നഷ്ടപെടുന്നത്
--------------------
സ്വപ്‌നങ്ങള്‍ അധികമായി, അവ തുളുമ്പി തുടങ്ങി. തിക്കിയും തിങ്ങിയും സ്വപ്‌നങ്ങള്‍ പതഞ്ഞു തുടങ്ങിയപ്പോള്‍ ഒരു ചെറിയ സ്വപ്നം താഴെ വീണു. താഴെ വീണ സ്വപ്നം പിടഞ്ഞു മരിച്ചു. പിറ്റേന്ന് അയാള്‍ കിടക്കുമ്പോള്‍ തന്റെ തലയിണയെ മുറുക്കി കെട്ടിപിടിച്ചു കിടന്നു, അവളുടെ മുഖം കാണിക്കുന്ന ഒരു സ്വപ്നത്തെ പോലും പിരിയുന്നത് അയാള്‍ക്ക് സഹിക്കാന്‍ പറ്റില്ലായിരുന്നു.
യാത്ര
-----------
അയാള്‍ വേഗത്തില്‍ നടന്നു, ഇനിയും എത്ര ദൂരം, കാല്‍ കുഴയുന്നു, നടത്തം നിര്‍ത്താന്‍ തോന്നിയില്ല, ഇരുള്‍ വീഴുന്നതിനു മുന്‍പ് ഇനിയും കുറെ ദൂരം, "വേഗം", "വേഗം" അയാളുടെ മനസ്സ് പറഞ്ഞു. ചിന്തകള്‍ക്ക് കൊളുത്തിട്ടു മനസ്സിനെ ദൂരത്തേക്ക് എറിഞ്ഞയാള്‍ നടത്തത്തിന് ആക്കം കൂട്ടി. ഇരുട്ടിനെ പ്രണയിക്കുന്ന വെളിച്ചം അവളില്‍ അലിയാനായി തിരക്ക് കൂട്ടി. അയാള്‍ ആലോചിച്ചു .. എന്തെ തനിക്ക് മാത്രം ഒരിക്കലും തീരാത്ത ഒറ്റപെട്ട യാത്ര. ഗര്‍ഭിണികളായ ഉരുളന്‍ കല്ലുകളെ അയാള്‍ ശപിച്ചു. അയാളുടെ വിണ്ടുകീറിയ കാലുകള്‍ നിലത്തമരുമ്പോള്‍ ഭൂമി ദേവിയുടെ കറുത്ത മുലക്കണ്ണികള്‍ പാല്‍ ചുരത്തി. ഇരുളിലും കാഴ്ചയുള്ളവനായി അയാള്‍ നടന്നു.. എങ്ങോട്ടെന്നില്ലാതെ...