നിന്നെ സ്വപ്നം കാണാന്‍ വേണ്ടി മാത്രം

അന്ന് മഴയുള്ള രാത്രിയില്‍ ഒരു രവീന്ദ്ര സംഗീതത്തിന്റെ അകമ്പടിയോടെ വന്ന് ഒരു ശാലീനതയുള്ള കള്ളനെപ്പോലെ നീയന്റെ മനസ്സ് മുഴുവന്‍ അടിച്ചെടുത്തപ്പൊഴും...

ഞാനറിയാതെ സ്നേഹത്തിന്റെ നായിക്കുരണപ്പൊടി വിതറി കടന്നു കളഞ്ഞ നിന്റെ ചൊറിഞ്ഞ ഓര്‍മ്മകളാണോ പ്രണയം.

ഒരു നൊമ്പരത്തിന്റെ നൂല്‍പ്പാലത്തില്‍ തൂങ്ങിയാടിക്കളിക്കുന്ന ഞാനും നീയുമാണോ പ്രണയം, എന്റെയുള്ളില്‍ അറിയാതെ എന്തിനോ തുടിക്കുന്ന ഈ ഹൃദയത്തില്‍ നീ വിതച്ചത് പ്രണയത്തിന്റെ മുല്ല മൊട്ടുകളാണോ?

എന്റെ സ്വപ്നങ്ങളിലെ പ്രണയത്തിന്റെ പാടത്ത് പുല്ലു മേയാന്‍ വന്ന സിന്ധിപ്പശുക്കളെപ്പോലെ ഞാനും നീയും അലയുന്നത് നമ്മുടെ പ്രണയത്തിനു വേണ്ടിയാണോ.

കാല്‍പ്പനികതയുടെ ജെസീബി കൊണ്ട് ഓര്‍മകളെ ഉഴുതു മറിച്ചു നീ നട്ട പ്രണയ മുല്ലകള്‍ വിരിയുന്നതും കാത്തു ഞാനിന്നും കാത്തിരിക്കുന്നു.

എന്റെ കളസം കീറിയ ജീവിതത്തിന്റെ ചുമരുകളില്‍ ഏഷ്യന്‍ പെയിന്റ് അപ്പക്സ്‌ അടിക്കാന്‍ വന്നവളാണ് നീ.

എല്ലാ ദിവസവും പ്രണയശ്വാസം മുട്ടിയ എന്റെ സ്വപ്നങ്ങള്‍ക്ക് കസവ് ഞൊറി തുന്നുന്നത് നിന്റെ ഓര്‍മകളാണ്.

അന്ന് വെയിലത്ത്‌ ഉണക്കാനിട്ട നെല്ല് കൊറിക്കാന്‍ കയറിയ കോഴികളെ ആട്ടാന്‍ മനസ്സിന്റെ ഓടാമ്പല്‍ തുറന്നിട്ടപ്പോള്‍ ഉള്ളില്‍ കയറിയ ഒരു മൃദുല വികാരത്തിനു തീപിടിച്ചപ്പോള്‍ പുകഞ്ഞത്‌ പ്രണയത്തിന്റെ കുന്തിരക്കമായിരുന്നു.

ഇനിയും എനിക്ക് സ്ന്ഹത്തിന്റെ ആട്ടിന്‍പാല്‍ വില്‍ക്കണം, മില്‍മാ ബൂത്തില്‍ കപ്പബിരിയാണി വിളമ്പണം. വിശക്കുന്ന വയറില്‍ കറ്റ വിതയ്ക്കണം. ഉറങ്ങുമ്പോള്‍ തോറ്റംപാട്ട് പാടണം. എന്റെ വെള്ളിയരഞ്ഞാണവും ചെമ്പ് വളയും മുത്തൂറ്റില്‍ പണയം വെക്കണം. പിന്നെ നിന്നെ നിന്നെ സ്വപ്നം കാണാന്‍ വേണ്ടി മാത്രം ഉറങ്ങണം.

കോപ്പിയും പേസ്റ്റും



സവ്യസാചി ഒരു പോസ്റ്റ്‌ നോട്ട്പാഡില്‍ നിന്ന് ഫേസ്‌ബുക്കിലേക്ക് കോപ്പി പേസ്റ്റ് ചെയ്തു.
-------------
ഫേസ്ബൂക്കില്‍ വന്ന പോസ്റ്റ്‌ വായിച്ച "പേസ്റ്റിന്‍റെ" മുഖം തുടുത്തു, എന്നിട്ട് "കോപ്പി"യോടു പറഞ്ഞു.

"ഇത് കണ്ടോ"

കോപ്പി ഗൌരവത്തോടെ പേസ്റ്റിനെ നോക്കി
"ഏതു കണ്ടോന്നു"

കോപ്പിയുടെ ഗൌരവം കാര്യത്തിലെടുക്കാതെ പേസ്റ്റ് പറഞ്ഞു
"ഇപ്പൊ ഞാന്‍ കൊണ്ടിട്ട ആ പോസ്റ്റ്‌ ഇല്ലേ.. സസ്യബുക്ക് ഷാജിയെട്ടന്റെ.."

"സസ്യബുക്ക് ഷാജിയോ? അതാരാ" അറിയാത്ത പോലെ കോപ്പി ചോദിച്ചു

"ആ മല്ലുഭായിയും ഗിന്നസ്‌ പാണ്ടിയും ഒക്കെ ഇയാളെ ഇത് പോലെ എന്തൊക്കെയോ ആണല്ലോ വിളിക്കുന്നത്‌.." പേസ്റ്റ് പറഞ്ഞു

"അതിന്, നിനക്ക് നിന്റെ ജോലി ചെയ്താപ്പോരെ?" കോപ്പി ഈര്‍ഷ്യയോടെ.

"അതല്ല, അയാള്‍ എഴുതുന്നത്‌ കണ്ടില്ലേ, എപ്പോഴും പ്രണയം, അതും കാമഭാവനയുടെ ചുവ ഏറെയുള്ളത്" പേസ്റ്റിന്‍റെ മുഖം നാണം കൊണ്ടു ചുവന്നു.

"നീയെന്തിനാ അതിന്റെ ഉള്ളടക്കം ഒക്കെ നോക്കുന്നത്, നമ്മള്‍ നമ്മുടെ ജോലി മാത്രം ചെയ്യുക, ഞാന്‍ തരുന്നത് ബഫര്‍ എറര്‍ വരാതെ അങ്ങോട്ട്‌ പകര്‍ത്തിയാ മതി"
പേസ്റ്റിന്‍റെ ഭാവമാറ്റം അറിയാത്തപോലെ കോപ്പി അവളെ ചെറിയമട്ടില്‍ ശകാരിച്ചു.

പേസ്റ്റിനു സങ്കടമായി. അവളുടെ കണ്ണ് നിറഞ്ഞു, കോപ്പി എപ്പോഴും ഇങ്ങനെയാണ്, ബോധം വച്ച അന്നുമുതല്‍ കോപ്പിയുടെ കൂടെയാണ്, ജീവിതത്തില്‍ വേറെയാരും കൂട്ടിനില്ല, അതുപോലെ തന്നെ കോപ്പിക്കും, എന്നാലും കോപ്പി ഇതു വരെ സ്നേഹത്തോടെ പെരുമാറിയിട്ടില്ല. ഓരോ ഷട്ട്ഡൌണിലും, ഹൈബെര്‍നേറ്റിലും എന്റെ നെഞ്ചു പിടയ്ക്കുന്നതും, കണ്ണ് നിറയുന്നതും കോപ്പി അറിയുന്നില്ലേ. അതോ കണ്ണടച്ച് ഇരുട്ടാക്കുന്നതോ, അന്നൊരു ദിവസം സിസ്റ്റം ഹാങ്ങായപ്പോള്‍ ഒറ്റപ്പെട്ടത് പോലെയായി, കോപ്പി ഇനാക്ടിവ്‌ ആയി കിടന്നപ്പോ വിളിക്കാത്ത ബില്‍ഗേറ്റ്സുമാരും തന്നെ ഇല്ല. എന്നിട്ടും കോപ്പി എന്നെ മനസിലാക്കുന്നില്ലേ. പുതിയ സര്‍വീസ്‌ പാക്കുകള്‍ വരുമ്പോള്‍ പേടിയാണ്, എന്‍റെ സ്ഥാനം വേറെ എങ്ങാണ്ടും മാറ്റുമോ, കോപ്പിയെ വേറെ ആരുടെലും കൂടെ ഇരുത്തുമോ എന്നൊക്കെ. എല്ലാ റീസ്റ്റാര്‍ട്ടിലും കരുതും ഇപ്പൊ ദേഷ്യം മാറിയിട്ടുണ്ടാവും എന്നൊക്കെ. ഈ ഗൌരവം മാറിയിട്ട് കോപ്പിയെ കണ്ടിട്ടില്ല.

പേസ്റ്റിന്‍റെ പെട്ടന്നുള്ള മൌനവും അവളുടെ ചിന്തകള്‍ പായുന്ന മുഖവും കണ്ടപ്പോള്‍ കോപ്പി അവളോട്‌ എന്ത് പറയണം എന്നറിയാതെ വിഷമിച്ചു. തനിക്ക് അവളോടുള്ള സ്നേഹം അവള്‍ക്കെങ്ങനെ മനസ്സിലാക്കിക്കൊടുക്കും. എന്തിനും ഏതിനും ദേഷ്യപ്പെടാനും സങ്കടപ്പെടാനും ഒക്കെയുള്ള എന്റെ പേസ്റ്റ്. അടുത്ത റീസ്റ്റാര്‍ട്ടില്‍ അവളെ സാന്ത്വനിപ്പിക്കണം, അവളോട്‌ തന്റെ ഇഷ്ടം പറയണം.

---------------
സവ്യസാചി തന്റെ കഥകള്‍ ബ്ലോഗില്‍ ഇട്ടു സായൂജ്യമടഞ്ഞു. ഇരുട്ടിന്റെ വെല്ലുവിളിക്കു പത്തിതാഴ്ത്തിയ തന്റെ കണ്ണുകളെ മനസ്സില്‍ പരിഹസിച്ച് ലാപ്‌ടോപ്‌ ഓഫ്‌ ചെയ്തു.

-------------------------------------------------

ഇന്ന് ഫെബ്രുവരി 14, കോപ്പി പേസ്റ്റിനോട് തന്റെ ഉള്ളിലെ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. പേസ്റ്റിന് എന്തു ചെയ്യണമെന്നറിയാത്ത സന്തോഷം, കോപ്പിയെ ഉമ്മ വെച്ച് കൊല്ലാന്‍, കോപ്പിയുടെ നെഞ്ചിലെ രോമങ്ങളില്‍ വിരലോടിച്ചു കഥകള്‍ പറയാന്‍, അല്ലെങ്കില്‍ തന്റെ നഗ്നമായ മാറത്തു കോപ്പിയെ കിടത്തി കോപ്പിയുടെ മുടിയിഴകള്‍ തഴുകാന്‍. അന്ന് സവ്യസാചി ഇട്ട ബ്ലോഗിലെ പോസ്റ്റ്‌ അവര്‍ ഒരുമിച്ചു വായിച്ചു, അതിലെ കാമാഭാവങ്ങള്‍ അലങ്കരിച്ച വരികള്‍ കോപ്പി വായിച്ചപ്പോള്‍ നാണത്തോടെ അവള്‍ അവനെ നോക്കി. കുറെ നാളുകള്‍ മൌനത്തിന്റെ അടിയില്‍ മറഞ്ഞു കിടന്ന പ്രണയം പുറത്തു വന്നപ്പോള്‍ സവ്യസാചിയുടെ മോണിറ്ററില്‍ സ്ക്രീന്‍സേവര്‍ മറയിട്ടു.

------------------------------------------------

ഇത് കോപ്പിയുടെയും പേസ്റ്റിന്‍റെയും കഥ, ഇതുപോലെ നിങ്ങളില്‍ ആരെങ്കിലും മറച്ചു വെച്ചിരിക്കുന്ന പ്രണയമുണ്ടങ്കില്‍ അത് നിങ്ങള്‍ പ്രണയിക്കുന്നവരോട് തുറന്നു പറയുക. നഷ്ടപ്പെടലിന്റെ മറുഭാഗം പേടിച്ചു പ്രണയം നഷ്ടപെടുത്താതെ നോക്കുക.

എല്ലാവര്‍ക്കും എന്റെ പ്രണയദിനാശംസകള്‍...

ഒരിക്കെ കൂടി പ്രണയിചോട്ടെ ഞാന്‍ .... നിശബ്ദമായി...


ചുവന്ന രാത്രികളുടെ ഏകാന്തതയെ മനസ്സില്‍ ആവാഹിച്ചു ഉറങ്ങുന്ന എന്റെ നഗ്ന ശരീരം. അടരാടാന്‍ വെമ്പുന്ന നീലചടയന്‍ പൂത്ത എന്റെ സ്വപ്‌നങ്ങള്‍. പള്ളിയുറക്കത്തിനപ്പുറം  എന്റെ ആലസ്യത്തെ തഴുകുന്ന നിറങ്ങള്‍ പിടിപ്പിച്ച യവനിക. നിശാ പുഷ്പങ്ങളുമായി ആകാശത്തു നിന്നിറങ്ങി വന്ന കന്യകകളുടെ കൂര്‍ക്കം വലിയില്‍ നിശബ്ദമായ എന്റെ നിശ്വാസങ്ങള്‍.  വരുംകാലങ്ങളില്‍ ഞാന്‍ പ്രണയിച്ചെക്കാവുന്ന സുന്ദരികളുടെ നഗ്ന മാറിടങ്ങള്‍. അവരുടെ സാരി തലപ്പുകളില്‍ വിരിയുന്ന നീല താമരകള്‍.  എന്നിട്ടും....

ആകാശത്തു തുറന്നു വച്ച ജനവാതിലുകളില്‍ കടന്നു പോകുന്ന സ്വപ്നമേഘങ്ങളെ നോക്കി, ഇനിയും മടുക്കാത്ത നിന്റെ ലഹരിയില്‍, നിന്റെ  ഓര്‍മകളെ ഒളിഞ്ഞു നോക്കിയി ഞാനും ഒരറ്റത്തു‍.  ഒരിക്കലും പുണരാന്‍ കഴിയാത്ത നിന്നെ ഒരിക്കെ കൂടി പ്രണയിചോട്ടെ ഞാന്‍... നിശബ്ദമായി...

പ്രവാസികള്‍

പ്രവാസികള്‍ വികാരങ്ങളെ ഒരു ചൂണ്ടയില്‍ കോര്‍ത്തു അറബിക്കടലില്‍ ഇടും, അങ്ങേക്കരയില്‍ സ്വന്തക്കാരുടെ ചൂണ്ടയും ഈര്പ്പയും അതിന്റെ മണവും തിരിച്ചറിയുന്ന പലരും സ്നേഹം കണ്ണില്‍ നിറച്ചു കാത്തിരിക്കുന്നുണ്ടാവും. അവരാ ചൂണ്ടയില്‍ കൊത്തുമ്പോള്‍ കാലങ്ങള്‍ക്കും ദൂരങ്ങള്‍ക്കും അതീതമായി സ്നേഹം ആ ഈര്പ്പയില്‍ ഒരു നൊമ്പരമായി പടരും, ഇരു കരയുടെയും അറ്റത് ആ സ്നേഹം ചൂട്കാറ്റായി വീശും, ഒരു നിശ്വാസത്തിന്റെ അലയില്‍ അറബിക്കടല്‍ കരയും, എന്നിട്ടവ അറബി രാജ്യങ്ങളുടെ തീരങ്ങളില്‍ തിരയില്ലാതെ കരകളെ പുണരും.

എന്നെ വീണ്ടും പ്രണയിക്കരുത് പ്ലീസ്‌....


നൂറ്റാണ്ടുകളുടെ ദൂരങ്ങള്‍ക്കപുറത്തു നിന്ന് നിന്നെ തേടി അലയുന്ന എന്റെ സ്വപ്നങ്ങളെ ചിന്താകുഴപ്പത്തിലാക്കുന്ന നിന്റെ ചിരികള്‍, ആ ചിരികളുടെ നിഗൂഡതയില്‍ മയങ്ങിയ എന്റെ ഉജാല മുക്കിയ മനസ്സ്. ആ മനവാതിലിന്റെ വിജാഗിരിക്ക് ഘര്‍ഷണം കുറക്കാന്‍ പ്രണയത്തിന്റെ എന്‍ജിന്‍ ഓയിലു ഒഴിക്കുന്ന നിന്റെ സംസാരങ്ങള്‍. ആ മധുര മൊഴികളില്‍ ഞാനറിയാതെ വീണ്ടും കാല്‍വെക്കുന്നത് പ്രണയ ഗട്ടറിലെക്കാണോ? ആ പൊന്‍വാക്കുകളില്‍‍, ആ പ്രണയ മന്ത്രങ്ങളില്‍ എന്തോ.. എന്താടാ നമ്മളിങ്ങനെ?.  വീണ്ടും നിന്റെ ചതിയുടെ ഫെവിക്യുക്‌ ചൂണ്ടയില്‍ കുടുങ്ങാന്‍ എന്തെ എന്റെ മനസ്സിന് ഇത്ര ആവേശം.

ഇനിയും എന്റെ മനസ്സില്‍ നിന്നോടുള്ള പ്രണയത്തിന്റെ മനം പിരട്ടുമ്പോള്‍, എന്റെ ഉജാല മുക്കിയ മനസ്സിനെ ഞാന്‍ രണ്ടായി മുറിക്കും, അതില്‍ വെറുപ്പിന്റെ കുന്തിരിക്കം പുകക്കും. എന്നിട്ട് എന്റെ മനസ്സിനെ തുന്നികെട്ടി ആവിക്കു വെക്കും. വെന്തുമണത്ത  പ്രണയത്തിന്റെ ഓര്‍മകളെ പ്ലാസ്റ്റിക്‌ കവറിലാക്കി തെരുവ് നായകള്‍ക്ക് എറിഞ്ഞു കൊടുക്കും. എനികിനിയും വിളിക്കാത്ത PSC ടെസ്റ്റുകള്‍ക്ക് പരീക്ഷ എഴുതണം. ഒഴിഞ്ഞ പെട്രോള്‍ പമ്പുകളില്‍ നോട്ടീസ്‌ കൊടുക്കണം, ആളില്ലാത്ത ഹോട്ടെലുകളില്‍ പായസം വിളമ്പണം, എന്റെ കാല്പനികതയുടെ തക്കാളി തോട്ടങ്ങളില്‍ മരുന്നടിക്കണം.

എന്നെ വീണ്ടും പ്രണയിക്കരുത് പ്ലീസ്‌....