കദീസയുടെ പീലാത്തോസ്.


പീലാത്തോസിന്റെ ജന്മദിനമായിരുന്നു അന്ന്. അന്നുതന്നെയായിരുന്നു ഡല്‍ഹിയില്‍ കേജ്രിവാള്‍ അധികാരമേറ്റതും. പല നിറമുള്ള ആശംസാ കാര്‍ഡുകളും സ്നേഹം വഴിഞ്ഞോഴുകിയ SMS സന്ദേശങ്ങളും ലഭിച്ച പീലാത്തോസിനു അത്രവല്യസന്തോഷം തോന്നിയിരുന്നില്ല. കാരണം ആ കാര്‍ഡുകളില്‍ പീലാത്തോസ് പ്രതീക്ഷിച്ചിരുന്ന ഒരാളുടെ ആശംസാകാര്‍ഡ് ഇല്ലാത്തതിനാലാവാം. അതുകൊണ്ട്തന്നെയാവാം പീലാത്തോസ് തന്റെ സന്തോഷജന്മദിനത്തിന്റെയന്നും അതിക്രൂരമായി ദു:ഖിച്ചത്. 

അന്ന്  "FTV ലാഞ്ച്വേറി-ക്ക്" വേണ്ടി കാത്തുനില്‍ക്കാതെ പീലാത്തോസ് ആ കനത്ത നിശബ്ദതയില്‍ ഉറക്കത്തെ പുണരാന്‍ തീരുമാനിച്ചു. സ്വപ്‌നങ്ങള്‍ ഇടിഞ്ഞുവീണ രാത്രിയില്‍ പീലാത്തോസ് അന്നടിച്ച മൂന്നു കിംഗ്‌ഫിഷര്‍ന്‍റെ ക്ഷീണത്തില്‍ നന്നായി ഉറങ്ങി. പക്ഷെ അന്നു തന്നേ നായാടിയ സ്വപ്നങ്ങളില്‍ കദീസ മാത്രമായിരുന്നു എന്ന തിരിച്ചറിവിലാവണം പിറ്റേന്ന് രാവിലെ കണ്ണാടിയില്‍ മാത്രം നോക്കി ശുഷ്കിച്ച  കോള്‍ഗേറ്റ് പേസ്റ്റ്ട്യൂബ് ഞെക്കിപിഴിഞ്ഞ് പീലാത്തോസ് പല്ലുകള്‍ തേച്ചത്.  

കദീസ അങ്ങനെയാണ്. പീലാത്തോസിനെ പ്രണയിക്കുകയാണോ അതോ ചുമ്മാ സമയത്തെ കില്ലാന്‍ പീലാത്തോസിനെ ഉപയോഗിക്കുകയാണോ എന്ന് കദീസക്കുതന്നെ അറിയില്ലായിരുന്നു. പലനാളുകളില്‍ പല ന്യായവാദങ്ങളെ മുന്‍നിര്‍ത്തി അതിനെയൊക്കെ അപഗ്രഥനം നടത്തി കദീസ പീലാത്തോസിനെ പ്രണയിക്കുകയും അതേസമയം തന്റെ പ്രണയത്തില്‍ നിന്ന് പീലാത്തോസിനെ അകറ്റി നിര്‍ത്തുകയും ചെയ്തു. 

പിലാത്തോസ് രാത്രിയില്‍  "FTV ലാഞ്ച്വേറി" കാണുമ്പോള്‍ പാപിയായിരുന്നെങ്കിലും മറ്റുനേരങ്ങളില്‍ ചപ്പിലകളും ഒണക്കപ്പുല്ലും തിന്നുന്നസത്സ്വഭാവിയും ശുദ്ധമായ ആട്ടിന്‍പാല്‍ മാത്രം കുടിക്കുന്ന ശുദ്ധഹൃദയനായിരുന്നു. അതുകൊണ്ടുതന്നെ പിലാത്തോസിനു കുഞ്ഞുപ്രായത്തില്‍ സണ്ടേസ്കൂളില്‍ വച്ചുതന്നെ നിറയെ കാമുകിമാരും ആരാധികമാരും ഉണ്ടായിരുന്നു. മറിയയും സെവില്ലയും പീലാത്തോസിനെ അറിയിച്ചു പ്രണയിച്ചപ്പോള്‍ മാര്‍ഗരറ്റ്‌ പീലാത്തോസ് അറിയാതെ പീലാത്തോസിനെ പ്രണയിക്കുകയായിരുന്നു. പക്ഷെ കദീസ ഇതെല്ലാം അറിഞ്ഞിട്ടും അവിടെയും ഇവിടെയും അല്ലാതെ പീലാത്തോസിന്റെ ഹൃദയത്തെ തൊടാതെയും തൊട്ടും നിന്നു.

അങ്ങനെയിരിക്കെയാണ് പീലാത്തോസിന്റെ ജന്മദിനം വന്നതു. തനിക്കുതന്നെ ഉറപ്പില്ലാത്ത പ്രണയത്തെ നിരാകരിച്ച് കദീസ പിലാത്തോസെന്ന വ്യക്തിയെ അത്രയ്ക്ക് ഗൌനിച്ചില്ല. അത് കൊണ്ട് തന്നെ കദീസ അന്ന്പീ ലാത്തോസിനു ആശംസള്‍ അറിയിക്കയോ ഡയറിമില്‍ക്കിന്റെ ഉരുണ്ട ബാറോ വാങ്ങികൊടുത്തില്ല.

പകരം പിറ്റേന്ന് ഒരു ബിലേറ്റഡ് ആശംസ അറിയിക്കുകയും തന്റെ പുതിയ ന്യായവാദങ്ങളെ അനുസരിച്ച് താന്‍ പീലാത്തോസിനെ സമയംകൊല്ലുന്ന ഒരു ഉപാദിപോലെ ഉപയോഗിക്കുകയായിരുന്നു എന്ന് കുമ്പസരിക്കുകയും ചെയ്തു. അത് കേട്ട് ഘോരമായി വ്യസനിച്ച പീലത്തോസിനോട് തന്നോട് ക്ഷമിക്കണമെന്നും ഇനിയൊരിക്കലും താന്‍ പീലാത്തോസിനെ  ബുദ്ധിമുട്ടിക്കുകയില്ലെന്നും പറഞ്ഞു. എന്നിട്ട് കഴിഞ്ഞ തവണ കണ്ടപ്പോള്‍ വായിക്കാന്‍ കടം വാങ്ങിയ മുന്‍ലക്കത്തെ മനോരമ ആഴ്ചപ്പതിപ്പുകളും പീലാത്തോസിനു തിരിച്ചുകൊടുത്ത് കദീസ തിരിച്ചു നടന്നു.

കദീസയുടെ ഇടയ്‌ക്കുള്ള മനംമാറ്റങ്ങള്‍ പരിചയമുള്ള പീലാത്തോസ് ഇതൊന്നും ചെവിക്കൊണ്ടില്ല. എന്നാലും അവളുടെ പാരഗണ്‍ ചെരുപ്പിട്ട കാലുകള്‍ രണ്ടു തോണിയിലും ഇടുന്നതില്‍ പിലാത്തോസ് അതിഘോരമായി വ്യസനിച്ച പീലാത്തോസ് അന്ന്  രാത്രി കദീസയുടെ ഓര്‍മ്മകളെ പ്രാര്‍ഥിച്ച കയറു കൊണ്ട് മനസ്സിന്റെ ഇരുണ്ട മൂലയില്‍ കെട്ടിയിടുകയുംചെയ്തു.

പക്ഷെ ഉറക്കം കണ്ണുകളെ പ്രണയിക്കാതെയിരിക്കയും മനസ്സിന്റെ ഇരുണ്ടമൂലയില്‍ കെട്ടിയിട്ട കദീസയുടെ ഓര്‍മ്മകള്‍ എന്തിനോ വേണ്ടി കരയുകയും "FTVലാഞ്ച്വേറി" സാത്താന്റെ പീനിസ് പോലെ റിമോട്ടിന്റെ ബട്ടനില്‍ ഉദ്ധരിച്ചു നില്‍ക്കുകയും ചെയ്തപ്പോള്‍ ആ രാത്രിയെയും പീലാത്തോസ് കാമത്തോടെ കൊന്നു.

എന്നാല്‍ അന്ന്യാ രാത്രി യാഥാര്‍ഥ്യത്തിലേക്കു കണ്ണുതുറന്നുകിടന്ന കദീസ പീലാത്തോസ് ഭരിച്ച തന്റെ സ്വപ്നങ്ങളുടെ മറയത്ത്‌ ഒതുങ്ങിക്കൂടി. പീലാത്തോസിന്റെ ഓര്‍മ്മകള്‍ ചുമച്ചു ചര്‍ദ്ധിച്ച കദീസ തന്റെ മനസ്സ് പീലാത്തോസിന്റെ ചിന്തകളാല്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കി. അവളുടെ ന്യായവാദങ്ങള്‍ അവളെ നോക്കി കൊഞ്ഞനം കുത്തിയപ്പോള്‍ മനസ്സിന്റെ പടികയറിവന്ന പുതിയ ആശകള്‍ ആത്മഹത്യ ചെയ്തു. ആശകളുടെ ശവമടക്ക്  നടക്കുന്നതും നോക്കി കധീസ ദുഃഖം കടിച്ചമര്‍ത്തി തേങ്ങിക്കരഞ്ഞു.

പിന്നീടുള്ള ദിവസങ്ങള്‍ കദീസ തന്റെ മനസ്സിനോടു തന്നേയുള്ള യുദ്ധത്തിലായിരുന്നു. തന്റെ മനസ്സില്‍ പ്രണയമെന്ന മനോരോഗം വളര്‍ത്തിക്കൊണ്ടുവരാന്‍, മനസ്സിന്റെ പഴയ ഉല്ലാസങ്ങള്‍ തിരികെക്കിട്ടാന്‍ പീലാത്തോസിന്റെ ചിരികളെയും ഭാവങ്ങളെയും മഴവില്ലുപൂത്ത സ്വപ്നക്യാപ്സ്യൂളുകളാക്കി കദീസ വിഴുങ്ങി. അങ്ങനെ ദിവസങ്ങളുടെ ഇടനാഴിയില്‍ വീണ്ടും പ്രണയത്തിന്റെ മുക്കുറ്റി മുല്ലകള്‍ കുത്തിപൊന്തി.

അങ്ങനെ ഫഹദ് ഫാസിലും നസ്രിയയും സമ്മന്തം കൂടാന്‍ തീരുമാനിച്ച ദിവസം, പാതിരാക്കോഴികള്‍ അലാറം വെച്ച് ഉണര്‍ന്നപ്പോള്‍ കദീസക്ക് പ്രണയത്തിന്റെ അശരീരി യും അതിനെ തുടര്‍ന്നു പീലാത്തോസിനെ കാണണം എന്ന ബോധവും വന്നു. അങ്ങനെ ആ പുലര്‍കാലത്ത്‌ പീലാത്തോസിനെ കാണാന്‍ പല്ലുതേക്കാതെ അവള്‍ ഓടി. 

അങ്ങനെ ഓടിയോടി കേരള തമിഴ്നാട് അതിര്‍ത്തിയായ പുട്ടപര്‍ത്തിയില്‍ വച്ച് പീലാത്തോസിനെ കാണുകയും ഇനി ഒരവധിവരെ താന്‍ ഒരു ന്യായവാദങ്ങളും ഉന്നയിക്കുകയില്ലായെന്നും ഇനിയെന്നും പീലാത്തോസിനെ ആഞ്ചലീനജൂലി ബ്രാഡ്പിറ്റിനെ സ്നേഹിക്കുന്ന പോലെ സ്നേഹിക്കാം എന്നു വാക്ക് കൊടുക്കയുംചെയ്തു.  തന്നോട് ക്ഷമിക്കണം ഇനി ഇതുപോലെ ഉണ്ടാവില്ലെന്നും കരഞ്ഞു പറഞ്ഞു.

ഈഗോയിസ്റ്റ് അല്ലാത്ത പീലാത്തോസ് അന്നേരം തന്നെ കദീസയെ ക്രൂരമായി സ്വാന്തനിപ്പിക്കുകയും അതികഠിനമായി സ്നേഹിക്കുയും ചെയ്തു.

[ശുഭം]