നട്ടെല്ല് വളഞ്ഞ ഞാനും നീയും‍

എന്റെയും നിങ്ങളുടെയും മുഖത്ത് ഞാന്‍ കാണുന്നതു കാപട്യം മാത്രം, മതി മറന്നു ആഹ്ലാധിക്കാനും, ചിരിക്കാനും ജീവിതത്തെ പാകപെടുത്തുന്ന നമ്മുടെ അസംഭാവ്യമായ പരിശ്രമങ്ങള്‍. നോക്കൂ, ഞാനും എന്റെ ദുഖങ്ങളും സുഖമായി ഉറങ്ങുന്നു, ചിരിക്കുന്നു, കരയുമ്പോള്‍ എന്റെ ദുഃഖങ്ങള്‍ മാത്രം കരയുന്നു. നഷ്ടങ്ങളെയും ദുഖങ്ങളെയും പേറി നട്ടെല്ല് വളഞ്ഞ ഞാനും നീയും‍, എന്തൊരു ദുരന്തം അല്ലെ.. ജീവിതവും വളഞ്ഞു വരുന്നു‌. നമ്മള്‍ ജീവിതത്തെ ഔചിത്യത്തോടെ വളഞ്ഞു സ്വീകരിക്കുന്നു. പരിചയ പെടുന്ന എല്ലാ സ്ത്രീ പുരുഷ ജന്തുക്കള്‍ക്കും ഉണ്ട് ഈ പരിഭവം. നീയും ഞാനും പിന്നെ നമ്മുടെ മനുഷ്യത്വം വറ്റിയ മനസ്സുകളെയും താരാട്ട് പാടി നമ്മുക്ക് ഉറക്കാം. എന്നിട്ട്  പുതിയ ഒരു ലോകത്തെക്ക് ഇറങ്ങാം, വഴികളില്‍ വന്നു ചേരുന്ന പുതിയ ദുഃഖങ്ങളെയും, നഷ്ടങ്ങളെയും, നൊമ്പരങ്ങളെയും കൂടെ കൂട്ടാം‍.

രണ്ടാമത്തെ മരണം

മരങ്ങള്‍ ഇലകള്‍ പൊഴിക്കും പോലെ ദൈവം ജീവിതങ്ങള്‍ പൊഴിക്കുന്നു. ദൈവം നീചനാണോ? ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറം പിടിച്ചു വരുമ്പോഴേക്കും ഒരു ചെറിയ കാറ്റില്‍ സ്വന്തം ഇടയരിയാതെ മരണത്തിന്റെ തണുപ്പിലേക്ക് പറന്നു ഇറങ്ങുന്ന ജീവിതങ്ങള്‍,  മരണത്തിനു തണുപ്പുള്ള സുഖമായിരിക്കും എന്ന് എന്റെ മരിച്ചു പോയ സ്വപ്നങ്ങള്‍ പറഞ്ഞിരുന്നു, അത് കൊണ്ടാണത്രേ മരിച്ചവരെ പുതപ്പിക്കുന്നത്, ആത്മാക്കള്‍ തണുത്തു ഐസു കട്ടപോലെ ഉറങ്ങുന്നു എരിയുന്ന ചകിരി തോണ്ടുകളുടെ ചൂടറിയാതെ.. അടുത്ത ജീവിതത്തിലേക്ക്ള്ള വഴിയില്‍ ഇടക്കെന്നു ക്ഷീണം മാറ്റാന് കിടക്കുന്ന പോലെ തണുത്തു മരവിച്ചു കിടക്കുന്നു‍. എനിക്കും തണുക്കുന്ന പോലെ...

വിചാരണം

ഞാന്‍ എന്നെ അന്വേഷിച്ചു വലഞ്ഞു, നിങ്ങള്‍ കണ്ടോ എന്നെ?. അന്തര്‍മുഖത്തിന്റെ മാറാലയില്‍ കുരുങ്ങി കിടക്കുന്ന എന്നെ തിരിച്ചറിയുക. ഹോ. ഇരുട്ടില്‍ എന്റെ മുഖം ഭംഗിയുണ്ടെന്ന് സ്വപ്നത്തിലെ ചോച്ചുന്‍ മരങ്ങള്‍ പറഞ്ഞു. പക്ഷെ ഇരുട്ടില്‍ എന്നെ ആരെങ്കിലും കാണുമോ?, വേണ്ട ആരും കാണണ്ട.. ഞാന്‍ ഇങ്ങിനെ ഇരുന്നോളാം, നോക്കൂ ഇതാ  വെളിച്ചം ഭൂമിയില്‍ വീണിരിക്കുന്നു, വെളിച്ചത്തു ഞാന്‍ ഇന്നലെ തയിച്ച എന്റെ പുതിയ മുഖമുടി അണിയും, ആര്‍ക്കും പരിചിതമല്ലാത്ത ഒരു മുഖം, എന്നിട്ട് എല്ലാവര്ക്കും സമ്മാനമായി പുഞ്ചിരി(മിഥ്യാകൃതി) നല്‍കാം, അവരുടെ ചിരി വരാത്ത തമാശകള്‍ക്ക് പൊട്ടിചിരിക്കാം. വെളിച്ചം ഓടി മറയുമ്പോള്‍ എനിക്കും ഓടണം. മനസ്സിനെ ഇരുട്ട് പുല്കുമ്പോള്‍ അയഥാര്‍ത്ഥ നിഴലുകള്‍ അലിഞ്ഞു ഇല്ലാതാവുമ്പോള്‍ എനിക്കെന്റെ മുഖമുടി അഴിക്കണം, എന്നിട്ട് എന്റെ സ്വന്തം മുഖം കാണണം. അപ്പോള്‍ കണ്ണീരിന്റെ നനവില്‍ ഒലിച്ചിറങ്ങുന്ന ദുഖങ്ങളുടെ നിര്‍വൃതിയില്‍ എനിക്കെന്നെ കണ്ടെത്തണം.