എനിക്കെന്നെ ഇനിയും നഷ്ടപ്പെടാന്‍ വയ്യ.


നീല വിരിച്ച ചതുപ്പില്‍ പതുക്കെ നീങ്ങുന്ന മഴമേഘങ്ങളെത്തേടി ഞാന്‍ ഇനിയും എന്തിനാ ഇങ്ങനെ അലയുന്നതെന്തിനെന്നറിയാമോ?.

എന്‍റെ ചെവികളില്‍ അടവിരിച്ച ചെറുപക്ഷികളെ നീ കണ്ടിട്ടുണ്ടോ? അവയെന്തിനു പാറിപ്പോവാതെ വെറുതെ എന്തിനെന്‍റെ ചൂടുപറ്റി അണച്ചുകിടക്കുന്നു? ഞാന്‍ പ്രതിഫലിപ്പിക്കുന്ന എന്‍റെ മുഖങ്ങളില്‍ എവിടെയെങ്കിലും നീ എന്നെ കണ്ടിട്ടുണ്ടോ?

എന്‍റെ കണ്ണകള്‍ അലസമായി ഉറങ്ങുമ്പോള്‍ മനസ്സില്‍ പതുങ്ങിപ്പിടിച്ചു കിടക്കുന്ന നിശാശലഭങ്ങള്‍ ചിറകു വിടര്‍ത്താന്‍ തുടങ്ങുന്നു. മനസ്സിന് കൈകള്‍ വളര്‍ന്നു അതെന്‍റെതന്നെ ചങ്കിനു ഞെക്കിപ്പിടിക്കുന്നു.

മനസ്സില്‍ ഒന്നും തോന്നുന്നില്ല. എന്‍റെ എല്ലാ മൗനങ്ങള്‍ക്കും അര്‍ത്ഥം കല്‍പ്പിക്കുന്ന സ്വപ്‌നങ്ങളുണ്ട്. അതില്‍ വിഷാദത്തിന്‍റെ ചവിട്ടുനാടകങ്ങളിള്‍ ആരങ്ങേരുന്ന വിരസമായ കാഴ്ചകള്‍ മാത്രം.

ഞാന്‍ മൗനിയായിരിക്കുന്നതാണ് ഉത്തമമെന്നു ഞാന്‍ തന്നെ പറയുന്നു. ഇനി മനസ്സിന്‍റെ വാതിലുകള്‍ തുറന്നിടാം. വീര്‍പ്പുമുട്ടുന്ന വിഹ്വലതകള്‍ ഒഴുകിപ്പോവട്ടെ. എനിക്കെന്നെ ഇനിയും നഷ്ടപ്പെടാന്‍ വയ്യ.

കത്തുന്ന മെഴുകുതിരി

ആത്മാവിനു സങ്കടങ്ങള്‍ കടം കൊടുക്കുന്ന മനസ്സിന്‍റെ നിഴലിനു ചിറകുണ്ട്. പറന്നകന്നുപോവുന്ന സ്വപ്‌നങ്ങളും ഉണ്ട്. എന്നെ തേടിവരുന്ന പക്ഷികളും ഉണ്ട്. എന്‍റെ മുതുകില്‍ ഒട്ടിച്ചുവച്ച കത്തുന്ന മെഴുകുതിരികളും അതില്‍ നിന്ന് ഇറ്റുവീഴുന്ന മെഴുകുതുള്ളികള്‍ പൊള്ളിച്ച എന്‍റെ മോഹങ്ങളും ഉണ്ട്.

എല്ലാവരും ഉറങ്ങിയിട്ടും ഞാന്‍ മാത്രം എന്തേ ഉറങ്ങാത്തൂ.

ശൂന്യതയ

നിലാവിന്റെ നിഴലുകള്‍ പന്തല്‍വിരിക്കുന്ന രാത്രികളില്‍ ഉറങ്ങാതെ കണ്ട സ്വപ്നം പോലെ സുന്ദരമാണ് എന്റെ മനസ്സിലെ ശൂന്യതയും. മനസ്സിന്റെ അകത്തളങ്ങളില്‍ ഒന്നിനും ഏതിനും നികത്താനാവാത്ത ആ ഭാവത്തെ അല്ലെങ്കില്‍ മനസ്സിനെ കുത്തി നോവിക്കുന്ന ആ അനുഭൂതിയെ ഇക്കാലമത്രയും ഞാന്‍ ഏകാന്തത എന്നാണ് വിളിച്ചിരുന്നത്‌. 

അര്‍ത്ഥമില്ലാത്ത ചിരി.

പ്രണയം മനുഷ്യന്‍െറ ദൈവികഭാവമാണെന്ന ബോധം മറ്റെല്ലാവരെക്കാളും അവള്‍ക്കുണ്ടായിരുന്നു. പ്രണയത്തെക്കുറിച്ച് ഭൂമിയിലെ സകലജീവികളുടെയും കാഴ്ചപ്പാടുള്‍ ഒന്നേയോള്ളൂവെന്ന് അവളെപ്പോഴും പറയും. 

"പ്രണയിക്കുക അതിലേറെ കാമിക്കുക."

അന്നൊരിക്കല്‍, പകലിന്റെ തുടക്കത്തില്‍ പൊഴിഞ്ഞുകിടന്ന പൂക്കള്‍ പെറുക്കിയെടുത്ത് അവളൊരു സ്നേഹത്തിന്റെ മാലയുണ്ടാക്കി. അതിന്റെ ഗന്ധം മൂക്കില്‍ തള്ളിക്കയറുമ്പോള്‍ അവള്‍ ചിരിയോടെ അതെന്നെയണിയിച്ചു. എന്നിട്ട് പറഞ്ഞു. 

"നിങ്ങളുടെ നെടുവീര്‍പ്പുകളെ എനിക്ക് തരിക. എന്റെ ഹൃദയത്തിന്റെ ഒരു പാതി മാത്രം എടുക്കുക. എന്റെ ശരീരത്തെ സ്പര്‍ശിക്കാതെ ഈ ജീവിതം മുഴുവന്‍ എന്നെ പ്രണയിക്കുക." 

എന്നിട്ടവള്‍ ചിരിച്ചു. ഒരര്‍ത്ഥമില്ലാത്ത ചിരി.