സ്റ്റില്‍.. ;)

ചിലയോര്‍മ്മകളുടെ വാലുകള്‍
എണ്‍പതിനായിരം കൊല്ലം
മറവിയുടെ കുഴലില്‍ ഇട്ടാലും 
പഴയത് പോലെ നിറവാര്‍ന്നിരിക്കും...

ഉത്തരങ്ങളെത്തേടി വീണ്ടും..

ചോദ്യങ്ങള്‍ എന്റെയുള്ളില്‍ കിടന്നു കരയുകയായിരുന്നു. ഉഴറിയുഴഞ്ഞ പലചോദ്യങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നു. ചില ചോദ്യങ്ങള്‍ അവര്‍ക്കായി പൊന്തിവന്ന ഉത്തരങ്ങളില്‍ സംതൃപ്തരായി. അവര്‍ ആ ഉത്തരങ്ങളെ പുണര്‍ന്നുകിടന്നു. ചോദ്യങ്ങളുടെ ജീവചക്രം അവസാനിക്കുന്നതെവിടെയാണെന്നു പരതിനടന്ന രാവുകള്‍.

ആദ്യമാദ്യം ചോദ്യങ്ങള്‍ നിശ്ശബ്‌ദത പുലര്‍ത്തി. പിന്നീടവ മുദ്രാവാക്യം വിളിച്ചു തുടങ്ങി. മൌനത്തില്‍ ആണ്ടുപോയ എന്റെ മനസ്സ് വിറച്ചു. ഉത്തരം കിട്ടാതെ ഗതികിട്ടാതെ പല ചോദ്യങ്ങളും മറവിയിലേക്ക് ആണ്ടു പോയി. കാലാന്തരങ്ങളില്‍ ഉത്തരം കിട്ടാതെ മരിക്കുന്ന അവ മനസ്സിന്റെ ചുടലയില്‍ എരിഞ്ഞുകിടന്നു. തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത മനസ്സും സങ്കോചം പൂണ്ടുകിടന്നു.

ചില ചോദ്യങ്ങളോട് ഒഴിയാനാവശ്യപ്പെട്ടപ്പോള്‍ അവതന്‍റെ തന്തച്ചോദ്യങ്ങളെ നരകങ്ങളില്‍ നിന്നുയര്‍ത്തെഴുന്നേല്‍പ്പിച്ചു. അവ കോലാഹലങ്ങളോടെ കൂക്കുവിളിയും, തൊഴിയും തുടങ്ങി. എന്റെ മനസ്സ് വീണ്ടും ജാഗ്രതയുള്ളതായിത്തീര്‍ന്നു. വൈകാതെ ചില ചോദ്യങ്ങള്‍ക്ക് മറു ചോദ്യങ്ങള്‍ പിറന്നു. അവ പരസ്പരം ഏറ്റുമുട്ടി. പരസ്പരം കുറ്റംചുമത്തി അവ പ്രതിരോധിച്ചു. മരിച്ചുവീഴുന്ന ചോദ്യങ്ങള്‍ക്ക് എന്റെബുദ്ധിയില്‍ പ്രസക്തിയില്ലയിരുന്നു.

എന്റെ ബുദ്ധിക്ക് ഇഷ്ടപ്പെടുന്ന ഉത്തരങ്ങള്‍ മുഴുക്കെ എന്റെയുള്ളില്‍ക്കിടന്നു ജീര്‍ണിക്കുന്ന ചോദ്യങ്ങള്‍ പ്രസവിച്ചവയായിരുന്നു. കുട്ടിഉത്തരങ്ങള്‍ പലതും പരിഗണന അര്‍ഹിക്കാത്തവയെന്ന്‍ ആദ്യം തോന്നിച്ചു. എന്നിട്ടും അവയെ ഞാന്‍ ഒരു നിധി പോലെ സൂക്ഷിച്ചു. അവ മറ്റുചോദ്യങ്ങളെ മുറിവേല്‍പ്പിച്ചില്ല. സ്വന്തം കുടുംബങ്ങളാണെന്ന ധാരണയുള്ളതുകൊണ്ടാവണം.

എന്റെ ബുദ്ധി പറഞ്ഞു.
"പതിവില്ലാതെ മുറവിളി കൂട്ടുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരംകിട്ടുക പ്രയാസമായിരിക്കും."

ചോദ്യങ്ങളെ മനസിന്റെ കൂരിരുട്ടില്‍ അടച്ചുമൂടി സന്യാസത്തിന്റെ വഴിയില്‍ സഞ്ചരിക്കാന്‍ ബുദ്ധി മനസ്സിനു തലയണമന്ത്രമോതി. ഇപ്പോഴും ചോദ്യങ്ങള്‍ എന്റെയുള്ളില്‍ക്കിടന്നു കരയുന്നു. ഉത്തരങ്ങളെത്തേടി..

റേഞ്ച് കിട്ടാത്ത പ്രണയങ്ങള്‍!

എന്റെ ആത്മാവിനെ പകുത്തെടുത്തു നിന്റെ പ്രണയത്തിന്റെ ശവകുടീരത്തില്‍ നിനക്കൊരു പൂചെണ്ടായ്‌ ഞാന്‍ അര്‍പ്പിക്കും. അന്നും നീയെന്റെ സ്നേഹത്തെ പുച്ചിച്ചു തള്ളും. മഴമേഘങ്ങള്‍ കരഞ്ഞു തീര്‍ത്ത ഒരു പകലിന്റെ നോവില്‍ അന്നും നീ എന്നെയോര്‍ത്ത് തേങ്ങും.

അന്ന് രാവില്‍ തെളിഞ്ഞ മാനത്ത് ഞാനൊരു സ്വപ്നമായി നിന്റെ മനസ്സില്‍ പ്രത്യക്ഷപ്പെടും. നിന്റെ കണ്ണുകള്‍ക്ക്‌ ഭാരമായി ആ സ്വപ്നം ഉതിര്‍ന്നു വീഴും. നിലം തൊടാതെ ആ സ്വപ്നങ്ങള്‍ ബാഷ്പ്പമായ് ആ ഇരുളില്‍ അലിഞ്ഞു ചേരും.

എന്റെ പ്രണയം ചിതറിത്തെറിച്ചു ആകാശത്തു മഴവില്ല് തീര്‍ക്കും. സമുദ്രങ്ങളും നീലാകാശങ്ങളും അതിര് വിരിച്ച ഈ നാമമാത്ര ജീവിത സഞ്ചയങ്ങളില്‍ കിടന്നു എന്റെയും നിന്റെയും പ്രണയങ്ങള്‍ റേഞ്ച് കിട്ടാതെ അലയും.

പുഴ വളരുകയാണ്.


നമ്മുക്കിടയിലെ പുഴ വളരുകയാണ്.
വളഞ്ഞും തിരിഞ്ഞും കലങ്ങിയും മറിഞ്ഞും...

അത് കാതങ്ങള്‍ വളര്‍ന്നു കടലില്‍ ചെന്ന് ഉപ്പ് ചവക്കുമ്പോള്‍ നമ്മുക്ക് നമ്മെ നഷ്ടപ്പെട്ടെന്ന പോലെ പിന്തിരിയാന്‍ ശ്രമിക്കും. ഇനിയൊരു തിരിച്ചൊഴുക്കിനു ജീവനില്ലെന്ന ഭീതിയില്‍ നമ്മള്‍ നമ്മളെ തിരയും.

ഇടതും വലതുമായി കൂട്ടുകൂടുന്ന ചെറുതോടുകളോട് പറയണം, നമുക്ക്  നമ്മളെ നഷ്ടപ്പെടുന്നെന്ന്... തിരിച്ചൊഴുകുകയാണെന്ന് ഇരു കരകളുടെയും ചങ്കില്‍ക്കിടന്നു  പുഴയുടെ ആഴത്തിലേക്ക് നോക്കുന്ന മീനുകളോടും പറയണം.

പക്ഷെ ഇനിയെങ്ങനെ..????

ചോദ്യങ്ങള്‍  കടന്നു വന്ന പാലത്തിനു കീഴെ കളഞ്ഞു പോന്നതല്ലേ... ? പിന്നെയും എന്തിന്... ?

****

എനിക്കും നിനക്കുമിടയില്‍ കലരാതെ നമ്മെ പിരിച്ചെഴുതുന്ന അനങ്ങാപ്പാറകള്‍, മൗനം മുളപ്പിക്കുന്ന ഒളിതുരുത്തുകള്‍,  ആഴങ്ങളില്‍ കുഴിച്ചുമൂടിയ നമ്മുടെ പ്രണയത്തിന്റെ അസ്ഥിമാടങ്ങള്‍..

പോകാം നമ്മുക്ക്... ? നമ്മള്‍ മറന്നു പോയ ആ പഴയ ഓര്‍മ്മകളിലേക്ക് മുങ്ങാംകുഴിയിട്ടു താഴാം... ? വളര്‍ന്നുവന്ന  വഴിയിലെവിടെയോ പാറക്കല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച പഴയകളിപ്പാട്ടങ്ങള്‍ തിരയാന്‍...

ശ്ശ്....ശ്ശ്....

നീ മറന്നുവോ... ? അതോ ഞാനോ ...?
നമ്മളിപ്പോള്‍ കടലിലാണ്.... ഉദ്ഭവത്തില്‍ നിലകളില്ലാതെ മരിച്ച പുഴകളുടെ കണ്ണീര്‍ കൂട്ടങ്ങള്‍.... അനേകായിരം പുഴകള്‍ വളര്‍ന്ന കടല്‍.. ആഴക്കടല്‍.. നൊമ്പരക്കടല്‍... തിളങ്ങിപ്പുളയ്ക്കുന്ന കടല്‍....

ഇതിലെവിടെയാണ് നീ ..
എവിടെയാണ് ഞാന്‍...

****


അറിയാമോ...?
നമുക്കിടയിലെ പുഴയുടെയറ്റത്തു നമ്മുടെ നിഴലുകള്‍ ഇപ്പോഴുമെന്തോ തിരഞ്ഞിരിക്കുന്നുണ്ട്. എനിക്കത് കാണാം...