എല്ലാം കവിതയാണ്..

അനുഭവങ്ങളെ ആവാഹിച്ചു വിരലുകള്‍
കോറിയിടുന്ന ചുവന്ന രക്തം കട്ടപിടിച്ച വാക്കുകള്‍...

മനസിന്റെ മറ്റൊരു മുഖത്തെ
വര്‍ണ്ണിച്ച പ്രണയാക്ഷരങ്ങള്‍.... 

നടപ്പാതകളില്‍ മുളെളറ്റു വേദനിക്കുന്ന
കാല്‍പാദങ്ങള്‍ ബാക്കി വെച്ച നൊമ്പരങ്ങള്‍.. 

എല്ലാം കവിതയാണ്.. 

ഞാനും നീയും പരസ്പരം കൈമാറുന്ന
ചിലമ്പിക്കുന്ന ഈ ശബ്ദങ്ങള്‍ പോലും..

നാടന്‍കോഴി

നമ്മുക്ക് നഷ്ടസ്വപ്നങ്ങളെ നമുക്ക് തിരിച്ചുപിടിക്കണം, എന്നിട്ട് മുള്‍വേലിയില്‍ ആണിയടിച്ചുതറയ്ക്കണം, എന്നിട്ട് അവയെനോക്കി പുച്ഛത്തോടെ ചിരിക്കണം, ചോരയുറ്റിപ്പിടയുന്ന ഓര്‍മകളെ വറ്റിച്ചു വാറ്റിന്‍റെ കൂടെ തൊട്ടുനക്കണം. പിന്നെയും പിടക്കുന്ന ഓര്‍മ്മകളെ കെട്ടിപ്പൂട്ടി കണ്ടെയ്നറിലാക്കി വിയറ്റ്നാമിലേക്കയക്കണം. കരിഞ്ഞ ഓര്‍മ്മകള്‍ മെഴുകിയ മനസ്സിന്‍റെ നിലങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കണം, ഹാര്‍പിക്‌ ഇട്ടു വൃത്തിയാക്കണം.

ഇനി നഷ്ടസ്വപ്നങ്ങളില്‍ മോഹഭംഗങ്ങളുടെ ചത്തുമരവിച്ച സുന്ദരമുഖങ്ങള്‍ മാത്രം മതി. മോഹങ്ങളെ കൊന്നുതള്ളിയ ആ കാലങ്ങളെ മറന്നു പകരം പുതിയ ഋതുക്കള്‍ക്ക് ഇടംനല്‍കണം. പുതുവസ്ത്രങ്ങള്‍ അണിയിച്ചു സുന്ദരനാക്കി നിര്‍ത്തണം. വീണ്ടും പ്രണയോര്‍മ്മകള്‍ കൊത്തിപ്പെറുക്കിത്തിന്നുന്ന നല്ല നാടന്‍കോഴികളാവണം.

ചില സ്വപ്‌നങ്ങള്‍ നടക്കാതെപോണം എന്നാലേ അതിന്‍റെ മൂല്യവും തീവ്രതയും അറിയുകയുള്ളൂ. 

:( 

sometimes i cry without knowing why.

ശമനം തരാത്ത രാത്രികള്‍.ചിന്തകളെ മേയാന്‍ വിട്ട പകലുകള്‍ അവസാനിക്കുന്നിടത്ത് തുടങ്ങുന്ന യന്ത്രവല്‍കൃത സ്വപ്‌നങ്ങള് സൃഷ്ടിച്ച കാഴ്ചകളില്‍ മുങ്ങിനിവരുമ്പോള്‍ കണ്ടത് അവസ്ഥാന്തരങ്ങള്‍ നീട്ടിതുപ്പിയ സ്നേഹങ്ങളെയായിരുന്നു.

ഔദാര്യം തിങ്ങിയ ചിരികളില്‍ വിരിഞ്ഞ പ്രണയസത്യങ്ങള്‍ ചുരത്തുന്ന മഴപ്പാചിലുകള് വീഴ്ത്തിയതു അസഹ്യമായ വേദനകളായിരുന്നു.

വേനലിലൂടെ നടന്നു ദാഹിച്ച മനസ്സിനു ചഷകങ്ങളില്‍ സ്നേഹം വച്ച് നീട്ടിയ കാമം വഹിക്കുന്ന കണ്ണുകളുള്ള പെണ്‍കുട്ടി ഇറ്റിച്ച ദയയില്‍ മുഴുവന്‍ അവളുടെ ചിലമ്പിക്കുന്ന ശീല്‍കാരങ്ങളായിരുന്നു.

നിങ്ങളിലേക്ക്‌ വളരാന്‍ മഴയെ പുല്‍കാന്‍ ഇറങ്ങിയ വഴിവക്കുകളില്‍ കണ്ടത് ഇരുണ്ട ജീവിതത്തെ ഗര്‍ഭംധരിച്ച കരയുന്ന പാവം മനുഷ്യരെയായിരുന്നു.

ഞാന്‍ എന്നിലേക്ക് നോക്കുന്ന നേരങ്ങളില്‍, എന്നോട് തന്നെ കനിവ്കാണിക്കാത്ത നേരങ്ങളില്‍ പുലര്‍ന്നത് നിറങ്ങള്‍ മെഴുകിയ സ്വപ്‌നങ്ങള്‍ ഇടതിങ്ങിയ ശമനം തരാത്ത രാത്രികള്‍ മാത്രമായിരുന്നു.

നീയെന്നെ....

നീ എന്നിലേക്ക്‌ 
ഒരു മഴച്ചാല്‍ വെട്ടിതരിക.
ഞാനതില്‍ നിന്നൊരു 
സമുദ്രം ഉണ്ടാക്കിയെടുത്തു കൊള്ളാം..

നീ എന്നിലേക്ക് 
ഒരു പുഴയെ ഒഴുക്കി വിടുക.
നിന്റെ സ്നേഹങ്ങളെ 
ഞാനതില്‍ ഓളങ്ങളായി പ്രതിഫലിപ്പിച്ചോളാം

നീ എന്നിലേക്ക് 
നിന്റെ മനസ്സിനെ വിട്ടുതരിക.
ഞാന്‍ എന്നെന്നെക്കുമായി
അതെന്റെ ആത്മാവിനെ പുതപ്പിച്ചു കൊള്ളാം.

നീയെന്നെ
നിന്നിലേക്ക് വലിച്ചടുപ്പിക്കുക.
ഞാന്‍ നിന്റെ ഹൃദയതാളത്തില്‍ ലയിച്ചു 
അറിയാതെ മരണത്തിലേക്ക് ഉറങ്ങി കൊള്ളാം.

എന്നെ പ്രണയിക്കുക

മൌനത്തില്‍ ഒളിപ്പിച്ചുവച്ച സങ്കടങ്ങളെ മുലയൂട്ടി വളര്‍ത്തുന്ന നിന്റെ ഒളിച്ചോട്ടം നിര്‍ത്തുക? കണ്‍പോളകളില്‍ കനത്തു കിടക്കുന്ന വേദനകളെ ചുരത്താന്‍ ആ പാവം കണ്ണുകളെ അനുവദിക്കുക. എന്നെ പ്രണയിക്കുക.

പേടിപ്പെടുത്തുന്ന മഴ

മനസ്സിന്‍റെ ഒരു കോണില്‍ പെയ്യുന്ന സുഖമുള്ള മഴയാണു നീ. എന്‍റെ ആത്മാവിലേക്ക് തോടുവെട്ടി എന്‍റെ ഞാനെന്ന ഭാവത്തിന്‍റെ ഓരോ ഇഞ്ചിലും തിമിര്‍ത്തുപെയ്യുന്ന മഴ. വിരസതകള്‍ വിതച്ച മൗനങ്ങള്‍ ഓക്കാനിക്കുന്ന മുനയുള്ള ഓര്‍മ്മത്തുണ്ടുകള്‍ പെറുക്കിക്കളിക്കുമ്പോള്‍ വീണ്ടും വീണ്ടും നിന്നില്‍ നനയാന്‍ പ്രേരിപ്പിക്കുന്ന മഴ. എന്‍റെ ഹൃദയത്തെ പ്രളയത്തിലേക്ക് നയിക്കുന്ന പേടിപ്പെടുത്തുന്ന മഴ.

ഇനിയും മരിക്കാത്ത നൊമ്പരങ്ങള്‍

കാല്പനികതയുടെ അസ്ഥിവാരങ്ങള്‍ മാന്തുന്ന JCB വിടര്‍ത്തിയ കൂര്‍ത്ത പല്ലുകളില്‍ ഒട്ടിപിടിച്ചത് മരിച്ചു മണ്മറഞ്ഞു പോയ ഓര്‍മകളുടെ ഇനിയും മരിക്കാത്ത നൊമ്പരങ്ങള്‍... 

തന്മയത്വം.അകലങ്ങളില്‍ മരിച്ചുവീഴുന്ന സ്നേഹത്തിന്റെ നിഴലിനെ നീ നോക്കാതിരിക്കുക. നിന്റെ കണ്ണുകളില്‍ തഴച്ചുവളരുന്ന മഴമേഘങ്ങളെ നീ പെയ്തൊഴിയിപ്പിക്കുക. ഉണങ്ങിവരണ്ട  നിലങ്ങളില്‍ പിടഞ്ഞു നീങ്ങുന്ന സമയങ്ങളെ നിന്റെ കണ്ണുനീര്‍ കൊണ്ട് സ്‌നിഗ്‌ധമാക്കുക. നിന്റെ മനസ്സിലെ മെലിഞ്ഞുണങ്ങിയ പ്രണയത്തിനെ നീ ആദ്രതയോടെ പുണരുക. നിന്റെ ബുദ്ധിയുടെ താക്കോല്‍ പഴുതില്‍ നീ നിന്റെ മനസ്സാക്ഷിയെ ഒളിപ്പിക്കുക. നിന്റെ ചിരിയില്‍ വിടരുന്ന കാരുണ്യത്തെ നീ ഒരു മരമായ്‌ വളര്‍ത്തുക. നിന്റെ പ്രണയത്തെ വേര്‍പ്പെടുത്തി ആ മരത്തെ നീ പുഷ്ടിപ്പെടുത്തുക.