മരണത്തിന്‍റെ കാലൊച്ചകള്‍ അടുത്തുവന്നു. ഓര്‍മ്മകള്‍ ഇടതിങ്ങിയ മനസ്സിന്‍റെ ഇടനാഴിയില്‍ ചതുപ്പ് നിലങ്ങളില്‍ ആഴ്ന്നുപോയ പുലര്‍കാല സ്വപ്‌നങ്ങള്‍ കരഞ്ഞു. മരണം കാത്തുകിടക്കുന്ന പാതിരാക്കിനാക്കളും അവയുടെ കുട്ടികളും മരണത്തിന്‍റെ തണുപ്പില്‍ വിറച്ചുപനിച്ചു.
ആത്മാവിനെ അള്ളിപ്പിടിച്ചിരുന്ന നിശാശലഭങ്ങള്‍ പ്രണയത്തിന്‍റെ തണുപ്പില്‍ വേദനയറിയാതെ കിടന്നു. ഉറവവറ്റാത്ത കണ്ണീര്‍ക്കിണറുകള്‍ക്കുമേല്‍ വട്ടംപറക്കുന്ന ഏകാന്തത അമറിവിളിച്ചു. വാരിയെല്ലിനുള്ളിലെ കുതിര്‍ന്നുപോയ തന്തയില്ലാത്ത നൊമ്പരങ്ങള്‍ മാത്രം കരഞ്ഞില്ല. ഒരു തേങ്ങലിന്‍റെ ഇടവേളയില്‍ രാത്രി ഇടനെഞ്ചു പൊട്ടിമരിച്ചു.
രാത്രിയെ കബറടക്കാന്‍ മറവിയുടെ ആഴമുള്ള ചതുപ്പുകള്‍ കുഴിക്കുകയായിരുന്നു മദ്യപിച്ച ഒരുകൂട്ടം കുഴിയാനകള്‍.