നിന്നെ എത്ര സ്നേഹിച്ചിട്ടും മതിവരാത്ത എന്റെ മനസ്സിന്റെ അകത്തളങ്ങളില്‍ വീര്‍പ്പുമുട്ടുന്ന പൊള്ളയായ എന്റെ എകാന്തതകള്‍ തിരയുന്നത് നിന്റെ വേദനകളെയാണോ? അതോ എന്റെ നേരെമ്പോക്കുകള്‍ക്ക് അനുസൃതമായി തുള്ളുന്ന നിന്റെ നിഴലുകളെയോ?
നീ അവലംബിക്കുന്ന മൌനങ്ങള്‍ക്ക് എനിക്കിനി ഉത്തരമില്ല, ഇനിയെന്റെ സ്വാര്‍ത്ഥതകള്‍ക്ക് വേണ്ടി നിന്നെ ഞാന്‍ സ്നേഹിക്കില്ല. ഇപ്പോഴും എനിക്കറിയാത്തത് ഞാന്‍ എന്തിനു നിന്നെ ഇത് പോലെ സ്നേഹിക്കുന്നു എന്നാണ്. നിന്റെ മുഖത്ത് പ്രതിഫലിപ്പിക്കുന്ന സന്തോഷത്തിന്റെ തരംഗങ്ങള്‍ കാണുമ്പോള്‍ ഞാന്‍ വീണ്ടും നുണകള്‍ പറയാന്‍ ഇഷ്ടപെടുന്നു. അതില്‍ എന്തോ ഒരു ഉന്മാദം എന്റെ മനസ്സ് അനുഭവിക്കുന്നുണ്ടാവാം. അല്ലെങ്കില്‍ അണയാത്ത പ്രണയത്തിന്റെ LED ബള്‍ബുകള്‍ മിന്നുന്ന ഒരു മന്ദതയില്‍ സ്വബോധമില്ലാത്ത സ്വപ്നങ്ങളില്‍ നീയിങ്ങനെ എന്റെ ചിന്തകളെ ബോധദീപ്‌തമാക്കിക്കൊണ്ടിരുന്നു.
കടലിന്റെ അലകള്‍ ഇളകുന്ന ശബ്ദങ്ങളെ ഭേദിച്ച് എനിക്ക് കരയാന്‍ തോന്നുന്നു. ഓര്‍മകളുടെയും ചിന്തകളുടെയും ചങ്ങലകള്‍ അഴിച്ചു ഞാന്‍ മരണത്തിന്റെ തണുപ്പിലേക്ക് ഊളിയിട്ടോട്ടെ. പക്ഷെ മരണത്തിന്റെ ആ തണുപ്പില്‍ നിന്റെ ഓര്‍മ്മകള്‍ മരവിച്ചിരിക്കും, നെഞ്ചിന്റെ ചൂട് നഷടപ്പെടുമ്പോള്‍ എന്റെ പ്രണയം മരിക്കില്ലേ, വേണ്ട എനിക്ക് മരിക്കണ്ട, പക്ഷെ നിന്നെ മറക്കാന്‍ മടിക്കുന്ന എന്റെ മനസ്സിനെ കഴുവേറ്റണം. എന്റെ പുതിയ പ്രണയങ്ങളെ തടസ്സപ്പെടുത്തുന്ന നിന്റെ സ്‌മൃതിപഥങ്ങളില്‍ ആസിഡ് ഒഴിക്കണം, വിജനതയിലൂടെ നടന്നു നീങ്ങുന്ന ഒരു ഭ്രാന്തനായി എനിക്കെന്നിലേക്ക് തന്നെ മടങ്ങണം.