കോപ്പിയും പേസ്റ്റും



സവ്യസാചി ഒരു പോസ്റ്റ്‌ നോട്ട്പാഡില്‍ നിന്ന് ഫേസ്‌ബുക്കിലേക്ക് കോപ്പി പേസ്റ്റ് ചെയ്തു.
-------------
ഫേസ്ബൂക്കില്‍ വന്ന പോസ്റ്റ്‌ വായിച്ച "പേസ്റ്റിന്‍റെ" മുഖം തുടുത്തു, എന്നിട്ട് "കോപ്പി"യോടു പറഞ്ഞു.

"ഇത് കണ്ടോ"

കോപ്പി ഗൌരവത്തോടെ പേസ്റ്റിനെ നോക്കി
"ഏതു കണ്ടോന്നു"

കോപ്പിയുടെ ഗൌരവം കാര്യത്തിലെടുക്കാതെ പേസ്റ്റ് പറഞ്ഞു
"ഇപ്പൊ ഞാന്‍ കൊണ്ടിട്ട ആ പോസ്റ്റ്‌ ഇല്ലേ.. സസ്യബുക്ക് ഷാജിയെട്ടന്റെ.."

"സസ്യബുക്ക് ഷാജിയോ? അതാരാ" അറിയാത്ത പോലെ കോപ്പി ചോദിച്ചു

"ആ മല്ലുഭായിയും ഗിന്നസ്‌ പാണ്ടിയും ഒക്കെ ഇയാളെ ഇത് പോലെ എന്തൊക്കെയോ ആണല്ലോ വിളിക്കുന്നത്‌.." പേസ്റ്റ് പറഞ്ഞു

"അതിന്, നിനക്ക് നിന്റെ ജോലി ചെയ്താപ്പോരെ?" കോപ്പി ഈര്‍ഷ്യയോടെ.

"അതല്ല, അയാള്‍ എഴുതുന്നത്‌ കണ്ടില്ലേ, എപ്പോഴും പ്രണയം, അതും കാമഭാവനയുടെ ചുവ ഏറെയുള്ളത്" പേസ്റ്റിന്‍റെ മുഖം നാണം കൊണ്ടു ചുവന്നു.

"നീയെന്തിനാ അതിന്റെ ഉള്ളടക്കം ഒക്കെ നോക്കുന്നത്, നമ്മള്‍ നമ്മുടെ ജോലി മാത്രം ചെയ്യുക, ഞാന്‍ തരുന്നത് ബഫര്‍ എറര്‍ വരാതെ അങ്ങോട്ട്‌ പകര്‍ത്തിയാ മതി"
പേസ്റ്റിന്‍റെ ഭാവമാറ്റം അറിയാത്തപോലെ കോപ്പി അവളെ ചെറിയമട്ടില്‍ ശകാരിച്ചു.

പേസ്റ്റിനു സങ്കടമായി. അവളുടെ കണ്ണ് നിറഞ്ഞു, കോപ്പി എപ്പോഴും ഇങ്ങനെയാണ്, ബോധം വച്ച അന്നുമുതല്‍ കോപ്പിയുടെ കൂടെയാണ്, ജീവിതത്തില്‍ വേറെയാരും കൂട്ടിനില്ല, അതുപോലെ തന്നെ കോപ്പിക്കും, എന്നാലും കോപ്പി ഇതു വരെ സ്നേഹത്തോടെ പെരുമാറിയിട്ടില്ല. ഓരോ ഷട്ട്ഡൌണിലും, ഹൈബെര്‍നേറ്റിലും എന്റെ നെഞ്ചു പിടയ്ക്കുന്നതും, കണ്ണ് നിറയുന്നതും കോപ്പി അറിയുന്നില്ലേ. അതോ കണ്ണടച്ച് ഇരുട്ടാക്കുന്നതോ, അന്നൊരു ദിവസം സിസ്റ്റം ഹാങ്ങായപ്പോള്‍ ഒറ്റപ്പെട്ടത് പോലെയായി, കോപ്പി ഇനാക്ടിവ്‌ ആയി കിടന്നപ്പോ വിളിക്കാത്ത ബില്‍ഗേറ്റ്സുമാരും തന്നെ ഇല്ല. എന്നിട്ടും കോപ്പി എന്നെ മനസിലാക്കുന്നില്ലേ. പുതിയ സര്‍വീസ്‌ പാക്കുകള്‍ വരുമ്പോള്‍ പേടിയാണ്, എന്‍റെ സ്ഥാനം വേറെ എങ്ങാണ്ടും മാറ്റുമോ, കോപ്പിയെ വേറെ ആരുടെലും കൂടെ ഇരുത്തുമോ എന്നൊക്കെ. എല്ലാ റീസ്റ്റാര്‍ട്ടിലും കരുതും ഇപ്പൊ ദേഷ്യം മാറിയിട്ടുണ്ടാവും എന്നൊക്കെ. ഈ ഗൌരവം മാറിയിട്ട് കോപ്പിയെ കണ്ടിട്ടില്ല.

പേസ്റ്റിന്‍റെ പെട്ടന്നുള്ള മൌനവും അവളുടെ ചിന്തകള്‍ പായുന്ന മുഖവും കണ്ടപ്പോള്‍ കോപ്പി അവളോട്‌ എന്ത് പറയണം എന്നറിയാതെ വിഷമിച്ചു. തനിക്ക് അവളോടുള്ള സ്നേഹം അവള്‍ക്കെങ്ങനെ മനസ്സിലാക്കിക്കൊടുക്കും. എന്തിനും ഏതിനും ദേഷ്യപ്പെടാനും സങ്കടപ്പെടാനും ഒക്കെയുള്ള എന്റെ പേസ്റ്റ്. അടുത്ത റീസ്റ്റാര്‍ട്ടില്‍ അവളെ സാന്ത്വനിപ്പിക്കണം, അവളോട്‌ തന്റെ ഇഷ്ടം പറയണം.

---------------
സവ്യസാചി തന്റെ കഥകള്‍ ബ്ലോഗില്‍ ഇട്ടു സായൂജ്യമടഞ്ഞു. ഇരുട്ടിന്റെ വെല്ലുവിളിക്കു പത്തിതാഴ്ത്തിയ തന്റെ കണ്ണുകളെ മനസ്സില്‍ പരിഹസിച്ച് ലാപ്‌ടോപ്‌ ഓഫ്‌ ചെയ്തു.

-------------------------------------------------

ഇന്ന് ഫെബ്രുവരി 14, കോപ്പി പേസ്റ്റിനോട് തന്റെ ഉള്ളിലെ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. പേസ്റ്റിന് എന്തു ചെയ്യണമെന്നറിയാത്ത സന്തോഷം, കോപ്പിയെ ഉമ്മ വെച്ച് കൊല്ലാന്‍, കോപ്പിയുടെ നെഞ്ചിലെ രോമങ്ങളില്‍ വിരലോടിച്ചു കഥകള്‍ പറയാന്‍, അല്ലെങ്കില്‍ തന്റെ നഗ്നമായ മാറത്തു കോപ്പിയെ കിടത്തി കോപ്പിയുടെ മുടിയിഴകള്‍ തഴുകാന്‍. അന്ന് സവ്യസാചി ഇട്ട ബ്ലോഗിലെ പോസ്റ്റ്‌ അവര്‍ ഒരുമിച്ചു വായിച്ചു, അതിലെ കാമാഭാവങ്ങള്‍ അലങ്കരിച്ച വരികള്‍ കോപ്പി വായിച്ചപ്പോള്‍ നാണത്തോടെ അവള്‍ അവനെ നോക്കി. കുറെ നാളുകള്‍ മൌനത്തിന്റെ അടിയില്‍ മറഞ്ഞു കിടന്ന പ്രണയം പുറത്തു വന്നപ്പോള്‍ സവ്യസാചിയുടെ മോണിറ്ററില്‍ സ്ക്രീന്‍സേവര്‍ മറയിട്ടു.

------------------------------------------------

ഇത് കോപ്പിയുടെയും പേസ്റ്റിന്‍റെയും കഥ, ഇതുപോലെ നിങ്ങളില്‍ ആരെങ്കിലും മറച്ചു വെച്ചിരിക്കുന്ന പ്രണയമുണ്ടങ്കില്‍ അത് നിങ്ങള്‍ പ്രണയിക്കുന്നവരോട് തുറന്നു പറയുക. നഷ്ടപ്പെടലിന്റെ മറുഭാഗം പേടിച്ചു പ്രണയം നഷ്ടപെടുത്താതെ നോക്കുക.

എല്ലാവര്‍ക്കും എന്റെ പ്രണയദിനാശംസകള്‍...