പാട്ടിയമ്മയുടെ ചൂല്



നിത്യവും ഞാന്‍ ഉണര്ന്നിരുന്നത് പാട്ടിയമ്മയുടെ അടിച്ചു വാരലിന്റെ ശബ്ദം കേട്ടിട്ടായിരുന്നു. തീര്‍ത്തും നിശബ്ദമായ അന്തരീക്ഷത്തില്‍ ചൂലിന്റെ മണ്ണിനെ മുറിപെടുത്തുന്ന ശബ്ദം എന്റെ പുലര്‍കാല സുന്ദര സ്വപ്നങ്ങളെ നെടുകെ കീറും. അത് കൊണ്ടാവാം പാട്ടിയെയും പാട്ടിയുടെ ചൂലിനെയും ഞാന്‍ വെറുത്തിരുന്നത്.

പക്ഷെ ഇന്ന് അതിനു വിത്യസ്തമായി ചിറ്റമ്മ ഭഗവത്‌ഗീത വായിക്കുന്നു. നന്ദിനിയുടെ തേങ്ങല്‍ കേള്‍ക്കാം.  പാട്ടിയെ തുണി കെട്ടി കിടത്തിയിരിക്കുന്നു, അയല്പക്കക്കാര്‍ കൂടി ഇരിക്കുന്നു, ദൈവമേ എന്താണ് ഞാനീ കാണുന്നത്, അതെ മരിച്ചിരിക്കുന്നു, പാട്ടിയമ്മ മരിച്ചിരിക്കുന്നു. എന്റെ മുഖത്ത് ചിരി വിടര്‍ന്നു. അത് കണ്ട നന്ദിനിയുടെ മുഖത്ത് സന്തോഷമോ ദുഖമോ ഒന്നും വിളിച്ചോതാത്ത  ഒരു തരം നിര്‍വികാരത പരന്നു. എന്തോ എനിക്കവളോട് പുച്ഛം തോന്നി.

രാവുണ്ണി മാമന്‍ വന്നിട്ട് തീരുമാനം വല്യച്ചനെ അറിയിക്കാം എന്നാണ് ഓപ്പോള്‍ പറഞ്ഞത്. ദഹിപ്പിക്കാന്‍ അനുവാദമില്ല, എന്നാലും പ്രശനം വച്ച് അങ്ങട്ടു ദഹിപ്പിക്ക തന്നെ. കാരണവന്‍മാര്‍ അടക്കം പറയുന്നത് കേട്ടൂ.  ദുഃഖത്തിന്റെ കനം കൊണ്ടാണോ ന്നറിയില്ല അതോ ഇനി ഞാന്‍ ബോധംകെട്ടു വീണതാണോ ന്നറിയില്ല എങ്ങും നിശബ്ദത മാത്രം.

തീര്‍ത്തും നിശബ്ദമായ അന്തരീക്ഷത്തില്‍ ചൂലിന്റെ മണ്ണിനെ മുറിപെടുത്തുന്ന ശബ്ദം കേട്ട് ഞാന്‍ വീണ്ടും ഉണര്‍ന്നു.

കണ്ണീര്‍ ഡാം

കരയാതെ ഒഴുകുന്ന കണ്ണുനീര്‍കൊണ്ട് ഞാന്‍ ഒരു മുല്ലപെരിയാര്‍ കെട്ടും, അത് ആരും പൊളിക്കാനോ പുതുക്കി പണിയാനോ പറയരുത്. വല്ലാണ്ട കളിച്ചാല്‍ ഞാനും എന്റെ പ്രണയവും ഈ കണ്ണീര്‍ ഡാമില്‍ ചാടി ആതമഹത്യ ചെയ്യും. സത്യം.