വിഭ്രാന്തിയുടെ ജല്‍പനങ്ങള്‍!

മൗനത്തിന്റെ ഭാരം വേദനയായി മാറുന്ന നേരം. അവ്യക്തമായ നൊമ്പരങ്ങള്‍ പേമാരിയായി പെയ്തിറങ്ങുന്ന നേരം. വീണ്ടും ആ വരണ്ട അവസ്ഥയിലേക്ക്, അറിയാത്ത ഭീതികള്‍, എവിടെയെന്നറിയാത്ത സങ്കടങ്ങള്‍, എങ്ങും വിളങ്ങി നില്‍ക്കുന്ന അരക്ഷിതാവസ്ഥ മാത്രം. 

ഇതുവരെ ഈ പ്രതിഭാസം പ്രണയങ്ങളുടെ മഞ്ഞളിപ്പില്‍ എവിടെയോ മറഞ്ഞിരിക്കുകയായിരുന്നു. ഇത്ര പെട്ടെന്ന് വീണ്ടും ഈ വിഷാദ രതിയിലേക്ക് ഞാനെങ്ങനെ പടര്‍ന്നു കയറി? ഒരു പക്ഷെ നീയാവാം! അറിയില്ല. പിടയുന്ന മനസ്സിന്റെ ചെറിയ തുരുത്തുകളിലെ സങ്കടങ്ങളെ തിരഞ്ഞുപിടിച്ചു കാരണങ്ങള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

കാരണമില്ലാത്ത ഈ ഒറ്റപ്പെടല്‍ അസഹനീയമാം വിധം എന്നെ വേദനിപ്പിക്കുന്നു. എല്ലാ ഉണ്ടായിട്ടും എല്ലാവരും ഉണ്ടായിട്ടും ഞാന്‍ എന്നെത്തന്നെ മറന്നു പോവുകയാണോ? അകലെ മറഞ്ഞിരുന്നു ഗോഷ്ടികള്‍ കാണിച്ചു പ്രലോഭിപ്പിച്ചു രസിക്കുന്ന മരണത്തെ ഞാന്‍ പ്രണയിക്കുന്നുണ്ടോ?

നിരാശ! എങ്ങും വിവരിക്കാനാവാത്ത സങ്കടമുഖങ്ങളില്‍ മുങ്ങിയ നിരാശകള്‍. കാല്‍പനികതയുടെ നിരാശകള്‍ പകലില്‍ ഉദിച്ച നക്ഷത്രങ്ങളെപ്പോലെ! ഒന്നും പറയാതെ കൊഴിഞ്ഞുപോവുന്ന ഈ നിമിഷങ്ങളെ ഞാന്‍ എങ്ങനെ നിര്‍വചിക്കും.

ഹൃദയം പാടുന്ന പാട്ടുകളില്‍ വിരഹമല്ലാ, പക്ഷെ വിദൂരതയില്‍ നിഗൂഡതയില്‍ വിരിയുന്ന അവര്‍ണ്ണനീയമായ വിഷാദംമാത്രം. മൗനത്തിനു കൂട്ടായി പൊടിയുന്ന കണ്ണുനീരുമാത്രം. എന്തിനെന്നറിയാതെ ഇരുള്‍ വിങ്ങുന്ന താളത്തില്‍ പൊടിയുന്ന കണ്ണുനീര്‍ മാത്രം.

ഞാന്‍ എന്നെ എവിടെയോ ഉപേക്ഷിച്ച സങ്കടം. ഇപ്പൊഞാന്‍ എന്നെത്തന്നെ തിരയുന്ന പോലെ. ഇരുട്ടിന്റെ അലകള്‍ എന്റെയുള്ളിലേക്ക് അതിന്റെ കൂര്‍ത്ത മുനകള്‍ കുത്തിപ്പിടിക്കുന്നു, എനിക്ക് വേദനിക്കുന്നു. ശരിക്കും വേദനിക്കുന്നു. ഈ രാത്രിയൊന്ന്‍ അവസാനിച്ചിരുന്നെങ്കില്‍ !

പ്രണയക്കെടുതികള്‍











മണ്ണൊലിച്ച പാടവരമ്പത്ത്
വെയിലുകൊണ്ട പ്രണയം
ജീവനില്ലാതെ കിടന്നു.

മാറില്‍ ഉരുള്‍പൊട്ടി
താഴ്ന്ന സ്നേഹങ്ങള്‍ക്കു വേണ്ടി
നിലവിളിക്കാനാളു വന്നില്ല.

വന്യമായി ചിരിച്ചിരുന്ന
നിലാവ് പരന്ന ചുണ്ടുകളില്‍
ഇണക്കുരുവികള്‍ കാഷ്ടിച്ചു​..

പേറുനിറുത്തിയ കണ്ണുകള്‍ക്ക്‌
നിലക്കാതെ ചുരത്താന്‍
കണ്ണുനീരുറവകള്‍ പൊട്ടിയില്ല..

പെയ്തൊഴിഞ്ഞു തുറന്ന മാനത്ത്‌
പ്രണയാത്മാവ് ടിക്കറ്റില്ലാതെ
വിസയില്ലാതെ പരക്കം പാഞ്ഞു.

കടപുഴകിയ മരം മണ്ണിലാണ്ട
പ്രണയ ശവങ്ങളില്‍
കൊമ്പുകള്‍ ഇറക്കി ഭോഗിച്ചു.

അന്നും സദാചാരമന്ത്രിമാര്‍ അതിഥികളായി
പ്രണയത്തിന്റെ കെടുതിമുറ്റത്ത് തമ്പടിച്ചു
ദുരിതാശ്വാസവീമ്പു പ്രസംഗിച്ചു​..

പ്രണയത്തിന്റെ നിറഭേദങ്ങള്‍ !

സര്‍ഗാത്മാഗതയുടെ അസ്ഥിവാരങ്ങളില്‍
ഒട്ടിപിടിച്ചു കിടന്ന മൂന്നുവരിക്കവിതയിലെ
അക്ഷരങ്ങളായിരുന്നു പ്രണയം.

ഞാനും അവളും തീര്‍ത്ത മൌനതീര്‍ത്ഥങ്ങളില്‍
മണത്തു ജീര്‍ണിച്ചു കിടന്നിരുന്ന
നിസ്സംഗഭാവമായിരുന്നു പ്രണയം

ഭ്രാന്തമായ വരികളിലെ നിരപരാധികളായ
അക്ഷരങ്ങളുടെ ഇടയില്‍ വീര്‍പ്പുമുട്ടിക്കിടന്ന കണ്ണീരിന്റെ
കനത്ത നിശ്വാസങ്ങളായിരുന്നു പ്രണയം.

അറിഞ്ഞും അറിയാതെയും മനസ്സിലെരിഞ്ഞ
തിരിനാളങ്ങളിലെ വേര്‍പാടുകളുടെ പുകയായ്‌
മച്ചിലൊട്ടിയ നിശബ്ദതയായിരുന്നു പ്രണയം‍.

ആരെയോ തിരയുന്ന ഇരുട്ടിന്റെ ആത്മാവിലടക്കപ്പെട്ട
സ്വപ്നങ്ങളുടെ സ്വാര്‍ത്ഥതയില്‍ ആത്മഹത്യ ചെയ്ത
നഷ്ടബോധങ്ങളായിരുന്നു പ്രണയം.


ഹരിണിയുടെ സ്വപ്‌നങ്ങള്‍ !













സ്വപ്നങ്ങളുടെ ആവനാഴിയിലെ ഓരോ വില്ലുകളും മേഘകെട്ടുകള്‍ക്കിടയിലൂടെ തുളഞ്ഞു പോവുന്ന നേരം, ചത്ത മെസ്സേജുകളെയും മെയിലുകളെയും ഉള്ളിലാക്കി വിങ്ങുന്ന ചൂടില്‍ എല്ലാം മറന്നു കിടന്നുറങ്ങുകയായിരുന്ന മൊബൈല്‍ഫോന്‍ നിലവിളിച്ചു.

ഹരിണിയാണ്, പാതിരാത്രിക്ക് എന്താണാവോ!

ഉറക്കച്ചടവില്‍ തന്നെ ഹലോ വച്ചു.

എന്താ ഹരിണി?

  ഉറങ്ങിയോ?

ഇല്ല, കാബറെ കളിച്ചിരിക്കുകയാണ്!

  ങേ!

ഉറങ്ങാതെ പിന്നെ! ഈ നട്ട പാതിരാക്ക് എന്താ?

  അല്ല, ഞാന്‍ വെറുതെ...
  ഉറക്കം വരുന്നില്ല അതോണ്ടാ!

ഉം!

  അതേയ് നമ്മുക്ക് ഈ നിലാ വെളിച്ചത്തില്‍ ചുമ്മാ നടക്കാന്‍ പോയാലോ?
  നിങ്ങള്‍ ബൈക്ക് എടുത്തു വരുമോ?

നാളെ ആഗസ്റ്റ്‌ രണ്ടു. ആഗസ്റ്റ്‌ രണ്ടിനു ഏപ്രില്‍ ഫൂള്‍ ഒന്നുമില്ലല്ലോ?

  ഞാന്‍ കാര്യത്തിലാ,
  ഈ നിലാവത്തിങ്ങനെ ഇറങ്ങി നടക്കാന്‍ തോന്നണു!

നിനക്ക് അശോകിനെ കെട്ടിപിടിച്ചോ, കെട്ടിമറിഞ്ഞോ കിടന്നുറങ്ങിക്കൂടെ പെണ്ണെ? ചുമ്മാ നാട്ടപാതിരാക്ക് ഓരോ പ്രാന്തും പറഞ്ഞു വിളിച്ചോളും.

അങ്ങേത്തലയില്‍ ഒരു നിശബ്ദത, എന്റെ ഉറക്കം വരുന്ന കണ്ണുകളും ഉറക്കത്തെ പിടിച്ചു നിര്‍ത്തുന്ന മനസ്സും തമ്മില്‍ സമരം നടത്തുന്നതിടയില്‍ ആ നിശബ്ദതയങ്ങനെ കാടുപിടിച്ചു കിടന്നു. പലപ്പോഴും എന്റെ കണ്ണുകള്‍ തുറന്നിരിക്കുമ്പോള്‍ മനസ്സിനു ഉറങ്ങണം, മനസ്സ് തുറക്കുമ്പോള്‍ കണ്ണിനു ഉറങ്ങണം. ഇതിപ്പോ!

ഹരിണീ.. [നീട്ടി വിളിച്ചു]

  അശോക്‌ ഉറങ്ങി, കൂര്‍ക്കം വലിച്ചുറങ്ങുന്നു.. നിങ്ങള്‍ കേള്‍ക്കുന്നില്ലേ.

ആ വേറിട്ട ശബ്ദത്തില് എന്തോ നിരാശകലര്‍ന്ന പോലെ തോന്നി. നിരാശയില്‍ തണുത്ത നിശ്വാസങ്ങളും പതുക്കെ ചലിക്കുന്ന അവളുടെ ചുണ്ടുകളും കൂട്ടിയിടിച്ചാല്‍ ഉണ്ടായെക്കുന്ന വിസ്ഫോടനങ്ങള്‍ എന്റെ മനസ്സിനെ നോവിപ്പിച്ചു. എന്റെ ഉറക്കം വരുന്ന കണ്ണുകള്‍ സമരം നിര്‍ത്തി.

ഉം. ഞാനും ഒന്ന് മൂളി.

  നിങ്ങള്ക്ക് ഉറക്കം വരുന്നുന്നെനിക്കറിയാം , എന്നാലും ഞാന്‍ ബുദ്ധിമുട്ടിക്കും.

ഹി, ഹി.. എന്റെ ചിരി.
ഹരിണി പറ. എന്റെയുറക്കം പോയി.

  ശരിക്കും?

ഉം. എന്റെ മൂളല്‍.

  സത്യത്തില്‍ ഞാനൊരു സ്വപ്നം കണ്ടെണീറ്റതാ.. ഒരു ഉള്‍വിളിയുള്ള സ്വപ്നം. ഇങ്ങനൊന്നും കാണാത്തതാ. പിന്നെ ഉറക്കം വന്നില്ല. അതാ.

ഈ സ്വപ്നത്തിനു ഈ നേരത്ത് തന്നെ തല വെക്കണം ന്നു നിനക്ക് നല്ല നിര്‍ബന്ധം ഉണ്ടോ?

  ഉം. ഉണ്ട്!

ശരി, എന്നാ പറ.

  ഇല്ല, നിങ്ങള്‍ പോയി കിടന്നോ, ഞാനും ഉറങ്ങാ!
  സോറി!

ദേഷ്യം? പരിഭവം? ഇതിലേതാ.. നീ പറ ഹരിണി. ഞാന്‍ കേള്‍ക്കാം

  സത്യം?

ഉം. എന്റെ മൂളല്‍.

  ദിനോസോറുകള്‍ റോഡിലൂടെ  ഓടുകയായിരുന്നു, നമ്മടെ ടൈടല്‍ പാര്‍ക്കിലെ ബില്‍ഡിംഗ്‌ന്റെ ഒക്കെ ഇടയിലൂടെ, ബാങ്ക് റോഡിലെ ബില്‍ഡിംഗ് ഒക്കെ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നു, അതിന്റെയൊക്കെ  ഇടയിലൂടെ ഞാന്‍ ഓടുകയാണ്. എങ്ങോട്ടന്നില്ലാതെ. ദിനോസോറുകളും, ആഫ്രിക്കന്‍ ആനകളും ഓടുന്നതിന്റെ ഇടയിലൂടെ ഞാന്‍...

നിര്‍ത്ത്, നിര്‍ത്ത്, ഇതെന്തു ഹോളിവുഡ്‌ സ്വപ്നമോ?

  ഞാനൊന്ന് പറയട്ടെ മുഴുവന്‍ കേള്‍ക്കു.

ഒകെ, പറയൂ.

  നിങ്ങളും ഉണ്ട് ഇതീ.

എന്നാ കാര്യായിട്ട് തന്നെ പറ, ഞാന്‍ കേട്ടോളാം.

അവള്‍ വീണ്ടും ദിനോസോറുകളും ആഫ്രിക്കന്‍ ആനകളുമായി തുടങ്ങി...

  ഞാന്‍ ഓടുകയാണ്. എങ്ങോട്ടന്നില്ലാതെ. എവിടേക്കെന്നില്ലാതെ. വീണ്ടും ഓടുന്നു. ഇടിഞ്ഞു വീഴുന്ന നഗരങ്ങള്‍ കഴിഞ്ഞു, കൊയ്ത്തു നിര്‍ത്തി വീട്ടിലേക്കു മടങ്ങുന്ന ചെറിയ ചിന്തകള്‍ പേറുന്ന മനുഷ്യര്‍ ജീവിക്കുന്ന ചെറിയ ഗ്രാമങ്ങള്‍ താണ്ടി ഓടി. ഓടി തീരത്ത കാടുകളായി പിന്നെ, അത് കഴിഞ്ഞപ്പോള്‍ കയറാന്‍ ബുദ്ധിമുട്ടുള്ള കല്ലിന്‍ കൂട്ടങ്ങള്‍ മുളച്ച മലകളായി, എന്നിട്ടും ഞാന്‍ ഓട്ടം നിര്‍ത്തിയില്ല, ഓടി ഓടി അവസാനം ഞാന്‍ ഒരു പരന്ന ഭൂപ്രദേശത്തു എത്തി.  അവിടെ നീല വിരിച്ച  തടാകവും അതിനടുത്തു ഒരു വടിയും കുത്തി പിടിച്ചു നിങ്ങളും.

  നീണ്ട നിര വീണ, ചെമ്പിച്ച താടിയൊക്കെ വച്ച് നിങ്ങള്‍,  നിങ്ങളൊരു ബ്രൌണ്‍ നിറമുള്ള കമ്പിളി പുതപ്പ് പോലെ ഉള്ള എന്തോ ചുറ്റിയിരിക്കുന്നു. അത് കണ്ടപ്പോള്‍ എനിക്കും തണുക്കുന്ന പോലെ തോന്നി. നിങ്ങടെ മുഖത്ത് ചിരിയായിരുന്നു അപ്പോഴും. എല്ലാരേയും മയക്കി നിര്‍ത്തുന്ന ആ നിഗൂഢതയുള്ള വന്യമായ ചിരി. നിങ്ങള്‍ എന്നെ പ്രതീക്ഷിച്ചിരുന്ന പോലെ ചുണ്ട് വലിഞ്ഞു ചിരിച്ചു നിന്നു.  കുറെ നേരം ഞാന്‍ നിങ്ങളെ നോക്കി നിന്നിരുന്നോ, അറിയില്ല. എന്തായാലും തൊണ്ട വരണ്ട എനിക്ക് കൈ കുമ്പിളില്‍ വെള്ളം കോരി തന്നു നിങ്ങള്‍ എന്നെ വീണ്ടും അത്ഭുതപെടുത്തി. ഒന്നും പറയാതെ നിങ്ങള്‍ നടന്നപ്പോള്‍ ഞാന്‍ നിങ്ങളെ പിന്തുടര്‍ന്നു. ഒന്നും മിണ്ടാതെ നടക്കുന്ന നിങ്ങളോട് ഞാന്‍ ഭ്രാന്തമായി സംസാരിക്കയായിരുന്നു. ഇതേ പോലെ മൂളിയും ചിരിച്ചും നിങ്ങള്‍ അതൊക്കെ കേട്ട് എന്നെ ദൂരെ ഒരു കുന്നിന്‍ ചെരുവിന്റെ അടുത്തുള്ള കൂരയിലേക്ക്കൊണ്ട് പോയി.

അത്രയും പറഞ്ഞു അവള്‍ നിര്‍ത്തി, അവളിപ്പോള്‍ തുടരും എന്ന് കരുതി ഞാനിരുന്നു. പിന്നെ ഒന്നും കേള്‍ക്കാത്തപ്പോള്‍  അക്ഷമനായി.

എന്നിട്ട്?

   അത്രേ ഒള്ളൂ.
  ഇന്നിത്ര മതി ഇനി നിങ്ങള്‍ പോയി കിടന്നുറങ്ങിക്കോളൂ.

എനിക്ക് ദേഷ്യം വന്നു.

ഇതൊരു മാതരി മറ്റേ ഏര്‍പ്പാടായി.
നാട്ടപാതിരാക്ക് വിളിച്ചുണര്‍ത്തി ദിനോസോറും, ടൈടല്‍ പാര്‍ക്കും, നിനക്ക് വേറെ പണിയില്ലേ ഹരിണി. അവിടെ വെച്ചു നിന്നെ ഞാന്‍ ബാലസംഘം ചെയ്തന്നോ,അല്ലെങ്കി ഞാന്‍ നിന്നെ സ്നേഹിച്ചു ന്നോ വല്ലോം പറയണ്ടേ. ഹിഹി.

അവള്‍ മൗനത്തിലേക്ക് തിരിച്ചു പോയി, എന്റെ ഉറക്കവും പോയി,ഞാനൊരു ഡേവിഡ്‌ഓഫിനു തിരികൊളുത്തി ഊതി വിട്ടു. ഇതെനിക്ക് അവള്‍ സ്വപ്നം കണ്ട പോലെ തോന്നിയില്ല, അവളുടെ സ്വപ്ന ഗര്‍ഭത്തില്‍ നിന്ന് ഒരു ചെറിയ ആശയ സ്വപ്നത്തെ ചോരയോടെ പുറത്തെടുത്തു  മസാല കൂട്ടുന്നത്‌ പോലെ എന്നെയും കൂട്ടി ചെറിയ ഹൈക്കൂ കഥ പറഞ്ഞ പോലെ തോന്നി.  അവളുടെ സിഗ്മണ്ട്ഫ്രോയ്ഡ് അനാലിസിസ്‌ സിണ്ട്രോം എപ്പോഴും ഇങ്ങനെയാണ്, ക്ഷീണിച്ച  പകലിന്റെ നിറത്തില്‍  പോലും ഇതേ പോലെ സങ്കല്പ്പിക്കാന്‍ കഴിയാത്ത സെല്‍ ബേസ്ഡ് ഡ്രീംസ് കാണും. എന്നിട്ട് അതിനെ  കീറി മുറിച്ചു ഗവേഷണം നടത്തും. അതിനു നിരത്തുന്ന വര്‍ണ്ണങ്ങളും വര്‍ണ്ണനകളും, അവളൊരു ജീനിയസാണ്. സ്വപ്നങ്ങളുടെ  ജീനിയസ്!

ഹരിണിയും  അശോകും ലിവിംഗ് ടുഗതറാണ്. കോളേജില്‍ വച്ചുള്ള പരിചയം മുതല്‍ അവര്‍ കാമ്പസ്‌ ഇന്റര്‍വ്യൂലൂടെ കിട്ടിയ ജോലിയിലും താമസത്തിലും ഒരുമിച്ചു തന്നെ. അവരുടെ ഇടയില്‍ പ്രണയമാണോ കാമാമാണോ അതോ വേറെയെന്തെലുമാണോ എന്ന്ഇത് വരെ ചോദിച്ചിട്ടില്ല. തികച്ചും പോസിറ്റിവ് ആയിട്ടുള്ള ഒരാളാണ് ഹരിണി. പ്രൊജക്റ്റ്‌ ആയാലും പേര്‍സണല്‍ ആയാലും. അശോകിന്റെയും എന്റെയും കൂടെ ഒരുമിച്ചു എല്ലായിടത്തും ഞങ്ങളുടെ ബാലസ്വഭാവമായ എല്ലാ തമാശകളിലും പങ്കുചേരുന്നവള്‍.

സ്വപ്‌നങ്ങള്‍ കാണാനും അവയെ അപഗ്രഥിച്ച് നിരൂപിക്കാനും ഇഷ്ടപെടുന്ന ഒരു വ്യക്തി. കാണാനിത്തിരി ചന്തം കുറവാണെങ്കിലും ഔട്ട്‌ഫിറ്റും വ്യക്തിത്വവും കൊണ്ട് മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയായ ഒരു മനുഷ്യജീവി. പുതിയ പ്രൊജക്റ്റില്‍ രണ്ടു പുതിയ കാമ്പസ്‌ റിക്രൂട്ട് വരുന്നുന്നു പറഞ്ഞപ്പോള്‍ ഇത്ര പെട്ടെന്ന് അടുത്ത സുഹൃത്തുക്കളാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എല്ലാത്തിനും എനിക്ക് പറ്റിയ ജാഡയില്ലത്ത, എന്റെ വൃത്തികെട്ട തമാശകള്‍ ആസ്വദിക്കുന്ന രണ്ടു പേര്‍.

ഹരിണിയുടെ ഇത്തവണത്തെ മൌനം വല്ലാതെ  നീണ്ടു പോയി. എന്റെ ആ ബലാല്‍സംഘം ചെയ്തു എന്നുള്ള ചോദ്യം അബദ്ധമായോ? ഏയ്‌, ഇല്ല അതൊന്നും അവള്‍ക്കു പുത്തരിയല്ല.

ഹരിണി. ഞാന്‍ പതിയെ വിളിച്ചു.
ഇയാളുറങ്ങിയോ? എന്നെ സ്വപ്നം കേള്‍ക്കാന്‍ വിട്ടു നീയിതെവിടെപ്പോയി?

  ഉം. ഞാനിവിടുണ്ട്!

കഴിഞ്ഞോ? ദിനോസോറും, ആനകളും?

  ഇല്ലാ, ബാക്കി പറയട്ടെ?

എന്തോന്ന് ചോദിക്കാന്‍, നീ പറ പെണ്ണെ!

പിന്നെ അവള്‍ പറഞ്ഞു. ഒരന്നൊന്നര പറച്ചില്‍! എന്റെ കട്ടയും ബോര്‍ഡും മടക്കിയ പറച്ചില്‍!

  ഓക്കേ, എന്നെ ആ കൂരയിലേക്ക് കൊണ്ട് പോയി. കീറത്തുണി തണല്‍ വിരിച്ച ആ കൂരയിലെ ഒരു കയറു കട്ടിലില്‍ കാണിച്ചു തന്നു. ഞാന്‍ കിടന്നിരുന്നോ? പക്ഷെ ഞാന്‍ ഉറങ്ങി പോയിരുന്നു. രാത്രിയായിരിക്കുന്നു, ഇരുട്ടിന്റെ നേരിയ കനം മാത്രം. നിലാവുണ്ട്. കീറത്തുണിക്കിടയിലൂടെ പകുതി തെളിഞ്ഞ ആകാശം കാണാം.ഞാന്‍ കിടക്കുന്ന കട്ടിലിന്റെ താഴെ നിങ്ങള്‍ കൂര്‍ക്കം വലിച്ചു ചുരുണ്ട് കിടക്കുന്നു. ഞാന്‍ കുറെയധികം സമയം എന്തോ ആലോചിച്ചു ഇരുന്നു. പിന്നെ പെട്ടെന്ന് എണീറ്റ്‌ നിങ്ങളുടെ അടുത്തു വന്നു കിടന്നു. കീറത്തുണിക്കിടയിലൂടെ കാണുന്ന തെളിഞ്ഞ ആകാശത്തു  വലിയ നക്ഷത്രങ്ങള്‍ പാഞ്ഞു പോയി, ഇടയ്ക്കു നിങ്ങളുടെ കൂര്‍ക്കം വലിയുടെ താളങ്ങള്‍ താരതമ്യപെടുത്തി. ചരിഞ്ഞു കിടക്കുന്ന നിങ്ങളുടെ നിഷകളങ്കമായ മുഖം ഞാന്‍ ഇടക്കിടക്കു നോക്കി. ആപ്പോഴും എന്റെ മനസ്സില്‍ ഭ്രാന്തമായി എന്തോ കിടന്നു മറിയുകയായിരുന്നു,

  ഉറങ്ങുന്ന നിങ്ങളെ വിളിച്ചുണര്‍ത്തി ഞാന്‍ പെട്ടെന്നു ചോദിച്ചു.

     "എനിക്ക് ഇത്തിരി സ്നേഹം വേണം"

  പകുതി എണീറ്റിരുന്നു നിങ്ങള്‍ ഒരറ്റത്തെക്ക് കൈ ചൂണ്ടി കാണിച്ചു. കയറു കട്ടിലിന്റെ അടുത്തായി ഉയരത്തില്‍ വെള്ളം നിറച്ചു വച്ചിരിക്കുന്നു എന്ന് തോന്നുന്ന മണ്‍കലം. പക്ഷെ ഞാന്‍ ഭ്രാന്തമായി എന്തോ പുലമ്പുകയായിരുന്നു.

     "വെള്ളമല്ല!  എനിക്ക് സ്നേഹം വേണം "

നിങ്ങളെന്റെ മുഖത്തേക്ക് നിസ്സംഗതതയോടെ നോക്കിയിരുന്നു.

     "എനിക്കിപ്പോ നിങ്ങളെ സ്നേഹിക്കണം, ഈ നിലാവ് തൂവിയ രാത്രി മുതല്‍  എന്റെ എല്ലാ രാത്രികളും നിങ്ങള്ക്ക് വേണ്ടി തുറന്നിടണം, ഇതു വരെ കൂമ്പാത്ത ഈ മുലകള്‍ക്കിടയിലെ ഇരുട്ടില്‍ നിങ്ങളെ ഞാന്‍ എന്നെന്നേക്കുമായി ഒളിപ്പിക്കാം, ഡേവിഡ്‌ഓഫിന്റെ മണമുള്ള നിങ്ങളുടെ നിശ്വസങ്ങളെ എനിക്ക് താലോലിക്കണം, കൈതപ്പൂമണത്തില്‍ ഇഴയുന്ന എന്റെ മുടിചാര്‍ത്തിലെ ഓളങ്ങളില്‍ നിങ്ങളെ ഞാന്‍ എന്നെന്നേക്കുമായി സ്വതന്ത്രനാക്കാം. എന്റെ ചുണ്ടുകളുടെ ഇടയില്‍ വീര്‍പ്പു മുട്ടുന്ന സ്വകാര്യങ്ങള്‍ നിങ്ങള്‍ക്കായി എന്നും പറഞ്ഞുതരാം, എന്റെ സ്വപ്നങ്ങളെ മുഴുവന്‍ നിങ്ങള്ക്ക് സ്വന്തമായി തരാം,  എന്റെ രാത്രികള്‍ നിങ്ങള്‍ക്കായി ഞാന്‍ തുറന്നിടാം, എനിക്കിപ്പോ നിങ്ങളെ സ്നേഹിക്കണം, എനിക്ക് സ്നേഹം വേണം, സ്നേഹം..."

  ഇതെല്ലം കേട്ട നിങ്ങള്‍ എന്റെ വായ പൊത്തി, നമ്മള്‍ ഭാവമാറ്റമില്ലാതെ മുഖത്തോട് മുഖം നോക്കിയിരുന്നു,   കുറച്ചു കഴിഞ്ഞു ആ രാത്രിയിലേക്ക് മുഴുവനെന്നോണം ഉറക്കത്തിലേക്ക് എന്നെ അമര്‍ത്തി കിടത്തിയുറക്കി. അപ്പോഴും രണ്ടു മൂന്നു നക്ഷത്രങ്ങള്‍ ആകാശത്തിലൂടെ പാഞ്ഞു പോയിരുന്നു. പിന്നെ മൊത്തം മിന്നി മറഞ്ഞ ചില കാഴ്ചകള്‍. ഇരുട്ട് മൂടിയ എന്റെ ദേഹത്ത് കൈ വച്ച് നിങ്ങളെന്നെ കെട്ടിപിടിച്ചു കിടന്നു.

  കഴിഞ്ഞു. ഇത്രേ ഒള്ളൂ.

ഉം. ഇത് പോരെ? ഇതീ കൂടുതല്‍ ഇനി എന്ത് വേണം?

  [അവള്‍ ചിരിക്കുന്നു] ഇതെല്ലാം കൂടെ ആയപ്പോള്‍ എനിക്കെന്തോ പോലെ തോന്നി. അതാ ഈ നേരത്ത് തന്നെ വിളിച്ചത്. ഇത് സ്വപ്നമാണോ അതോ എന്റെ മനസ്സിന്റെ തന്നെ വേറിട്ട ഭാവങ്ങളാണോ എന്നെനിക്കറിയില്ല.    എനിക്ക് എന്തോ മാറ്റം വന്നിട്ടുണ്ട് ഈയിടയായി.ഇതോരു സ്വപ്നമായി മാത്രം ഒതുങ്ങുന്നില്ല, പുറമെയുള്ള ഞാന്‍ അവസാനിക്കുന്നിടത്തു  നിന്നും ഉള്ളിലെ ഞാനെന്ന സ്ഥായി ഭാവം തുടങ്ങുന്ന വികാരങ്ങളെ ചൂഷണം ചെയ്യാന്‍ മാത്രം പോന്നവയാണ് ഇതിലെ കാഴ്ചകളും എന്റെ സംസാരങ്ങളും.  ഇത് നിങ്ങളോട് പറഞ്ഞില്ലെങ്കില്‍ എനിക്ക് മനസ്സില്‍ കുറ്റബോധം തോന്നും, നാളെ നിങ്ങളെ കാണുമ്പോള്‍ എനിക്കറിയില്ല, നിങ്ങളോട് എനിക്ക് സംസാരിക്കാന്‍ തോന്നില്ലായിരിക്കാം. അതാ ഈ നേരത്ത് തന്നെ നിങ്ങളെ വിളിച്ചു പറഞ്ഞത്. ക്ഷമിക്കണം.

അവള്‍ ഫുള്‍ സ്റ്റോപ്പിട്ട് നിര്‍ത്തി, ഞാന്‍ ആകെ വിഷന്ണ്ണ്‍നായിപ്പോയി . എന്ത് പറയണം, എങ്ങനെ പറയണം. സത്യത്തില്‍ ഞാന്‍ ചൂളിപ്പോയി. അവളുടെ  ഇമ്മാതിരി ഒരു  സ്വപ്നം ആദ്യമായിട്ടാണ്. ദിനോസോറുകളും ആഫ്രിക്കന്‍ ആനകളുമായി തുടങ്ങി ഓടിയ അവള്‍ സ്വപ്നത്തിനു പുറത്തു എന്റെ വായ മൂടിപൊത്തിയപോലെയായി. പല  സ്ത്രീകളെയും കാന്തികമായി മോഹിപ്പിച്ചു അവരുടെ മനസ്സില്‍ ആത്മവഞ്ചനയുടെ ദുഖങ്ങള്‍ കുത്തി നിറക്കുന്ന ഒരു കഴിവ് എനിക്കുണ്ട്, പക്ഷെ ഇതിവള്‍ എനിക്കിട്ടു പണിതന്ന പോലെയായി. ഇങ്ങനെയൊരു സ്വപ്നത്തിന്റെ ചതി ഇവളില്‍ നിന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

നല്ല സ്വപ്നം ഹരിണീ, ഇത്രയും നാള്‍ കേള്‍ക്കാത്ത പുതുമയുള്ള സ്വപനം. നിന്റെ പ്രേമ ഭാവങ്ങള്‍ മുഴുവന്‍ നിഴലിക്കുന്ന സ്വപ്നം. സത്യത്തില്‍ ഏതൊരു കാമുകനും ആഗ്രഹിക്കാന്‍ പോന്നവണ്ണം റൊമാന്‍സ് കുത്തിയോഴുകുന്ന കാഴ്ചകള്‍. സത്യത്തില്‍ ഞാന്‍ തരിച്ചിരുന്നു പോയി. ദിനോസോറും, ആനകളും, പ്രണയവും ഒക്കെയുള്ള ഒരു വത്യസ്ത സ്വപ്നം. എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.

  വേണമെങ്കില്‍ നിങ്ങളെ മാറ്റി അശോകിന്റെ പേര് വച്ച് പറയാമായിരുന്നു. പക്ഷെ അതിന്റെ ഫീല്‍ നഷ്ടപെടും ന്നു കരുതി. നാളെ ആയാ എന്തോ ചിലപ്പോ ഞാന്‍ കണ്ടത് കണ്ട പോലെ പറയില്ല. നിങ്ങള്‍ അറിയണം എന്ന് തോന്നി. അതാ ഈ രാത്രിയില്‍ തന്നെ പറഞ്ഞത്.

ഉം. നന്നായിരിക്കുന്നു.

  എന്നാ, നിങ്ങള്‍ പോയി കിടന്നോളിന്‍, കുറെ സമയം എനിക്ക് വേണ്ടി ഉറക്കമൊഴിച്ചതില്‍ നന്ദിയുണ്ട്. ഞാന്‍ ഉറങ്ങട്ടെ! ഗുഡ് നൈറ്റ്‌‌!

അപ്പോള്‍ നടക്കാന്‍ പോണ്ടേ? ഞാന്‍ ബൈക്ക് എടുത്തു വരാം.

[ചിരിക്കുന്നു] ഇന്ന് വേണ്ട! ഇന്ന് നമ്മള്‍ നടക്കാന്‍ പോയാല്‍ നിങ്ങള് ബുദ്ധി മുട്ടും, ഇന്ന് ഞാന്‍ അശോകിന്റെ ഹരിണിയല്ലാന്നു തോന്നുന്നു.
നമ്മുക്ക് വേറെഒരുദിവസം പ്ലാന്‍ ചെയ്തു ഇറങ്ങാം, അശോകിനെയും കൂട്ടാം.

ഉം,ഓക്കേ, ന്നാ ചെല്ല്, സ്ലീപ് ടൈററ്, ഗുഡ് നയിറ്റ്‌!

അവള്‍ ഫോണ്‍ കട്ട് ചെയ്തു, അവളോട്‌ ഇനിയും കൂടുതല്‍ നേരം സംസാരിചിരിക്കാന്‍ തോന്നി, അവള്‍ അവളുടെ സ്വപ്നങ്ങളെ പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ ഞാനൊരിക്കലും എന്റെ സ്വപ്നങ്ങളിലെ മേഘകെട്ടുകളെയോ, ദൈവത്തിന്റെ പഞ്ഞിപോലുള്ള കാരുണ്യത്തിന്റെ മറുകുകളോ പരാമര്‍ശിച്ചിട്ടില്ല. മിക്കവാറും അവളുടെ സ്വപ്നങ്ങളിലെ വന്യത കലര്‍ന്ന കാഴ്ചകളും, ഇത് വരെ എനിക്ക് തോന്നാത്ത ആശയങ്ങളും ആസ്വദിച്ചിരിക്കും. പക്ഷെ ഈ സ്വപ്നം ഇത് എന്നെ പൂര്‍ണ്ണമായും എരിച്ചിരിക്കുന്നു. ഇതിലെ അവളുടെ നായകനോ അശോകിന്റെ പ്രതിനായകാനോ ഞാനാണ്. ഒറ്റപെട്ട ദിവസങ്ങളില്‍ എപ്പോഴെന്കിലും മനസ്സിന്റെ ഏതെങ്കിലും ഞാനവളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടാവും!

സത്യത്തില്‍ കാത്തിരിന്നിരുന്നോ?
വേണ്ട! എന്തിനു ഞാന്‍ വീണ്ടും സ്വയം വഞ്ചിക്കപ്പെടണം.

ഞാന്‍ മറ്റൊരു ഡേവിഡ്‌ഓഫിനു തിരികൊളുത്തി പുകയൂതി വിട്ടു, കഴിഞ്ഞ ബര്‍ത്ത്ഡേക്ക് അവള്‍ സമ്മാനിച്ച സിഗ്മണ്ട് ഫ്രോയ്ഡിന്റെ ബുക്ക്‌ ഷെല്‍ഫില്‍ എവിടെയോ ഉണ്ട്. ഇനി അത് തിരഞ്ഞു തപ്പിതടഞ്ഞു വീഴാം. ഇന്നത്തെ ഉറക്കത്തെ മറക്കാം.

അന്നത്തെ നിലാവ് തൂവിയ മാനത്ത് ഇത്തിരി വലിയ നക്ഷത്രങ്ങള്‍ അപ്പോഴും പാഞ്ഞു പോയി കളിച്ചു.