ദുശ്ശാഠ്യമുള്ള കടല്‍

നിന്റെ കണ്ണുകളിലെനിക്ക് കടലുകാണാം.
എന്തിനോ വേണ്ടി ആര്‍ത്തിരമ്പുന്ന കടല്‍.
വിഷാദമായി കരയുന്ന കടല്‍.
മാനസാന്തരപ്പെട്ട തിരകളില്‍ കണ്ണുനീര്‍ പതയുന്ന കടല്‍.
പകലില്‍, ഇരുളില്‍ എന്തിനെന്നറിയാതെ കരയുന്ന കണ്ണീര്‍ക്കടല്‍‍.
വെറുതെ പിടയുന്ന കടല്‍.
നീയെന്ന കടല്‍.

എന്റെ മനസ്സിലും ഒരു കടലുണ്ട്.
അനന്തമായ നീലിമയില്‍ വെറുതെ നിന്നെത്തിരയുന്ന കടല്‍.
ഒരു നോവുകാറ്റായി നിന്റെ മുടിച്ചുരുളുകളിലേക്ക് വീശുന്ന സങ്കടക്കടല്‍.
നിന്റെയൊരു ചിരിയില്‍ മാത്രം മുഴുവനായി വറ്റിക്കാവുന്ന നിശബ്ദമായ കടല്‍.
വെറുതെ വിങ്ങുന്ന കടല്‍.
ഞാനെന്ന കടല്‍.


bastard dreams

ഓരോ ബന്ധത്തിലും പലരും തന്നിട്ട് പോയ വിരഹത്താല്‍ ഗര്ഭിണിയായ മനസ്സ്, ഒറ്റപെട്ടു പോവുന്ന ഓര്‍മ്മകള്‍, ഇതെല്ലാം സഹിച്ചു ജീവിക്കാന്‍ മര്‍ത്ത്യന്റെ ജീവിതം ഇനിയും ബാക്കി. ഈ യാതന തുളുമ്പുന്ന ജീവിതത്തെ വില്ലുതുലാസ്‌ വച്ച് തൂക്കുമ്പോള്‍ തെറ്റോ ശരിയോ എന്നറിയാത്ത ചെയ്തികള്‍. നഷ്ടങ്ങളെക്കാളും കൂടുതല്‍ പശ്ചാത്താപങ്ങള്‍! ആത്മാവിനെ വഞ്ചിക്കുന്ന വേഷങ്ങളണിയാന്‍ മര്‍ത്ത്യന്റെ ജീവിതം ഇനിയും ബാക്കി. ഇനിയും പല മാനസിക കച്ചവടങ്ങള്‍ നടക്കാനിരിക്കെ ഈ ആത്മസാക്ഷാത്‌കാരകര്‍മ്മങ്ങള്‍ വെറും പാഴ് ചിന്തകള്‍മാത്രം. 

ശീതകാലനിദ്ര | ആക്ടിവെറ്റ് ചെയ്യുന്നു.


ഇന്നുതൊട്ട് നീ സ്വച്ഛമായ എന്റെ മുഖത്ത് വെണ്മയായ നിന്റെ പാതിവ്രത്യം വിരിക്കുക. എന്നിട്ട് നീയെന്റെ മുറിവേറ്റ ആത്മാവിനെ പുണരുക, ഇരുളുകളുടെ യവ്വനത്തില്‍ എന്റെ ആത്മാവിനെ ഞെരുക്കി ദാഹമമര്‍ത്തിപ്പിടയൂക, ഒരു സുകൃതമന്ത്രമായി ഈ ശീതകാലനിദ്രയിലുടനീളം നിയെന്റെ ആത്മാവിനു കാവലിരിക്കൂക. നിദ്രയില്‍ കഴിച്ചുകൂട്ടുന്ന കാലങ്ങളില്‍ ഒരു നോവുപാട്ടായി നിയെന്റെ നെഞ്ചില്‍ പെയ്തിറങ്ങൂക.

നിഗൂഡമായ രാത്രികളില്‍ കണ്ണീരു പെയ്യുമ്പോള്‍ കുട ചൂടി നീ രാത്രിയെ ഇഴപിരിക്കുക. മനസ്സിനെയും ചിന്തകളെയും ലാസ്റ്റ്‌ ഗിയറില്‍ ഇടുക. അപ്രതീക്ഷിതമായ ഓര്‍മ്മകളെ ദുഃസ്വപ്‌നങ്ങളായി ക്ലാസിഫൈ ചെയ്യുക. മനസ്സില്‍ നിസ്സംഗതയും സങ്കടവും കൊമ്പുകോര്‍ക്കുമ്പോള്‍ ഞരമ്പുകളില്‍ അഡ്രിനാലിന്റെ അളവ് കൂടുമ്പോള്‍ ഒരു വിവക്ഷയും കൂടാതെ "fuck you Bastard" എന്നലറുക. ശമനം തേടി അലയുന്ന നിന്റെ പ്രണയാത്മാവിനെ മസാല തേച്ചു ഒരു കമ്പിയില്‍ തിരുകി ഗ്രില്‍ ചെയ്യുക.

ഒരിക്കല്‍ കൂടി നിന്റെ സുന്ദര നയനങ്ങളില്‍ പദാന്ധത പരത്തുന്ന ചില്ലുകളെ മറന്നുവെക്കുക. ഫേസ്ബുക്ക് ഡാറ്റാബേസുകളില്‍ തന്ത്രങ്ങള്‍ നക്കിക്കുടിക്കുന്ന എന്റെ പ്രൊഫൈല്‍ തിരയാതിരിക്കുക. പിന്നെ എല്ലാം എന്നന്നേക്കും മറക്കുക.

പിന്നെ നമ്മള്‍ ഒരിക്കല്‍ കൂടി കാണുകയാണെങ്കില്‍?

അപ്പോഴല്ലേ! അപ്പൊ നോക്കാം, വീണ്ടും ലഡ്ഡു പൊട്ടുമോ ഇല്ലയോന്ന്.

കുറ്റബോധമണവാട്ടി!ഇപ്പൊഴെങ്ങും നീല ജമന്തികള്‍ വിരിഞ്ഞ തോല്‍വികളാണ്, ആത്മാവിലെ പുഞ്ചപ്പാടത്ത്‌ ഈ തോല്‍വികളുടെ നീല ജമന്തികള്‍ മാത്രം വിരിഞ്ഞു നില്‍ക്കുന്നു. മിക്കവാറും എല്ലാ ദിവസങ്ങളിലും അവയൊരു കൊടുങ്കാറ്റായി എന്റെ നഷ്ടബോധത്തിലേക്ക് ആഞ്ഞടിക്കും. തോല്‍വികളുടെ, നീല ജമന്തിപ്പൂക്കളുടെ മണമുള്ള കാറ്റ്.

പക്ഷെ ആഞ്ഞടിച്ചുവരുന്ന തോല്‍വികള്‍ക്കെതിരെ പൊരുതാന്‍ വേണ്ടി എന്റെ ചുറ്റിലും നെയ്മീന്‍ വറ്റിച്ച ഒരു ലോഡ്‌ പുച്ഛം വാരിവിതറും ഞാന്‍‍, എന്നിട്ട് കൂന്തളവിയലും കൂട്ടി ഗോതമ്പ് പായസം കുടിച്ച നിര്‍വൃതിയില്‍ ആനന്ദക്കണ്ണുനീര്‍ പൊഴിക്കും. അപ്പോഴും നീരാവിയായ് പൊങ്ങിപ്പോവുന്ന ആരോരുമറിയാത്ത എന്റെ മനസങ്കടത്തിന്റെ അലകള്‍ക്ക് കനമുണ്ടാവാറില്ല.

മേഘക്കെട്ടില്‍ച്ചെന്ന് കൂടണയുന്ന ആ സങ്കടങ്ങള്‍ പിന്നെ മഴയായി പെയ്തിറങ്ങും, സ്വപ്നങ്ങളില്‍ തളിര്‍ക്കുന്ന സങ്കടങ്ങള്‍ക്ക് മേല്‍ മൂടിയിട്ട ഓര്‍മ്മകളെ ഈറനണിയിച്ച് ആ മഴ തകര്‍ത്ത് പെയ്യും ‍, അപ്പോള്‍ ഓര്‍മകളുടെ അകിടില്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന പ്രണയം വേദനയോടെ കരയുമ്പോള്‍ ഞാന്‍ വാപൊളിച്ചു ചിരിക്കും. ഞാന്‍ ബാഹ്യമായ ചിരികള്‍ ചിരിക്കാറില്ല എന്നിരുന്നാലും എന്റെ എല്ലാ ചിരിയിലും ഒളിഞ്ഞു കിടക്കുന്ന പുച്ഛഭാവം എല്ലാവര്‍ക്കും ദര്‍ശിക്കാം.

എനിക്കിപ്പോള്‍ പ്രണയം എന്താണെന്നറിയില്ല, എല്ലാം "മ്ലേഛമായ ചിന്തകളും", "ഹീനമായ ചെയ്തികളും" അതുമാത്രം, അതിനുമപ്പുറം ഞാന്‍ രാഷ്ട്രീയക്കാരുടെ അസഹിഷ്ണുത കാണിക്കും, നിഷ്കളങ്കമായി കള്ളം പറയും, ഉപദ്രവിക്കാതെ നോവിക്കും, ചിരിപ്പിക്കാതെ സന്തോഷിപ്പിക്കും, ഇഷ്ട്പ്പെട്ടാലും ഇല്ലെങ്കിലും പുഛ്ചിച്ചു ചിരിക്കും! വേശ്യകളെപ്പോലെ.. കാര്യം കഴിഞ്ഞ് അവര്‍ കാശ് വാങ്ങുമ്പോള്‍ വരുന്ന ആ ചിരി, അവരുടെ മക്കളുടെ വിശപ്പിന്റെ വിളിക്ക് കണങ്കാലുകൊണ്ട് ആഞ്ഞുതൊഴിക്കുന്ന സുഖമുണ്ട് ചിലനേരത്ത് ആ ചിരിക്ക് ‍. ആ മനസ്സുഖം എന്റെ പുച്ഛച്ചിരിയില്‍ എപ്പോഴും തണുത്തു കിടക്കുന്നുണ്ടാവും.

സംഭവം അതൊന്നുമല്ല, ഇപ്പോഴെന്റെ മുഖംമൂടി അഴിയുന്നു, ഈ അറിവിനും പരിചയത്തിനുമപ്പുറം ഞാന്‍ നിന്നെ അറിയുമ്പോള്‍, എന്നിലേക്ക് മാത്രമായി നീ ചായുമ്പോള്‍, നിന്റെ നേര്‍ത്ത വിരലുകള്‍ കൊണ്ടെന്റെ മുഖത്ത് നീ ചിത്രം വരക്കുമ്പോള്‍, ഇപ്പോഴെന്റെ മുഖംമൂടി അഴിയുന്നു.

ലേബല്‍: കുറ്റബോധമണവാട്ടി 2, അഹങ്കാരജവാന്‍ 3, പ്രണയവാറ്റ് 1

എന്നിരുന്നാലുംകാര്യങ്ങള്‍ എല്ലാവര്‍ക്കുമറിയാം
എന്നിട്ടും,
ആരും മിണ്ടുന്നില്ല.

എല്ലാവര്ക്കും
അവളെയാണ് വേണ്ടത്,
അവള്‍ക്കെന്നെയും.

എനിക്കാണെങ്കിലോ
അവളെ കൂടാതെ
വേറെ പലരെയും വേണം.

എനിക്കിനിയും മനസ്സുകളില്‍
ചാമ്പക്ക നടാം
പുതിയ ബന്ധങ്ങള്‍ തുറക്കാം.

ബന്ധങ്ങളായ ബന്ധങ്ങളില്‍
ആര്‍ക്കും ബന്ധങ്ങള്‍ കരയുന്ന
ശിശുക്കളെ വേണ്ട.

പലനേരങ്ങളിലായി
ഇഴയുന്ന, മടുക്കുന്ന
കാമം മാത്രം മതി.

സ്വപ്നം തിളയ്ക്കുന്ന
മണ്‍ചട്ടിക്കടിയില്‍ കരിയുന്ന
ഞാനെന്ന വിറകു  മാത്രം മതി.

മേനിയഴകിന്റെ മുലപറമ്പുകളില്‍
ഞാന്‍ തിരയുന്നതോ
എവിടെയും കിട്ടാത്ത "സ്വാസ്ഥ്യം."

എന്നിരുന്നാലും, എല്ലാവര്ക്കും
അവളെയാണ് വേണ്ടത്,
അവള്‍ക്കെന്നെയും.

സഫലജീവിതം ??

പൊള്ളുന്ന വെയില്‍ കിനാക്കള്‍ കരിയുന്ന ഈ ദുരിതത്തില്‍ സഫലമായ ഒരു ജീവിതത്തിനു വേണ്ടി യത്നിക്കുന്ന വിഡ്ഢി ജന്മങ്ങളാണ് മനുഷ്യര്‍. സ്ഥായിയായ സഫലീകരണം ആധ്യാത്മികമായി മാത്രമേ ലഭിക്കൂ. മറ്റേ ജീവിത സഫലീകരണം വെറും ജീവിത നാടകങ്ങള്‍ മാത്രം

will you cross the skies and come for me?
നീമാത്രം അവശേഷിക്കുമ്പോള്‍
ഞാന്‍ എന്നെത്തന്നെ തിരയേണ്ടതുണ്ടോ?

നമ്മള്‍ കണ്ടുമുട്ടുന്നതിനപ്പുറവും ഇപ്പുറവും
നമ്മുടെ ഇടയില്‍ സ്നേഹം മാത്രമായിരുന്നു.

സ്വന്തമാക്കാനാവില്ലെങ്കിലും,
കാലാകാലങ്ങളില്‍ നീയെന്നും എന്റെ മനസ്സിന്റെ
കോണില്‍ ഒരു നൊമ്പരമായി എന്നുമവശേഷിക്കും.

ഓര്‍ക്കിഡ്‌ തളിര്‍ത്ത പ്രണയവള്ളികള്‍


ഓര്‍ക്കിഡ്‌ തളിര്‍ത്ത പ്രണയവള്ളികള്‍
-----------------------------
ഞാന്‍ ,

ഓര്‍മ്മകളുടെ സുതാര്യമായ
ശീതികരിച്ച ശവപ്പെട്ടിയില്‍ റീത്തുവെച്ച്
അര്‍മ്മാദിച്ചു‍.

മൌനങ്ങള്‍ ധരിച്ച
നിരപരാധികളായ ഓര്‍മകളെ
തൂക്കിക്കൊന്നു.

ദാഹിച്ചു കരയുന്ന
കുട്ടിയോര്‍മകളെ പാമ്പേഴ്സ് കെട്ടി
കിടത്തിയുറക്കി.

നെഞ്ചു പൊള്ളിയ
വേദന കടിച്ചമര്‍ത്തി
പൊട്ടിക്കരഞ്ഞു.

കരഞ്ഞു കണ്ണീരു
വറ്റിയപ്പോ വെള്ളം കുടിച്ചു
കിടന്നുറങ്ങി.

-----------

പിന്നെ ഞാന്‍
ഓര്‍ക്കിഡ്‌ തളിര്‍ത്ത
പ്രണയവള്ളികള്‍ ചാഞ്ഞ
ഒരു സ്വപ്നത്തില്‍ വീണ്ടുമുണര്‍ന്നു.