കത്തുന്ന മെഴുകുതിരി

ആത്മാവിനു സങ്കടങ്ങള്‍ കടം കൊടുക്കുന്ന മനസ്സിന്‍റെ നിഴലിനു ചിറകുണ്ട്. പറന്നകന്നുപോവുന്ന സ്വപ്‌നങ്ങളും ഉണ്ട്. എന്നെ തേടിവരുന്ന പക്ഷികളും ഉണ്ട്. എന്‍റെ മുതുകില്‍ ഒട്ടിച്ചുവച്ച കത്തുന്ന മെഴുകുതിരികളും അതില്‍ നിന്ന് ഇറ്റുവീഴുന്ന മെഴുകുതുള്ളികള്‍ പൊള്ളിച്ച എന്‍റെ മോഹങ്ങളും ഉണ്ട്.

എല്ലാവരും ഉറങ്ങിയിട്ടും ഞാന്‍ മാത്രം എന്തേ ഉറങ്ങാത്തൂ.

ശൂന്യതയ

നിലാവിന്റെ നിഴലുകള്‍ പന്തല്‍വിരിക്കുന്ന രാത്രികളില്‍ ഉറങ്ങാതെ കണ്ട സ്വപ്നം പോലെ സുന്ദരമാണ് എന്റെ മനസ്സിലെ ശൂന്യതയും. മനസ്സിന്റെ അകത്തളങ്ങളില്‍ ഒന്നിനും ഏതിനും നികത്താനാവാത്ത ആ ഭാവത്തെ അല്ലെങ്കില്‍ മനസ്സിനെ കുത്തി നോവിക്കുന്ന ആ അനുഭൂതിയെ ഇക്കാലമത്രയും ഞാന്‍ ഏകാന്തത എന്നാണ് വിളിച്ചിരുന്നത്‌. 

അര്‍ത്ഥമില്ലാത്ത ചിരി.

പ്രണയം മനുഷ്യന്‍െറ ദൈവികഭാവമാണെന്ന ബോധം മറ്റെല്ലാവരെക്കാളും അവള്‍ക്കുണ്ടായിരുന്നു. പ്രണയത്തെക്കുറിച്ച് ഭൂമിയിലെ സകലജീവികളുടെയും കാഴ്ചപ്പാടുള്‍ ഒന്നേയോള്ളൂവെന്ന് അവളെപ്പോഴും പറയും. 

"പ്രണയിക്കുക അതിലേറെ കാമിക്കുക."

അന്നൊരിക്കല്‍, പകലിന്റെ തുടക്കത്തില്‍ പൊഴിഞ്ഞുകിടന്ന പൂക്കള്‍ പെറുക്കിയെടുത്ത് അവളൊരു സ്നേഹത്തിന്റെ മാലയുണ്ടാക്കി. അതിന്റെ ഗന്ധം മൂക്കില്‍ തള്ളിക്കയറുമ്പോള്‍ അവള്‍ ചിരിയോടെ അതെന്നെയണിയിച്ചു. എന്നിട്ട് പറഞ്ഞു. 

"നിങ്ങളുടെ നെടുവീര്‍പ്പുകളെ എനിക്ക് തരിക. എന്റെ ഹൃദയത്തിന്റെ ഒരു പാതി മാത്രം എടുക്കുക. എന്റെ ശരീരത്തെ സ്പര്‍ശിക്കാതെ ഈ ജീവിതം മുഴുവന്‍ എന്നെ പ്രണയിക്കുക." 

എന്നിട്ടവള്‍ ചിരിച്ചു. ഒരര്‍ത്ഥമില്ലാത്ത ചിരി.