മണല്‍ക്കാടുകള്‍

നീയില്ലത്തതിനാല്‍ ഈ ദിവസം എന്നില്‍ വരണ്ട മണല്‍ക്കാടുകളെ ഓര്‍മപ്പെടുത്തുന്നു, ഏറെ വര്‍ഷങ്ങള്‍ മഴ നനയാതെ, ഹൃദയം തണുക്കാതെ കിടന്ന മണല്‍ക്കാടുകള്‍, ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ ദൂരേക്ക് പായുന്ന മേഘങ്ങളേ നോക്കി എന്നും സങ്കടപ്പെടുന്ന മണല്‍ക്കാടുകള്‍.

പുതുവഴികള്‍


ആരോ വരയ്ക്കുന്ന നിറങ്ങളില്ലാത്ത ചിത്രങ്ങളിലെ ഇരുണ്ട, മുഖമില്ലാത്ത മനുഷ്യനായിരുന്നു ഞാന്‍. നഗരങ്ങളുടെ ഉള്ളിലേക്കുനീളുന്ന കോണ്‍ക്രീറ്റ് പാതയില്‍ത്തളിര്‍ത്ത മഴയുടെ നൊമ്പരം പോലെ ഞാനിന്നും ജീവിക്കുന്നു. ഉറക്കം നാടുകടത്തിയ സ്വപ്‌നങ്ങളെത്തിരഞ്ഞ് അവശനായി നടക്കുമ്പോള്‍ രണ്ടു തുള്ളി ഹോര്‍ലിക്സ്നു വേണ്ടി ദാഹത്തോടെ യാചിച്ചിരുന്ന ഒരു കറതീര്‍ന്ന സാത്വികന്‍‍. റേഷനരികൊണ്ട് ബിരിയാണി വെക്കാന്‍ മോഹിച്ച ഒരു പാവം റെവല്യൂഷനിസ്റ്റ്‌.

അന്നെനിക്ക് ചുറ്റും കമ്പിവേലികെട്ടി പകതീര്‍ക്കുന്ന പ്രണയങ്ങളായിരുന്നു‍, കവിതയെഴുതി രസിക്കുന്ന, ഓവര്‍ പോസ്സസ്സിവ്‌ ആയ കാമുകിമാരായിരുന്നു എനിക്കുചുറ്റും, അവരെന്നെ പ്രണയിച്ചും ഞാനവരെ കാമിച്ചും അങ്ങനെ അങ്ങനെ.. പിന്നീട്, കാലാകാലങ്ങളില്‍ ഓരോ കാമുകിമാരെയും ഞാന്‍ സ്വപ്‌നങ്ങള്‍ക്കുള്ളിലാക്കി ശ്വാസംമുട്ടിച്ച് വെറുപ്പിച്ചു കൊന്നു. എന്നിട്ട് ഞാന്‍തന്നെ തീര്‍ത്ത വിരഹത്തിന്റെ തീമഴയിലിറങ്ങി നനയും, പനിയും ജലദോഷവും പിടിച്ചു ചുമക്കും, ആ മഴയുടെ നിസ്വത്തിന്റെ താളത്തില്‍ ഇമ്പം പകരുന്ന ഇരുണ്ട കോണുകളിലിരുന്ന് ചുമച്ചും ചോര ചര്‍ദ്ദിച്ചും എന്തിനെന്നില്ലാതെ കരയും‍.

പക്ഷേ അന്നൊരുനാള്‍ ഇരുളില്‍ വാര്‍ന്നൊലിച്ചുപോയ കണ്ണുനീരിന്റെ ഉറവകള്‍ മൂന്നിഞ്ചു കനത്തില്‍ മണ്ണിട്ട് ഞാന്‍ മൂടി, അവിടെ അംബുജ സിംമെന്‍റ്കൊണ്ട് ഒരു പ്രണയസ്മാരകം പണിത നേരത്ത് എന്നില്‍ ഒരു പുതിയ മനുഷ്യന്‍ ജനിക്കുകയായിരുന്നു. ലൂയിഫിലിപ്പ്‌ തുന്നിയ ഫ്ലൂറസെന്റ് കുപ്പായങ്ങള്‍ മാത്രമിട്ട്, മനസ്സിന്റെ അന്ധതയും കണ്ണുകളിലെ കപടത്വവും റേബാന്‍ ഗ്ലാസ്‌ വെച്ച് മറയ്ക്കുന്ന ഒരു ബൂര്‍ഷ്വാസിയായി, അനുഭവങ്ങളിലെ പുതിയ അറിവുകളില്‍ ജീവിച്ചു പഠിക്കാന്‍ സ്വാത്യന്ത്രം ലഭിച്ച മനുഷ്യനായി ഞാന്‍ വീണ്ടും ജനിക്കുകയായിരുന്നു.

ഇന്ന്, ശബ്ദമില്ലാത്ത പ്രാര്‍ത്ഥന പോലെയുള്ള എന്റെ ജീവിതം പായലുകള്‍ നിറഞ്ഞ കായല്‍ക്കടവില്‍ പണ്ടത്തെപ്പോലെ അലയുന്നില്ല. അറ്റമില്ലാത്ത ആകാശത്തിന്റെ നടുക്ക് ഫാക്ടംഫോസ് വിതറാന്‍ ഇന്ദ്രിയങ്ങള്‍ക്കിപ്പൊ പഴയ ആവേശമില്ല. മേഘം മുട്ടുന്ന സ്വപ്‌നങ്ങള്‍ എന്നെ വശീകരിക്കുന്നില്ല, പ്രണയത്തിന്റെ വിത്തുവിതക്കാന്‍ കുരിശുകള്‍ നിറഞ്ഞ സെമിത്തേരികളില്ല. റിമി ടോമിയുടെ സ്വപ്‌നങ്ങള്‍ ഉഴുതുമറിച്ചു പ്രണയം നടുന്ന ആ കാലം കൊഴിഞ്ഞുപോയിരിക്കുന്നു. ഉച്ചത്തില്‍ കരയാന്‍ പോന്നവണ്ണം സങ്കടങ്ങള്‍ എവിടെയും തിങ്ങുന്നില്ല. എല്ലായിടത്തും കൊഴുത്ത ഹാപ്പി ജാം തേച്ച സന്തോഷം മാത്രമാണിപ്പോള്‍. എല്ലായിടത്തും സന്തോഷത്തിന്റെ പൂത്തിരികള്‍ പൊട്ടിച്ചിതറി വഴിയില്‍ അര്‍മാദിച്ചു കിടക്കുന്നു.

ഹോ! ആള്‍ വേര്‍ അണ്‍സഹിക്കബിള്‍ കിടത്തം ഓഫ് ഹോളി ഫ്ലിര്‍ട്ട്സ്!

എന്തൊക്കെയായാലും... മൈലാഞ്ചിയണിഞ്ഞ ഈ ആകാശത്ത്, സ്വര്‍ണ്ണമേഘങ്ങള്‍ പട്ടങ്ങളെ സല്‍ക്കരിക്കുന്ന ഈ നേരത്ത്, ഞാനോരു പുതുവഴിയിലേക്ക് ട്രാക്ടറോടിച്ചു പോവട്ടെ!. (ചിത്രം നോക്കുക. ;))

എനിക്കും ജീവിക്കണം!

പക്ഷെ ഒന്നുണ്ട്, ഞാന്‍ ഒരിക്കലും നന്നാവാന്‍ പോണില്ല. എന്നെ ആരും നന്നാക്കാന്‍ നോക്കേം വേണ്ട!

ജസ്റ്റ്‌ ഡിസംബര്‍ ദാറ്റ്‌!

ഷിറ്റ്‌! [മൂന്നെണ്ണം. (നിസ്സംഗതയോടെ ഒന്ന്, രണ്ടെണ്ണം നോര്‍മല്‍)].)