സ്വാതന്ത്ര്യം നഷ്ടമായതു

ഞാന്‍ നത്തോലിയെ കുറിച്ച് പറഞ്ഞപ്പോള്‍ അവള്‍ സ്വപ്നം കണ്ടത് തിമിംഗലത്തെ ആയിരുന്നു.

ചെളിപിടിച്ച അയകളില്‍ തൂക്കിയിട്ട മനസ്സിന്റെ ഒരറ്റം മണ്ണില്‍ തട്ടിനിന്നിരുന്നു. ചുരുങ്ങിയ ദിവസങ്ങളില്‍ വേരു പടര്‍ത്തിയ ഞാന്‍ അവളുടെ ചിന്തകളില്‍ സ്വപ്‌നങ്ങള്‍ തിങ്ങിനിറഞ്ഞ കാടുകള്‍ സൃഷ്ടിച്ചു. അതിന്റെ നടുവിലൊരു ചെറിയ അഗ്നിപാര്‍വതം കണക്കെ ഞാന്‍ സ്വയം പുകഞ്ഞു നിന്നു.

കട്ടപിടിപ്പിച്ച ഇരുട്ടിന്റെ ചുമരുകളില്‍ ചാരി തളര്‍ന്നിരുന്ന എന്റെ മുതുകില്‍ ഒരു മരം പോലെ മുളക്കുകയായിരുന്നു അവളെന്ന സ്വപ്നം. എന്നെ കെട്ടിവലിക്കുന്ന നഷ്ടബോധങ്ങള്‍ പകച്ചു നിന്നു. കുതറിമാറുന്ന ഞാനെന്ന ഭാവം പിന്നീടെപ്പോഴോ അവള്‍ക്കു മുന്നില്‍ കീഴടങ്ങി. അത് കണ്ടവള്‍ ചിരിച്ചു.

പച്ചമണ്ണിന്റെ ഗന്ധം മൂക്കില്‍ കയറുന്ന വിധത്തില്‍ എന്റെ മുഖം നിലത്തമര്‍ന്നു കിടന്നു. അഹങ്കാരത്തോടെ മേഘങ്ങളെ കയറിട്ടു പറത്തുന്ന എന്റെ ഞാനെന്നഭാവം ദയകാണിച്ചു. ഞാന്‍ എന്നിലേക്ക്‌ ഒട്ടിയിരുന്നു. ഞാന്‍ എന്റെ മുഖപടം പറിച്ചെറിഞ്ഞു. എനിക്കെന്‍റെ സ്വാതന്ത്ര്യം നഷ്ടമായി.