പകല്‍ നിലാവ് ഉച്ചിയില്‍ വീണ യാമങ്ങള്‍


പകല്‍ നിലാവ് ഉച്ചിയില്‍ വീണ യാമങ്ങള്‍.. ലഹരി മുങ്ങിയ ധമനികള്‍..

നാല് പെഗ്ഗിന്റെ വീര്യവും ഉച്ചയുറക്കത്തിന്റെ ആലസ്യവും തമ്മിലുള്ള വഴക്കിന്റെയിടയില്‍ ഞാന്‍ അങ്ങിനെ സോഡാ തീര്‍ന്നതിന്റെ ദുഖം മുഖത്ത് പ്രതിഫലിപ്പിച്ചു ഇരുന്നു. ഒറ്റക്കുള്ള ഞായറാഴ്ചകളുടെ പതിവ് രംഗങ്ങള്‍ മുറക്ക് നടക്കുന്നു. സോഡാ തീര്‍ന്നു അടുത്ത പെഗ്ഗിനു പച്ചവെള്ളം തന്നെ ശരണം. ഫ്രിഡ്ജില്‍ ജ്യൂസും ഇല്ല വേറെ മിക്സിക്കബള്‍ ഐറ്റംസ് ഒന്നും ഇല്ല, ഇതോടെ ഇന്നത്തെ ഈ കലാപരിപാടി അങ്ങ് നിര്‍ത്തിയാലോന്നു ആലോചിച്ചു.

കണ്ണടഞ്ഞോ? ഇല്ലയോ. അതാ കാളിംഗ് ബെല്‍!

എന്നെ നടുക്കി കളഞ്ഞു ദൈവമേ ലാസ്റ്റ്‌ പെഗ്ഗിന്റെ വീര്യം പോയിക്കാണുമോ? അടിച്ചതൊക്കെ വെറുതെയാവുമോ?

ആരാവും എന്റെയീ സുഖമുള്ള ഏകാന്തതയെ മുക്കിക്കൊല്ലാന്‍, ഈ നേരത്ത്. റോഷനും യദുവും  നാട്ടില്‍ പോയല്ലോ.. പിന്നാരാ...

വ്യൂ ഫൈന്‍ന്ററിലൂടെ കണ്ണിറുക്കി ഒളിഞ്ഞു നോക്കി.

"ശ്യാമ"

അവള്‍ വിയര്‍പ്പ് തുടക്കുന്നു.. വെയിലത്ത് സ്കൂട്ടി ഓടിച്ചു വന്നതിറെയാവും.

"ശ്യാമേ ഇതാ വരുന്നു. ഒരു മിനിറ്റ്‌"

ഞാന്‍ റൂമിലേക്ക്‌ ഓടി നല്ല ഒരു ടീഷര്‍ട്ടും ഇട്ടു ചെന്ന് വാതില്‍ തുറന്നു. അവളകത്ത് കയറി, ഞാനെന്തോ ചോദിയ്ക്കാന്‍ തുടങ്ങുമ്പോഴേക്കും അവള്‍ ഓടി ബാത്ത്റൂമില്‍ കയറി. കിട്ടിയ സമയത്ത് ഞാന്‍ ഗ്ലാസും പത്രങ്ങളും എടുത്തു വെക്കാന്‍ അടുക്കളയിലേക്കും.

ശ്യാമ, എന്റെ ഓഫീസിലെ ഏക പെണ്‍ സുഹൃത്ത്, എന്റെ കുടുംബ സുഹൃത്ത് എന്നു വേണമെങ്കില്‍ പറയാം, ഇറുകിയ ജീന്‍സും ഇറുകിയ ബനിയനും ഒക്കെ ഇട്ടു നടക്കുമെന്കിലും, പഞ്ച പാവം, സ്ത്രീപുരുഷ ഭേദമന്യേ സംസാരിക്കും, സ്വന്തം അഭിപ്രായമുണ്ട് എപ്പഴും. മിടുക്കി, മറ്റു പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തമായവള്‍.

പാത്രം കഴുകുമ്പോള്‍ ഉണ്ടാകുന്ന അടുക്കള സംഗീതത്തിന് താളം തെറ്റിച്ചു അവള് അടുക്കളയിലേക്കു വന്നു.

"ഹി ഹി  ഇവിടായിരുന്നോ?"

"ങ്ങും" ഞാനൊന്നു മൂളി.

"എന്താ ഈ നേരത്ത്, എന്ത് തോന്നി ഈ വഴികൊക്കെ ഇറങ്ങാന്‍, സാധാരണ ഞായറാഴ്ച നിന്റെ മുഖം ഈ പരിസരത്തൊന്നും കാണാറേയില്ലല്ലോ?

അവള്‍ക് വ്യക്തമായ മറുപടിയൊന്നുമില്ല.

"രുഗ്മയുടെ റൂമിന്നു വരുന്ന വഴിയാ. നല്ല മൂത്ര ശങ്ക. വീട്ടീ  പോവുന്ന വഴിയായത് കൊണ്ട് അത് തീര്‍ത്ത്‌ പോവാം ന്നു കരുതി. നിനക്ക് ബുദ്ധിമുട്ടായോ?"


"ഏയ്‌ "ഞാന്‍ ഒന്ന് മനഹിസിച്ചു.

"പിന്നെ നീ ഒറ്റക്കല്ലേ.. ഒരു കമ്പനി തരാന്ന് കരുതി"

"ദേവാ നീ ആദ്യം എനിക്ക് കുറച്ചു വെള്ളം താ..."

ഞാന്‍ ഫ്രിഡ്ജീന്നു ഒരു കുപ്പി വെള്ളം എടുത്തു കൊടുത്തു.

"ഗ്ലാസ്‌ പിന്നെ ജയലളിത വന്നു എടുത്തു തരുമോ."

ഞാന്‍ ഒരു ഗ്ലാസും എടുത്തു കൊടുത്തു...

"നീയിരി ഞാനിപ്പോ വരാം" ന്നു  പറഞ്ഞു

പാത്രങ്ങളോക്കെ കഴുകിയും വച്ച് കയ്യും മുഖോം കഴുകി വന്നപ്പോഴേക്കും ദെ ശ്യാമ 8pm ഒഴിച്ച് കഴിക്കുന്നു.

"ദൈവമേ.. ഇതെപ്പോ തുടങ്ങി? "
എന്റെ ചോദ്യം കേട്ടിട്ടും ഒരു കൂസലുമില്ലാതെ അവള്‍ കയ്യിലെ വിസ്കി മൊത്തി.

"ഇപ്പ തുടങ്ങി... "

"തൊട്ടു നക്കാന്‍ അച്ചാര്‍ എടുക്കട്ടെ?" ഞാന്‍ ചോദിച്ചു.

"വേണന്നില്ല... അല്ലെങ്കി വേണ്ട .. എടുത്തോ.. നിനക്കും കൂടെ ഒരു ഗ്ലാസും എടുക്ക്. "

ഓ...

ഞാന്‍ ഒരു ഗ്ലാസ്സും അച്ചാറുമായി വന്നു.

ഭവതി ഇത്രത്തോളം പുരോഗമിച്ചതായി ഞാന്‍ അറിഞ്ഞിരുന്നില്ല...

ഗ്ലാസ്സിലെ ബാക്കി വിസ്കി ഒറ്റയടിക്ക് വിഴുങ്ങി അവള്‍ എന്നെ രൂക്ഷമായി നോക്കി.


ഞാന്‍ ഉരുകി പോവാതെ. അവളെ നോക്കിയിരുന്നു.

"ഇനി നീ എന്തൊക്കെ കാണാനിരിക്കുന്നു" അവള് ചിരിച്ചു കൊണ്ട് പറഞ്ഞു.

ദൈവമേ അവളിപ്പോ തുടങ്ങും, സ്ത്രൈണതയുടെ ഭാവങ്ങള്‍, അരുന്ധതി റോയുടെ വിഷമങ്ങള്‍, മാവോയിസത്തിലേക്ക് എത്തിപ്പെടെണ്ടി വന്ന അവരെ ശക്തമായി ന്യായീകരിക്കാന്‍ പോന്ന വാദങ്ങള്‍, ചമേലിയിലെ കരീന കപൂര്‍, കത്രീനയുടെ പുതിയ ഫാഷന്‍, അവളുടെ സ്കൂട്ടി സാഹസങ്ങള്‍. അങ്ങിനെ കുറെ.

"ശ്യാമ  ബിയര്‍ കഴിക്കും ന്നു കേട്ടിട്ടുണ്ട്. പക്ഷെ ഇത് ആദ്യമായിട്ടാ."

അവള് രണ്ടാമത്തെ ഒഴിച്ചു, എന്ത് കൃത്യമായ അളവുകള്‍.  ഞാന്‍ അത്ഭുതത്തോടെ നോക്കി.

"ഇതൊക്കെ എങ്ങിനെ പഠിച്ചു. ഇത്ര കൃത്യമായ സത്യസന്ധമായ മിക്സിംഗ് "

അവളൊന്നും മിണ്ടിയില്ല, ഗ്ലാസ്സിന്റെ വക്ക് അവളെ കോട്ടന്‍ ഷാള്‍ കൊണ്ട് തുടച്ചു.

"എന്തിനാ കാപിലാരി അര്‍ത്ഥമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നെ?" കാപിലാരി എന്റെ ഊര്‍മിള എന്നെ സ്നേഹം കൂടുമ്പോ വിളിക്കുന്ന പേരാണ്. അത് എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ അറിയുന്ന എന്റെ പേരാണ്.

ഹും.. മോള് കഴിക്കു.. ഞാന്‍ ടീ വി ഓണ്‍ ചെയ്തു.

ഒറ്റ വലിക്ക് അവളതും തീര്‍ത്തു‌, അണ്ണാക്ക് ഉള്ളിലേക്ക് വലിച്ചു, കവിളും ചുളിച്ചു.


"ഇത്ര ബുദ്ധിമുട്ടാണെങ്കില്‍ എന്തിനാ ഇത് വലിച്ചു കേറ്റുന്നത്?"

അതിനും ഉത്തരമില്ല.

ഒരു ഉണ്ടാക്കിയ ചിരി മാത്രം.

സമയം നീങ്ങി, കിരണ്‍ ടീവിയില്‍ പാട്ടുകള്‍ മാറി മാറി വന്നു.

അവളുടെ കണ്ണുകളില്‍ തളര്‍ച്ച, ലഹരി തിങ്ങിയ മുഖം വീര്‍ത്തു നിന്നു..

അപ്രതീക്ഷിതമായി അവളെന്റെ അടുത്തു വന്നിരുന്നു. എന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി. അനക്കമില്ലാതെ ഞാന്‍ വെള്ളരിപ്പ്രാവിലെ പാട്ട് കണ്ടു. ഇടയ്ക്കു ഞാനവളെ നോക്കിയപ്പോള്‍ അവളെന്നെ നോക്കി ഇരിപ്പാണ്. കണ്ണ് നിറഞ്ഞ പോലെ, സൂക്ഷിച്ചു നോക്കാന്‍ എന്റെ മാനോധൈര്യം സമ്മതിച്ചില്ല, റിമോട്ട് ടീ പോയില്‍ വച്ച് ഞാന്‍ ഒന്നു കൂടെ ഒതുങ്ങി ഇരുന്നു. ഞാന്‍ അവളോട്‌ ചോദിച്ചു.

"എന്താ ശ്യാമേ? നിനക്കൊരു വിഷമം, എന്തേലും ഉണ്ടേല്‍ പറ"

"ഒന്നൂല്യാ.." അവളൊന്നു ചിരിക്കുന്ന പോലെ കാണിച്ചു.

പിന്നെ മൌനങ്ങളുടെ ചില്ല് പൊട്ടിച്ചു അവള് പെട്ടെന്ന് ചോദിച്ചു. "നീയെന്താ എപ്പഴും എന്നെ അവോയ്ഡ് ചെയ്യുന്നേ?"


ഞാന്‍ പിന്നെയും മനസ്സില്‍ ഈശ്വരന്മാരെ വിളിച്ചു..

"ഞാന്‍ എന്ത് അവോയ്ഡ് ചെയ്തെന്നാ... നിന്നെ ഞാന്‍ എന്തിനു അവോയ്ഡ് ചെയ്യണം". മറുചോദ്യം അവള്‍ക്കു രസിച്ചില്ലാന്നു തോന്നി.


"എനിക്കറിയില്ല, എനിക്കങ്ങിനെ തോന്നുന്നു.." ശ്യാമ വാചാലയാവുന്നു.

"ഞാനിപ്പോ വന്നത് ഊര്‍മിള ഇല്ലാന്ന് അറിഞ്ഞിട്ടു തന്നയാ. കഴിഞ്ഞ വെള്ളിയാഴ്ച  ഊര്‍മിളയെ വിളിച്ചപ്പോ അവള് പറഞ്ഞിരുന്നു നാട്ടീപോവുന്ന കാര്യം."

ശ്യാമ എന്റെ ഇടത്തേ കയ്യില്‍ അവളുടെ കൈ കൊണ്ടു വെച്ചു.

ഞാനൊന്നു വിറച്ചു.

എന്റെ വിരലുകല്‍ക്കിടയിലേക്ക് അവള്‍ വിരലുകള്‍ ഇറക്കി. ബലമായി ഇറുക്കി.
എന്ത് ചെയ്യണം  എന്നറിയാതെ ഞാന്‍ പരുങ്ങി.

"നിന്നെയും ഊര്‍മിളയെയും മോനെയും ഒരുമിച്ചു കാണുമ്പോ ഞാന്‍ ഊര്‍മിളയെ അസൂയയോടെ നോക്കാറുണ്ട്."

ഞാന്‍ കേള്‍വിക്കാരനാവാന്‍ തീരുമാനിച്ചു.

എന്റെ മുഖത്ത് നോക്കാതെ അവള്‍ തുടര്‍ന്നു.

"നിന്റെ കഥകള്‍ വായിക്കുമ്പോ, നിന്റെ കവിതകള്‍ വായിക്കുമ്പോ നിന്റെ ബ്ലോഗുകള്‍ വായിക്കുമ്പോ, നിന്റെ തര്‍ക്കങ്ങള്‍ കേള്‍ക്കുമ്പോ ഉള്ളില് മുഴുവന്‍ നിന്നോട് കാമമാണോ, സ്നേഹ്മാണോ, ആരാധനയാണോ എന്നറിയാതെ ഞാന്‍ ഉള്‍വലിയും .


എന്റെ രാത്രികള്‍ ഇഴപിരിഞ്ഞ സ്വപ്നങ്ങള്‍ക്ക് വഴിമാറുമ്പോ സ്വപ്നങ്ങളില്‍ കൂട്ടിനു വരുന്ന അപരിചിത മുഖങ്ങങ്ങില്‍ നിന്നെ മാത്രമായി ഞാന്‍ ഓര്‍ത്തെടുക്കും. അതെന്തിനെന്നറിയില്ല. നിന്നെ കുറിച്ച് ആലോചിക്കുമ്പോള്‍ ഒരു രസം.

പക്ഷെ ഒരു ഭര്‍ത്താവായ നിന്നെ കുറിച്ചോര്‍ക്കുമ്പോ, നീ ഊര്‍മിളയുടെ ഭര്‍ത്താവായ ദേവനാണെന്ന്‍ ആലോചിക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ വെറുക്കും. എന്താ അത്."

ശ്യാമേ ന്നു വിളിക്കുമ്പോഴേക്കും അവളെന്റെ നെഞ്ചിലേക്ക് വീണു. അവള്‍ കരയുന്നുണ്ടായിരുന്നു, കരയുന്നത് ഞാന്‍ കാണാതിരിക്കാനാണോ?

എന്റെ നെഞ്ചില്‍ കണ്ണീരിന്റെ നനവ് പടരുന്നു. ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ വിയര്‍ക്കുന്നു.


"എത്ര തവണ ഞാന്‍ ഈ ചന്തിയും മുലകളും നിന്നെ ഉരസി പോയിട്ടുണ്ട്, നീയൊന്നു തൊടാന്‍ വേണ്ടി മാത്രം ഞാന്‍ എത്ര തവണ അടുത്തു നിന്നിട്ടുണ്ട്. എന്നിട്ടും നീ എന്നെ കാണുന്നേ ഇല്ലല്ലോ, ഓഫീസിലെ ഇടനാഴികളില്‍ നിന്റെ അടുത്തു വരുമ്പോ നിന്റെ ഗന്ധം എന്റെ മൂക്കില്‍ കയറുമ്പോ ഞാന്‍ നിന്നെ അറിയാതെ സ്നേഹിച്ചു പോവുന്നു"

അവള്‍ എങ്ങലടിച്ചു കരയാന്‍ തുടങ്ങി. ആശ്വസിപ്പിക്കണോ അതോ അവളെ തള്ളി മാറ്റണോ എന്നറിയാതെ ഞാന്‍..

"എന്നെ എന്തിനാ ഇങ്ങിനെ അവോയ്ഡ് ചെയ്യണേ?. എന്നെ ഇഷ്ടമല്ലേ. എന്നോട് സ്നേഹമില്ലേ, ഇത്തിരി കാമമെങ്കിലും തോന്നുന്നില്ലേ?"

"എന്താ ഞാനിങ്ങനെ ദേവാ."

എനിക്കൊന്നും പറയാന്‍ തോന്നിയില്ലാ..

അവളെന്റെ മടിയിലേക്ക് വീണു

എന്റെ വികാരങ്ങേളെ അവള്‍ ചൂഷണം ചെയ്യുന്നതിന് മുന്‍പ് ഞാനവളെ പൊക്കി എന്റെ നെഞ്ചിലേക്ക് തന്നെ വലിച്ചിട്ടു.

അവളുടെ കണ്ണുകള്‍ ചുവന്നിരിക്കുന്നു. കണ്ണീരോലിച്ചു തുടുത്ത കവിളുകള്‍, ഒന്ന് ചുംബിക്കാന്‍ പോന്ന പോലെ... എന്റെ മനസ്സ് പതറുന്നു, മാറുന്നു. ദേവാ, നീ ഒരു ഭര്‍ത്താവാണ്, ഊര്‍മിളയുടെ ദേവന്‍. ആറു വര്‍ഷം പ്രണയിച്ചു സ്വന്തമാക്കിയ ഊര്‍മിളയുടെ ഭര്‍ത്താവ്. അതിനും പോരാത്തതിന് നീ നിന്റെ കണ്ണന്‍റെ അച്ചനാണ്. ഇങ്ങിനെയുള്ള അവസരങ്ങളില്‍ നീ വീണു പോവരുത്. അവളുടെ വികാരവിക്ഷുബ്ധമായ മനസ്സ് ലഹരി അടങ്ങിയാല്‍ മാറിക്കൊള്ളും, കണ്ട്രോള്‍ ദേവാ കണ്ട്രോള്‍.. എന്റെ മനസ്സ് പറഞ്ഞു.


ശ്യാമ അവളുടെ മുഖം എന്റെ നെഞ്ചില്‍ അമര്‍ത്തി വച്ചിരിക്കുന്നു. ഒന്നും പറയാതെ അവളെ കണ്ണുനീര്‍ അവളുടെ ഷാള്‍ എടുത്തു തന്നെ ഞാന്‍ തുടച്ചു. സോഫയിലേക്ക് ചാരി കിടത്തി. എന്‍റെ ചിന്തകളെ മുറിച്ചു അവള്‍ വീണ്ടും വായ തുറന്നു.

"എനിക്കറിയാം ദേവാ, നിനക്ക് എന്നെ സ്നേഹിക്കാന്‍ കഴിയില്ല, നിന്‍റെ കഥകളിലെയും ബ്ലോഗിലെയും പ്രണയങ്ങളും കാമങ്ങളും വെറും നിന്‍റെ ഉള്ളിലുള്ള ദേവന് മാത്രമേ ഉള്ളൂ. പുറത്തു നീ ഭര്‍ത്താവാണ് അച്ഛനാണ് ഒരു കൂട്ടം നല്ല വ്യക്തികളുടെ സുഹൃത്താണ്. പക്ഷെ എന്തൊക്കെ പറഞ്ഞാലും, എന്‍റെയീ ജീവിതത്തിന്‍റെ നീളത്തില്‍ എന്‍റെയീ സ്നേഹവും എന്‍റെയീ ശരീരവും എന്നും നിനക്ക് വേണ്ടി ഞാന്‍ കാത്തു വെക്കും."


നിസ്സംഗതയോടെ തല കുലുക്കി ഞാന്‍ അവള് പറഞ്ഞതാല്ലാം സമ്മതിച്ചു.
അവളുടെ കാലുകള്‍ നേരെയാക്കി സോഫയില്‍ നേരെ കിടത്തി.

"ഒന്ന് കെട്ടു വിട്ടാല്‍ എല്ലാം ശരിയാവും, ഒന്ന് ഉറങ്ങിയാ മതി" ന്നു പറഞ്ഞു ഒരു കുഷ്യന്‍ അവളുടെ തലക്കടിയില്‍ തിരുകി.

ഞാന്‍ നടന്നു നീങ്ങാന്‍ തുടങ്ങുമ്പോള്‍ എന്‍റെ കൈ പിടിച്ചു വലിച്ചു. ഞാനവളുടെ മുഖത്തേക്ക് വീണു. എന്‍റെ കവിളത്ത് അവളുടെ നനഞ്ഞ ചുണ്ടുകള്‍ ചുളിഞ്ഞു ഒട്ടി. ഞാനവളുടെ അരികില്‍ ഇരുന്നു അവളുടെ മുടിയില്‍ തഴുകി. അവളുറങ്ങി.

വൈകുന്നേരം അവളുടെ സ്കൂട്ടിയില്‍ അവളുടെ താമസ സ്ഥലത്തേക്ക്.. അവളെന്നെ പിടി വിടാതെ ചുമലില്‍ തല വെച്ച് കെട്ടിപ്പിടിച്ചിരുന്നു. കുണ്ടുകളിലും കുഴികളിലും അവളൊന്നു കൂടി എന്നെ ഇറുക്കി പിടിച്ചു, ആ തണുത്ത കാറ്റില്‍ അവളുടെ സ്തനസ്പര്‍ശം എന്നെ  ഇക്കിളിപ്പെടുത്തുന്ന പോലെ തോന്നി.

അവളുടെ അപ്പാര്‍ട്ട്മെന്‍റില്‍ എത്തി. പാര്‍ക്കിംഗിലെ മരച്ചുവട്ടില്‍ സ്കൂട്ടി സ്റ്റാന്‍ഡില്‍ കയറ്റിവെച്ചു.  അവളുടെ ഹെല്‍മെറ്റും താക്കോലും കൊടുത്തു.

"ഞാന്‍ പോട്ടേ, നാളെ ഓഫീസീന്നു കാണാം" ഞാന്‍ പറഞ്ഞു.

അവളുടെ മുഖം തുടുത്തിരിക്കുന്നു.

അവളൊന്നും മിണ്ടിയില്ല

ഞാന്‍ ചിരിച്ചു.

ഞാന്‍ ഓട്ടോക്ക് വേണ്ടി റോഡിന്‍റെ മുന്നോട്ടു നിന്നു.  ഒരു ഓട്ടോ വന്നു നിന്നു, ഡ്രൈവറോട് റേറ്റ്‌ ഉറപ്പിക്കുന്ന സമയത്ത്, അവള്‍ ഓടിവന്നെന്നെ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ചു പറഞ്ഞു.

"ഈ ഒരു ദിവസത്തിനു നന്ദി. എനിക്കൊന്നും കിട്ടിയില്ലാ. എന്നാലും ദേവനോട് എല്ലാം പറയാന്‍ കഴിഞ്ഞല്ലോ. "

മെല്ലെ തിരിഞ്ഞു നിന്ന് ഒന്ന് ചിരിച്ചു.

അവളൊരു ചെറിയ നാണത്തോടെ ഓടി. ഇതല്ലാം കണ്ട ഓട്ടോക്കാരാന്‍ ഊറിച്ചിരിച്ചു. എല്ലാരും കണ്ടു കാണും. ഞാന്‍ ഓട്ടോയില്‍ കയറി. ഒന്ന് ശ്വാസം എടുത്തു. മനസ്സിനെ സമാധാനപ്പെടുത്തി. ഇന്നടിച്ച അഞ്ച് 8PM എവിടെപ്പോയിക്കാണും.. അവളുടെ കണ്ണീരിന്‍റെ കൂടെ ഒലിച്ചിറങ്ങിപ്പോയോ.. ഞാന്‍ ഓട്ടോക്കാരനോട് പറഞ്ഞു.

" അണ്ണാ പ്ലാന്‍ ചേഞ്ച്‌, നമ്മ ഇഗ്നൈറ്റ്‌ ബാറില്‍ പോവാം."

ഓട്ടോ ഡ്രൈവര്‍ അപ്പോഴും ചിരിച്ചു.