ചില സ്വാതന്ത്ര്യദിന ചിന്തകള്‍ : ചര്‍ച്ച[സുഹൃത്ത്] താങ്കള്‍ ഇത് കണ്ടോ?

"ഒരു സിനിമയില്‍ പറഞ്ഞ പോലെ ക്രിക്കറ്റ്‌ കളി കാണുമ്പോളും യുദ്ധം ഉണ്ടാവുംമ്പോളും മാത്രമേ പലര്‍ക്കും ദേശ സ്നേഹം ഉണ്ടാവുന്നുള്ളൂ വച്ചാ എന്താ ചെയ്യാ ?? അത് പോലെ സ്വാതന്ത്ര്യ ദിനമാവുമ്പോള്‍ ഫേസ്ബുക്കില്‍ ഇന്ത്യന്‍ കൊടി ഇട്ട കൊണ്ടോ മുഖത്ത് ത്രിവര്‍ണ്ണ നിറം പൂശിയത് കൊണ്ടോ പ്രകടിപ്പിക്കേണ്ടത് ആണോ യഥാര്‍ത്ഥ രാജ്യസ്നേഹം ??"

{ഞാന്‍} ഞാന്‍ വായിച്ചു.

[സുഹൃത്ത്] ഇങ്ങനെയുള്ളതിനെപ്പറ്റി എന്താണ്  താങ്കളുടെ അഭിപ്രായം?

{ഞാന്‍} എനിക്കിതിനോടു പ്രത്യേക മമതയോന്നുമില്ല, പക്ഷെ ഈ ചോദ്യം പ്രസക്തമാണ് താനും.

[സുഹൃത്ത്] ശ്രദ്ധിക്കപ്പെടാന്‍ കുറെയെണ്ണം ഇതേ പോലെ ഓരോന്ന് പറയുന്നുണ്ട്.

{ഞാന്‍} എനിക്ക് നിസ്സംഗതയാണ് തോന്നുന്നത്.

[സുഹൃത്ത്] ഒരു ദിവസം ഇങ്ങനൊക്കെ വെച്ചതുകൊണ്ട് എന്താണ് പ്രശ്നം?

{ഞാന്‍} എന്ക്കീ സ്വാതന്ത്ര്യത്തിന്റെ ഒരു വികാരവും തോന്നുന്നില്ല.

[സുഹൃത്ത്] അത് അതിനു മുന്‍പ് ഇല്ലാത്തതു കൊണ്ടാവാം!

{ഞാന്‍} അങ്ങനെയല്ല, ശരിക്കുമോര്‍ത്താല്‍ നമ്മള്‍ സ്വതന്ത്രരാണോ? എനിക്ക് ഞാന്‍ സ്വതന്ത്രനാണെന്ന് തോന്നുന്നില്ല. ബ്രിട്ടീഷില്‍ നിന്ന് നമ്മള്‍ സ്വതന്ത്രരായി അത് ശരിയാണ്.

[സുഹൃത്ത്] അതെങ്കിലും കിട്ടിയില്ലേ?

{ഞാന്‍} അതെ! അത് നല്ല കാര്യം തന്നെ.

[സുഹൃത്ത്] ഒന്നോര്‍ത്തു നോക്കൂ. ഇങ്ങനെ പോലും സ്വാതന്ത്ര്യം ഇല്ലാത്ത എത്ര രാജ്യങ്ങളുണ്ട് നമ്മുക്ക്  ചുറ്റും.

{ഞാന്‍} പക്ഷെ നമ്മളെക്കാളും സ്വാതന്ത്ര്യം അനുഭവിക്കുന്ന എത്ര രാജ്യങ്ങള്‍ ഉണ്ട്, അതും വിസ്മരിക്കരുത്.

[സുഹൃത്ത്] ഇവിടെ നമ്മുക്ക് സമരം ചെയ്യാനും അഭിപ്രായം പറയാനുമുള്ള സ്വത്യന്ത്രമുണ്ട്. അതൊന്നുമില്ലാത്ത എത്ര രാജ്യങ്ങള്‍ ഉണ്ട്. നമ്മള് അനുഭവിക്കുന്നതിനേക്കാള്‍ ഉള്ളതുണ്ടാകാം ഇത്രയെങ്കിലും കിട്ടി എന്നത് ഇതിനേക്കാള്‍ ഉള്ള രാജ്യങ്ങള്‍ ഉണ്ട് എന്നതിനേക്കാള്‍ പ്രസക്തമാണ്.

{ഞാന്‍} താരതമ്യപ്പെടുത്തിയല്ല സ്വാതന്ത്ര്യം അളക്കേണ്ടത്. ഞാന്‍ / നീ എന്ന പൗരസ്വാതന്ത്ര്യം, നിര്‍ഭയത്വം, സ്വന്തം അവകാശങ്ങള്‍ ആരോടും യാചിക്കാതെ കിട്ടുന്ന അവസ്ഥ അതാവണം സ്വാതന്ത്ര്യം.

[സുഹൃത്ത്] അതൊക്കെ ഇവിടുത്തെ ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടല്ലേ? അതിനു സ്വാതന്ത്ര്യം നേടാന്‍ കഷ്ടപ്പെട്ടവരുമായി എന്ത് ബന്ധം?

{ഞാന്‍} ഇതുപോലുള്ള നമ്മളനുഭവിക്കുന്ന ഓരോ പ്രശ്നങ്ങളും സ്വാതന്ത്ര്യലബ്ധിയോടുള്ള അനാദരവായിട്ടേ എനിക്ക് കാണാന്‍ കഴിയൂ. പക്ഷെ അതേസമയം സ്വാതന്ത്ര്യസമരസേനാനികളെ ഞാന്‍ ധീരതോയോടെ സ്മരിക്കുന്നു.

[സുഹൃത്ത്] അതിനുള്ള ദിനമായി ആചരിക്കുന്നു എന്നുള്ള പ്രത്യേകതയെങ്കിലും ഈ ദിനം അര്‍ഹിക്കുന്നില്ലേ?

{ഞാന്‍} അതിലുമപ്പുറം. ഞാന്‍ സ്വാതന്ത്ര്യം എന്താണെന്നു ചിന്തിക്കുമ്പോള്‍, രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളെയോര്‍ത്തു; ഭരണഘടന ഉണ്ടാക്കിയതിനു ശേഷവും പൊതുജനം അനുഭവിക്കുന്ന കഷ്ടതകളെയും ഓര്‍ക്കുമ്പോള്‍, ചിലപ്പോഴെങ്കിലും എനിക്ക് ബ്രിട്ടിഷ് ഭരണമായിരുന്നു ഭേദം എന്ന് തോന്നിപ്പിക്കുന്ന ഒരവസ്ഥയുണ്ടെങ്കില്‍, അത് മനസ്സിനെ പിടിച്ചു കുലുക്കുന്നുവെങ്കില്‍; നമ്മളെന്തിനു സ്വാതന്ത്ര്യം നേടി അല്ലങ്കില്‍ അവരെന്തിനു സ്വാതന്ത്ര്യം തന്നു എന്ന ചോദ്യം മനസ്സില്‍ ഉയരുന്നു. എന്റെ അഭിപ്രായത്തില്‍ ഒരു പ്രത്യേക അവധി ദിവസം പ്രഖ്യാപിച്ചും പതാക പൊന്തിച്ചും ഈ ദിനത്തെ സ്മരിക്കേണ്ട ആവശ്യമില്ലാ എന്നാണ് തോന്നുന്നത്.

[സുഹൃത്ത്] അവധി കൊടുക്കാതിരുന്നാല്‍ അത് തീരുമോ? അവധിയും ഇതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

{ഞാന്‍} പറഞ്ഞു വന്നത് സ്വാതന്ത്ര്യദിനത്തില്‍ പ്രത്യകമായി രാജ്യസ്നേഹത്തിന്റെ ആവശ്യമില്ലാ എന്നാണ്, പതാക പൊന്തിക്കലും അവധി ആഘോഷിക്കലുമല്ല രാജ്യസ്നേഹം.

[സുഹൃത്ത്] രാജ്യസ്നേഹം എന്നും എല്ലാവരുടെ മനസ്സിലും ഉണ്ട്. എന്ന് കരുതി എന്നും ഇതുപോലെ ആചരിക്കാന്‍ പറ്റുകയുമില്ലല്ലോ.


{ഞാന്‍} പ്രതീകാത്മകമായ ഒരു ഓര്‍മ്മ പുതുക്കല്‍ മാത്രമായി ഈ ദിനത്തെ കാണണം, അതിനു ഇമ്മാതിരി സ്പെഷ്യല്‍ രാജ്യസ്നേഹം ആവശ്യമുണ്ടോ? യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മറച്ചു വെച്ച് സ്വാതന്ത്ര്യമനുഭവിക്കാതെ നമ്മള്‍ സ്വതന്ത്രരാണ് എന്ന് വിളിച്ചു പറയുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളത്.

[സുഹൃത്ത്] എല്ലാ പ്രശ്നങ്ങളും മാറിയിട്ട് ഇതിനൊന്നും കഴിഞ്ഞു എന്ന് വരില്ല.


{ഞാന്‍} പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ എങ്ങനെ സ്വാതന്ത്ര്യം ആഘോഷിക്കാനാവും എന്നതായിരുന്നു എന്റെ ചിന്ത. പക്ഷെ സുഹൃത്ത് പറയുന്നത് പോലെ ഷോ ഓഫിനു വേണ്ടി ജാഡ പോസ്റ്റുകള്‍ പോസ്ടുന്നതിനെ ഞാനും എതിര്‍ക്കുന്നു. ഒരാള്‍ അങ്ങനെ പറഞ്ഞു എങ്കില്‍ അതും നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അഭിപ്രായസ്വാതന്ത്ര്യം. നിങ്ങള്‍ ഇവിടെ കാണിക്കുന്ന ആര്‍ജവം അവിടെ ചെന്ന് കാണിക്കുക. പ്രതികരിക്കുക! നിങ്ങളും എന്നെപ്പോലെ ഒരു യഥാര്‍ത്ഥ രാജ്യസ്നേഹിയാനെന്നു തോന്നുന്നു. ഈ വാഗ്വാദം തുടരുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങള്‍ക്ക് എന്റെ ആശംസകള്‍! ജയ്‌ ഹിന്ദ്‌!

[സുഹൃത്ത്] സ്വാതന്ത്ര്യദിനാശംസകള്‍! ജയ്‌ ഹിന്ദ്‌!