ഇന്ഫ്ലുവന്‍സ

ഇന്നലെ പെയ്ത മഴയില്‍ നനഞ്ഞ എന്റെ നോക്കിയ 3310 മൊബൈലിന് എന്തെന്നില്ലാത്ത കിരികിരുപ്പ്, പോക്കറ്റിന്റെ കനത്തിനു കൊണ്ട് നടക്കുന്ന ഈ കമ്മ്യൂണിക്കേഷന്‍ ബാര്‍ സോപ്പിനും മൂക്കടപ്പോ?!

"ജലദോഷത്തിനു കൊട്ടന്‍ചുക്കാദി കൊടുക്കാം, കുരുമുളകിട്ടു ഒരു കാപ്പിയും കൂടെ ആവുമ്പോള്‍ എല്ലാം ശരിയാവും" എന്റെ മനസ്സ് പിറുപിറുത്തു.

ഈ കനത്തിനു നെഞ്ചോട്‌ ചേര്‍ത്തു കൊണ്ട് നടക്കുന്ന ഈ സാധനം, എന്റെ പ്രിയപ്പെട്ട സുഹൃത്താണ്, എന്റെ കാമുകിയുമാണ്. എന്റെ എല്ലാമാണ്.

അവളുടെ നെറ്റിയില്‍ നോക്കിയ എന്നെഴുതിയ ഭാഗത്ത് ഞാന്‍ മെല്ലെ തലോടി. സ്ക്രീനില്‍ മേലെ ഭാഗത്ത് ലൈറ്റ് അണയുന്നില്ല. എനിക്ക് പേടിയായി. ഹൊറര്‍ സിനിമകളിലെ പേടിപ്പെടുത്തുന്ന രംഗങ്ങള്‍ പോലെ ആ നിമിഷങ്ങള്‍.

മണിക്കൂറുകള്‍ ലാവണ്യയുടെ മാസമുറ പോലെ തെറ്റാതെ വന്നും പോയും സമയം കഴിഞ്ഞു. എന്റെ തടിച്ച മൊബൈലിന് മാത്രം അനക്കമില്ലാ. ചക്ക്രശ്വാസം വലിക്കുന്ന പോലെ അവള്‍ക്കു ഒരു റിംഗ് വന്നു. മരണത്തിന്റെ ഇടയിലേക്ക് നീയും മറയുകയാണോ എന്നെ തനിച്ചാക്കി.

ചുണ്ണാമ്പ് തിരുകിയ ബീഡികളില്‍ എന്റെ സ്‌ട്രക്‌ചറല്‍ അനാലിസിസ്‌ ആന്‍ഡ്‌ ഡിസൈന്‍ ടെക്‌നിക്‌നു ഒരു പുതിയ ബുദ്ധിതോന്നി. ഝടിതിയായ എന്റെ മനസ്സും കൈകളും ഓപറേഷന്‍ തുടങ്ങി. ബോട്ടം ബോഡിയും ടോപ്‌ ബോഡിയും ഇളക്കി, ആദ്യമായിട്ടാണ് ഞാന്‍ അവളുടെ നഗ്നത കാണുന്നത്, സൂക്ഷ്മതയോടെ നഗ്നമായ ആ ശരീരം ഞാന്‍ ഒരു വെള്ള തുണിയില്‍ ഇറക്കി വെച്ചു, ജീവന്‍ പോകുന്ന വൈബ്രേഷന്‍ മൂലം ഇടയ്ക്കു ഞരങ്ങിയും മൂളിയും അവളങ്ങനെ കിടന്നു.

അവിടെയും ഇവിടെയും തങ്ങി നില്‍ക്കുന്ന ജലകണങ്ങളെ ഞാന്‍ ഒപ്പിയെടുത്തു. വിറയാര്‍ന്ന ആ ബോഡി എന്റെ മനസ്സിലും സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു.

ജലശീകരം ഉലര്‍ന്നപ്പോള്‍ അവള്‍ക്കു ജീവന്‍ വച്ചു. പിന്നെ ചെറിയ താക്കോല്‍ദ്വാര ശാസ്ത്രക്രിയ വേണ്ടി വന്നു അവളെ പഴയപോലെ ജീവന്‍ വെപ്പിക്കാന്‍. തിരിച്ചു ജീവന്‍ വച്ച സന്തോഷത്തില്‍ അവള്‍ വെല്‍കമിംഗ് ടോണ്‍ പാടി. അവളുടെ സ്കിന്നും കീ പാഡും ചേര്‍ത്തുവെച്ചു ഞാന്‍ അവളുടെ നന്ഗത മറച്ചു. ബോഡികളും ചേര്‍ത്തുവെച്ചു ഇപ്പൊള്‍ അവള്‍ പഴയ പോലെ തുടിക്കുന്നു.

അവള്‍ക്കു ഇന്ഫ്ലുവന്‍സ ആയിരുന്നു. ഇന്നലെ പെയ്ത മഴയില്‍ വഴി തെറ്റി ഒറ്റപ്പെട്ടുപോയ ഒരു കുഞ്ഞി വൈറസ്‌ അവളുടെ ബാറ്ററിക്ക് പിന്നില്‍ ഒളിച്ചു കിടക്കുകയായിരുന്നു.

വാല്‍കഷണം: നോക്കിയ 3310 എന്ന പഴയ ഉല്‍പത്തി മൊബൈലിന് വൈറസ്‌ പിടിക്കില്ല.