ഓര്‍മകളുടെ നശിച്ച ആലിന്‍ ചുവട്ടില്‍
ഞാന്‍ കണ്ടു ആരോ കിമ്ഴ്ത്തിവച്ച കാമം.
ചെന്നായ്ക്കള്‍ നിലവിളിച്ച് അറംപറ്റിയ രാത്രിയില്‍
ഒരു പുതിയ സ്ത്രീശരീരത്തിന്റെ മംസക്കഷണങ്ങള്‍ അഴുകുന്നു.
മരിച്ച ബ്ലൗസുകള്‍ അരികത്തു കിടന്നു തണുപ്പു പുതയ്ക്കുന്നു.
മനുഷ്യത്വത്തിന്റെ ഭ്രൂണം ചങ്കുപൊട്ടിക്കിടക്കുന്ന കാഴ്ച്ചയില്‍
എനിക്കുമുണര്‍ന്നു പുതുമയുടെ മണമുള്ള രത്നകാമം.
ഒരുപറ്റം മനുഷ്യത്തീനികള്‍ ഭോഗിച്ചുവെച്ച
പാല്‍പാത്രം മണ്ണില്‍ ഉടയാതെയിളകുന്നു.
വയറ്റാട്ടിമാരുടെ കുഴമ്പുമണക്കുന്ന ആലിലകള്‍ പൊതിഞ്ഞ
ദുഷ്ടകാമത്തിന്റെ മുലകള്‍ ചോര ചുരത്തുന്നു.
അടങ്ങാത്ത കഴുകന്‍ നോട്ടങ്ങളില്‍ ആ ശരീരം ജീവനറ്റുചിരിച്ചു.
കാമം മരണത്തിന്‍റെ പാട്ടുകള്‍ പാടി ഓര്‍മ്മകള്‍ തേടി
കഥയില്ലാക്കഥകളുടെ FIRകള്‍ തേടി പിന്നെയും പാഞ്ഞു.
പായുന്ന ജീവിത ഭോഗകഥകളില്‍ വീണ്ടും
വാര്‍ത്താ ഈശ്വരന്മാര്‍ ഇല്ലാക്കഥകള്‍ ഇക്കിളിപ്പെടുത്തി.
വാവിട്ടുകരയുന്ന എന്റെ കാമത്തെ ഒരു അമ്മ മുലപ്പാല്‍
തന്നു കണ്ണീരിന്‍റെ വേറിട്ട നിശ്ശബ്ദതയില്‍ ഉറക്കിക്കിടത്തി.
അകലങ്ങളില്‍ ചുവക്കുന്ന അന്ധയായ നീതിയുടെ പൂക്കളില്‍ ചലം വിരിഞ്ഞു.
മരണത്തിന്റെ ചുണ്ടുകള്‍ വീണ്ടും ഇറുക്കിക്കെട്ടി എന്നെ അടരാടുവാന്‍ വിട്ടു ചുടലപ്പറമ്പില്‍.