നീലയും വെള്ളയും ഇഴപിരിഞ്ഞ കോള്‍ഗേറ്റ് പേസ്റ്റ് ഉണ്ടായിട്ടും പല്ലുതേക്കാതെ ഗദ്ദാഫി നടന്നു. ഭാണ്ഡമെടുത്തു ഞരങ്ങിയും മൂളിയും ഗദ്ദാഫി വെറുതെ എങ്ങോട്ടെന്നില്ലാതെ നടന്നു. സൂര്യന്‍ മഞ്ഞളിച്ച പകലറിയാതെ, സ്വപ്നങ്ങളുടെ പകനിറഞ്ഞ രാത്രിയറിയാതെ നടന്നു. പൈപ്പുവെള്ളവും പരിപ്പുവടയും കഴിച്ചു വയറുനിറച്ച് തന്നോടുതന്നെ എന്തൊക്കെയോ പറഞ്ഞുനടന്നു. രാത്രികളില്‍ നിലാവില്‍ സ്വപ്‌നങ്ങള്‍ വെന്തുമണത്ത ചുടുകാറ്റില്‍ ലീലാവതിയുടെ ഓര്‍മകളില്‍ നീറിപ്പുകഞ്ഞു കരഞ്ഞു.
അന്നൊരിക്കല്‍ ഇരുട്ടുമൂടിയ സ്വപ്നങ്ങളുടെ ഇടയിലൂടെ അപരിചിതനായി നടക്കുമ്പോഴും ലീലാവതിയുടെ ഓര്‍മ്മകളെ ഒളിക്കാന്‍ ഗദ്ദാഫിയുടെ തുന്നിക്കെട്ടിയ കമ്പിളിപ്പുതപ്പുകള്‍ മതിയായില്ല. ലീലാവതിയുടെ ഓര്‍മ്മകളില്‍ തട്ടിത്തടഞ്ഞു വീണ ഗദ്ദാഫിയുടെ മനസ്സ് പതറി വീണു, മനസ്സിന്റെ ഉയരമുള്ള മതിലുകള്‍ക്കുള്ളിലടക്കപ്പെട്ട ആ മൃദുവികാരം തേങ്ങുന്നതുകണ്ടു ഗദ്ദാഫി അതിഘോരമായി വ്യസനിച്ചു. എന്നിട്ട് ഗദ്ദാഫി മനസ്സില്‍ ആരോടെന്നില്ലാതെ പറഞ്ഞു.
"ലീലാവതിയില്ലതെയും ഗദ്ദാഫിക്ക് ജീവിക്കണം"
അങ്ങനെ ഇരുളിന്റെ ഇരുട്ടിന് ആഴം കൂടുന്ന നേരത്ത് ഗദ്ദാഫി സാല്‍വ കഫേയിലെ ഒരു ഷവര്‍മ്മ ഓര്‍ഡര്‍ ചെയ്തു. പൈപ്പുവെള്ളംകൂട്ടി ചവച്ചരച്ചു ഷവര്‍മ്മ കഴിച്ചു. വരാനിരിക്കുന്ന സമയങ്ങളെ ഗദ്ദാഫി പേടിച്ചില്ല! കഴിഞ്ഞ ദിവസങ്ങളുടെ ആവര്‍ത്തനം മാത്രമാണ് ഗദ്ദാഫിയെ പേടിപ്പിച്ചത്. പിന്നെയും നിലാവില്‍ എന്തെന്നറിയാതെ അലയുന്ന ഒരു നോവുപാട്ടായി ഗദ്ദാഫി അലഞ്ഞുകൊണ്ടിരുന്നു.
പിന്നെ, പുതുവഴികളില്‍ ഉറങ്ങിയെണീറ്റപ്പോള്‍ ഇടറിവീണ ഗദ്ദാഫി ഒരു മറയത്ത് ഒതുങ്ങിക്കൂടി, ചുമച്ചു, ചര്‍ദ്ധിച്ചു വേദനയോടെ ആരോടും പറയാതെ തണുത്തു മരിച്ചു. പകലുകള്‍ ഉണര്‍ന്നപ്പോള്‍ ഒരുകൂട്ടം ഉറുമ്പുകള്‍ വന്നു ഗദ്ദാഫി ചര്‍ദ്ധിച്ച സ്വപന്ങ്ങളെ എങ്ങോട്ടോ താങ്ങിക്കൊണ്ടുപോയി. തെണ്ടിത്തിരിഞ്ഞ ദിവസങ്ങളുടെ വിദൂരതയില്‍ ഗദ്ദാഫി കണ്ട സ്വപ്നങ്ങളുടെ ഓര്‍മയില്‍ ബാക്കിയായത് ലീലാവതി മാത്രമായിരുന്നു.
ഓഫ്: ലംഭോധരന്റെ ഭാര്യയാണെങ്കിലും ലീലാവതിക്ക് ഇപ്പോഴും ഗദ്ദാഫിയോടാണ് സ്നേഹം.