പ്രണയത്തിന്റെ നിറഭേദങ്ങള്‍ !

സര്‍ഗാത്മാഗതയുടെ അസ്ഥിവാരങ്ങളില്‍
ഒട്ടിപിടിച്ചു കിടന്ന മൂന്നുവരിക്കവിതയിലെ
അക്ഷരങ്ങളായിരുന്നു പ്രണയം.

ഞാനും അവളും തീര്‍ത്ത മൌനതീര്‍ത്ഥങ്ങളില്‍
മണത്തു ജീര്‍ണിച്ചു കിടന്നിരുന്ന
നിസ്സംഗഭാവമായിരുന്നു പ്രണയം

ഭ്രാന്തമായ വരികളിലെ നിരപരാധികളായ
അക്ഷരങ്ങളുടെ ഇടയില്‍ വീര്‍പ്പുമുട്ടിക്കിടന്ന കണ്ണീരിന്റെ
കനത്ത നിശ്വാസങ്ങളായിരുന്നു പ്രണയം.

അറിഞ്ഞും അറിയാതെയും മനസ്സിലെരിഞ്ഞ
തിരിനാളങ്ങളിലെ വേര്‍പാടുകളുടെ പുകയായ്‌
മച്ചിലൊട്ടിയ നിശബ്ദതയായിരുന്നു പ്രണയം‍.

ആരെയോ തിരയുന്ന ഇരുട്ടിന്റെ ആത്മാവിലടക്കപ്പെട്ട
സ്വപ്നങ്ങളുടെ സ്വാര്‍ത്ഥതയില്‍ ആത്മഹത്യ ചെയ്ത
നഷ്ടബോധങ്ങളായിരുന്നു പ്രണയം.