ചളി

പവര്‍കട്ട് വന്നപ്പോള്‍ നിര്‍ഗളിച്ച ഇരുട്ടിന്റെ നിശ്ശബ്ദതയില്‍ കരിവണ്ടുകള്‍ തേങ്ങിയതു എന്തിനാണെന്ന് നിനക്ക് അറിയാമോ? അവരും നിന്റെ പോലെ പ്രണയത്തെ ഭയക്കുന്നു. പക്ഷെ അവര്‍ക്ക് നഷ്ടമാകുന്ന പ്രണയത്തെ ഓര്‍ത്ത്‌ വിങ്ങുന്ന കരിവണ്ടുകളെ കണ്ടു നീ പാഠം പഠിക്കുക. പ്രണയം ഭയക്കാന്‍ ഉള്ളതല്ല. സ്വയം തിരിച്ചറിയാന്‍ ഉള്ള ഉപായമാണെന്ന്.

നിനക്കറിയാമോ?
സ്വപ്നങ്ങളുടെ നെറോലാക്സ് അടിച്ച ചുവന്ന ഭിത്തിയില്‍ ഞാന്‍ തൂക്കിയിട്ട 12 x 8 ഇഞ്ച് ഫ്രെയിമിട്ട പ്രണയചിത്രങ്ങളില്‍ മുഴുവന്‍ നീയാണ് .. പഞ്ചാരമണല്‍ തരിചെടുത്തു അംബുജം സിംമെന്റ്റ് കൂട്ടി ഞാന്‍ എന്റെ പ്രണയം കെട്ടിപടുക്കുമ്പോള്‍ എന്റെ മനസ്സില്‍ ഒരായിരം നമ്ബ്യാര്‍വട്ടം പൂക്കള്‍ വിരിയുന്നതു നീ കാണുന്നില്ലേ... നിലാവ്പൂത്ത രാത്രിയിലെ വെള്ളം നനച്ചു റോസും ജമന്തിയും ഓര്‍ക്കിഡും തഴുതാമയും ഇടകലര്‍ത്തി ഞാന്‍ വളര്‍ത്തുന്ന പൂങ്കാവനത്തില്‍ നിന്നെയും പ്രതീക്ഷിച്ചു ഞാന്‍ ഇരിക്കാതെ നിന്നു കൊള്ളാം.

എന്നെ നഷ്ടപെടുമെന്ന് ഓര്‍ത്ത്‌ നീ പ്രണയിക്കാതെയിരിക്കരുത്. ഒറ്റപെടലുകളെ മനസ്സുകൊണ്ട് ശപിച്ചു നീ എന്നിലേക്ക്‌ കോണിപ്പടി കയറി വരിക. എന്റെ പ്രണയത്തെ ആസ്ലേശിക്കുക. എന്നെ പുണര്‍ന്നു എന്നില്‍ അമര്‍ന്നു കിടക്കുന്ന എന്റെ സ്വപ്‌നങ്ങള്‍ ഇനി നിന്റെയും കൂടെയാണന്നു വിശ്വസിക്കുക. എന്റെ ചിന്തയുടെ മച്ചകങ്ങളില്‍ ഉലാത്തുന്ന ഞാനെന്നെ അഹങ്കാരത്തെ നീ മോടിപിടിപ്പിക്കുക. പ്രണയത്തിന്റെ മുഖം തെളിയുന്ന മഴവില്ലിന്റെ കണ്ണാടിയില്‍ നോക്കി നീ എന്നോടൊത്തു ചിരിക്കുക. എല്ലാം മറക്കുക. എന്നില്‍ അലിയുക.

വിഷാദം വേരോടെ എടുത്തു തിളപ്പിച്ച്‌ നാലുസ്പൂണ്‍ സന്തോഷം ചേര്‍ത്തു ഇളക്കി രണ്ടു തുള്ളി പ്രതീക്ഷ ഇറ്റിച്ചു സേവിച്ചാല്‍ നിന്റെ ഈ ഭയത്തിനു ക്ഷമനം കിട്ടുമെങ്കില്‍ ഇതുപോലെ ചളി അടിച്ചു ഞാന്‍ ഇനിയും വരാം.

(ചളി ഓഫ് ദി ഡേ: ബൈ ഞാന്‍ തന്നെ)