Mist of October.

കരമടക്കാത്ത സ്വപ്നങ്ങളെ കുടിയിറക്കുന്ന മനുഷ്യത്വമില്ലാത്ത ജന്‍മിയാവുന്നു പലപ്പോഴും ഈ മനസ്സ്.
____________________________

വെളുത്ത കൊമ്പുകളുള്ള കറുത്തകുതിരകള്‍ ഓടുന്ന കാഴ്ചകള്!

മൌനങ്ങള്‍ കാഴ്ചകണ്ടിരിക്കുമ്പോള്‍ നിഴലുകള്‍ പ്രണയിക്കുകയായിരുന്നു. കൂട്ടംകൂടിപ്പറക്കുന്ന മേഘകെട്ടുകള്‍  തണുത്തകാറ്റിനോട് കിന്നാരം പറയുന്നത് കണ്ടപ്പോള്‍ മൌനങ്ങള്‍ക്ക് ഇരിക്കപൊറുതിമുട്ടി. പ്രണയിക്കുന്ന നിഴലുകളോട് മൌനം ചോദിച്ചു

"മൌനം വാചാലമാകുന്നത് എപ്പോഴാണ്."



സ്വപ്നനാമ്പുകള്‍

പൊള്ളയായ മനസ്സിന്‍റെ അകത്തളങ്ങള്‍ മഴയെക്കാത്തിരിന്നു. നിരര്‍ഥകമായ ഉച്വാസങ്ങള്‍ വളര്‍ച്ചയില്ലാതെ ഖനീഭവിച്ചുകിടന്നു‍. ഓര്‍മ്മകളുടെ മൂക്കുപിഴിഞ്ഞവകയില്‍ ഒട്ടിപ്പിടിച്ച പൊന്തിനില്‍ക്കുന്ന മണക്കുന്നനൊമ്പരങ്ങള്‍ കഴുകാന്‍മറന്നതല്ല. അത് കനക്കുന്ന തുലാമഴനൂലുകള്‍ക്കുവേണ്ടി മാറ്റിവെച്ചിരിക്കയാണ്‌. ആ മഴയില്‍ കുതിര്‍ന്നുപോവാന്‍ ബാക്കിവെച്ച നൊമ്പരങ്ങള്‍.

വൈകാരിക മാലിന്യങ്ങള്‍ തള്ളുന്ന മനസ്സിന്‍റെമണ്ണ് നല്ല ഫലഭൂവിഷ്ടമാവും. സ്നേഹങ്ങളെ കണ്ണീരുനനച്ചു ശൂന്യമായമനസ്സിന്‍റെ അകിടില്‍ പാകിയെറിയാന്‍ തോന്നിയില്ല.

നിര്‍വികാരമായ വിരസതയെ സാക്ഷിയാക്കുന്ന മൗനങ്ങളെ ഒളിപ്പിച്ച വികൃതമായപകലുകള്. ആ പകലുകളെ മാന്തിത്തിന്നുന്ന സമയങ്ങളിലാവണം പ്രണയത്തിന്‍റെ അസ്ഥിവാരങ്ങളില്‍ മുഴുവന്‍ മണ്ണറിയാതെ സ്വപ്നനാമ്പുകള്‍ മുളച്ചത്.

ഒറ്റപ്പെടലിന്‍റെ ആമുഖങ്ങളില്‍ ചെരിച്ചെഴുതിയ അക്ഷരങ്ങള്‍ക്ക് പിഴവുപറ്റിയോ എന്നറിയില്ല. നിന്നെത്തേടി അകലങ്ങളില്‍ അലറിപ്പിടഞ്ഞുപറന്നെത്തുന്ന ചിന്തകളെമെരുക്കുന്ന ചങ്ങലകള്‍ അഴിഞ്ഞതാവണം!

മഴവരും, വരാതെ എവിടെപ്പോവാന്‍!

മഴകാത്തിരിക്കുകയാണ്. ഒറ്റപ്പെടലിന്റെ കനം കൂടിയ രാത്രിയിലേക്ക് ഒരു തണുത്ത മഴയായ് സ്വപ്ന നാമ്പുകളെ നനച്ചു പെയ്തിറങ്ങുന്ന ഒരു മഴ. അറിയാതെ മുളച്ചതാണെങ്കില്‍ക്കൂടി. അവക്കും ജീവിക്കണ്ടേ?