"നിങ്ങള്‍ നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക"
എന്തൊരു മനോഹരമായ ഉപദേശം. നൂറില്‍ നൂറു തികച്ച ശേഷം സച്ചിന്‍ ഒരു അഭിമുഖത്തില്‍ ഒരു കുട്ടിക്ക് ഇപ്പൊ എന്ത് ഉപദേശം കൊടുക്കും എന്ന് ചോദിച്ചപ്പോ സച്ചിന്‍ പറഞ്ഞത് ഇങ്ങിനെയായിരുന്നു.
"നിങ്ങള്‍ നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക" എന്നായിരുന്നു. സച്ചിന്‍ എന്ന പ്രതിഭയെ ഞാന്‍ എത്രത്തോളം ഇഷ്ടപെടുന്നു എന്നത് കൊണ്ടാവാം ഇതെനിക്ക് മഹത്തായ വാക്യമായി തോന്നുന്നത്.
എന്തെല്ലാം കൊണ്ട് ഒരു വ്യക്തിയെ ഇഷ്ടപെടണം എന്നത് അയാളുടെ ഗുണങ്ങളെ അടിസ്ഥാനപെടുത്തിയാവണം.അല്ലെ?
യുദ്ധം ജയിച്ച രാജാവിന്റെ മുഖത്ത് പ്രത്യേക സന്തോഷമോ ഉത്സാഹമോ കണ്ടില്ല. ഹെല്‍മെറ്റ് ഊരി ബാറ്റിന്റെ പിടി കൊണ്ട് ഹെല്‍മെറ്റ്‌ലെ BCCI ഇന്ത്യന്‍ ലോഗോയെ തൊട്ടു കാണിച്ചു. എന്റെ രാജ്യത്തിന് വേണ്ടിയാണ് ഇതെന്ന മട്ടില്‍. അത്ര വിനയം, അതും ക്രിക്കറ്റിന്റെ ദൈവത്തില്‍ നിന്ന്. അത് കണ്ടു ഞാന്‍ കരഞ്ഞ പോലെയായി.
എന്റെ ഇഷ്ട കളിക്കാരന്‍ ദ്രാവിഡ് ആണെങ്കില്‍ പോലും(ദ്രാവിഡിനോളം സാങ്കേതികത ലോകത്തിലെ ഒരു ബാറ്റ്സ്മാനും അവകാശപെടാന്‍ ഇല്ല എന്ന് ഇപ്പഴും ഞാന്‍ വിശ്വസിക്കുന്നു), എന്നിരുന്നാലും സച്ചിന്‍ എന്റെയുള്ളിലെ ക്രിക്കറ്റ് ആണ്. ക്രിക്കറ്റ് എനിക്ക് ഭ്രാന്തും. ഞാന്‍ സച്ചിനെ ഇഷ്ടപെടുന്നത് അദ്ദേഹത്തിന്റെ പ്രതിഭയെക്കാളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയാവും. ഒരു തരം ഭ്രാന്തുള്ള ആരാധന.
പതിവ് പോലെ അന്ന് ഞാന്‍ നേരെത്തെ ഉണര്‍ന്നു. എനിക്കുറപ്പായിരുന്നു ഇന്ന് സച്ചിന്‍ നൂറില്‍ നൂറു തികയ്ക്കും എന്നുള്ളത്. അത് കൊണ്ട് തന്നെ ഞാന്‍ അര മണിക്കൂര്‍ മുന്‍പ് തന്നെ ടീവിയുടെ മുന്പിലിരുന്നു. നൂറു തികക്കുന്നത് വരെ ക്ഷമയോടെ കളി കണ്ടു. കൂക്കി ആര്‍ത്തു വിളിച്ചു ഞാന്‍ ആ സെഞ്ച്വറിയെ വരവേറ്റു. ഒരു വര്‍ഷത്തെ കാത്തിരിപ്പായിരുന്നു അത്. എന്നിട്ടും അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യേക ഭാവ വിത്യാസം ഒന്നുമില്ലാ എന്നത് എന്നെ അത്ഭുതപെടുത്തി. മനസംഘര്‍ഷങ്ങളെ ക്ഷമയോടെ സമന്വയിപ്പിച്ച് സന്തോഷത്തെയും ദുഖത്തെയും ഒരേ പോലെ ശരീരത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുക എന്നത് അയാളുടെ ജ്ഞാനത്തെയും അയാളുടെ ആത്‌മര്‍പ്പണത്തെയുമാണ് എന്നെ ഓര്‍മിപ്പിച്ചത്.
വ്യക്തിഗുണ സമ്പന്നതയും, ദൃഢഭക്തിയുള്ള ഒരു ക്രിക്കറ്റ് ആചാര്യന്‍. ഈ പോസ്റ്റ് അദ്ദേഹത്തിനോടുള്ള ആദരവിലും, ക്രൂരമായ ആരാധനയിലും മുക്കി തേച്ചു സമ്മര്‍പ്പിക്കുന്നു.