Escapism

മൌനം ഒരു കാറ്റിനൊപ്പം കടന്നു വരും
അത് എന്റെ മുറിയാകെ ഒഴുകി നിറയും. പിന്നെ എന്റെ മേലില്‍ പടര്‍ന്നുകയറി ചുണ്ടിനു ചങ്ങലയിടും. അപ്പോഴൂര്‍ന്നു വീഴുന്ന കണ്ണുനീരിന്റെ നനവ്‌ തട്ടി പിന്നെയാ മൌനം അപ്രത്യക്ഷമാകും. ഞാനും..

പെയിന്റ് എന്നും അപ്പക്സ്‌ അള്‍ട്ടിമ തന്നെ..

കുഷ്ടം പിടിച്ച മനസ്സ്.
ഒരു കവിള്‍ പുകക്കു വേണ്ടി കരയുന്ന നെഞ്ചം
കണ്ണുകള്‍ക്ക് കുടപിടിക്കുന്ന റേബാന്‍.
അവയ്ക്ക് താഴെ അലറിക്കരയുന്ന ആത്മാവ്..
പെയിന്റ് എന്നും അപ്പക്സ്‌ അള്‍ട്ടിമ തന്നെ..

help less

വെയിലേറ്റു മഞ്ഞളിച്ചു നിന്ന ആ നീണ്ടദിവസം
ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ചിന്തകള്‍ ചെന്നുപെട്ടത് നിസ്സഹായതയുടെ മുനമ്പിലാണ്.
നിസ്സഹായതാമുനമ്പിലെത്തി താഴോട്ട് നോക്കിയ ചിന്തകള്‍ കണ്ടത്
മുമ്പെന്നോ നെഞ്ചോടുപറ്റിച്ചേര്‍ന്ന് കിടന്നിരുന്ന വിങ്ങലുകള്‍ താഴെ ജീവനറ്റുകിടന്നിരുന്ന നിരാശയെ പറ്റിപ്പുണര്‍ന്നു കിടക്കുന്നതാണ്.

helpless

വെയിലേറ്റു മഞ്ഞളിച്ചു നിന്ന ആ നീണ്ടദിവസം
ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ചിന്തകള്‍ ചെന്നുപെട്ടത് നിസ്സഹായതയുടെ മുനമ്പിലാണ്.
നിസ്സഹായതാമുനമ്പിലെത്തി താഴോട്ട് നോക്കിയ ചിന്തകള്‍ കണ്ടത്
മുമ്പെന്നോ നെഞ്ചോടുപറ്റിച്ചേര്‍ന്ന് കിടന്നിരുന്ന വിങ്ങലുകള്‍ താഴെ ജീവനറ്റുകിടന്നിരുന്ന നിരാശയെ പറ്റിപ്പുണര്‍ന്നു കിടക്കുന്നതാണ്.

im nothing

പരാജയം എതിരേറ്റു നടന്ന രാജകുമാരനു തനിക്കെറ്റ മുറിവുകളുടെ ആഴം മനസ്സിലായില്ല. നിലാവ് പിണങ്ങി നില്‍ക്കുന്ന ഒറ്റപ്പെട്ട വഴികളില്‍ അവഗണനയുടെ തെയ്യം കെട്ടിയാടിയാടുന്ന ഇരുണ്ട രൂപങ്ങളെ മാത്രം അവന്‍ പേടിച്ചു. ഞാനെന്ന തിരിച്ചറിവുകള്‍ അഹന്തയുടെ വേലിയേറ്റങ്ങളില്‍ ഭൂമിയോളം താഴ്ന്നു.

enough is enough!

പണ്ടെന്നോ മരിച്ച കാല്പനികതയും ജീര്‍ണിച്ച വാക്കുകളുടെയും നാറ്റം കാരണം ചിന്തകള്‍ പണിമുടക്കിയിരിക്കുന്നു. സരഗത്മകതയുടെ അക്ഷാംശ സീമകള്‍ക്ക് മേലെ നങ്കൂരമിട്ട ജീവിതചക്രത്തിന്റെ വഴിപ്പടുകളില്‍ ചതഞ്ഞരഞ്ഞു കിടക്കുന്നു ഞാനെന്ന സത്വം..

fail

വെട്ടിപിടിക്കാന്‍ ഒരുങ്ങുന്ന പുതിയ രാജ്യങ്ങളെ ബാധിച്ച വരള്‍ച്ചയെ മാനിച്ചു യുദ്ധത്തില്‍ നിന്ന് പിന്മാറുന്ന രാജകുമാരന്റെ തോല്‍വിയുടെ പുതിയ അദ്ധ്യായം ഇവിടെ തുടങ്ങുന്നു. രാജ്യങ്ങളെ കീഴ്പ്പെടുത്തി ജയിക്കാന്‍ അറിയഞ്ഞിട്ടല്ല. ഒരുപക്ഷെ പ്രകൃതിയുടെ നിയമങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും അവനു അറിയാവുന്നത് കൊണ്ടായിരിക്കും.

സ്നേഹ മഴ!

കലിയടങ്ങാത്ത മഴപോലെയാണ് എന്റെ സ്നേഹം. മണ്ണിനെ നോവിച്ചു പൊള്ളിച്ചു കുതിര്‍ത്ത്‌ ആവേശത്തോടെ പെയ്തുതിമിര്‍ക്കുന്നു. മേല്‍മണ്ണിനെ കാര്‍ന്നുതിന്നു നനച്ച് ഈ ഭൂമിയെ മുഴുവന്‍ മുക്കികൊല്ലാന്‍ വ്യഗ്രത കാണിക്കുന്ന കലിയടങ്ങാത്ത മഴ. സ്നേഹ മഴ!

dependence

നിസ്സഹായരായ മനുഷ്യര്‍ക്ക്‌
അത്താണിയായി കയറും സീലിംഗ് ഫാനും 
എന്നുമുണ്ടാവും...

കര്‍മ്മ

നിങ്ങൾ വിതക്കുന്നതിനെ കുറിച്ച് നിങ്ങൾ ബോധവാന്മാരാവുക. 
തീര്‍ച്ചയയായും നിങ്ങൾ തന്നെയാകുന്നു നിങ്ങളുടെ വിളകളുടെ ഭക്ഷ്യയോഗ്യര്‍.

നീ വീണ്ടും പുതുജീവനെ പുണരുക

വന്യമായ ഓര്‍മ്മളെ ഫ്യൂറഡാന്‍ തളിച്ച് വീണ്ടും ആതമഹത്യ ചെയ്യാന്‍ ഒരുമ്പെട്ട് ഞാന്‍ ആരെയോ കാത്തിരുന്നു. ആ നീളംകൂടിയ പകലിനെയും വെറുപ്പിച്ച് ഇരുട്ടിനെ പ്രതീക്ഷിച്ച അങ്ങനെ.. ആ നേരത്ത് ഉറക്കം തൂങ്ങിയ എന്റെ മനസാക്ഷിയെ വിളിച്ചുണര്‍ത്തി ആത്മാവ് പറഞ്ഞു.
"നീ വീണ്ടും വിശുദ്ധമായ ഒരു പ്രണയത്തില്‍ അകപ്പെടുക, ഫ്യൂറഡാന്‍ തളിച്ച ഓര്‍മ്മകള്‍ ചത്തുവീഴുമ്പോള്‍ അവയെ മറവിയുടെ ചതുപ്പുകളില്‍ മറവുചെയ്യുക. വീണ്ടും ഗര്‍ഭവതിയാകുന്ന നിന്റെ ഹൃദയത്തിന്റെ താഴ്വാരങ്ങളില്‍ തളിര്‍മരങ്ങള്‍ വളരാന്‍ തുടങ്ങും. അവയുടെ തണലുകളില്‍ നിന്റെ പ്രണയത്തെ കെട്ടിയിടുക. പുല്ലും, വൈക്കോലും കൊടുത്ത് അവയെ വളര്‍ത്തുക. കാലാകാലങ്ങളില്‍ കിട്ടുന്ന പ്രണയത്തിന്റെ ചാണകംകൊണ്ട് നിന്റെ മുഖം ചാണകം മെഴുകി ശോഭയുള്ളതാക്കുക. പ്രണയത്തിന്റെ പാല്‍ ചുരത്തി നീ വീണ്ടും പുതുജീവനെ പുണരുക"

നന്മമരം

വസന്തകാലത്തിലെ ആ വൈകുന്നേരങ്ങളില്‍ മനസ്സിലെക്കിറങ്ങി വരുന്ന കാറ്റിന്റെ കൂടെ നീയും വന്നിരുന്നു. സൌഹൃദത്തിന്റെ തണുത്ത കാറ്റില്‍ മരവിച്ച ചുണ്ടുകളും തുടുത്ത കണ്ണുകളും പുതുജീവനോടെ മനസ്സേറ്റെടുത്തുകഴിഞ്ഞിരുന്നു. നിന്റെ ഓമനത്തമാര്‍ന്ന ചിരികളില്‍ എന്റെ മനസ്സ് നിറയുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. കുളിര് തൂവിയിട്ട നേരം വെളിച്ചം ഇരുളിന്റെ ഗുഹയില്‍ അടക്കപെടുമ്പോള്‍ എന്തോ നഷ്ടപെട്ടന്ന പോലെ വിളറി തിളങ്ങിയ സ്വപ്‌നങ്ങള്‍ നക്ഷത്രങ്ങളായി ആകാശത്തു നിറഞ്ഞിരുന്നു. അപ്പോഴാവണം മനസ്സിനെ പൊതിഞ്ഞ പ്രണയത്തിന്റെ നേര്‍ത്ത നീയെന്ന വികാരത്തെ ഞാന്‍ തിരിച്ചറിഞ്ഞത്. ഹൃദയത്തെ പൊതിഞ്ഞു എന്റെ ആത്മാവിന്റെ അകത്തളങ്ങളില്‍ നിശബ്ദമായ ഇരുട്ടില്‍ തിങ്ങി വളരുന്ന കാടുകളിലേക്ക് പടര്‍ന്നു കയറിയ വിശുദ്ധിയുടെ നന്മമരമായിരുന്നു നീയെന്നു

dilemma

ഹൃദയത്തിന് ചുറ്റും മുള്‍ചെടികള്‍ വളരുകയാണ്. ചിന്തകളെ സംരക്ഷിക്കാനോ പ്രധിരോധിക്കാനോ എന്നറിയാത്ത വിധം ഒരു വേദനയായി അതങ്ങനെ അകവും പുറവുമറിയാതെ തഴച്ചുവളരുന്നു.

എന്നെ മറന്നുവച്ചയിടങ്ങള്‍..

ചെന്നു ചേരേണ്ട ഇടം എവിടെഎന്നറിഞ്ഞിട്ടും പാതി വഴിയിലെവിടെയോക്കെയോ ഏറെ നേരം ഞാന്‍ എന്നെ മറന്നു നിന്നുപോയിട്ടുണ്ട്.

insidious

ഞാനെന്ന നിഴലിലേക്ക്‌ നടന്നടുക്കുമ്പോള്‍ എന്റെയുള്ളിലെ ഇരുട്ടിനു കനം കൂടുകയാണ്.

നിഴലുകള്‍

വെയിലും വെളിച്ചവും ഇരുട്ടും പരതിയെത്തിയ ദിവസങ്ങള്‍. ഓരോ ദിവസങ്ങള്‍ക്കും ഓരോ പ്രത്യകതകള്‍ കണ്ടെത്തി ഞാന്‍ അവയെ മറക്കാന്‍ ശ്രമിച്ചു. എന്നിലേക്കിറങ്ങി വന്ന ദുഖങ്ങള്‍ ഇനിയും കരകയറി പോയിട്ടില്ല. ഇരുട്ടില്‍ ഒരു മൌനത്തിന്റെ കാവലില്‍ ഞാന്‍ എന്നിലേക്ക്‌ നോക്കിയിരുന്നു.
ഋതുഭേദങ്ങളുടെ നിഴലുകള്‍ എന്റെ കാലുകളിലൂടെ എന്നിലേക്ക്‌ പടര്‍ന്നു കയറുന്ന പോലെ. ഓരോ ഇലയും എന്നെ വരിയുമ്പോള്‍ എന്നിലേക്ക്‌ ചുരുങ്ങുന്നു ഞാന്‍. എന്റെ അസ്തിത്വത്തെപറ്റി ചിന്തിക്കുന്നു. കണ്ണുനീര്‍ വാര്‍ന്നു പടര്‍ന്ന ഈ അവസ്ഥ എന്നെ ഭൂമിയിലേക്ക്‌ വലിച്ചാഴ്ത്തുമോയെന്നുള്ള ഭീതി. എന്റെ ഹൃദയത്തില്‍ ചിതലുകള്‍ കൂടുകള്‍ കൂട്ടനൊരുങ്ങുകയാണ്. അവ എന്റെ വരണ്ട ഹൃദയത്തിന് മീതെ അങ്ങോട്ടുമിങ്ങോട്ടും പരതുകയാണ്. ഒരു ചെറിയ ദ്വാരം കണ്ടെത്തിയാല്‍ ഒരു പക്ഷെ ഞാന്‍ തന്നെ ചിതലരിച്ചു പോയേക്കാം.

പ്രക്ഷോദക്ഷ (മൃണാളിനി രാഗം)

ദശപുഷ്പ രാവില്‍ അരിച്ചിരങ്ങിയ
ഇരുട്ടിന്റെ മുഖം ചേര്‍ത്തു
അഭയാര്‍ഥി സ്വപനങ്ങള്‍ തേങ്ങി..
നെടുവീര്‍പ്പിന്റെ ചങ്ങലയില്‍
കുടുങ്ങിക്കിടന്ന പ്രണയം
നെഞ്ചത്തടിച്ചു കരഞ്ഞു...
വിരുന്നു പോയ മനുഷ്യത്വം
മറന്നു പോയ കാല്‍പ്പാടുകള്‍
തിരഞ്ഞു ഉഴറി വീണു...
പട്ടു പുതച്ച വിങ്ങലുകള്‍
ആ നീലരാത്രിയില്‍
ഒരു രാമഴ പോലെ ചിരിച്ചു...
ഭക്തിയോടെ ഇളകിയ
മാമരങ്ങളുടെ ഇലകള്‍
തൊഴു കയ്യായ് നിന്നു...
ഞാന്‍.. ഞാനെന്ന വരാള
പ്രജ്ജോയിനിയില്‍ വിടരാതെ
സുഷുപ്തിയില്‍ ലയിച്ചു..

(പ്രശസ്തനായ എസ്പാന എന്‍ ആര്‍ ഐ . അടുത്ത തവണത്തെ നോബല്‍ കിട്ടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരിക്കുന്ന സ്പെയിനിലെ 33 മത്തെ കോടീശ്വരനായ മലയാളി, കഥാകൃത്ത്‌, കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്‌, നോവലിസ്റ്റ് , സാമൂഹിക പ്രവര്‍ത്തകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തന്‍... കേന്ദ്ര സാഹിത്യ അകാദമി അവാര്‍ഡ്‌ 6 തവണയും, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ 9 തവണയും ഒരു നൂല്‍ പിഴയില്‍ തല നാരിഴയ്ക്ക് നഷ്ട്ടപെട്ട വ്യക്തി)

സദ്ഗമായ സംസര്‍ഗത്തില്‍ മൌട്യസ്വരൂപനായ ഹേതുവായി അവതരിച്ച മേക്കശോ പ്ലോട്ടനിക്കാവ് എന്ന റഷ്യന്‍ യുവാവിന്റെ കലുഷിതമായ മനോവ്യഥകള്‍ യുദ്ധസമാനമായ രീതിയില്‍ പ്രണയഭംഗം സംഭവിച്ചപ്പോള്‍ തോന്നിയ വികാരങ്ങള്‍ അക്ഷരങ്ങള്‍ ആക്കിയപ്പോള്‍..

Enlightenment


മനസ്സിന്റെ മുള്‍വേലികളില്‍ തളച്ചിട്ട ഒരു ബോധം..
ദിവ്യമായ..
സത്തമ.. 
ചിതറിയ നന്മയുടെ ശേഷിപ്പുകള്‍.
ഒരു തിരിഞ്ഞു നടപ്പല്ല എന്റെ ലക്ഷ്യമെന്നു ഞാന്‍ തിരിച്ചറിയുന്നു..
ഉത്ബോധത്തിന് നന്ദി.
ഞാന്‍ എന്ന അറിവിന്റെ അഗ്നിനാമ്പ് പടർത്തുന്ന വാക്കുകള്‍ ചര്‍ദ്ധിക്കാന്‍, ലക്‌ഷ്യം സ്വായത്തമാക്കാന്‍ സ്വച്ഛമായ യുദ്ധം തുങ്ങിക്കഴിഞ്ഞു. നന്മയെ ഇടനെഞ്ചിൽ ചേർത്ത് പിടിക്കുന്ന ഒരു നല്ല നാളെക്കായി നമ്മുക്കേവര്‍ക്കും ബോധനത്തിന്റെ പുല്‍മേടുകളില്‍ അലയാം. പാറക്കല്ലുകള്‍ പൊടിക്കാം.. നാം നമ്മെ കണ്ടെത്തുന്ന രാവില്‍ നമ്മളിലെ വെള്ളി വെളിച്ചം എല്ലാവരിലേക്കും പകരാം. സ്വച്ഛമായ രാവില്‍ നന്മയുടെ മൊഴിമുത്തുകള്‍ പകര്‍ന്നു ഈ ലോകത്തെ തിന്മയുടെ കനലുകളില്‍ നിന്ന് കൊത്തി പറക്കാം. കീറിയ ഓലക്കുടയിൽ മഴ പേറുന്ന ഇരുണ്ട ഹൃദയങ്ങളെ നന്മയുടെ തണലിലേക്ക് സുസ്സ്വാഗതം ചെയ്യാം.
നാഗരീകതയുടെ മൌഡ്യങ്ങള്‍ പേറുന്ന അഹങ്കാരങ്ങള്‍ക്ക് അസ്തമയമായി.. ദുര്‍മ്മാര്‍ഗ്ഗത്തിന്റെ കരിമ്പിന്‍ തോട്ടങ്ങളില്‍ വെളിച്ചമേല്ക്കാതെ കിടക്കുന്ന ചിന്തകളെ ഉദ്ദീപിപ്പിക്കാന്‍ സമയമായി. നാം നമ്മളൊന്നില്‍ നിന്നും വിത്യസ്തരല്ല. നാം നമ്മളില്‍ സമന്മാരാകുന്നു. സാമൂഹ്യ ബോധത്തിന്റെ, ബോധനത്തിന്റെ ഉള്‍കാഴ്ചകളിലേക്ക് പറന്നടുക്കുന്ന ഒരഭയാര്‍ത്ഥിയായി വീണ്ടും ജനിക്കാം..

untitled

ഒരു നീറ്റലിന്റെ മുഖമോടെയാണ്
ഞാന്‍ ജനിച്ചു വീണത്‌.
പറയാന്‍ ശ്രമിച്ചിട്ടും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള
ശബ്ദമാണെനിക്ക്.
പുറം കാഴ്ചയില്‍ കസവ് തുന്നിയ എരിയുന്ന 
ഒരു ഹൃദയണ്ടെനിക്ക്
വിസ്തൃതമായ മനോമുഖത്തു നൃത്തമാടാന്‍
നിറയെ കാമുകിമാരുണ്ട്.
പുറമോടിയില്‍ ഞാനെന്ന ചതിയനെ തിരയാന്‍
അന്ധയായ....

പ്രഹേളിക

ഇലകൊഴിയുന്ന മരത്തില്‍ കൂടുകൂട്ടാന്‍ വെമ്പുന്ന വെള്ളിമത്സ്യങ്ങളെ പോലയാണ് ഇപ്പൊ മനസ്സ്.

ഞാനെന്ന അസതിത്വത്തിന് നിറം നഷ്ടപ്പെട്ടിരിക്കുന്നു. ഭയപ്പാടുള്ള കണ്ണുകളുമായ് ഇരുണ്ട ഇടനാഴിയിലേക്ക്‌ മുഖം പൂഴ്ത്തുമ്പോള്‍ മനസ്സ് വികൃതമാണെന്ന ചിന്തകള്‍ എന്നെ അലട്ടുന്നില്ല.
ഒരു നിഴലുപോലെ എന്നെ പിന്തുടരുന്ന ചാപല്യങ്ങളെ പട്ടിണിക്കിടാനുള്ള തീരുമാനം ക്രൂരമായി തോന്നി. പക്ഷെ ഒരു പുതുജീവനത്തിനു സഹനങ്ങളുടെ പ്രക്രിയകള്‍ അടിത്തറയിടുമെന്ന വിശ്വാസത്തില്‍ മറ്റൊന്നും ഓര്‍ക്കാതെ തലകുനിച്ചു നടക്കുന്നു.

അപ്പോഴും ഒരു കടലിന്റെ നിശ്വാസം ആര്‍ത്തിരച്ച് മനസ്സിന്റെ ചുമരുകളില്‍ ചെന്നിടിക്കുന്നുണ്ടാവാം. അത് നിശബ്ദമാകുന്നതുവരെ നുണകളില്‍ ജീവിക്കണം. കനത്ത മേഘങ്ങള്‍ തണല്‍ വിരിച്ചു ഒരു കൊടുങ്കാറ്റായി അതെന്നെ വിഴുങ്ങുന്നതുവരെ ഒരു ചിരിയില്‍ തീര്‍ത്ത പുതിയ മുഖം കടമെടുക്കണം.

പിന്നെ ഉയിര്‍ത്തെഴുന്നേല്ക്കുന്ന പുതിയ അങ്കണത്തില്‍ മാനവികത തിരഞ്ഞു വീണ്ടും പ്രണയത്തിന്റെ അഗാതഗര്‍ത്തങ്ങളിലേക്ക് കൂപ്പുകുത്തണം.

Philosophical.

പല്ലിളിച്ചു കാട്ടുന്ന നവമാനവികതയുടെ ഇരുണ്ട സത്വം ഒരു കരിനിഴലായി മനുഷ്യരാശിയെ വിഴുങ്ങുകയാണ്. രുചിയില്ലാത്ത ലൌകീക ചേതനകള്‍ക്ക് വശംപറ്റി അവര്‍ അന്ധരായി തീര്‍ന്നിരിക്കുന്നു. തീപിടിച്ച തലകളുമായി അവര്‍ പരക്കം പായുകയാണ്. ചിലര്‍ വീഴുന്നു. ചിലര്‍ ആ വീഴ്ചയില്‍ ഭൂമിയുടെ ഉള്ളറകളിലേക്ക് ആണ്ടു പോവുന്നു. ചിലര്‍ വീണ്ടും എഴുന്നേറ്റ് നടക്കുന്നു. പാരത്രികമായ സൌഖ്യങ്ങളെ പുല്‍കി മൂഡനായി അവന്‍ കിതച്ചു രമിച്ചു ജീവിക്കുന്നു.

മെഹര്‍

എന്റെ ആത്മാവിനു അനുകമ്പയുടെ തണലേകാന്‍, എന്നിലെ മനുഷ്യത്വത്തെ കനിവോടെ പകുത്തു നല്‍കാന്‍, എന്റെ നിര്‍ദ്ധന സ്വപ്നങ്ങള്‍ക്ക് അഴക്‌ കൂട്ടുവാന്‍, എന്റെ വികലമായ ചിന്തകള്‍ക്ക് മിഴിവേകുവാന്‍ ഈ ജീവിതത്തില്‍ എനിക്ക് നിന്നെ വേണം. എന്റെ ആത്മാവിന്റെ തണലില്‍ വളരുന്ന ഇലകൊഴിഞ്ഞ മരത്തില്‍ ഞാന്‍ കെട്ടിയിട്ട് വളര്‍ത്തുന്ന സ്വര്‍ണ്ണമത്സ്യങ്ങളെ സാന്ത്വനിപ്പിക്കാന്‍ എന്നും നീ കൂടെ വേണം.

നീയെനിക്കെന്തെന്നുള്ള ചോദ്യങ്ങള്‍ക്കും നീയെനിക്കെന്തു തരുമെന്നുമുള്ള ചോദ്യങ്ങള്‍ക്കും മറുപടിയായി, ഒരു മെഹറായി നീയെന്നെ സ്വീകരിച്ചു കൊള്‍ക. ഞാനെന്ന കനത്ത ഇരുട്ടിലേക്ക് ഒരു വെളിച്ചമായി നീ ഓടിവരിക. നീയെന്നെ.. നിന്റെ മനസ്സിന്റെ തടവുകാരനാക്കുക, നിന്റെ പ്രണയത്തിന്റെ നിത്യതയില്‍ നീയെന്നെ തളച്ചിടുക. നിതാന്തമായ ഈ പ്രണയത്തില്‍ നിന്റെ സ്നേഹചങ്ങലകളാല്‍ ബന്ധിച്ച എന്റെ ഹൃദയം സുരക്ഷിതമായിരിക്കും.

ഭൂമിയിലാണ്ട് കിടക്കുന്ന ലോഹങ്ങള്‍ക്കും വജ്രങ്ങള്‍ക്കുമപ്പുറം വിലമതിക്കാനാവാത്ത ഈ സ്നേഹവും, നീയാണ് എന്റെ ജീവെനെന്നു ഞാന്‍ കരുതുന്ന ഈ ജീവിതവും, മനസ്സും പിഴുതെടുത്ത്‌ ഞാനീ ഉള്ളം കൈയ്കളില്‍ വച്ചു തരുന്നു.

ഈ തുടിക്കുന്ന ഹൃദയം, ജീവനോടെ നില്‍ക്കുന്ന ഞാന്‍ എന്ന ഈ അഹങ്കാരവും, ഇനി ഒന്നിച്ചു ഒരുമിച്ചു തുടരുന്ന സമയങ്ങളും, എല്ലാം ഞാന്‍ നിന്നെയേല്‍പ്പിക്കുന്നു. ഒരു മെഹറായി നീയെന്നെ സ്വീകരിച്ചു കൊള്‍ക.

ഇതില്‍ കൂടുതല്‍ മെഹറായിട്ടു നിനക്കെന്തു വേണം?
ഒരു ചിരിയായിരുന്നു മറുപടി. ആ ചിരിയില്‍ ഒരു പിടി പല നിറമുള്ള പൂക്കള്‍ അടര്‍ന്നു വീണു.

we got more empty times than we know what to do with

സങ്കുചിത ചിന്തകള്‍ സൃഷ്ടിക്കുന്ന കഠിനമായ നേരങ്ങളില്‍ ഹൃദയം മണ്ണില്‍ തലപൂഴ്ത്തിക്കിടന്നു. സ്നേഹം കുമിഞ്ഞു കൂടിയിരുന്ന ഹൃദയകവാടങ്ങളില്‍ അവഗണനയുടെ* കടതെയ്യങ്ങൾ ഉറഞ്ഞാടുകയായിരുന്നു. അഹന്തയുടെ പകപോക്കലിൽ മുറിവേല്‍പ്പിക്കപെട്ട ഹൃദയം കരയുകയായിരുന്നു. പ്രണയം ഭയത്തോടെ മരപ്പൊത്തില്‍ ഒളിച്ചു നില്‍ക്കുകയായിരുന്നു.

പകയുടെ കനലുകളില്‍ എരിയുന്ന രണ്ടു മുഖങ്ങളായി ദൂരെ നിന്ന് ചിരികളില്‍ പ്രണയം നടിച്ചു. ഉള്ളില്‍ ഞാനെന്ന ഭാവം ഉറഞ്ഞു തുള്ളിയപ്പോള്‍ രണ്ടറ്റവും എരിയുന്ന ഹൃദയം പച്ച മാംസം കത്തുന്ന പോലെ മണത്തു. സ്നേഹസംഭാഷണങ്ങള്‍ മലിനമായി. സ്നേഹം വഴിമരങ്ങളായ് അകലങ്ങളിലേക്ക് നോക്കി കണ്ണുനീര്‍ പൊഴിച്ചു നിന്നൂ.

തോല്‍വി നേരിടുന്ന ഹൃദയം അങ്ങനെയാണ്. യഥാർത്ഥ രൂപത്തെ തിരിച്ചറിയില്ല. ഉടലിൽ മാന്യത പൂശും, പ്രണയം നടിച്ചു കൊല്ലും, മാഹാത്മ്യം നടിച്ചു വേദനിപ്പിക്കും, അവഗണനയുടെ* ദൂരത്തില്‍ നിന്നു കൊണ്ട് പ്രണയത്തെ താലോലിച്ചു ആത്മരതി കണ്ടെത്തും, വിട്ടകന്നു സംരക്ഷിക്കും, സ്വയം ഭീരുക്കളെന്ന് മുദ്രകുത്തും, മാന്യതയുടെ മേലങ്കിയണിയും, നിസ്സഹായരായി മാറിനില്ക്കും . നഷ്ടങ്ങളെ തിരിച്ചറിയാതെ മറവിയിലേക്ക് കൂപ്പുകുത്തി വേദനയോടെ കരയും.

പക്ഷെ അഹന്തയും മാന്യതയും അവരെ ജീവിതത്തില്‍ ഉത്തമരാക്കും.

*despite the fact that we got more empty times than we know what to do with.