Weird Dreams!

I’m busy running to catch-up my weird dreams.
As of I’m in the middle of your story.
Yet your lips "in" and my lips "out". 

Rays from your eyes burned my love. 
When tears washed your face.
I drowned in your tears.

My destination itself seems to be lost in the tracks.
Where am I? And where are you?
I’m lost in my dreams!

കഥയില്ലാത്തവരുടെ കഥകള്‍ !


മേഘങ്ങള്‍ക്കിടയിലൂടെ ബൈക്കോടിക്കുമ്പോള്‍ എന്റെ എകാഗ്രതക്കുമേല്‍ ചാരിവെച്ചിരുന്ന അവളുടെ അമ്മിഞ്ഞയുടെ ഭാരംകൊണ്ട് ഞാന്‍ വളഞ്ഞിരുന്നു. അവളെന്നെ പിന്നില്‍നിന്ന് ഒട്ടിയമര്‍ന്നു ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു.

അവളുടെ താടിയെല്ല് എന്റെ തോളില്‍ അമര്‍ത്തിയും എടുത്തും എന്തോ പേരിടാത്ത ആത്മസുഖം അനുഭവിക്കുന്നതായി തോന്നി.

മേഘക്കെട്ടുകള്‍ക്കിടയിലൂടെ താഴെക്കാണുന്ന അവലോസ് പാടങ്ങളും, തേക്കിന്‍ കാടുകളും കണ്ടപ്പോള്‍ ഞാനിത്തിരി റൊമാന്റിക്‌ ആയി. ഞാന്‍ അവളോട്‌ അവളുടെ മനസ്സിളക്കാന്‍ ചോദിച്ചു.

"നിനക്കറിയ്യോ എനിക്ക് നിന്നോട് എത്ര സ്നേഹം ഉണ്ടെന്ന്?"

"ഉം"

തിരിച്ചൊരു മൂളല്‍ മാത്രം. അതെനിക്കറിയാമായിരുന്നു, ആ മൂളല്‍ മാത്രെമേ ഉണ്ടാവൂ എന്ന്. പിന്നെ അവളെന്നോട് പറഞ്ഞു.

"നിനക്കറിയില്ലേ ഞാന്‍ നിന്നെ സ്നേഹിക്കുന്നില്ലാന്ന്"

ഞാന്‍ ചിരിച്ചു. അവളൊന്നുകൂടി അമ്മിഞ്ഞ പുറകിലമര്‍ത്തി എന്നെ ചുറ്റിപ്പിടിച്ചിരുന്നു. ഞാന്‍ ഒന്നൂകൂടി വളഞ്ഞ് ഇരുന്നു. താടിയെല്ല് അമര്‍ത്തിയും എടുത്തും അങ്ങനെ. ബൈക്ക്  മേഘങ്ങള്‍ക്കിടയിലൂടെ വളഞ്ഞും തിരിഞ്ഞും അങ്ങനെ എങ്ങോട്ടോക്കെയോ പോയി.

----------------------

സമയം പോയതറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ അവളെന്റെ നെഞ്ചില്‍ തലവെച്ച് ഉറങ്ങുന്നു.

അവളെ തട്ടിയെണീപ്പിച്ചു.

"അതെ! ഇപ്പൊ ഇറങ്ങിയില്ലേല്‍ എനിക്കെന്റെ KLM മിസ്സ്‌ ആവും."

മനസ്സിലാമനസ്സോടെ അവളെണീറ്റു. പിന്നെ ധൃതിയില്‍ എയര്‍പോര്‍ട്ടിലെക്ക്.

ബോര്‍ഡിംഗ് വാങ്ങി വന്നപ്പോഴേക്കും അവള്‍ അക്ഷമയായി കാത്തിരിക്കുന്നുണ്ടായിരുന്നു.

  "ഇയാള്‍ക്കിപ്പത്തന്നെ പോണോ, ഒരു പത്തു മണിക്കൂര്‍ കഴിഞ്ഞു പോയാപ്പോരെ?"

എനിക്ക് ചിരി വന്നു. ഒരു നിമിഷം നിര്‍ത്തി അവള്‍ തുടര്‍ന്നു.

"ഐ മീന്‍ നെക്സ്റ്റ് ഫ്ലൈറ്റിനു പോയാപ്പപ്പോരെന്ന് ‍"

"നെക്സ്റ്റ് ഫ്ലൈറ്റിനു പോയാല്‍ എനിക്കെന്റെ പെരുന്നാള്‍ മിസ്സാവും"

അവളെന്തെലും പറയുന്നതിനുമുമ്പ് ഞാനവളുടെ ഇരുകവിളത്തും അമര്‍ത്തി ഉമ്മവെച്ചു. അവള്‍ക്കതില്‍ സന്തോഷമോ ദുഖമോ എന്നല്ല പ്രത്യക ഭാവ വത്യാസമൊന്നും ഉണ്ടായിരുന്നില്ല.

"തിരിച്ചൊരു ഉമ്മകിട്ടാനുള്ള വല്ല വകുപ്പുമുണ്ടോ? നീയിതെന്നും വാങ്ങാന്നല്ലാതെ എന്നെലും തിരിച്ചു തന്നിട്ടുണ്ടോ? "

"എനിക്കിതിന്റെയൊന്നും അവശ്യമില്ലല്ലോ, ഞാനൊന്നും ഇയാളോട് ചോദിച്ചിട്ടും ഇല്ല, പിന്നെന്താ! "

ഞാനും മൌനം അവലംബിച്ചു. ഇതുതന്നയാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നതും. കൂടുതലൊന്നും അവള്‍ മിണ്ടില്ല, പറയില്ല, സമ്മതിക്കില്ല. എല്ലാം ഞാന്‍ പറയണം, കൊടുക്കണം. അവള്‍ ചുമ്മാ ആത്മരതിയില്‍ മുങ്ങിക്കളിച്ച് അങ്ങനെയിരിക്കും.

  "ഇനി ഇയാള്‍ ഒന്നരമാസം കഴിഞ്ഞേ വരൂ അല്ലെ?"

"ഉം" ഞാന്‍ മൂളി.

  "ഇനി വരുമ്പോ എനിക്കൊരു കഥ പറഞ്ഞു തരണം, ഇതുവരെ വേറെ ആരോടും പറയാത്ത കഥ, സ്വപ്നങ്ങളുടെയും മേഘങ്ങളുടെയും ഇടയില്‍ ജീവിക്കുന്നവരുടെ കഥ! കഥയില്ലാത്തവരുടെ കഥകള്‍ "

"ഉം" ഞാന്‍ പിന്നേം മൂളി.

ഞാന്‍ കഥ പറയാറുണ്ട്‌. എന്റെതന്നെ കഥകള്‍, ഉള്ളതും ഇല്ലാത്തതും വെച്ചുള്ള കഥകള്‍. പക്ഷെ ഇവളോട് ഞാനൊരിക്കലും ഒരു കഥയും പറഞ്ഞിട്ടില്ല. എന്നിട്ടും ഇവളെങ്ങനെ ഇതെല്ലാം. എന്നെ അടുത്തറിയുന്ന ആരേലും പറഞ്ഞു കാണുമോ, എനിക്ക് അതിന്റെ പിന്നാലെ പോവാന്‍ സമയമില്ലായിരുന്നു. എത്രയും പെട്ടെന്ന് നാട്ടിലെത്തുക എന്നതായിരുന്നു മനസ്സില്‍. ചിന്തകള്‍ക്ക് വേലികെട്ടി വരുമ്പോഴേക്കും എന്റെ ബോര്‍ഡിംഗ് അനൌണ്സ്മെന്റ് വന്നു.

"ഞാന്‍ പോവട്ടെ" എന്ന് പറഞ്ഞതെ ഒള്ളൂ.

തിരിച്ചു നടന്നു അവള്‍ ആക്കൂട്ടത്തില്‍ മറഞ്ഞിരുന്നു. ഉച്ചത്തില്‍ പേര് വിളിച്ചാലും അവള്‍ അവള്‍ കേള്‍ക്കില്ല. ഇനി കേട്ടാലും അവള്‍ തിരിഞു നോക്കുകയോ കൈവീശുകയോ ചെയ്യില്ല. ഫ്ലൈറ്റില്‍ ഇരിക്കുമ്പോള്‍ അവളെ വിളിക്കാന്‍ തോന്നി, വിളിച്ചില്ല. എളുപ്പത്തില്‍ ഒരു SMS അയച്ചു.

"will miss U, as i said i dont know... kisses"

അതിനു മറുപടി ഞാന്‍ പ്രതീക്ഷിച്ചില്ല, കാരണം അതിനു മറുപടിയില്ല. എനിക്ക് സന്ദേഹങ്ങളും ഇല്ല! ഈ സൌഹൃദത്തിനും പ്രണയത്തിനും ഇടയില്‍ ഒരു വന്യതയുണ്ട് അതായിരുന്നു അവള്‍. അവളെ മൌനങ്ങളിലും നോട്ടങ്ങളിലും വാക്കുകളിലും നിഴലിക്കുന്ന നിസ്സംഗഭാവങ്ങളില്‍ എന്തോ ഉണ്ട്, ഞാന്‍ എന്നെ തേടുന്ന വഴികളില്‍ മറന്നു വെച്ച എന്തോ ഒന്ന്.

as i said, i dont know what is that!