ബസ്സിറങ്ങി നടക്കുമ്പോള്‍ അവള്‍ ചോദിക്കുകയായിരുന്നു.
"ഞാന്‍ നിങ്ങളുടെ ആരാ?"
അതിനു പ്രത്യേകിച്ച് മറുപടി എനിക്ക് ഉണ്ടായിരുന്നില്ല. അവളുടെ തടിച്ച ദേഹത്ത് വെള്ളസാരിയുടുത്തതിന്‍റെ അഭംഗി ആസ്വദിക്കുകയായിരുന്നു ഞാനപ്പോഴും. വാഹനങ്ങള്‍ ഞങ്ങളെ പാഞ്ഞു എങ്ങോട്ടോ പോവുന്നു. നടക്കുമ്പോള്‍ എന്റെ മുഖത്ത് നോക്കാതെ അവളിങ്ങനെ ചോദിച്ചപ്പോള്‍ എനിക്ക് വലിയ അത്ഭുതം തോന്നിയില്ല. അല്ലെങ്കിലും ഞാന്‍ അവളുടെ ആരാ. കൂട്ടുകാരന്‍? കാമുകന്‍? അതോ അവിഹിതം നടത്താന്‍ ആഗ്രഹിക്കുന്ന പലതും നടിക്കുന്ന വെറും ഒരു അപരിചിതന്‍. ഞാനിവളെ എന്തായിക്കാണുന്നു എന്നത് ഇപ്പഴും എനിക്കൊരു പിടുത്തമില്ല. അങ്ങനത്തെ എന്നോടാണ് ഇവള്‍ ഇമ്മാതിരി ചോദ്യം ചോദിക്കുന്നത്.
ഇപ്പ്രാവശ്യം എന്റെ മുഖത്ത് നോക്കി അവള്‍ ചോദിച്ചു.
"എന്താ ഉത്തരമില്ലേ?"
എന്റെ ഉത്തരം ഒരു മറുചോദ്യമായിരുന്നു.
"ഞാന്‍ നിന്റെ ആരാവണം?"
അത് കേട്ടപ്പോ പിന്നെ അവളും മിണ്ടാതെ അങ്ങനെ നടന്നു.
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി കുറേ നടന്നപ്പോള്‍ എനിക്ക് മടുപ്പ് തോന്നി, ഞാനൊരു വില്‍സ് എടുത്തു കത്തിച്ചു. അവളെന്റെ മുഖത്തേക്ക് ഈര്‍ഷ്യയോടെ നോക്കി. അവള്‍ കുറച്ച് അകലം നീങ്ങി നടക്കാന്‍ തുടങ്ങി.
പുക പുകഞ്ഞു.
ഞാനത് ആസ്വദിച്ചു.
"നിങ്ങള്‍ എന്നെക്കുറിച്ച് ഓര്‍ക്കാറുണ്ടോ?"
അവളുടെ മുഖത്തെ അവഞ്ഞ്ജ മാറിയിരുന്നില്ല. അതുകേട്ടപ്പോള്‍ എനിക്കവളോട് പുച്ഛം തോന്നി, ആത്മാര്‍ഥമായി ഓര്‍ക്കാന്‍മാത്രം അവളെന്താണ് എനിക്ക് തന്നിട്ടുള്ളത്. ചുമ്മാ ജോലിയുടെ നേരമ്പോക്കില്‍ അവളുതിര്‍ക്കുന്ന മണ്ടന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ഒരിക്കല്‍ ഇവളെന്റെ കൊല്ലിക്കുപിടിക്കുന്ന ഇമ്മാതിരി ചോദ്യങ്ങള്‍ ചോദിക്കുമെന്ന്. ഇവള്‍ക്ക് ഇടയ്ക്കു വട്ടാണ്.
"ഓര്‍ക്കാന്‍ മാത്രം നീയെനിക്ക് എന്ത് ഓര്‍മകളാണ് തന്നിട്ടുള്ളത്?"
അവളുടെ മുഖം ഖിന്നമായി.
വേണ്ടായിരുന്നു എന്ന് തോന്നി.
അവളെവിടെയോ ഒറ്റപ്പെടുന്നു എന്നെനിക്കറിയാം, പക്ഷെ അവളൊരിക്കലും എന്നോട് മനസ്സ് തുറന്നു സംസാരിക്കാറില്ല. അവളുടെ ഭ്രാന്തിന് എന്തെങ്കിലും പുലമ്പും, ഞാനതിന് എന്റെ ഭ്രാന്തിന്റെ അറിവിലുള്ള ഉത്തരങ്ങള്‍ അവള്‍ക്കും നല്‍കും, ചിലപ്പോ ഞങ്ങള്‍ പരസ്പരം തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി അപവാദം പറഞ്ഞും അസഭ്യം പറഞ്ഞും കരിവാരിത്തേച്ചു കളിക്കും. എന്നിട്ട് ചിരിക്കും. അപ്പോള്‍ എനിക്കവളോട് പറയാന്‍ പറ്റാത്ത ഒരിഷ്ടം തോന്നാറുണ്ട്. അതെന്താണ് എന്നാലോചിച്ചാല്‍ ചിലപ്പോ ഞാന്‍ വെട്ടിലാകും. അതുകൊണ്ട് അതിനെ ഞാന്‍ അധികം താലോലിക്കാറില്ല. മനപ്പൂര്‍വ്വം അതിനെ മറക്കും. എല്ലാം കഴിഞ്ഞാലും അവളൊരു ദുഃഖസ്മൃതിയിലേക്ക് ആണ്ട് പോവുന്നത് കാണാം. അതെന്റെ മനസ്സിനെ വല്ലാതെ ആകര്‍ഷിക്കും. അന്നവള്‍ പറഞ്ഞത് പോലെ അത് ചിലപ്പോള്‍ സഹതാപമായിരിക്കാം.
"ഇനി ഞാന്‍ നിങ്ങളോട് സംസാരിക്കില്ല"
"അതെന്തേ?"
"നിങ്ങള്‍ വാക്കിന് വ്യവസ്ഥയില്ലാത്ത നീചനാണ്"
അത് കേട്ടപ്പോള്‍ എനിക്ക് ചിരി വന്നു.
നിറഞ്ഞ കണ്ണുകള്‍ വിടര്‍ത്തി അവള്‍ പിന്നെയും.
"അല്ലെങ്കിലും ചുമ്മാ ഇരിക്കുമ്പോ എന്നെ ഓര്‍ത്തൂടെ"
ചുണ്ടില്‍ എരിയുന്ന പുകയോട് എനിക്കാര്‍ത്തിയയിരുന്നു, അവളുടെ എതിര്‍ഭാഗത്തേക്ക് പുകയൂതി ഞാന്‍ പറഞ്ഞു.
"ഇതിനു ഞാന്‍ എന്ത് മറുപടി പറയും, ഒന്നുകില്‍ നീ പറയൂ, എന്നെ സ്നേഹിക്കൂ, എന്നെ കാമിക്കൂ എന്നെല്ലാം."
അവളുതെ അവജ്ഞയോടെയുള്ള മറുപടിയായിരുന്നു.
"പറയില്ല"
എനിക്ക് ദേഷ്യം വന്നു
"പറയാതെ കേള്‍ക്കാന്‍ ഞാന്‍ ദൈവമല്ല"
അവള്‍ എന്നെ അതിലേറെ ദേഷ്യത്തോടെ നോക്കി.
"അപ്പൊ അല്ലെ?"
പിന്നെ ഞാന്‍ ശാന്തനായി.
"അല്ല, ചിലതൊക്കെ അറിഞ്ഞാലും അറിയാത്ത പോലെ ഇരിക്കണം, നമ്മളൊക്കെ നിസ്സഹായരായ വെറും മനുഷ്യരാണ്."
ആ ശാന്തതയില്‍ അവളൊരു പാവം മാലാഖയായി.
"നിങ്ങള്‍ക്ക് എല്ലാമറിയാം, എന്നിട്ടും അറിയാത്തപോലെ നടിക്കുന്നു, അതല്ലേ സത്യം. അതുപോലെ നിങ്ങള്‍ക്ക് പ്രണയമില്ല, അതുപോലെ ഭാവിക്കുന്നു. നിങ്ങള്‍ക്ക് പ്രണയിക്കാന്‍ അറിയില്ല. അതും സത്യമാണ്"
ഇവള്‍ എന്നെ വെറുമൊരു ശരാശരിക്കാരനായി കാണുന്നു. അല്ലെങ്കിലും എല്ലാ പെണ്‍കുട്ടികളും അണ്ടിയോട് അടുക്കുമ്പോ ഇമ്മാതിരി സ്വഭാവം കാണിക്കും, ഇതിനൊക്കെ ഞാന്‍ അതേപോലെ മറുപടി പറയണം.
"എന്റെ പ്രണയം നീ താങ്ങില്ല, അതാണ് സത്യം"
അവളുടെ നിസ്സംഗത തളം കെട്ടിയ മുഖത്ത് സങ്കടത്തിന്റെ തിരയടിക്കുന്നതിന്റെ തുടക്കം.
"അപ്പൊ നമ്മുക്കിടയില്‍ നമ്മളറിയാതെ എന്തോ നടക്കുന്നു എന്ന് നിങ്ങള്‍ സമ്മതിക്കുമോ?"
ഞാന്‍ അവളെ വെറുതെ വിടാന്‍ തീരുമാനിച്ചു.
"അറിയില്ല"
പക്ഷെ അവള്‍ അതിനു ഒരുക്കമല്ലായിരുന്നു. അവളെന്റെ നേര്‍ക്ക് ആഞ്ഞടിക്കുകയാണ്.
"അറിയില്ല, എന്നല്ല.. അറിയാത്തപോലെ നടിക്കുന്നു എന്ന് പറ"
എനിക്കെന്നെ കൈവിടുന്നപോലെ തോന്നി. അറിയാതെ എന്റെ മനസ്സ് ലഹരിയില്‍ വഴുതുന്ന നാക്ക് പോലെ പുളഞ്ഞു.
"നിനക്ക് ഭ്രാന്താണ്, എനിക്ക് നിന്നെ ഇഷ്ടമാണെന്ന് നിനക്കറിയാം, എന്നിട്ടും എന്തിനാ നീ എന്നില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നത്."
ആ ഡയലോഗ് അബദ്ധമായോ എന്നെനിക്കയില്ല. എന്നാലും ഞാനറിയെതെ അത് പറയുകയായിരുന്നു. അതിലെനിക്ക് നഷ്ടബോധം ഒന്നും തോന്നുന്നില്ല. കാരണം മുന്‍പേ പറഞ്ഞ പോലെ എന്റെ മനസ്സില്‍ ഉടക്കിനില്‍ക്കുന്ന ഈ ഭാവം ഒരിക്കല്‍ പുറത്തു വന്നേ മതിയാകൂ. പരിധിക്കുള്ളില്‍ നിന്ന് അവളെ സ്നേഹിക്കാനും സാന്ത്വനിപ്പിക്കാനും മാത്രമേ എനിക്കാവൂ. സ്വാര്‍ത്ഥത തീര്‍ക്കുന്ന ബാഹ്യാവസ്ഥയില്‍ എന്റെ സ്വാതന്ത്യ്രത്തിനു കടിഞ്ഞാണിടുക മാത്രമേ എനിക്ക് വഴിയുള്ളൂ.
അവളിപ്പോ മഹാത്മഗാന്ധിക്ക് പഠിക്കുന്ന പോലെ ശാന്തതയെ എഗാഗ്രമാക്കി പറഞ്ഞു.
"ഞാനിതു മാത്രമാണ് പ്രതീക്ഷിക്കുന്നത്, വേറെ ഒന്നും ഒരു അപരനായ നിങ്ങളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല, ഒറ്റക്കിരിക്കുമ്പോള്‍ ആശ്വസിക്കാന്‍, നിങ്ങളെ ഓര്‍ക്കുമ്പോ സന്തോഷം മാത്രം തോന്നാന്‍ എനിക്കിതൊക്കെ കേട്ടാല്‍ മതി, എന്റെ വാശിയും നാട്യങ്ങളും നിങ്ങള്‍ മനസിലാക്കുന്നു, എന്നെ അറിയുന്നു എന്ന് ഞാനറിയുമ്പോള്‍ തോന്നുന്ന ആത്മാഭിമാനമില്ലാത്ത വൃത്തികെട്ട മനസ്സിന്റെ സുഖം അതൊന്നു വേറെ തന്നെയാണ്."
അതുകേട്ട ്പോള്‍ എനിക്കവളെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന്‍ തോന്നി.
അതേസമയം എന്റെ അപരത്വത്തിന്റെ വിഷാദം എന്നെ തളര്‍ത്തി. ജീവിതം ആസ്വദിക്കാനുള്ളതാണ് എന്ന പുതുമയുടെ ചൊല്ല് എന്റെ മനസ്സില്‍ വൈരുധ്യം നിറച്ചു. സ്വയം വഞ്ചിക്കുന്ന ഈ നേരങ്ങളില്‍ സത്യത്തില്‍ എനിക്കെന്ത് സന്തോഷമാണ് നല്‍കുന്നത്. ഈ വികാരത്തിന്റെ ആത്മാര്‍ത്ഥക്ക് എന്ത് പരിവേഷം കൊടുക്കും. ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്. അതിനൊന്നും ഈ സമയങ്ങള്‍ക്ക് ഇടയില്ല. ജീവിതം തന്നെ മനസ്സിനെ വഞ്ചിക്കുന്ന ഓരോ നാടകങ്ങളാണ്.
അതില്‍ നല്ല വേഷമണിയുക, കയ്യടി വാങ്ങുക.
പിന്നെ മദ്യപിക്കുക, അതില്‍ ഉന്മാദിക്കുക.
ഞങ്ങള്‍ രണ്ടും ഉള്ളില്‍ സന്തോഷം നിറച്ചു എവിടെയോ മറഞ്ഞ അന്തസത്തയെ മറന്നു കൊണ്ട് ആ രാത്രിയിലേക്ക് നടത്തം തുടര്‍ന്നു.