ഒരു ചായയുടെ ആത്മരതി !



മനസ്സ് മടുത്തപ്പോള്‍ ഒരു ചായ കുടിക്കാം ന്നു കരുതി.

ഒരു കവിള്‍ ചായ കുടിച്ചപ്പോള്‍ ആ കലങ്ങാത്ത ചായപ്പൊടിക്ക് എന്റെ പോലെ എന്തോ മനസംഘര്‍ഷമുള്ളതുപോലെ തോന്നി, പച്ചയില ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന അംഗീകൃത മൃദുലഹരി. എന്റെ ധമനികളെ വിറപ്പിച്ചു ഉന്മാദം കൂട്ടുന്ന ഈ ലായനി ആരാണാവോ കണ്ടു പിടിച്ചത്.

ഒരു ചതികൂടി ഈ ചായയുടെ പിന്നിലുണ്ടെന്ന സത്യത്തിന് എന്റെ ഉള്‍ക്കരുത്തു കെടുത്താനായി. മാതൃത്വത്തിന് അഴകായി നല്‍കിയ മുലപ്പാല്‍, പശുവിനെയും കിടാവിനെയും പറ്റിച്ച് ഊറ്റിയെടുക്കുന്ന ഈ പാലുതന്നെ. ആ നിരപരാധിയായ പശുക്കിടാവിന്റെ ആരോഗ്യത്തില്‍ നിന്ന് പങ്കുപറ്റുന്ന വെറിപിടിച്ച മനുഷ്യരുടെ ഓരോ കണ്ടുപിടുത്തം. പാലിന് വെളുപ്പ്‌ നിറം നല്‍കിയ ദൈവത്തോട് എനിക്ക് അനുകമ്പ തോന്നിയില്ല. കാരണം മനുഷ്യനെ പറഞ്ഞാല്‍ മതി.

പ്രകൃതിയുടെ ആവാസവ്യവസ്ഥിതിയെ തകിടം മറിക്കുന്ന കോപ്പിലെ കണ്ടുപിടുത്തങ്ങള്‍. പക്ഷെ അതൊന്നുമായിരുന്നില്ല പ്രശ്നം, പിന്നെന്താന്നാവും.. ഹെക്ടര്‍ കണക്കിന് കരിമ്പുതോട്ടങ്ങള്‍ വെട്ടിമുറിച്ചു പിഴിഞ്ഞ് ഉണ്ടാക്കിയെടുത്ത പളങ്കുപോലുള്ള ഈ പഞ്ചസാരയ്ക്കും എന്നെ സന്തോഷിപ്പിക്കാനാവുന്നില്ല. കാരണം, അവളെന്നെ മറന്നുപോയെങ്കിലും അവളുടെ ചുണ്ടിലെ മധുരത്തിനു പകരംവെക്കാന്‍ ഒരു പഞ്ചസാരക്കും കഴിയില്ല എന്നുള്ള ബോധം എന്നെ തളര്‍ത്തുന്നതു കൊണ്ട്മാത്രം.

എട്ടു രൂപയുള്ള ചായക്ക് പത്തുരൂപാ നോട്ടുവച്ച് ഇറങ്ങിപ്പോരുമ്പോള്‍ പിന്നില്‍ നിന്ന് ഒച്ചവെച്ച ചായക്കടക്കാരന്‍ പറഞ്ഞതും കൂടിയാകുമ്പോള്‍ എല്ലാം ശുവം.

"ഈ രണ്ടുരൂപ പിന്നെ മമ്മൂട്ടിയോ മോഹന്‍ലാലോ വന്നു കൊണ്ടുപോവുമോ" ന്നു.

പിന്നെയും മനസ്സില്‍ ചോദ്യങ്ങള്‍ മാത്രം ബാക്കി.

ആ ചായക്കടക്കാരന്‍, അയാളുടെ മനസ്സില്‍ എന്താരായിരുന്നോ എന്തോ?