വിഭ്രാന്തിയുടെ ജല്‍പനങ്ങള്‍!

മൗനത്തിന്റെ ഭാരം വേദനയായി മാറുന്ന നേരം. അവ്യക്തമായ നൊമ്പരങ്ങള്‍ പേമാരിയായി പെയ്തിറങ്ങുന്ന നേരം. വീണ്ടും ആ വരണ്ട അവസ്ഥയിലേക്ക്, അറിയാത്ത ഭീതികള്‍, എവിടെയെന്നറിയാത്ത സങ്കടങ്ങള്‍, എങ്ങും വിളങ്ങി നില്‍ക്കുന്ന അരക്ഷിതാവസ്ഥ മാത്രം. 

ഇതുവരെ ഈ പ്രതിഭാസം പ്രണയങ്ങളുടെ മഞ്ഞളിപ്പില്‍ എവിടെയോ മറഞ്ഞിരിക്കുകയായിരുന്നു. ഇത്ര പെട്ടെന്ന് വീണ്ടും ഈ വിഷാദ രതിയിലേക്ക് ഞാനെങ്ങനെ പടര്‍ന്നു കയറി? ഒരു പക്ഷെ നീയാവാം! അറിയില്ല. പിടയുന്ന മനസ്സിന്റെ ചെറിയ തുരുത്തുകളിലെ സങ്കടങ്ങളെ തിരഞ്ഞുപിടിച്ചു കാരണങ്ങള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

കാരണമില്ലാത്ത ഈ ഒറ്റപ്പെടല്‍ അസഹനീയമാം വിധം എന്നെ വേദനിപ്പിക്കുന്നു. എല്ലാ ഉണ്ടായിട്ടും എല്ലാവരും ഉണ്ടായിട്ടും ഞാന്‍ എന്നെത്തന്നെ മറന്നു പോവുകയാണോ? അകലെ മറഞ്ഞിരുന്നു ഗോഷ്ടികള്‍ കാണിച്ചു പ്രലോഭിപ്പിച്ചു രസിക്കുന്ന മരണത്തെ ഞാന്‍ പ്രണയിക്കുന്നുണ്ടോ?

നിരാശ! എങ്ങും വിവരിക്കാനാവാത്ത സങ്കടമുഖങ്ങളില്‍ മുങ്ങിയ നിരാശകള്‍. കാല്‍പനികതയുടെ നിരാശകള്‍ പകലില്‍ ഉദിച്ച നക്ഷത്രങ്ങളെപ്പോലെ! ഒന്നും പറയാതെ കൊഴിഞ്ഞുപോവുന്ന ഈ നിമിഷങ്ങളെ ഞാന്‍ എങ്ങനെ നിര്‍വചിക്കും.

ഹൃദയം പാടുന്ന പാട്ടുകളില്‍ വിരഹമല്ലാ, പക്ഷെ വിദൂരതയില്‍ നിഗൂഡതയില്‍ വിരിയുന്ന അവര്‍ണ്ണനീയമായ വിഷാദംമാത്രം. മൗനത്തിനു കൂട്ടായി പൊടിയുന്ന കണ്ണുനീരുമാത്രം. എന്തിനെന്നറിയാതെ ഇരുള്‍ വിങ്ങുന്ന താളത്തില്‍ പൊടിയുന്ന കണ്ണുനീര്‍ മാത്രം.

ഞാന്‍ എന്നെ എവിടെയോ ഉപേക്ഷിച്ച സങ്കടം. ഇപ്പൊഞാന്‍ എന്നെത്തന്നെ തിരയുന്ന പോലെ. ഇരുട്ടിന്റെ അലകള്‍ എന്റെയുള്ളിലേക്ക് അതിന്റെ കൂര്‍ത്ത മുനകള്‍ കുത്തിപ്പിടിക്കുന്നു, എനിക്ക് വേദനിക്കുന്നു. ശരിക്കും വേദനിക്കുന്നു. ഈ രാത്രിയൊന്ന്‍ അവസാനിച്ചിരുന്നെങ്കില്‍ !