നീയെന്നെ....

നീ എന്നിലേക്ക്‌ 
ഒരു മഴച്ചാല്‍ വെട്ടിതരിക.
ഞാനതില്‍ നിന്നൊരു 
സമുദ്രം ഉണ്ടാക്കിയെടുത്തു കൊള്ളാം..

നീ എന്നിലേക്ക് 
ഒരു പുഴയെ ഒഴുക്കി വിടുക.
നിന്റെ സ്നേഹങ്ങളെ 
ഞാനതില്‍ ഓളങ്ങളായി പ്രതിഫലിപ്പിച്ചോളാം

നീ എന്നിലേക്ക് 
നിന്റെ മനസ്സിനെ വിട്ടുതരിക.
ഞാന്‍ എന്നെന്നെക്കുമായി
അതെന്റെ ആത്മാവിനെ പുതപ്പിച്ചു കൊള്ളാം.

നീയെന്നെ
നിന്നിലേക്ക് വലിച്ചടുപ്പിക്കുക.
ഞാന്‍ നിന്റെ ഹൃദയതാളത്തില്‍ ലയിച്ചു 
അറിയാതെ മരണത്തിലേക്ക് ഉറങ്ങി കൊള്ളാം.

എന്നെ പ്രണയിക്കുക

മൌനത്തില്‍ ഒളിപ്പിച്ചുവച്ച സങ്കടങ്ങളെ മുലയൂട്ടി വളര്‍ത്തുന്ന നിന്റെ ഒളിച്ചോട്ടം നിര്‍ത്തുക? കണ്‍പോളകളില്‍ കനത്തു കിടക്കുന്ന വേദനകളെ ചുരത്താന്‍ ആ പാവം കണ്ണുകളെ അനുവദിക്കുക. എന്നെ പ്രണയിക്കുക.

പേടിപ്പെടുത്തുന്ന മഴ

മനസ്സിന്‍റെ ഒരു കോണില്‍ പെയ്യുന്ന സുഖമുള്ള മഴയാണു നീ. എന്‍റെ ആത്മാവിലേക്ക് തോടുവെട്ടി എന്‍റെ ഞാനെന്ന ഭാവത്തിന്‍റെ ഓരോ ഇഞ്ചിലും തിമിര്‍ത്തുപെയ്യുന്ന മഴ. വിരസതകള്‍ വിതച്ച മൗനങ്ങള്‍ ഓക്കാനിക്കുന്ന മുനയുള്ള ഓര്‍മ്മത്തുണ്ടുകള്‍ പെറുക്കിക്കളിക്കുമ്പോള്‍ വീണ്ടും വീണ്ടും നിന്നില്‍ നനയാന്‍ പ്രേരിപ്പിക്കുന്ന മഴ. എന്‍റെ ഹൃദയത്തെ പ്രളയത്തിലേക്ക് നയിക്കുന്ന പേടിപ്പെടുത്തുന്ന മഴ.

ഇനിയും മരിക്കാത്ത നൊമ്പരങ്ങള്‍

കാല്പനികതയുടെ അസ്ഥിവാരങ്ങള്‍ മാന്തുന്ന JCB വിടര്‍ത്തിയ കൂര്‍ത്ത പല്ലുകളില്‍ ഒട്ടിപിടിച്ചത് മരിച്ചു മണ്മറഞ്ഞു പോയ ഓര്‍മകളുടെ ഇനിയും മരിക്കാത്ത നൊമ്പരങ്ങള്‍... 

തന്മയത്വം.



അകലങ്ങളില്‍ മരിച്ചുവീഴുന്ന സ്നേഹത്തിന്റെ നിഴലിനെ നീ നോക്കാതിരിക്കുക. നിന്റെ കണ്ണുകളില്‍ തഴച്ചുവളരുന്ന മഴമേഘങ്ങളെ നീ പെയ്തൊഴിയിപ്പിക്കുക. ഉണങ്ങിവരണ്ട  നിലങ്ങളില്‍ പിടഞ്ഞു നീങ്ങുന്ന സമയങ്ങളെ നിന്റെ കണ്ണുനീര്‍ കൊണ്ട് സ്‌നിഗ്‌ധമാക്കുക. നിന്റെ മനസ്സിലെ മെലിഞ്ഞുണങ്ങിയ പ്രണയത്തിനെ നീ ആദ്രതയോടെ പുണരുക. നിന്റെ ബുദ്ധിയുടെ താക്കോല്‍ പഴുതില്‍ നീ നിന്റെ മനസ്സാക്ഷിയെ ഒളിപ്പിക്കുക. നിന്റെ ചിരിയില്‍ വിടരുന്ന കാരുണ്യത്തെ നീ ഒരു മരമായ്‌ വളര്‍ത്തുക. നിന്റെ പ്രണയത്തെ വേര്‍പ്പെടുത്തി ആ മരത്തെ നീ പുഷ്ടിപ്പെടുത്തുക.