ശമനം തരാത്ത രാത്രികള്‍.ചിന്തകളെ മേയാന്‍ വിട്ട പകലുകള്‍ അവസാനിക്കുന്നിടത്ത് തുടങ്ങുന്ന യന്ത്രവല്‍കൃത സ്വപ്‌നങ്ങള് സൃഷ്ടിച്ച കാഴ്ചകളില്‍ മുങ്ങിനിവരുമ്പോള്‍ കണ്ടത് അവസ്ഥാന്തരങ്ങള്‍ നീട്ടിതുപ്പിയ സ്നേഹങ്ങളെയായിരുന്നു.

ഔദാര്യം തിങ്ങിയ ചിരികളില്‍ വിരിഞ്ഞ പ്രണയസത്യങ്ങള്‍ ചുരത്തുന്ന മഴപ്പാചിലുകള് വീഴ്ത്തിയതു അസഹ്യമായ വേദനകളായിരുന്നു.

വേനലിലൂടെ നടന്നു ദാഹിച്ച മനസ്സിനു ചഷകങ്ങളില്‍ സ്നേഹം വച്ച് നീട്ടിയ കാമം വഹിക്കുന്ന കണ്ണുകളുള്ള പെണ്‍കുട്ടി ഇറ്റിച്ച ദയയില്‍ മുഴുവന്‍ അവളുടെ ചിലമ്പിക്കുന്ന ശീല്‍കാരങ്ങളായിരുന്നു.

നിങ്ങളിലേക്ക്‌ വളരാന്‍ മഴയെ പുല്‍കാന്‍ ഇറങ്ങിയ വഴിവക്കുകളില്‍ കണ്ടത് ഇരുണ്ട ജീവിതത്തെ ഗര്‍ഭംധരിച്ച കരയുന്ന പാവം മനുഷ്യരെയായിരുന്നു.

ഞാന്‍ എന്നിലേക്ക് നോക്കുന്ന നേരങ്ങളില്‍, എന്നോട് തന്നെ കനിവ്കാണിക്കാത്ത നേരങ്ങളില്‍ പുലര്‍ന്നത് നിറങ്ങള്‍ മെഴുകിയ സ്വപ്‌നങ്ങള്‍ ഇടതിങ്ങിയ ശമനം തരാത്ത രാത്രികള്‍ മാത്രമായിരുന്നു.