നഷ്ടസ്വപ്നങ്ങള്‍ !

നക്ഷത്രങ്ങള്‍ പൂവിരിഞ്ഞ നിലാവുള്ള രാത്രിയില്‍ നഷ്ടസ്വപ്നങ്ങള്‍  വാതിലില്‍ മുട്ടി കേഴുന്നു.

എന്തിനാണാവോ?
ഇനിയും വയ്യ! എത്രനാള്‍? ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ അറ്റത്ത് വീണ്ടും ആ ചിരികളെ കോര്‍ത്തെടുത്തു എനിക്കവളെ കേള്‍ക്കാം, കാണാം. കണ്ണടച്ചിരുന്നു തുഴയറ്റ് ഓര്‍മകളുടെ ഓളങ്ങളെ തള്ളാം.

ഇപ്പോഴിതാ.. പാതിയില്‍ നിര്‍ത്തിയ ഒരു ഗസലിന്റെ ഈണം പോലെ അവളിപ്പോ ഒരു വേദനയായി നെഞ്ചിലിങ്ങനെ.

എന്തിനായിരുന്നു ഇതെല്ലാം? ഉത്തരമില്ലാത്ത കടങ്കഥകള്‍ പോലെ! പ്രണയത്തിന്റെ ചുറ്റുഗോവണികളില്‍ ഒന്നു കയറിത്തിരിഞ്ഞു വന്നപ്പോഴേക്കും അവളെങ്ങോട്ടോ ഓടി മറഞ്ഞിരുന്നു. ബാക്കി വെച്ചതോ? ഉടഞ്ഞ മണ്‍കലത്തില്‍ മൂടിവെച്ച അഴുകുന്ന ചിന്തകള്‍ മാത്രം.

അവള്‍ക്കു മടുത്തോ?
ഇല്ലാ.. ഞാന്‍ പടച്ചുവിട്ട മോഹവലയങ്ങളില്‍ അവളൊന്നു കുരുങ്ങി കിടന്നു എന്ന് മാത്രം. അവളെന്നെ പ്രണയിച്ചിട്ടില്ലായിരുന്നു. യാഥാര്‍ത്ഥ്യങ്ങളെ ഒരു നാടോടിപ്പാട്ടു പോലെ കേട്ടിരുന്നപ്പോള്‍ ഇത്ര പെട്ടെന്ന് എന്നെ തനിച്ചാക്കി കടന്നുകളയും എന്ന് കരുതിയിരുന്നില്ല. പ്രണയമെന്ന സത്യം എന്നില്‍ പറയാതെ ബാക്കിവെച്ചത് എന്റെ ഈ ഒറ്റപ്പെടലിന്റെ മൂകതകളെ മാത്രമായിരുന്നു.

നീയിന്നെന്റെ മൌനത്തില്‍ ഉറങ്ങുന്ന പ്രണയവേദനയാണ്. എന്റെ കണ്ണുനീരില്‍ കുതിരുന്ന ഹൃദയവേദനയാണ്. ഒരുമാത്രയില്‍ പെയ്ത മഴനൂലില്‍ തൂങ്ങി മനസ്സിലേക്ക് ആണ്ട് പോയ വേരറ്റ എന്തോ ഒന്ന്. ഒരുപക്ഷെ ഞാനിപ്പഴും നിന്നെ സ്നേഹിക്കുന്നു! അതാവാം.