ദുശ്ശാഠ്യമുള്ള കടല്‍

നിന്റെ കണ്ണുകളിലെനിക്ക് കടലുകാണാം.
എന്തിനോ വേണ്ടി ആര്‍ത്തിരമ്പുന്ന കടല്‍.
വിഷാദമായി കരയുന്ന കടല്‍.
മാനസാന്തരപ്പെട്ട തിരകളില്‍ കണ്ണുനീര്‍ പതയുന്ന കടല്‍.
പകലില്‍, ഇരുളില്‍ എന്തിനെന്നറിയാതെ കരയുന്ന കണ്ണീര്‍ക്കടല്‍‍.
വെറുതെ പിടയുന്ന കടല്‍.
നീയെന്ന കടല്‍.

എന്റെ മനസ്സിലും ഒരു കടലുണ്ട്.
അനന്തമായ നീലിമയില്‍ വെറുതെ നിന്നെത്തിരയുന്ന കടല്‍.
ഒരു നോവുകാറ്റായി നിന്റെ മുടിച്ചുരുളുകളിലേക്ക് വീശുന്ന സങ്കടക്കടല്‍.
നിന്റെയൊരു ചിരിയില്‍ മാത്രം മുഴുവനായി വറ്റിക്കാവുന്ന നിശബ്ദമായ കടല്‍.
വെറുതെ വിങ്ങുന്ന കടല്‍.
ഞാനെന്ന കടല്‍.