കുറ്റബോധമണവാട്ടി!ഇപ്പൊഴെങ്ങും നീല ജമന്തികള്‍ വിരിഞ്ഞ തോല്‍വികളാണ്, ആത്മാവിലെ പുഞ്ചപ്പാടത്ത്‌ ഈ തോല്‍വികളുടെ നീല ജമന്തികള്‍ മാത്രം വിരിഞ്ഞു നില്‍ക്കുന്നു. മിക്കവാറും എല്ലാ ദിവസങ്ങളിലും അവയൊരു കൊടുങ്കാറ്റായി എന്റെ നഷ്ടബോധത്തിലേക്ക് ആഞ്ഞടിക്കും. തോല്‍വികളുടെ, നീല ജമന്തിപ്പൂക്കളുടെ മണമുള്ള കാറ്റ്.

പക്ഷെ ആഞ്ഞടിച്ചുവരുന്ന തോല്‍വികള്‍ക്കെതിരെ പൊരുതാന്‍ വേണ്ടി എന്റെ ചുറ്റിലും നെയ്മീന്‍ വറ്റിച്ച ഒരു ലോഡ്‌ പുച്ഛം വാരിവിതറും ഞാന്‍‍, എന്നിട്ട് കൂന്തളവിയലും കൂട്ടി ഗോതമ്പ് പായസം കുടിച്ച നിര്‍വൃതിയില്‍ ആനന്ദക്കണ്ണുനീര്‍ പൊഴിക്കും. അപ്പോഴും നീരാവിയായ് പൊങ്ങിപ്പോവുന്ന ആരോരുമറിയാത്ത എന്റെ മനസങ്കടത്തിന്റെ അലകള്‍ക്ക് കനമുണ്ടാവാറില്ല.

മേഘക്കെട്ടില്‍ച്ചെന്ന് കൂടണയുന്ന ആ സങ്കടങ്ങള്‍ പിന്നെ മഴയായി പെയ്തിറങ്ങും, സ്വപ്നങ്ങളില്‍ തളിര്‍ക്കുന്ന സങ്കടങ്ങള്‍ക്ക് മേല്‍ മൂടിയിട്ട ഓര്‍മ്മകളെ ഈറനണിയിച്ച് ആ മഴ തകര്‍ത്ത് പെയ്യും ‍, അപ്പോള്‍ ഓര്‍മകളുടെ അകിടില്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന പ്രണയം വേദനയോടെ കരയുമ്പോള്‍ ഞാന്‍ വാപൊളിച്ചു ചിരിക്കും. ഞാന്‍ ബാഹ്യമായ ചിരികള്‍ ചിരിക്കാറില്ല എന്നിരുന്നാലും എന്റെ എല്ലാ ചിരിയിലും ഒളിഞ്ഞു കിടക്കുന്ന പുച്ഛഭാവം എല്ലാവര്‍ക്കും ദര്‍ശിക്കാം.

എനിക്കിപ്പോള്‍ പ്രണയം എന്താണെന്നറിയില്ല, എല്ലാം "മ്ലേഛമായ ചിന്തകളും", "ഹീനമായ ചെയ്തികളും" അതുമാത്രം, അതിനുമപ്പുറം ഞാന്‍ രാഷ്ട്രീയക്കാരുടെ അസഹിഷ്ണുത കാണിക്കും, നിഷ്കളങ്കമായി കള്ളം പറയും, ഉപദ്രവിക്കാതെ നോവിക്കും, ചിരിപ്പിക്കാതെ സന്തോഷിപ്പിക്കും, ഇഷ്ട്പ്പെട്ടാലും ഇല്ലെങ്കിലും പുഛ്ചിച്ചു ചിരിക്കും! വേശ്യകളെപ്പോലെ.. കാര്യം കഴിഞ്ഞ് അവര്‍ കാശ് വാങ്ങുമ്പോള്‍ വരുന്ന ആ ചിരി, അവരുടെ മക്കളുടെ വിശപ്പിന്റെ വിളിക്ക് കണങ്കാലുകൊണ്ട് ആഞ്ഞുതൊഴിക്കുന്ന സുഖമുണ്ട് ചിലനേരത്ത് ആ ചിരിക്ക് ‍. ആ മനസ്സുഖം എന്റെ പുച്ഛച്ചിരിയില്‍ എപ്പോഴും തണുത്തു കിടക്കുന്നുണ്ടാവും.

സംഭവം അതൊന്നുമല്ല, ഇപ്പോഴെന്റെ മുഖംമൂടി അഴിയുന്നു, ഈ അറിവിനും പരിചയത്തിനുമപ്പുറം ഞാന്‍ നിന്നെ അറിയുമ്പോള്‍, എന്നിലേക്ക് മാത്രമായി നീ ചായുമ്പോള്‍, നിന്റെ നേര്‍ത്ത വിരലുകള്‍ കൊണ്ടെന്റെ മുഖത്ത് നീ ചിത്രം വരക്കുമ്പോള്‍, ഇപ്പോഴെന്റെ മുഖംമൂടി അഴിയുന്നു.

ലേബല്‍: കുറ്റബോധമണവാട്ടി 2, അഹങ്കാരജവാന്‍ 3, പ്രണയവാറ്റ് 1