എനിക്കു വീണ്ടും മഴ നനയണം!




തണുത്തകാറ്റ് വരുമ്പോള്‍ മനസ്സ് കൊതിക്കും തണുത്ത മഴകൂടി വന്നെങ്കിലെന്ന്. മഴനനഞ്ഞാല്‍ പനിപിടിച്ചാലോ എന്ന പേടിയായിരുന്നവള്‍ക്ക്.

പക്ഷെ എന്റെ നിശ്വാസങ്ങള്‍ കൊടുങ്കാറ്റടിപ്പിച്ചു മഴനീക്കിയിരുന്നു. ഇപ്പൊ തെളിഞ്ഞ ആകാശം മാത്രം. നേര്‍ത്ത കനിവുണ്ട് സൂര്യരശ്മികള്‍ക്ക്. പകല്‍ തുടങ്ങുന്ന ചെറിയ ചൂടില്‍ ഉള്ളിലെ ഞാനെന്ന ഭാവവും നിശാശലഭങ്ങളും ഉറങ്ങിയിരിക്കുന്നു.

വറ്റി വരണ്ട കനല്‍ കാടുകളാണ് പകല്‍സ്വപ്നങ്ങളില്‍, ഞാനെന്‍റെ സ്വപ്‌നങ്ങള്‍ പറിച്ചു നടാന്‍ നിലം തിരയുകയായിരുന്നു. താഴ്വരകളില്‍ എവിടെയെങ്കിലും മനസ്സിനെ തണുപ്പിക്കുന്ന തണുത്ത മഴ കിട്ടുന്ന ചതുപ്പുകള്‍ അന്വേഷിച്ചു നടക്കുകയായിരുന്നു. അവളുടെ മനസ്സില്‍ ചുവന്ന തുലിപ് വിരിഞ്ഞ കുന്നുകളും സ്വപ്നങ്ങള്‍ക്ക്  തണലേറ്റു വളരാന്‍ സ്വര്‍ണ്ണ മേഘങ്ങള്‍ തണല്‍ വിരിച്ച, മഞ്ഞമാതളം വിരിഞ്ഞ, വൃഷ്ടിയുള്ള ചുവന്ന മണ്ണുള്ള വൃഷ്ടി പ്രദേശങ്ങളും ഉണ്ടായിരുന്നു. എല്ലാം ഉണ്ടായിരുന്നു.. എന്നിട്ടും!

"ഞാന്‍ മഴനനയാണോ അതോ കുട ചൂടാണോ?"
ആ ചോദ്യങ്ങള്‍ എന്നെ നിശബ്ധനാക്കി.

അവള് തന്നെ മറുപടി പറഞ്ഞു.
"പോപ്പിക്കുടയാണേല്‍ ചൂടാം അല്ലെ?"

പിന്നെ എന്നോട് ചോദിച്ചു.
"നിനക്ക് മഴ നനയാണോ?"

എനിക്കുത്തരമില്ലായിരുന്നു.
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കി നിര്‍ത്തി അവളെന്നെ നോക്കി നെടുവീര്‍പ്പിട്ടു.

വീണ്ടും സ്വപ്‌നങ്ങള്‍. സ്വപ്നങ്ങളുടെ ചൂടില്‍ ഞാന്‍ വിയര്‍ക്കുകയായിരുന്നു. അവളുടെ ചുണ്ടുകളിലെ മധുരപ്പാടങ്ങളില്‍ ഞാന്‍ എന്റെ പ്രണയത്തിന്റെ സത്തയെ നടുകയായിരുന്നു. അവളുടെ ഇടതിങ്ങി വളര്‍ന്ന കണ്‍പീലികള്‍ക്കുള്ളില്‍ ഞാന്‍  ഉറവവറ്റാത്ത കണ്ണീര്‍തടം വെട്ടുകയായിരുന്നു. അവളുടെ കരിമുടിച്ചുരുളിലെ കൈതപ്പൂമണത്തിന്റെ ഗന്ധത്തില്‍ സ്വര്‍ഗത്തിലെ ഫലങ്ങള്‍ വിളവെടുക്കുകയായിരുന്നു. നെടുവീര്‍പ്പിന്റെ കൊടുംങ്കാറ്റടിച്ചപ്പോള്‍ ഞാന്‍ അവളുടെ നനുത്ത രോമാങ്ങള്‍ക്കിടയില്‍ ഒളിഞ്ഞു നിന്നു.

"വേണ്ട എനിക്കൊന്നും വേണ്ടാ ഈ കാവ്യാത്മകമായ നിമിഷങ്ങളില്‍ ഞാന്‍ വെറുതെ ജീവിച്ചോളാം." അതു പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ വഹിച്ചു കൊണ്ടുവരുന്ന പെരുമഴയെ ഞാന്‍ മാനത്ത് കണ്ടു.

ആ പെരുമഴ പെയ്യുന്നതിനു മുന്‍പേ അവള്‍ നേരത്തെ പറഞ്ഞ മഴയില്‍  നനയാന്‍ തോന്നിയെനിക്ക്. മഴയില്‍ കുളിച്ചു എന്നെന്നെക്കുമായി അവളില്‍ എരിഞ്ഞണയണമെന്നു തോന്നി.