റോമിംഗ് ഇല്ലാത്ത കാഞ്ചനസീത !ഒരു അവിഞ്ഞ ദിവസത്തില്‍ ഘടോല്‍ഘജനു തോന്നി കാഞ്ചനസീത ഒരിക്കലും തന്റെ തണലത്ത് നിന്നു മാറാന്‍ ഇഷ്ടപെടുന്നില്ലാ എന്നു. തന്റെ നെഞ്ചിന്റെ ചൂടില്‍ ഒരു ഉട്ടോപ്യന്‍ അഭയാര്‍ഥിയെപോലെ അരിമണികള്‍ കൊത്തിതിന്നു നടക്കാനാണ് കാഞ്ചനസീത ഇപ്പോഴും ഇഷ്ടപെടുന്നത് എന്ന തിരിച്ചറിവില്‍ ഘടോല്‍ഘജന്‍ ആഘാതമായി വ്യസനിച്ചു. കാഞ്ചനസീത എന്നും തന്റെ സ്വപ്നങ്ങളുടെ ആധാരമെഴുതാന്‍ വിധിക്കപെട്ടവളല്ലെന്നു ഘടോല്‍ഘജന്‍ കാഞ്ചനസീതയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. 

കാഞ്ചനസീതക്ക് ഘടോല്‍ഘജനോട് ഇഷ്ടം കൂടുമ്പോള്‍ തെങ്ങിന്‍തോപ്പിലെ മണ്ഡരിപിടിച്ച വീണ തേങ്ങകള്‍ കൊണ്ട് ഘടോല്‍ഘജന്റെ തലയ്ക്കു നോക്കി എറിയുന്നത് പതിവായിരുന്നു. എറിഞ്ഞ ശേഷം കുറ്റികാടുകളില്‍ മറഞ്ഞിരുന്നു തന്നെ തിരയുന്ന ഘടോല്‍ഘജനെ പേടിപ്പിക്കുകയും നിശബ്ദമായി എന്തിനെന്നറിയാതെ കരയുകയും ചെയ്തിരുന്നു. 

ഘടോല്‍ഘജനു ഇടയ്ക്കു മിസ്സ്‌കാള്‍ അടിച്ചും, സാന്തബാന്ത എസ്സംമസ്സുകള്‍ അയച്ചും കാഞ്ചനസീത റോമിംഗ് ഇല്ലാത്ത മൊബൈല്‍ പോലെ അലഞ്ഞു നടന്നു. ലോഡ്‌ഷെഡിഗ് ഉള്ള ദിവസങ്ങളില്‍ കാഞ്ചനസീത ദൈവത്തെ വിളിച്ചു അലമുറയിട്ടു കരഞ്ഞു നോക്കും, ദൈവം കേട്ടില്ലെങ്കിലും മനസ്സിന്റെ അടുത്ത മുറിയില്‍ കിടക്കുന്ന ഘടോല്‍ഘജന്‍ അത് കേട്ട് ചെവിയില്‍ പഞ്ഞി തിരുകും. എന്നിരുന്നാലും കാഞ്ചനസീതയുടെ ഓരോ സ്നേഹങ്ങളും ഒപ്പിടാത്ത ഫയലുകളായി ഘടോല്‍ഘജന്‍ സെക്രട്ടറിയെറ്റിലെ ക്ലാര്‍ക്കിനെ പോലെ തുരുമ്പ് പിടിച്ച മനസ്സിന്റെ ഷെല്‍ഫുകളില്‍ അടുക്കി സൂക്ഷിക്കും. 

ബന്ധങ്ങളുടെ മൂല്യങ്ങളും വിലപിടിച്ച സ്നേഹങ്ങളും എക്സല്‍ ഷീറ്റില്‍ കണക്കാക്കുമ്പോള്‍ ഫീലുന്ന ആദ്രതയില്‍ മനം മടുക്കുമ്പോള്‍ ഘടോല്‍ഘജന്‍ ഫ്രീയായി കിട്ടുന്ന കാഞ്ചനസീതയുടെ സ്നേഹങ്ങളെ മറിച്ചു നോക്കും. അതിലെ പ്രാണയാക്ഷരങ്ങളെ തിരിച്ചറിയുന്ന സമയങ്ങളില്‍ ഘടോല്‍ഘജന്‍ ഒരു മല്യാതീര്‍ത്ഥത്തിന്റെ കുപ്പിയുമായി ഓട്ടവീണ കുട ചൂടി മഴയത്ത് ഒറ്റയ്ക്ക് നടക്കും. നൊമ്പരത്തിന്റെ നൂല്‍പാലത്തിന്റെ കൈവരികളില്‍ ചാരി നിന്നു മീന്‍ പിടിക്കും. കാഞ്ചനസീതയുടെ ഓര്‍മകളെ ഉഴുതു മറിച്ചു ഷോക്കടിച്ച പോലെ വിങ്ങും. തിരിച്ചു കൂടണയുമ്പോള്‍ സ്നേഹത്തിന്റെ ഗിനികോഴികള്‍ ഇട്ട മുട്ടകള്‍ പൊട്ടിച്ചു ഓംലെറ്റ്‌ അടിക്കും. എന്നിട്ട് കാഞ്ചനസീത അറിയാതെ ആര്‍ത്തിയോടെ തിന്നും. 

അങ്ങനെ, കിരണ്‍ ടീവിയില്‍ വിനു സാറിന്റെ സൈക്കിള്‍ ഓടുന്ന ഒരു ദിവസം, നാലുമണി പൂവ് വിരിയുന്ന എകാന്തയില്‍ നിര്‍വികാരനായി ഘടോല്‍ഘജന്‍ തന്റെ സ്വപ്ങ്ങളെ മേയാന്‍ വിട്ടപ്പോള്‍ കാഞ്ചനസീത വന്നു ചോദിച്ചു.

"നിങ്ങള്‍ എപ്പോഴെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ ?"

ഘടോല്‍ഘജന്‍ ഇളിഭ്യനായി ചിരിച്ചു കാണിച്ചു, അപ്പോള്‍ മഷിത്തണ്ട് പൊട്ടിയ പോലെ ഘടോല്‍ഘജന്റെ കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു. അത് കണ്ട കാഞ്ചനസീത ഒരു മണ്ഡരിപിടിച്ച വീണ തേങ്ങ കൊണ്ട് ഘടോല്‍ഘജന്റെ തലക്ക് നേരെ എറിഞ്ഞു ഇരുട്ടുള്ള കുറ്റികാട്ടിലേക്ക് ഓടിപോയി.