ഞാനും ഭ്രാന്തനാകുന്ന ഒരു കാലം




ഞാനും ഭ്രാന്തനാകുന്ന ഒരു കാലം വരും, അന്നു നിങ്ങളെന്നെ കല്ലെറിയും, അന്നു ഞാന്‍ മെറ്റാമോര്‍ഫിസിന്റെ ധൃവീകരണങ്ങളില്‍ സഞ്ചരിക്കുന്ന മാറുന്ന മനസ്സിന്റെ അടിമയായിരിക്കും. അന്നു ശൈത്യകാലങ്ങള്‍ക്കു പകരം വേനലുകള്‍ പെയ്യിക്കുന്ന തീയമ്പുകള്‍ മഞ്ഞിനെ ആവാഹിക്കും.

അന്നു പ്രണയം തോല്‍ക്കുന്ന കാമവരമ്പുകളില്‍ ജനിക്കുന്ന തന്തയില്ലാക്കുഞ്ഞുങ്ങള്‍ക്ക്‌ സെറിലാക്‌ വിളമ്പുന്ന അനാഥാലയങ്ങളില്‍ കൂലിവേലക്കു ഞാന്‍ പണിയെടുക്കും. ശവകുടീരങ്ങളുടെ മേലെ പന്തലുകെട്ടി ഞാന്‍ കഞ്ഞിയും ചെറുപയറും വേവിക്കും. എന്‍റെ കീറിയ കൊന്തക്കുപ്പായങ്ങള്‍ക്ക് യുഗങ്ങളുടെ വിയര്‍പ്പിന്‍റെ മണമായിരിക്കും.

അന്നും എന്‍റെ അഭയാര്‍ഥി സ്വപ്‌നങ്ങള്‍ പൂര്‍ണ്ണമാവാതെ ചിരിച്ചുകൊണ്ടു ചത്തുവീഴും. എന്‍റെ ഭാണ്ടക്കെട്ടില്‍ അന്നും അവളുടെ ഓര്‍മ്മച്ചിത്രങ്ങളുടെ ആല്‍ബം ഒതുക്കത്തോടെ കിമഴന്നു കിടക്കും. വായിക്കുന്ന പുസ്തകങ്ങളില്‍ മരിച്ചുവീഴുന്ന എന്റെ പഴയ അനുഭവങ്ങള്‍ എന്‍റെ മനുഷ്യത്വത്തെ വീണ്ടും ഉദാരമാക്കും.

പഴകിയ ഭക്ഷണങ്ങളില്‍ ഞാന്‍ രാജകീയത കണ്ടെത്തും. കത്തിയും മുള്ളും ഇല്ലാതെ ഞാന്‍ ഭോജനം നടത്തും. മനുഷ്യനെന്നോ മൃഗമെന്നോ തിരിച്ചറിയാതെ ഞാന്‍ പല ജീവികളുടെയും കൂടെ അന്തിയുറങ്ങും. ചില ജീവികളുടെ സഹാനുഭൂതിയില്‍ ഞാന്‍ എന്‍റെ അവസ്ഥയെ പ്രൌഡീകരിക്കുന്ന കാലങ്ങളെ വെറുക്കും.

ആസന്നമായ മരണങ്ങളെ വെറുതെയെങ്കിലും ഞാന്‍ പേടിക്കാന്‍ ആഗ്രഹിക്കും. കടന്നു പോവുന്ന ഓരോ വഴികളിലും ഓരോ മരണങ്ങള്‍ നമ്മെനോക്കി ഒളിച്ചിരിക്കുന്നു എന്ന എന്റെ വിശ്വാസം എന്നെ ചതിക്കും. അത്യാഗ്രഹങ്ങളെ വിഴുങ്ങി ഓര്‍മകളെ പൊഴിച്ചു പിന്നെയും യുഗങ്ങള്‍ താണ്ടി വേനലുകളെ അഭിമുഖീകരിച്ചു ഞാന്‍ ഭ്രാന്തന്മാര്‍ക്കുള്ള നോബല്‍ സമ്മാനം വാങ്ങി ഭാണ്ടക്കെട്ടില്‍ നിക്ഷേപിക്കും. ഭാണ്ടക്കെട്ടില്‍ പറ്റിപ്പിടിച്ച രണ്ടു മൂന്ന് HIV ബാധിച്ച ഈച്ചകള്‍ അതൊക്കെ കണ്ടു ചിരിക്കുമായിരിക്കും.