കാലഘട്ടങ്ങള്‍.

ജൻമങ്ങള്‍ അവശേഷിപ്പിച്ച കാത്തിരിപ്പുകള്‍. എന്തോ ആയിത്തീരാന്‍ വേണ്ടി കണ്ടു കൂട്ടുന്ന സ്വപ്‌നങ്ങൾ. അതിലേറെ ഞാന്‍ എന്താണെന്ന് മറന്നു പോകുന്ന എന്നെ ചുറ്റുന്ന പ്രണയങ്ങള്‍.  നിഗൂഡതകള്‍ അവശേഷിപ്പിച്ചു ഓരോ സ്വപ്നങ്ങള്‍ കടന്നു പോവുമ്പോഴും എന്നില്‍ നീറുന്ന അസഹനീയമായി  ഒറ്റപെടലുകള്‍ ഉണ്ട്.

മനസ് ഒരു ഗിറ്റാറിന്റെ സ്ട്രിംഗ് പോലെയാണ് ഇപ്പോൾ. ഇടയ്ക്കു ആരക്കെയോ തൊടുന്ന വലിഞ്ഞു നില്‍ക്കുന്ന കമ്പികള്‍. മനസ്സിന്റെ കമ്പനം പ്രതിഫലിപ്പിക്കുന്ന ചെറിയ ചെറിയ ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന ഈ ചെറിയ ശബ്ധങ്ങള്‍ക്ക്  എല്ലാം എന്തോ പറയാനുണ്ട്. ഇന്നത്തെ ഈ തിരക്കുള്ള കാലത്ത് ആര്‍ക്കും അത് കേള്‍ക്കാന്‍ താല്പര്യം ഇല്ല. എല്ലാവരും അവരവരുടെ ലോകത്ത് തിരക്കിലാണ്. ഈ ചെറിയ ശബ്ദങ്ങൾ എന്നോട് എന്തൊക്കെയോ പറയുന്നുണ്ട്. എന്താണ് എനിക്ക് വേണ്ടതെന്നു. എനിക്കറിയില്ല, എനിക്ക് മനസ്സിലാവുന്നില്ല. പക്ഷെ ശബ്ദം ഒന്നാണ്. പക്ഷെ പല വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നവ.

ഒഴിഞ്ഞ രാത്രികളില്‍ എന്തെന്നെറിയാതെ കരയുന്ന ഒരു മുഖം  കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഞാന്‍ കണ്ടത് എന്റെ രൂപം തന്നെ ആയിരുന്നു. ഒന്നും തോന്നാത്ത വൈകുന്നേരങ്ങളില്‍ ആകാശത്തു നോക്കുന്ന എന്റെ കണ്ണുകളില്‍ ആകുലതകളോ ദയയോ ഒന്നും തോന്നാറില്ല. ചിരിച്ചു കളിച്ചു നടക്കുന്ന എന്റെ വേഷത്തിനുള്ളില്‍ അന്തർമുഖമായി എന്നിലേക്ക്‌ തിരിഞ്ഞു നില്‍ക്കുന്ന എന്നെ ആരും കാണുന്നില്ല.

എല്ലാവർക്കും,  അവരുടെ വൈകാരിക മാലിന്യങ്ങള്‍ തള്ളുന്ന കുപ്പയായി തുടരുമ്പോഴും, അകലത്തെ നക്ഷത്രങ്ങള്‍ എന്നെ മാടി വിളിക്കും.

I'm always feel like I'm in a caterpillar stage that I'm going to be a butterfly someday. but this transformation stage is killing me.

i choose to be mistaken, Im not real, its just ME.

ഞാന്‍ എന്നെ തന്നെ സ്ന്ഹിക്കാന്‍ മറന്നു പോവുന്നു.

(കാലഘട്ടത്തിന്റെ ആവശ്യകതകള്‍)

Feeling MEH

തത്വചിന്തകനാവുന്നത്.

എരിഞ്ഞു തീരാത്ത മൌനങ്ങളെ കഷ്ണങ്ങളാക്കി പട്ടിക്കിട്ടു കൊടുത്തൂ. നൊമ്പരങ്ങളെ സര്‍ഫ്‌ എക്സലില്‍ മുക്കി കണ്ണീര്‍ വാര്‍ക്കാന്‍ അയലത്തിട്ടു. തൊണ്ടയില്‍ കുരിങ്ങിക്കിടന്ന നെടുവീര്‍പ്പുകള്‍ വെളിച്ചം കാണാതെ അലറിപ്പൊളിച്ചു. എന്നിട്ടും ശ്വാസം നിലക്കാത്ത ചിന്തകളായിരുന്നു എന്റെ ശാപം.

അന്നും ആര്‍ദ്രമായ മനസ്സില്‍ കുമ്പളം നട്ടു ഞാന്‍ കിടന്നുറങ്ങി. പക്ഷെ ഉറക്കത്തെ നായാടിപിടിച്ച സ്വപ്‌നങ്ങള്‍ എന്റെ ഡിഗിനിറ്റിയെ വെല്ലുവിളിച്ചു. മനസ്സിന്റെ കുരുപൊട്ടിച്ച ആ സ്വപ്‌നങ്ങള്‍ എന്നെ നോക്കി അട്ടഹസിച്ചു. അഹങ്കാരം കൊണ്ട് റിങ്ങ് വാര്‍ത്ത കണ്ണീര്‍ കിണറുകള്‍ വീണ്ടും നിറഞ്ഞു കവിഞ്ഞു. ഉള്‍കണ്ണുകള്‍ നിറഞ മാത്രയില്‍ പൊയ്മുഖങ്ങള്‍ അടര്‍ന്നു വീണു. അങ്ങനെ ഞാന്‍ തോല്‍വിയറിഞ്ഞു.

പിന്നീടെന്നോ ജനലഴികളിലൂടെ ഒലിച്ചു വന്ന സൂര്യകിരണങ്ങള്‍ മനസ്സില്‍ തൊടുമ്പോള്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

"നിന്‍റെ ചിന്തകളെ നീ ചങ്ങലക്കിടുക
 നിന്‍റെ ജീവിതത്തെ വരുതിയിലാക്കുക.
 ഇന്ന് നീ നന്ദിയുള്ളവനാവുക.
 നാളെ നീ സ്വതന്ത്രനാവുക.
 നിന്‍റെ ചിന്തകള്‍ക്ക് മേലെ നിന്‍റെ ജീവിതം പറക്കുകില്ല."

അങ്ങനെ ഞാനും തോല്‍വി രുചിച്ച തത്വചിന്തകനായി..

Mist of November

അനാഥമാകുന്ന പ്രണയങ്ങളെ കൂട്ടിപ്പിടിച്ചു ആകുലതകളുടെ കുലം മുടിച്ച കുറെ ചുംബനങ്ങള്‍ തന്നവളെനിക്ക്! ചൂടാര്‍ന്ന ചുംബനങ്ങള്‍. തൊലിക്ക് കനലേറ്റ പോലെ പടര്‍ന്നു കയറിയ അവളുടെ നിശ്വാസങ്ങളിലൂടെ ഞാന്‍ വീണ്ടും പ്രണയിക്കുകയായിരുന്നു‍.

എനിക്കും നല്ല കര്‍ഷകനാവണം.

എന്റെ തലയ്ക്കു തീപിടിചിരിക്കുന്നു.
ഫയര്‍ഫോര്‍സ്ന്റെ നമ്പര്‍ 101 തന്നെ അല്ലെ.

ഫയര്‍ഫോര്‍സ് വരുമ്പോള്‍ ഞാന്‍ കട്ടപുകയായില്ലെങ്കില്‍
എന്റെ സ്വപ്നങ്ങളെ മാത്രം രക്ഷിക്കുക.

ഇന്നലത്തെ സ്വപ്നങ്ങളില്‍ ഞാന്‍ ചെറിയ കുട്ടിയായിരുന്നു.

-----------------------

ഇന്നലെ ഫയര്‍ഫോസിന്റെ ആവശ്യം വന്നില്ല. അയിനു മുന്‍പേ സ്വപ്നം കരിഞ്ഞു പോയിരുന്നു. പിന്നെ അതൊക്കെ വാരിക്കൂട്ടി ഇന്നലെത്തന്നെ നിമജ്ജനം ചെയ്തു.

പ്രണയം വിളയുന്ന പുതിയ ടൈപ്പ് സങ്കരയിനം സ്വപ്നങ്ങളുടെ വിത്തുകള്‍ കഴിഞ്ഞാഴ്ച കൃഷിഭവനില്‍ നിന്നും കിട്ടിയിട്ടുണ്ട്. അതൊക്കെ ഫാക്ടംഫോസ് ഇട്ടു ഒന്ന് പുഷ്ടിപ്പെടുത്തണം.

പേ പിടിച്ച രണ്ടു മൂന്നു പ്രണയങ്ങളെ  ഇപ്പൊ കൂട്ടിലിട്ടാണ് വളര്‍ത്തുന്നത്. ഇടയ്ക്കു കുരചാലും ഇച്ചിരി തവിടിട്ട സ്നേഹം കൊടുത്താ ശല്യമില്ലാതെ ഉറങ്ങിക്കൊള്ളും.

പിന്നെ വയറിളക്കം പിടിച്ച കൊറേ നൊമ്പരങ്ങള്‍ ആണ് അതിനു സോമരസം ഇടവിട്ട് കൊടുക്കുന്നു. ടോട്ടലി ഇപ്പൊ സമാധാനം ഉണ്ട്. കണ്ണീരു ഒലിക്കുന്ന സങ്കടങ്ങളെ ebay യില്‍ ഓക്ഷന് വച്ചിട്ടുണ്ട്‍.

പിന്നെ ആകെ യുള്ളത് കൈവിട്ട  മോഹങ്ങളും പട്ടിണി കിടക്കുന്ന സൌഹൃദങ്ങളും ആണ്. പണയത്തിന് ആരേലും കിട്ടിയാ അതും കൈവിട്ടു പോവും. അങ്ങനെ വീണ്ടും എന്റെ മനസ്സമാധാനതിനു നോബല്‍ സമ്മാനം കിട്ടും.

പാതിരാ കോഴികള്‍ കൂനിപ്പിടിചിരിക്കുന്ന ഉറക്കത്തിന്റെ ചില്ലകള്‍ക്ക് ഭാരം താങ്ങാനാവുന്നില്ല. മനസ്സിനെ ഇക്കിളിയിടുന്ന സ്വപ്‌നങ്ങള്‍ മുളച്ചിട്ടു വീണ്ടും മാര്‍കെറ്റില്‍ ഇറങ്ങണം. ഇപ്പോഴത്തെ up n downs ഒന്നും അറിയില്ല. ഇപ്രാവശ്യം വിളവെടുപ്പിനു ട്രാക്ടര്‍ തന്നെ വേണം. എനിക്കും നല്ല കര്‍ഷകനാവണം.