അപരിചിതര്‍


ജീവിക്കാന്‍ കേഴുന്ന പ്രണയങ്ങള്‍ എന്നും എന്നില്‍ അപരിചിതരായി വരും. പിന്നീട് ഒരു ചെറിയ നെടുവീര്‍പ്പിനിടയില്‍ ഒരു ജീവിതത്തിലേക്കു മുഴുവനായി അവരെന്റെ ആത്മാവിനെ അധീനമാക്കും, എന്റെ ചിന്തകളില്‍ അവരുടെ സ്വപ്നങ്ങളെ കെട്ടിയിടുകയും അവരുടെ സ്നേഹങ്ങള്‍ എന്റെ ആത്മാവിലേക്ക് ഊതി നിറക്കുകയും ചെയ്യും. ആവസ്ഥാന്തരങ്ങളില്‍ അവര്‍ ഗര്‍ഭം ധരിപ്പിക്കുന്ന എന്റെ ആത്മാവ് രാത്രികളില്‍ പ്രണയത്തിന്റെ സ്വപ്നങ്ങളെ പ്രസവിക്കുമ്പോള്‍ പിടയുന്ന നെഞ്ചുമായി ഞാന്‍ കണ്ണീര്‍ വാര്‍ക്കും. ക്രമേണ അവര്‍ക്ക് മടുക്കുമ്പോള്‍ വീണ്ടും ക്രിയാത്മകമായ അപരിചിതത്വത്തിലേക്ക് അവര്‍ മടങ്ങുകയും ചെയ്യും.

നാളെകളില്‍ എന്റെ സ്വപ്നങ്ങളെ വഞ്ചിച്ചു ഞാന്‍ ഉറങ്ങാന്‍ കിടക്കും. പക്ഷെ ക്രിയാതമാകമായ എന്റെ ഉപബോധം സര്‍ഗ്ഗശേഷിയുള്ള സ്വപ്നങ്ങക്ക് വേണ്ടി അവിഹിതം നടത്തി പുതിയ സ്വപ്നങ്ങളെ സൃഷ്ടിച്ച് എന്നെ വീണ്ടും കാമുകനാക്കും. പരിണാമത്തില്‍ അക്ഷരങ്ങളിലും മിഴി മുനകളിലും എന്റെ പ്രണയം ജീവനോടെ തുടിക്കും.

പരസ്പരം അടുത്തറിയുന്നവര്‍. കണ്ടിട്ടും കാണാത്ത പോലെ.. മിണ്ടാന്‍ തോന്നിയിട്ടും മിണ്ടാതെ.. അരികിലുണ്ടെന്ന് സമാധാനിച്ചു കഴിയുന്നവര്‍. മനസ്സില്‍ ഒളിപ്പിച്ചു കിടത്തിയിട്ടും അറിയാതെ മുട്ടിവിളിക്കുന്ന അപരിചിത സ്നേഹങ്ങള്‍ക്ക് പറയാന്‍ ഒരുപാട് ഉണ്ടെന്നറിഞ്ഞിട്ടും ഈ അപരിചിതത്വത്തിന്റെ പുതിയ കുപ്പായത്തില്‍ ഞാന്‍ മിന്നി ശോഭിച്ചു വിളറി നില്‍ക്കുന്നു.

ശുഭം.