പ്രണയപ്പനി.

പ്രണയപ്പനിച്ചൂടില്‍ പുതച്ചുകിടന്നു വിറച്ച ദിവസങ്ങളില്‍ ആര്‍ത്തിയോടെ കഴിച്ച പൊറോട്ടയും ബീഫും വരെ എന്നെച്ചതിച്ചു. ചിതറിപ്പതിഞ്ഞ് തെളിഞ്ഞു നിര്‍ഗളിച്ചു മിന്നുന്ന നക്ഷത്രങ്ങളെ മേഘം മൂടിവെച്ച ആ നേരങ്ങളില്‍ ഞാന്‍ സ്വത്ര്യന്ത്രത്തോടെ കരഞ്ഞു. ഒരു ഗദ്ഗദത്തിന്‍റെ നിറവില്‍ മൂന്നുലിറ്റര്‍ കണ്ണീരു ചുരത്തിയ കണ്ണുകളോടെനിക്കു സഹതാപം തോന്നി.

എന്റെയും എന്റെ പ്രണയത്തിന്‍റെയും ഇടയില്‍ നിലനിന്നിരുന്ന അപക്വമായ ആ സുഖമുള്ള നിശ്ശബ്ദത അളന്നെടുക്കുമ്പോള്‍ അതില്‍ അലിഞ്ഞിരുന്ന നിന്‍റെ ചിരികള്‍ എന്നെ ഭയപ്പെടുത്തി. ആ നിശബ്ദതയില്‍ ആരോ വലിച്ചെറിഞ്ഞപോലെ നിന്‍റെ ചിരികളും മൗനങ്ങളും അനങ്ങാതെ തളംകെട്ടിക്കിടന്നു. പിന്നീടെപ്പോഴോ ആ ചിരികള്‍ പൊട്ടിച്ചിതറുന്നതും അതിന്‍റെ പ്രതിധ്വനികള്‍ എന്‍റെയുള്ളില്‍ പരക്കുന്നതും ഞാന്‍ തിരിച്ചറിഞ്ഞു. ശൂന്യമായ ഒരു വാതിലിന്‍റെ പിറകില്‍ ഒരു ജനമത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്കെന്നപോലെ ഒന്നുമറിയാതെ നീ നടന്നകന്നപ്പോള്‍ ഞാന്‍ എന്‍റെ പ്രണയത്തെ കുരിശില്‍ത്തറയ്ക്കാന്‍ തുടങ്ങുകയായിരുന്നു.

പിന്നൊരുദിവസം പ്രസവവേദനയില്‍ പിടഞ്ഞ ഒട്ടകപ്പക്ഷിയെപ്പോലെ പ്രണയത്തിന്‍റെ വരാന്തയുടെ ഇടുക്കുകളിലൂടെ ഞാന്‍ ഭ്രാന്തുപിടിച്ചോടുകയായിരുന്നു. കിനാവുകളുടെ മൂര്‍ദ്ധന്യത്തില്‍ പരന്നൊഴുകിയ സഹതാപം നിറഞ്ഞ സ്നേഹവും കാമവും മണിമുഴക്കത്തോടെ ഇരുട്ടിന്‍റെ വിജനതയില്‍ അഭയം തേടി. വിളറി പിടിച്ചോടിയ നിന്‍റെ ഓര്‍മ്മകള്‍ വരാന്തയുടെ കരിങ്കല്‍ത്തൂണുകളില്‍ ചെന്നിടിച്ചു ചിന്നിച്ചിതറി.

അന്നു നീ അയാളെ സ്നേഹിച്ചു കൂര്‍ക്കംവലിച്ചുറങ്ങുന്നനേരം സ്വപ്നങ്ങളുടെ കനത്തനിറഭേദങ്ങളുടെ നിബിഡത വെടിഞ്ഞു എന്‍റെ പ്രണയം അവസാനശ്വാസം വലിക്കുകയായിരുന്നു.