ഞാനിനി എന്ത് ചെയ്യും?
എങ്ങനെ എല്ലാവരെയും ഫേസ് ചെയ്യും?
അറിയില്ല?
ഇന്ന് വൈകിട്ടു തന്നെ തരാം എന്നാണവള്‍ പറഞ്ഞത്. തരുമോ? പെയ്യാന്‍ വെമ്പി നില്‍ക്കുന്ന കാര്‍മേഘങ്ങള്‍ പോലെ എന്റെ മനസ്സും വിതുമ്പി നില്‍ക്കുന്നു. ഞാനാരെ കണ്ടുവോ അവള്‍ എന്നെ മാത്രം കണ്ടില്ല. അവളുടെ മിഴികളില്‍ ഞാന്‍ ഇതുവരെ പെട്ടിട്ടില്ലേ? ഈ വൈകുന്നേരം അവളുടെ കുപ്പിവളകള്‍ ചിരിച്ചില്ല. കരിതേച്ച കണ്ണുകള്‍ മിനുങ്ങിയില്ല. നിമിഷങ്ങള്‍കൊണ്ട് മാറുന്ന ഈ ജീവിതം, എന്തേ ഞാന്‍ മാത്രം മറാത്തൂ. ഞാനെന്തേ അവളെമാത്രം പ്രതീക്ഷിച്ച് ഇനിയും ഈ മഞ്ഞവെയിലത്ത് നില്‍ക്കുന്നു. തല ചുറ്റുന്ന പോലെ തോന്നുന്നു.
"ദിവ്യ" അതാണവളുടെ പേര്. ഈ വൈകുന്നേരത്ത് എന്നെ കാണാത്തപോലെ അവള്‍ നടന്നകലുകയാണോ. മാമന്‍ ദുബായീന്നു വന്നപ്പൊ എനിക്ക് കൊണ്ടുതന്ന പെന്‍സിലാ. രാവിലെ ഇന്റര്‍വെല്‍ സമയത്ത് അടക്കാപ്പഴം കാണിച്ച് എന്നെ മയക്കി അടക്കാപ്പഴത്തിനു പകരം അവള്‍ ചോദിച്ചത് ആ പുതുപുത്തന്‍ ഗള്‍ഫ് മണമുള്ള പെന്‍സിലായിരുന്നു. മഞ്ഞ നിറമുള്ള പഴുത്ത അടക്കാപ്പഴം കണ്ടപ്പോള്‍ എന്റെ ആര്‍ത്തികാരണം ഞാനത് മനസ്സില്ലാമനസ്സോടെ കൊടുത്തു. വൈകുന്നേരം തിരികെ തരാമെന്നു കട്ടായം പറഞ്ഞപ്പോള്‍ ഒരു തെല്ല് ആശ്വാസത്തോടെ ഞാന്‍ വൈകുന്നേരം വരെ ഇരിക്കയാണ്. കൊടുക്കേണ്ടിയില്ലായിരുന്നൂന്ന് ഇപ്പൊത്തോന്നുന്നു. ഇനിയിപ്പോ തിരിച്ചു കൊടുക്കാന്‍ അടക്കാപ്പഴം. ഹുദാ ഗവാ..?
എന്റെ പെന്‍സില്‍. ഇനിയിപ്പോ ആ പെന്‍സില്‍ അവള്‍ തിരിച്ചു തരില്ലേ? എനിക്കത് തിരിച്ചുകിട്ടില്ലേ? ദൈവമേ അത് കൊണ്ട് ചെന്നില്ലേല്‍ അമ്മയും ചേച്ചിയും എന്നെ വഴക്ക് പറയും.
ദിവ്യേ! എന്റെ പെന്‍സില്‍.."