ഞാന്‍ തൊടുക്കുന്ന സ്വപ്നങ്ങള്‍


എന്നെ തോല്‍പ്പിക്കുന്ന സ്വപ്‌നങ്ങള്‍...
അല്ല, അങ്ങിനെയല്ല തുടങ്ങേണ്ടത്.....

പുലരാന്‍ കഴിയാത്ത ചതിയുടെ സ്വപ്നങ്ങള്‍ രാത്രികളില്‍ ശുഷ്കാന്തിയോടെ മാളവികയെ കാത്തിരിക്കുന്നുണ്ടാവും. എന്നിട്ടവ പുലരുവോളം മാളവികയുടെ ഉപബോധത്തെ കബളിപ്പിക്കും, ഉറക്കത്തില്‍ കളങ്കമില്ലാത്ത ചിരികള്‍ വിടരുന്ന അവളുടെ മുഖം കണ്ട് ആ വഴിതെറ്റിപ്പിക്കുന്ന ചതിയന്‍ സ്വപ്നങ്ങള്‍ കൂട്ടത്തോടെ അവളെ പരിഹസിക്കും.

ഉണരുമ്പോള്‍ മാളവിക എന്നത്തെയും പോലെ എന്നെ ശപിക്കും, ഞാനുള്ള സ്വപ്നങ്ങള്‍ എന്നും മാളവികയെ ചതിച്ചുകൊണ്ടേ ഇരിക്കും. അല്ലെങ്കിലും അത് അങ്ങിനെയാണല്ലോ. ഞാനാണല്ലോ ചതിയന്‍, ഞാന്‍ തൊടുക്കുന്ന സ്വപ്നങ്ങളും ചതിയുടെ സ്വപ്‌നങ്ങളാവണം.