പെയ്തൊഴിഞ്ഞ സ്വപ്‌നങ്ങള്‍

ശുഷ്കിച്ച മെലിഞ്ഞുണങ്ങിയ ചിന്തകളെ പ്പേറി കുറെദൂരം നടന്നപ്പോള്‍ മനസ്സിന് വിശന്നു. തണല്‍ എവിടെയുമില്ല! എങ്ങും വറ്റിവരണ്ട കരിയിലക്കാഴ്ചകള്‍ മാത്രം. വഴിയിലെ ഉണങ്ങിയ മരങ്ങളെ നോക്കി മനസ്സ് നെടുവീര്‍പ്പിട്ടു. കൊഴിഞ്ഞ ഇലകളെ ചികയുന്ന പക്ഷികള്‍ തിരയുന്നതെന്തെന്നറിയാന്‍ മനസ്സിന് ആകാംക്ഷയായിരുന്നു. ഒന്നും കിട്ടാതെ പറന്നകലുന്ന പക്ഷിളുടെ സങ്കടം മനസ്സിനെ പിന്നെയും തളര്‍ത്തി.

ചിന്തകള്‍ ദാഹിച്ചു തളര്‍ന്നിരിക്കുന്നു. വിശപ്പും ദാഹവും സഹിക്കാന്‍ കഴിയാതെ കരയുന്ന ചിന്തകളെ ഇടുങ്ങിയ മനസ്സിന്റെ ഇരുട്ടില്‍ തളച്ചിടാന്‍ മനസ്സിനു കഴിഞ്ഞില്ല. കാഴ്ചകളെ മറച്ചു കണ്ണുകളെ ഉറക്കാന്‍ ശ്രമിച്ചു. അവ ഉറങ്ങിയില്ല. കണ്ണുകള്‍ ചിന്തകളുടെ ചാരന്‍മാരായിരുന്നു. ചുണ്ടുകള്‍ വരണ്ടു കിടന്നു. ചുംബനങ്ങള്‍ സ്വപ്നം കാണുന്നതിനാല്‍ ചുണ്ടുകളെ ചിന്തകള്‍ക്ക് പുച്ചമായിരുന്നു. ചുവന്നു തുടുത്ത അവയെ കണ്ണുകള്‍ അസൂയയോടെ വെറുത്തു.

മനസ്സിന് തളര്‍ച്ചവന്നു. ഇനിയും ജീവിക്കണം എന്നുണ്ടെങ്കില്‍ ഈ നശിച്ച ചിന്തകള്‍ ഇല്ലാണ്ടാവണം. എന്നാലെ വീണ്ടും സ്നേഹങ്ങള്‍ വരൂ. സ്നേഹം വന്നാലെ മനസ്സിന്റെ ചുവരുകളിലാണ്ടുപോയ വേരുകള്‍ ശക്തിപ്പെടൂ. വേരുകള്‍ ഉറച്ചാല്‍ പുതിയ പ്രണയങ്ങള്‍ തളിരിടും. സ്വപ്‌നങ്ങള്‍ വിരുന്നുവരും. വീണ്ടും സന്തോഷത്തിന്റെ നിറവിലേക്ക് മനസ്സ് ഒഴുകും. പക്ഷെ അതിനു തടസ്സം നില്‍ക്കുന്ന ഈ നശിച്ച ചിന്തകളെ കൊല്ലണം. മനസ്സ് തീര്‍ച്ചപ്പെടുത്തി.

അന്ന് നിലാവ് വിരുന്നുപോയ സമയത്ത് മനസ്സ് ഓര്‍മ്മകളെ രാകിമിനുക്കിവെച്ചു. ദാഹിച്ചുവലഞ്ഞ ചിന്തകള്‍ മയങ്ങിയ നേരത്ത് ഇരുളില്‍ മറഞ്ഞുനിന്ന് മുനയുള്ള ഓര്‍മ്മകളെക്കൊണ്ട് മനസ്സ് ചിന്തകളെ ആഞ്ഞുകുത്തി. ഓര്‍മകളുടെ മൂര്‍ച്ചയുള്ള അറ്റങ്ങള്‍ ചിന്തകളുടെ ആഴങ്ങള്‍ തേടിച്ചെന്നു. അങ്ങനെ മനസ്സ് ചിന്തകളെ കുത്തിക്കൊന്നു. ചോരയോലിച്ച ചിന്തകളെക്കണ്ട് കണ്ണ് കരഞ്ഞു. കണ്ണുനീരോലിച്ചു ചുണ്ടുകള്‍ ഉണര്‍ന്നു. വരണ്ട ചുണ്ടുകള്‍ കണ്ണുനീര്‍ തട്ടി നീറി. ഇടുങ്ങിയ മനസ്സില്‍ ചിന്തകള്‍ പിടഞ്ഞു ചത്തു.

ചിന്തകള്‍ കൊലചെയ്യപ്പെട്ടനേരം മനസ്സ് പുതിയ പട്ടങ്ങളുമായി വീണ്ടും കാറ്റില്ലാത്ത വരണ്ട നിലങ്ങളില്‍ എന്തോ തേടിനടന്നു. അന്നേരം കണ്ണിനു മുകളില്‍ തഴച്ചു വളര്‍ന്നിരുന്ന പുരികങ്ങള്‍ ആശ്ചര്യത്തിന്റെ മുദ്ര തിരഞ്ഞു. ചുണ്ടുകള്‍ വിളറിക്കരഞ്ഞു. കുറ്റബോധത്തില്‍ മനസും കരഞ്ഞു.

പുലര്‍കാലങ്ങളില്‍ സ്വപ്നങ്ങളെത്തട്ടി മനസ്സുണര്‍ന്നു. ഋതുക്കള്‍ മാറിവരുന്ന സമയമാണ്. പ്രണയങ്ങള്‍ ഓടിക്കളിക്കുന്ന വിളനിലങ്ങളില്‍ മനസ്സ് സന്തോഷത്തോടെ ഓടിനടന്നു‍. സ്നേഹിക്കപ്പെടാന്‍ വെമ്പിയ മനസ്സ് എല്ലാം മറന്നു. ആര്‍ത്തിയോടെ വിളനിലങ്ങളിലെ ചളിപൂഴ്ത്തിക്കിടന്നു. വരാന്‍ പോവുന്ന ചുംബനസീമകളില്‍ പൊഴിയുന്ന മഴകളെ ഓര്‍ത്ത്‌ ചുണ്ടുകള്‍ വിളര്‍ച്ചയെ അതിജീവിച്ചു. അപ്പോഴും കണ്ണുകള്‍ പുതിയ കാഴ്ചകള്‍ കണ്ടു ആശ്ചര്യം കൂറിനിന്നു.

the PAIN & the Remedy

the PAIN
-------------------
all the day
all the way
I walked alone..

when I met you
I thought 
the journey was over..

I was wrong. 
it was just the 
beginning...

and you know something.. 
am still alone. 
and I love to walk alone. 

the Remedy
-------------------------
എന്റെയുള്ളില്‍ എന്നെ സ്നേഹിക്കുന്ന ഒരു ഞാനുണ്ട്, ആ ഞാന്‍ എത്ര ദുഷിച്ച ഞാനെന്നറിയില്ല. നിന്നെ വെറുക്കാന്‍ നിന്‍റെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ചു തരുന്ന ഞാന്‍. മുള്ളാണി കൊണ്ട് മുറിവേറ്റ മനസ്സിനെ പുതയ്ക്കുന്ന ചിരികളില്‍  സ്വയം സ്നേഹിക്കുന്ന ഞാന്‍. കണ്ണ് കരയുമ്പോള്‍ മനസ്സിനെ ചിരിപ്പിച്ചു പണ്ടാറടക്കുന്ന ഞാന്‍. എന്നെ ജ്ഞാനിയാക്കുന്ന ഞാന്‍. 

എനിക്കു വീണ്ടും മഴ നനയണം!
തണുത്തകാറ്റ് വരുമ്പോള്‍ മനസ്സ് കൊതിക്കും തണുത്ത മഴകൂടി വന്നെങ്കിലെന്ന്. മഴനനഞ്ഞാല്‍ പനിപിടിച്ചാലോ എന്ന പേടിയായിരുന്നവള്‍ക്ക്.

പക്ഷെ എന്റെ നിശ്വാസങ്ങള്‍ കൊടുങ്കാറ്റടിപ്പിച്ചു മഴനീക്കിയിരുന്നു. ഇപ്പൊ തെളിഞ്ഞ ആകാശം മാത്രം. നേര്‍ത്ത കനിവുണ്ട് സൂര്യരശ്മികള്‍ക്ക്. പകല്‍ തുടങ്ങുന്ന ചെറിയ ചൂടില്‍ ഉള്ളിലെ ഞാനെന്ന ഭാവവും നിശാശലഭങ്ങളും ഉറങ്ങിയിരിക്കുന്നു.

വറ്റി വരണ്ട കനല്‍ കാടുകളാണ് പകല്‍സ്വപ്നങ്ങളില്‍, ഞാനെന്‍റെ സ്വപ്‌നങ്ങള്‍ പറിച്ചു നടാന്‍ നിലം തിരയുകയായിരുന്നു. താഴ്വരകളില്‍ എവിടെയെങ്കിലും മനസ്സിനെ തണുപ്പിക്കുന്ന തണുത്ത മഴ കിട്ടുന്ന ചതുപ്പുകള്‍ അന്വേഷിച്ചു നടക്കുകയായിരുന്നു. അവളുടെ മനസ്സില്‍ ചുവന്ന തുലിപ് വിരിഞ്ഞ കുന്നുകളും സ്വപ്നങ്ങള്‍ക്ക്  തണലേറ്റു വളരാന്‍ സ്വര്‍ണ്ണ മേഘങ്ങള്‍ തണല്‍ വിരിച്ച, മഞ്ഞമാതളം വിരിഞ്ഞ, വൃഷ്ടിയുള്ള ചുവന്ന മണ്ണുള്ള വൃഷ്ടി പ്രദേശങ്ങളും ഉണ്ടായിരുന്നു. എല്ലാം ഉണ്ടായിരുന്നു.. എന്നിട്ടും!

"ഞാന്‍ മഴനനയാണോ അതോ കുട ചൂടാണോ?"
ആ ചോദ്യങ്ങള്‍ എന്നെ നിശബ്ധനാക്കി.

അവള് തന്നെ മറുപടി പറഞ്ഞു.
"പോപ്പിക്കുടയാണേല്‍ ചൂടാം അല്ലെ?"

പിന്നെ എന്നോട് ചോദിച്ചു.
"നിനക്ക് മഴ നനയാണോ?"

എനിക്കുത്തരമില്ലായിരുന്നു.
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കി നിര്‍ത്തി അവളെന്നെ നോക്കി നെടുവീര്‍പ്പിട്ടു.

വീണ്ടും സ്വപ്‌നങ്ങള്‍. സ്വപ്നങ്ങളുടെ ചൂടില്‍ ഞാന്‍ വിയര്‍ക്കുകയായിരുന്നു. അവളുടെ ചുണ്ടുകളിലെ മധുരപ്പാടങ്ങളില്‍ ഞാന്‍ എന്റെ പ്രണയത്തിന്റെ സത്തയെ നടുകയായിരുന്നു. അവളുടെ ഇടതിങ്ങി വളര്‍ന്ന കണ്‍പീലികള്‍ക്കുള്ളില്‍ ഞാന്‍  ഉറവവറ്റാത്ത കണ്ണീര്‍തടം വെട്ടുകയായിരുന്നു. അവളുടെ കരിമുടിച്ചുരുളിലെ കൈതപ്പൂമണത്തിന്റെ ഗന്ധത്തില്‍ സ്വര്‍ഗത്തിലെ ഫലങ്ങള്‍ വിളവെടുക്കുകയായിരുന്നു. നെടുവീര്‍പ്പിന്റെ കൊടുംങ്കാറ്റടിച്ചപ്പോള്‍ ഞാന്‍ അവളുടെ നനുത്ത രോമാങ്ങള്‍ക്കിടയില്‍ ഒളിഞ്ഞു നിന്നു.

"വേണ്ട എനിക്കൊന്നും വേണ്ടാ ഈ കാവ്യാത്മകമായ നിമിഷങ്ങളില്‍ ഞാന്‍ വെറുതെ ജീവിച്ചോളാം." അതു പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ വഹിച്ചു കൊണ്ടുവരുന്ന പെരുമഴയെ ഞാന്‍ മാനത്ത് കണ്ടു.

ആ പെരുമഴ പെയ്യുന്നതിനു മുന്‍പേ അവള്‍ നേരത്തെ പറഞ്ഞ മഴയില്‍  നനയാന്‍ തോന്നിയെനിക്ക്. മഴയില്‍ കുളിച്ചു എന്നെന്നെക്കുമായി അവളില്‍ എരിഞ്ഞണയണമെന്നു തോന്നി.

എനിക്കിനിയും ജീവിക്കണം.

അകലത്ത് കറുത്തപാറകല്ല്‌ തളിര്‍ത്ത മരങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ഞാനെന്ന സത്വം. എന്റെ മനസ്സില്‍ നിറയെ സ്വപ്‌നങ്ങള്‍ വളര്‍ന്നിരിക്കുന്നു.

ചില സ്വപ്‌നങ്ങള്‍ എന്റെ മനസ്സിനെ വള്ളിചുറ്റി ഇലകള്‍ പടര്‍ത്തിയിരിക്കുന്നു. അതില്‍ നിശാശലഭങ്ങള്‍ കൂട്കൂട്ടിയിരിക്കുന്നു. ചില സ്വപ്നങ്ങള്‍ക്ക് പല്ല് മുളച്ചിരിക്കുന്നു. പല്ല് മുളച്ച സ്വപ്‌നങ്ങള്‍ പാറകല്ല്‌ തളിര്‍ത്ത മരത്തിന്റെ ശിഖരങ്ങളെ ചവച്ചരച്ചു തിന്നുന്നുന്നു. അത് കണ്ടു നില്‍ക്കുമ്പോള്‍ എന്നിലേക്ക് വരുന്ന ഭീതിയെ എനിക്ക് കാണാം.

പാറകല്ലുകള്‍ ഭക്ഷിക്കുന്ന എന്റെ സ്വപങ്ങളുടെ ഭാരം മൂലം ഞാന്‍ ഭൂമിയിലേക്ക്‌ ഊര്‍ന്നു പോവുന്നു. എന്റെ മനസ്സിന്റെ ചിറകുകള്‍ മണ്ണിനടിയിലാണ്ടു പോയിരിക്കുന്നു. എന്നിലൊറ്റപ്പെട്ട ഞാനെന്ന ഭാവം ഒരു ചില്ലുകുപ്പിയിലടക്കപ്പെട്ട പ്രാണിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും പറന്നു യാഥാര്‍ത്യങ്ങളെ തേടി സുതാര്യഭിത്തിയില്‍ ചെന്നിടിക്കുന്നു.

സ്വാതന്ത്ര്യം നഷ്ടമായതു

ഞാന്‍ നത്തോലിയെ കുറിച്ച് പറഞ്ഞപ്പോള്‍ അവള്‍ സ്വപ്നം കണ്ടത് തിമിംഗലത്തെ ആയിരുന്നു.

ചെളിപിടിച്ച അയകളില്‍ തൂക്കിയിട്ട മനസ്സിന്റെ ഒരറ്റം മണ്ണില്‍ തട്ടിനിന്നിരുന്നു. ചുരുങ്ങിയ ദിവസങ്ങളില്‍ വേരു പടര്‍ത്തിയ ഞാന്‍ അവളുടെ ചിന്തകളില്‍ സ്വപ്‌നങ്ങള്‍ തിങ്ങിനിറഞ്ഞ കാടുകള്‍ സൃഷ്ടിച്ചു. അതിന്റെ നടുവിലൊരു ചെറിയ അഗ്നിപാര്‍വതം കണക്കെ ഞാന്‍ സ്വയം പുകഞ്ഞു നിന്നു.

കട്ടപിടിപ്പിച്ച ഇരുട്ടിന്റെ ചുമരുകളില്‍ ചാരി തളര്‍ന്നിരുന്ന എന്റെ മുതുകില്‍ ഒരു മരം പോലെ മുളക്കുകയായിരുന്നു അവളെന്ന സ്വപ്നം. എന്നെ കെട്ടിവലിക്കുന്ന നഷ്ടബോധങ്ങള്‍ പകച്ചു നിന്നു. കുതറിമാറുന്ന ഞാനെന്ന ഭാവം പിന്നീടെപ്പോഴോ അവള്‍ക്കു മുന്നില്‍ കീഴടങ്ങി. അത് കണ്ടവള്‍ ചിരിച്ചു.

പച്ചമണ്ണിന്റെ ഗന്ധം മൂക്കില്‍ കയറുന്ന വിധത്തില്‍ എന്റെ മുഖം നിലത്തമര്‍ന്നു കിടന്നു. അഹങ്കാരത്തോടെ മേഘങ്ങളെ കയറിട്ടു പറത്തുന്ന എന്റെ ഞാനെന്നഭാവം ദയകാണിച്ചു. ഞാന്‍ എന്നിലേക്ക്‌ ഒട്ടിയിരുന്നു. ഞാന്‍ എന്റെ മുഖപടം പറിച്ചെറിഞ്ഞു. എനിക്കെന്‍റെ സ്വാതന്ത്ര്യം നഷ്ടമായി.

എന്നിലൊരു മരം വളരുന്നു

നീളമേറിയ നിഴലുകള്‍ പരത്തിയ ആല്‍മരങ്ങള്‍.
ഋതുക്കള്‍ ഒഴുകിവരുന്ന പച്ചില മണമുള്ള കാറ്റുകള്.
ചിതലരിക്കുന്ന ഓര്‍മ്മകളുടെ കുമ്പസാരങ്ങള്.
പൊളിഞ്ഞു വീഴുന്ന ചുമരുകള്‍ പറയുന്ന പഴങ്കഥകള്‍.
എന്റെ മുടിയിടുക്കുകളില്‍ തഴച്ചു വരുന്ന താഴുതാമകള്‍.

എല്ലാമുറങ്ങിയിട്ടും ഞാനെന്നെ നോക്കി നെടുവീര്‍പ്പിടുന്ന നേരം
പകപോക്കുന്ന ഇരുട്ട് മാത്രം ബാക്കിയായി.