ ആമുഖങ്ങളില്‍ ചെരിച്ചെഴുതിയ അക്ഷരങ്ങള്‍ക്ക് പിഴവുപറ്റിയോ എന്നറിയില്ല. നിന്നെത്തേടി അകലങ്ങളില്‍ അലറിപ്പിടഞ്ഞുപറന്നെത്തുന്ന ചിന്തകളെമെരുക്കുന്ന ചങ്ങലകള്‍ അഴിഞ്ഞതാവണം!

മഴവരും, വരാതെ എവിടെപ്പോവാന്‍!

മഴകാത്തിരിക്കുകയാണ്. ഒറ്റപ്പെടലിന്റെ കനം കൂടിയ രാത്രിയിലേക്ക് ഒരു തണുത്ത മഴയായ് സ്വപ്ന നാമ്പുകളെ നനച്ചു പെയ്തിറങ്ങുന്ന ഒരു മഴ. അറിയാതെ മുളച്ചതാണെങ്കില്‍ക്കൂടി. അവക്കും ജീവിക്കണ്ടേ?

രാത്രിയുടെ മരണം



മരണത്തിന്‍റെ കാലൊച്ചകള്‍ അടുത്തുവന്നു. ഓര്‍മ്മകള്‍ ഇടതിങ്ങിയ മനസ്സിന്‍റെ ഇടനാഴിയില്‍ ചതുപ്പ് നിലങ്ങളില്‍ ആഴ്ന്നുപോയ പുലര്‍കാല സ്വപ്‌നങ്ങള്‍ കരഞ്ഞു. മരണം കാത്തുകിടക്കുന്ന പാതിരാക്കിനാക്കളും അവയുടെ കുട്ടികളും മരണത്തിന്‍റെ തണുപ്പില്‍ വിറച്ചുപനിച്ചു.

ആത്മാവിനെ അള്ളിപ്പിടിച്ചിരുന്ന നിശാശലഭങ്ങള്‍ പ്രണയത്തിന്‍റെ തണുപ്പില്‍ വേദനയറിയാതെ കിടന്നു. ഉറവവറ്റാത്ത കണ്ണീര്‍ക്കിണറുകള്‍ക്കുമേല്‍ വട്ടംപറക്കുന്ന ഏകാന്തത അമറിവിളിച്ചു. വാരിയെല്ലിനുള്ളിലെ കുതിര്‍ന്നുപോയ തന്തയില്ലാത്ത നൊമ്പരങ്ങള്‍ മാത്രം കരഞ്ഞില്ല. ഒരു തേങ്ങലിന്‍റെ ഇടവേളയില്‍ രാത്രി ഇടനെഞ്ചു പൊട്ടിമരിച്ചു.

രാത്രിയെ കബറടക്കാന്‍ മറവിയുടെ ആഴമുള്ള ചതുപ്പുകള്‍ കുഴിക്കുകയായിരുന്നു മദ്യപിച്ച ഒരുകൂട്ടം കുഴിയാനകള്‍.

എനിക്കിനിയും സ്നേഹിക്കണം.

പ്രണയത്തിന്റെ പുഴുക്കള്‍ പകുതിതിന്നുവച്ചൊരു ഹൃദയമുണ്ടെനിക്ക്. 
അവകാശിയില്ലാത്ത എന്റെ ഹൃദയം ചത്തുകിടക്കുന്നു. 
ചത്ത ഹൃദയത്തില്‍ നിന്ന് ഇഴഞ്ഞിറങ്ങി നിങ്ങുന്ന നിര്‍ദ്ധന സ്വപ്നങ്ങള്‍. 
അകലത്ത് അവയെ മരണം കാത്തുകിടക്കുന്നു. 
ചുടുകാറ്റില്‍ വെന്തുമരിക്കാനാണ് സ്വപ്നങ്ങളുടെ വിധി. 
എങ്കിലും നിഷ്കളങ്കമായി ചിരിച്ചു അവയോട് സലാം പറയുന്ന ചുടുകാറ്റ്. 
ചതിയുടെ ചിരിയാണെന്നറിയാതെ ആശാവഹമായ നോട്ടത്തോടെ 
ചുടുകാറ്റിനെ നെഞ്ചിലേറ്റുന്ന സ്വപ്‌നങ്ങള്‍.

സ്നേഹിച്ചു കൊതിതീരുമുമ്പേ വരുന്ന ഇടനേരങ്ങള്‍ പറയാന്‍ പറ്റാത്ത വിധം അസഹ്യമാണ്. 
എനിക്കിനിയും സ്നേഹിക്കണം.

ശേഷിച്ചത്

ഓര്‍മ്മകള്‍ താമ്പാളപെട്ടിയിലാക്കി വഴിവക്കില്‍ എറിഞ്ഞോടുമ്പോള്‍ മനസ്സ് പറഞ്ഞത്, വെറുതെയാണെങ്കില്‍ പോലും തിരിഞ്ഞു നോക്കെരുതെന്നായിരുന്നു.

അര്‍ത്ഥമില്ലാത്ത ദിവസങ്ങളിലൊന്നില്‍ നിലാവിന്റെ  ഇടനാഴിയില്‍ വെചൊരുന്നാള്‍ ഞാനും അവളും കണ്ടുമുട്ടി. അന്ന് മറവിയുടെ താമ്പാള പെട്ടികളില്‍ ശേഷിച്ചത് ഞങ്ങളുടെ തുരുമ്പിച്ച മൌനങ്ങള്‍ മാത്രമായിരുന്നു.

ചോദ്യങ്ങള്‍.

വിരസമായ ഒരു പകലില്‍ എന്റെ മനസ്സില്‍ തീ കോരിയിട്ടു അവള്‍ വന്നു.
തിടുക്കത്തില്‍ അവളുടെ സ്വരം

"രണ്ടു ദിവസമായി ഒരു കാര്യം പറയണം ന്നു കരുതിയിട്ട്?"

എന്റെ നെഞ്ചം പിടഞ്ഞു.
വിരലുകള്‍ വിറ പൂണ്ടു. എനിക്കും അവളോട്‌ കൊറേകാലമായി എന്തെല്ലാമോ പറയാന്‍ ഉണ്ടായിരുന്നു.

എന്റെ വിനയം അതാവുമോ അവളെ എന്നോട് അടുപ്പിച്ചത്. അതോ എന്റെ സംസാര ശൈലി. ഒരു നൂറു കാര്യങ്ങള്‍ എന്റെ നെഞ്ചം തുടുച്ചു കടന്നു പോയി.

".. അവിടുണ്ടോ?"
അവളുടെ ശബ്ദത്തിന്റെ മാധുര്യംമുള്ള മൃദുലത ഓര്‍ത്ത്‌ എന്റെ ഉള്ളം വല്ലാണ്ടായി.
അവള്‍ നിര്‍ത്തിയില്ല.

"നിന്റെ മൂഡനുസരിച്ച് വേണം സംസാരിക്കാന്‍ എന്ന് കരുതി"

എനിക്ക് നൂറുവട്ടം ഇഷ്ടമാണ്. നിന്റെ ഈ ചിരികള്‍, മൊഴികള്‍ എല്ലാം. പക്ഷെ ഇതെങ്ങനെ പറയണം ന്നു ആലോചിചിരിക്കയായിരുന്നു. എന്റെ മാന്നസ് പറഞ്ഞു. പക്ഷെ നാവനങ്ങിയില്ല. അവളപ്പോഴും എന്തോ പറയാന്‍ വിതുമ്പി നിന്നു.

"ആലോചിക്കുമ്പോള്‍ തന്നെ പേടി തോന്നുന്നു."
പക്ഷെ..
ചെലപ്പോ തോന്നും വേണ്ടാന്നു"


അത് കേട്ടതും എന്റെ മനസ്സ് പെയ്യാന്‍ കൊതിച്ച മേഘം കണക്കെ സ്വപ്നങ്ങളെ ഇറുക്കിപ്പിടച്ചു. എന്റെ വലത്തെ നെഞ്ചില്‍ എന്തോ സുഖമുള്ള ഭാരം. അവള്‍ നിര്‍ത്തിയില്ല.

"നിന്നെക്കുറിച്ചു എനിക്കറിയില്ല.
രണ്ടാഴ്ചയായി ഞാന്‍ ശെരിക്കൊന്നു ഉറങ്ങിയിട്ട്.
ചിലപ്പോ തോന്നും ഇതൊന്നും ശെരിയല്ലാ ന്നു..
എനിക്കറിയില്ല."

ഒരു ചെറിയ മൌനം.
ഹൊ.. ഇനിയും സഹിക്കാന്‍ വയ്യ... അങ്ങോട്ട്‌ പറഞ്ഞാലോ...വേണ്ടാ.. മനസ്സ് തടഞ്ഞു. ഇല്ല.. ഇനിയെങ്കിലും ഒന്നും മിണ്ടിയില്ലെന്കില്‍...
മനസ്സില്‍ ധൈര്യം സംഭരിച്ചു പറഞ്ഞു
"നീ പറയൂ"

"അത്.. അത് "
അവള്‍ക്കു പരിഭവം...

എനിക്ക് ക്ഷമയില്ലയിരുന്നു
നീ പറയൂ എന്താണെന്ന്.. എന്റെ മനം ഒരു തവണ നിന്നു പോയോ?

"സിറിയയില്‍ രാസായുധ പ്രയോഗം വേണ്ടായിരുന്നു അല്ലെ..
എന്താ നിന്റെ അഭിപ്രായം. "

ഗെറ്റ് ലോസ്റ്റ്‌ ഫക്ക് യൂ.. എന്റെ മനസ്സില്‍ വന്ന തെറികള്‍ക്ക് ഔദാര്യമില്ലായിരുന്നു. പക്ഷെ പുറത്തേക്ക് വന്നില്ല.

"ഇല്ല വേണ്ടായിരുന്നു.."

സ്റ്റില്‍.. ;)

ചിലയോര്‍മ്മകളുടെ വാലുകള്‍
എണ്‍പതിനായിരം കൊല്ലം
മറവിയുടെ കുഴലില്‍ ഇട്ടാലും 
പഴയത് പോലെ നിറവാര്‍ന്നിരിക്കും...

ഉത്തരങ്ങളെത്തേടി വീണ്ടും..

ചോദ്യങ്ങള്‍ എന്റെയുള്ളില്‍ കിടന്നു കരയുകയായിരുന്നു. ഉഴറിയുഴഞ്ഞ പലചോദ്യങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നു. ചില ചോദ്യങ്ങള്‍ അവര്‍ക്കായി പൊന്തിവന്ന ഉത്തരങ്ങളില്‍ സംതൃപ്തരായി. അവര്‍ ആ ഉത്തരങ്ങളെ പുണര്‍ന്നുകിടന്നു. ചോദ്യങ്ങളുടെ ജീവചക്രം അവസാനിക്കുന്നതെവിടെയാണെന്നു പരതിനടന്ന രാവുകള്‍.

ആദ്യമാദ്യം ചോദ്യങ്ങള്‍ നിശ്ശബ്‌ദത പുലര്‍ത്തി. പിന്നീടവ മുദ്രാവാക്യം വിളിച്ചു തുടങ്ങി. മൌനത്തില്‍ ആണ്ടുപോയ എന്റെ മനസ്സ് വിറച്ചു. ഉത്തരം കിട്ടാതെ ഗതികിട്ടാതെ പല ചോദ്യങ്ങളും മറവിയിലേക്ക് ആണ്ടു പോയി. കാലാന്തരങ്ങളില്‍ ഉത്തരം കിട്ടാതെ മരിക്കുന്ന അവ മനസ്സിന്റെ ചുടലയില്‍ എരിഞ്ഞുകിടന്നു. തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത മനസ്സും സങ്കോചം പൂണ്ടുകിടന്നു.

ചില ചോദ്യങ്ങളോട് ഒഴിയാനാവശ്യപ്പെട്ടപ്പോള്‍ അവതന്‍റെ തന്തച്ചോദ്യങ്ങളെ നരകങ്ങളില്‍ നിന്നുയര്‍ത്തെഴുന്നേല്‍പ്പിച്ചു. അവ കോലാഹലങ്ങളോടെ കൂക്കുവിളിയും, തൊഴിയും തുടങ്ങി. എന്റെ മനസ്സ് വീണ്ടും ജാഗ്രതയുള്ളതായിത്തീര്‍ന്നു. വൈകാതെ ചില ചോദ്യങ്ങള്‍ക്ക് മറു ചോദ്യങ്ങള്‍ പിറന്നു. അവ പരസ്പരം ഏറ്റുമുട്ടി. പരസ്പരം കുറ്റംചുമത്തി അവ പ്രതിരോധിച്ചു. മരിച്ചുവീഴുന്ന ചോദ്യങ്ങള്‍ക്ക് എന്റെബുദ്ധിയില്‍ പ്രസക്തിയില്ലയിരുന്നു.

എന്റെ ബുദ്ധിക്ക് ഇഷ്ടപ്പെടുന്ന ഉത്തരങ്ങള്‍ മുഴുക്കെ എന്റെയുള്ളില്‍ക്കിടന്നു ജീര്‍ണിക്കുന്ന ചോദ്യങ്ങള്‍ പ്രസവിച്ചവയായിരുന്നു. കുട്ടിഉത്തരങ്ങള്‍ പലതും പരിഗണന അര്‍ഹിക്കാത്തവയെന്ന്‍ ആദ്യം തോന്നിച്ചു. എന്നിട്ടും അവയെ ഞാന്‍ ഒരു നിധി പോലെ സൂക്ഷിച്ചു. അവ മറ്റുചോദ്യങ്ങളെ മുറിവേല്‍പ്പിച്ചില്ല. സ്വന്തം കുടുംബങ്ങളാണെന്ന ധാരണയുള്ളതുകൊണ്ടാവണം.

എന്റെ ബുദ്ധി പറഞ്ഞു.
"പതിവില്ലാതെ മുറവിളി കൂട്ടുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരംകിട്ടുക പ്രയാസമായിരിക്കും."

ചോദ്യങ്ങളെ മനസിന്റെ കൂരിരുട്ടില്‍ അടച്ചുമൂടി സന്യാസത്തിന്റെ വഴിയില്‍ സഞ്ചരിക്കാന്‍ ബുദ്ധി മനസ്സിനു തലയണമന്ത്രമോതി. ഇപ്പോഴും ചോദ്യങ്ങള്‍ എന്റെയുള്ളില്‍ക്കിടന്നു കരയുന്നു. ഉത്തരങ്ങളെത്തേടി..

റേഞ്ച് കിട്ടാത്ത പ്രണയങ്ങള്‍!

എന്റെ ആത്മാവിനെ പകുത്തെടുത്തു നിന്റെ പ്രണയത്തിന്റെ ശവകുടീരത്തില്‍ നിനക്കൊരു പൂചെണ്ടായ്‌ ഞാന്‍ അര്‍പ്പിക്കും. അന്നും നീയെന്റെ സ്നേഹത്തെ പുച്ചിച്ചു തള്ളും. മഴമേഘങ്ങള്‍ കരഞ്ഞു തീര്‍ത്ത ഒരു പകലിന്റെ നോവില്‍ അന്നും നീ എന്നെയോര്‍ത്ത് തേങ്ങും.

അന്ന് രാവില്‍ തെളിഞ്ഞ മാനത്ത് ഞാനൊരു സ്വപ്നമായി നിന്റെ മനസ്സില്‍ പ്രത്യക്ഷപ്പെടും. നിന്റെ കണ്ണുകള്‍ക്ക്‌ ഭാരമായി ആ സ്വപ്നം ഉതിര്‍ന്നു വീഴും. നിലം തൊടാതെ ആ സ്വപ്നങ്ങള്‍ ബാഷ്പ്പമായ് ആ ഇരുളില്‍ അലിഞ്ഞു ചേരും.

എന്റെ പ്രണയം ചിതറിത്തെറിച്ചു ആകാശത്തു മഴവില്ല് തീര്‍ക്കും. സമുദ്രങ്ങളും നീലാകാശങ്ങളും അതിര് വിരിച്ച ഈ നാമമാത്ര ജീവിത സഞ്ചയങ്ങളില്‍ കിടന്നു എന്റെയും നിന്റെയും പ്രണയങ്ങള്‍ റേഞ്ച് കിട്ടാതെ അലയും.

പുഴ വളരുകയാണ്.


നമ്മുക്കിടയിലെ പുഴ വളരുകയാണ്.
വളഞ്ഞും തിരിഞ്ഞും കലങ്ങിയും മറിഞ്ഞും...

അത് കാതങ്ങള്‍ വളര്‍ന്നു കടലില്‍ ചെന്ന് ഉപ്പ് ചവക്കുമ്പോള്‍ നമ്മുക്ക് നമ്മെ നഷ്ടപ്പെട്ടെന്ന പോലെ പിന്തിരിയാന്‍ ശ്രമിക്കും. ഇനിയൊരു തിരിച്ചൊഴുക്കിനു ജീവനില്ലെന്ന ഭീതിയില്‍ നമ്മള്‍ നമ്മളെ തിരയും.

ഇടതും വലതുമായി കൂട്ടുകൂടുന്ന ചെറുതോടുകളോട് പറയണം, നമുക്ക്  നമ്മളെ നഷ്ടപ്പെടുന്നെന്ന്... തിരിച്ചൊഴുകുകയാണെന്ന് ഇരു കരകളുടെയും ചങ്കില്‍ക്കിടന്നു  പുഴയുടെ ആഴത്തിലേക്ക് നോക്കുന്ന മീനുകളോടും പറയണം.

പക്ഷെ ഇനിയെങ്ങനെ..????

ചോദ്യങ്ങള്‍  കടന്നു വന്ന പാലത്തിനു കീഴെ കളഞ്ഞു പോന്നതല്ലേ... ? പിന്നെയും എന്തിന്... ?

****

എനിക്കും നിനക്കുമിടയില്‍ കലരാതെ നമ്മെ പിരിച്ചെഴുതുന്ന അനങ്ങാപ്പാറകള്‍, മൗനം മുളപ്പിക്കുന്ന ഒളിതുരുത്തുകള്‍,  ആഴങ്ങളില്‍ കുഴിച്ചുമൂടിയ നമ്മുടെ പ്രണയത്തിന്റെ അസ്ഥിമാടങ്ങള്‍..

പോകാം നമ്മുക്ക്... ? നമ്മള്‍ മറന്നു പോയ ആ പഴയ ഓര്‍മ്മകളിലേക്ക് മുങ്ങാംകുഴിയിട്ടു താഴാം... ? വളര്‍ന്നുവന്ന  വഴിയിലെവിടെയോ പാറക്കല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച പഴയകളിപ്പാട്ടങ്ങള്‍ തിരയാന്‍...

ശ്ശ്....ശ്ശ്....

നീ മറന്നുവോ... ? അതോ ഞാനോ ...?
നമ്മളിപ്പോള്‍ കടലിലാണ്.... ഉദ്ഭവത്തില്‍ നിലകളില്ലാതെ മരിച്ച പുഴകളുടെ കണ്ണീര്‍ കൂട്ടങ്ങള്‍.... അനേകായിരം പുഴകള്‍ വളര്‍ന്ന കടല്‍.. ആഴക്കടല്‍.. നൊമ്പരക്കടല്‍... തിളങ്ങിപ്പുളയ്ക്കുന്ന കടല്‍....

ഇതിലെവിടെയാണ് നീ ..
എവിടെയാണ് ഞാന്‍...

****


അറിയാമോ...?
നമുക്കിടയിലെ പുഴയുടെയറ്റത്തു നമ്മുടെ നിഴലുകള്‍ ഇപ്പോഴുമെന്തോ തിരഞ്ഞിരിക്കുന്നുണ്ട്. എനിക്കത് കാണാം...

Misc of May

വികലമായ ചിന്തകളില്‍ നമ്മുടെ തത്വം ഒതുങ്ങിക്കൂടുന്നു, അത് മാറ്റിയെടുക്കുക. യാന്ത്രീകമായ ജീവിതത്തില്‍ നിന്ന് മുക്തി നേടുക ഇനി സാദ്ധ്യമല്ല. നിമിത്തങ്ങളും നിയോഗങ്ങളും അതിരുതിരിച്ച ജീവിതത്തില്‍ ആത്മാവില്ലാതെ അലയാന്‍ വിധിക്കപെട്ടവരാണ് നമ്മളില്‍ പലരും. അതുകൊണ്ട്തന്നെ യാഥാര്‍ത്യങ്ങളുടെ വിരൂപതയില്‍ അറച്ചുനില്‍ക്കാതെ തത്വജ്ഞാനിയായി മുന്നോട്ടു നീങ്ങുക. നിസ്വാര്‍ത്ഥമായ സ്നേഹത്തിന് മുന്നില്‍ പകച്ചുനില്‍ക്കാതെ അതിനെ പുണരുക. ജീവിതവസന്തങ്ങളെ ഗര്‍ഭവതിയാക്കുക. പുലരിയില്‍ നിറഞ്ഞ ചിരികളെ അവര്‍ ജനിപ്പിക്കട്ടെ..

---------------------

മച്ചകങ്ങള്‍ക്ക് മേലെ ഉലാത്തുന്ന ചിന്തകളില്‍
ആത്മബലിക്കായി കാത്തിരിക്കുന്ന ഞാനും നീയും എന്ന പ്രണയശരീരങ്ങള്‍!

---------------------

കണ്ണെന്നു തെറ്റിയാല്‍ പിഴക്കുന്ന ഹൃദയമുണ്ടെനിക്ക് !

---------------------

നോവ്‌ തിന്നുന്ന പക്ഷിയെപ്പോലെ ഞാന്‍ എന്തെല്ലാമോ ചിലക്കുന്നു.

---------------------

ഭൌമ രസതന്ത്രങ്ങള്‍ അറിയാത്ത ഒരു മനസ്സും
കനം കുറഞ്ഞ ഇരുട്ടില്‍ കുറുക്കനെ പോലെ
പ്രണയത്തെ വലവിരിച്ച വേറൊരു മനസ്സും..

---------------------

ഇതിനിടയില്‍ എവിടെയോ ഞാന്‍ എന്നത് മാത്രം ബാക്കിയാവുന്നു
ഉത്തരങ്ങളില്ലാ.. പകരം സ്വപ്നബീജങ്ങള്‍ അടവിരിയിച്ച പേക്കിനാവുകള്‍ മാത്രം.
വേരുപടര്‍ന്നു പിടിച്ച ഓര്‍മ്മകളില്‍ ഭീരുത്വം മുറിവേല്പിച്ച പകലുകള്‍.

---------------------

മടിയാണെനിക്ക്..
ദാഹിച്ചു വലഞ്ഞ ഞാന്‍
ഒരു മഴയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.

മടിയാണെനിക്ക്..

------------------------

ക്ലാവ് പിടിക്കുന്ന ഓര്‍മകളില്‍ എവിടെയോ ചകിരി കൊണ്ട് ക്ഷതമേറ്റ നീയെന്ന വികാരത്തിനു എവിടെയോ ഇപ്പോഴും ഒരു സുഖമുള്ള നീറ്റലുണ്ട്. നീയെന്ന ആ വേദനയ്ക്ക് മറുമരുന്നില്ലാ..

സ്നേഹവായ്പിന്റെ നിറമുള്ള പുഞ്ചിരികള്‍ സമ്മാനിച്ച്‌ നീ മറഞ്ഞിരിക്കുമ്പോഴും നിന്റെയുള്ളിലെ കനലിന്റെ ചൂടെനിക്ക് അനുഭവിച്ചറിയാനാകും. വെറുതെ ഇരിക്കുമ്പോഴും എന്റെ മനസ്സ് പിടയുന്നത് ആ ചൂടെറ്റിട്ടാവാം...