കാത്തിരിപ്പ്



ഞാനിനി എന്ത് ചെയ്യും?
എങ്ങനെ എല്ലാവരെയും ഫേസ് ചെയ്യും?
അറിയില്ല?

ഇന്ന് വൈകിട്ടു തന്നെ തരാം എന്നാണവള്‍ പറഞ്ഞത്. തരുമോ? പെയ്യാന്‍ വെമ്പി നില്‍ക്കുന്ന കാര്‍മേഘങ്ങള്‍ പോലെ എന്റെ മനസ്സും വിതുമ്പി നില്‍ക്കുന്നു. ഞാനാരെ കണ്ടുവോ അവള്‍ എന്നെ മാത്രം കണ്ടില്ല. അവളുടെ മിഴികളില്‍ ഞാന്‍ ഇതുവരെ പെട്ടിട്ടില്ലേ? ഈ വൈകുന്നേരം അവളുടെ കുപ്പിവളകള്‍ ചിരിച്ചില്ല. കരിതേച്ച കണ്ണുകള്‍ മിനുങ്ങിയില്ല. നിമിഷങ്ങള്‍കൊണ്ട് മാറുന്ന ഈ ജീവിതം, എന്തേ ഞാന്‍ മാത്രം മറാത്തൂ. ഞാനെന്തേ അവളെമാത്രം പ്രതീക്ഷിച്ച് ഇനിയും ഈ മഞ്ഞവെയിലത്ത് നില്‍ക്കുന്നു. തല ചുറ്റുന്ന പോലെ തോന്നുന്നു.

"ദിവ്യ" അതാണവളുടെ പേര്. ഈ വൈകുന്നേരത്ത്‌ എന്നെ കാണാത്തപോലെ അവള്‍ നടന്നകലുകയാണോ. മാമന്‍ ദുബായീന്നു വന്നപ്പൊ എനിക്ക് കൊണ്ടുതന്ന പെന്‍സിലാ. രാവിലെ ഇന്റര്‍വെല്‍ സമയത്ത് അടക്കാപ്പഴം കാണിച്ച് എന്നെ മയക്കി അടക്കാപ്പഴത്തിനു പകരം അവള്‍ ചോദിച്ചത് ആ പുതുപുത്തന്‍ ഗള്‍ഫ്‌ മണമുള്ള പെന്‍സിലായിരുന്നു. മഞ്ഞ നിറമുള്ള പഴുത്ത അടക്കാപ്പഴം കണ്ടപ്പോള്‍ എന്റെ ആര്‍ത്തികാരണം ഞാനത് മനസ്സില്ലാമനസ്സോടെ കൊടുത്തു. വൈകുന്നേരം തിരികെ തരാമെന്നു കട്ടായം പറഞ്ഞപ്പോള്‍ ഒരു തെല്ല് ആശ്വാസത്തോടെ ഞാന്‍ വൈകുന്നേരം വരെ ഇരിക്കയാണ്. കൊടുക്കേണ്ടിയില്ലായിരുന്നൂന്ന് ഇപ്പൊത്തോന്നുന്നു. ഇനിയിപ്പോ തിരിച്ചു കൊടുക്കാന്‍ അടക്കാപ്പഴം. ഹുദാ ഗവാ..?

എന്റെ പെന്‍സില്‍. ഇനിയിപ്പോ ആ പെന്‍സില്‍ അവള്‍ തിരിച്ചു തരില്ലേ? എനിക്കത് തിരിച്ചുകിട്ടില്ലേ? ദൈവമേ അത് കൊണ്ട് ചെന്നില്ലേല്‍ അമ്മയും ചേച്ചിയും എന്നെ വഴക്ക് പറയും.

ദിവ്യേ! എന്റെ പെന്‍സില്‍.."

പിരിയുന്ന ജീവിതപ്പാതകള്‍ !


അറിഞ്ഞും അറിയാതെയും ഞങ്ങള്‍ സ്നേഹിച്ചത് വെറുതെയാവുമോ എന്ന് ഞങ്ങള്‍ ഭയന്നിരുന്നില്ല! "എന്തിനു വെറുതെ" ഞങ്ങള്‍ എന്നും ചോദിക്കുന്ന ചോദ്യമാണിത്. ഓരോരോ ദിവസങ്ങളും കടന്നുപോകുന്നത് ഞങ്ങളങ്ങനെ നെടുവീര്‍പ്പോടെ നോക്കിയിരുന്നു. മഴയത്തും വെയിലത്തും ഞങ്ങള്‍ സ്നേഹിച്ചുനടന്നപ്പോള്‍ പിരിയുമെന്നറിയാമായിട്ടും അതറിയാത്തപോലെ ഞങ്ങള്‍ സ്നേഹിച്ചു. വീണ്ടും ഞങ്ങള്‍ ഞങ്ങളോടുതന്നെ ചോദിക്കുമായിരുന്ന എന്തിനു വെറുതെ ഇങ്ങനെ ജീവിക്കണം? പക്ഷെ പിരിയുന്ന നാള്‍ വരെയും സ്നേഹിച്ചു കഴിയാമല്ലോ എന്നായിരുന്നു രണ്ടുപേരുടെയും ഉത്തരങ്ങള്‍.


കണ്ണുനീരുകള്‍ പാഴാക്കാതെ ഞങ്ങള്‍ മൂകതയെ ചിരികളില്‍ പൂഴ്ത്തി. മിഴികളിലൂടെ ഉത്തരങ്ങള്‍ കൈമാറി അകലം സൂക്ഷിച്ചും പൊടി ശ്വസിച്ചും നടന്നു. വഴിയെ പോകുന്നവര്‍ ഞങ്ങളുടെ സ്നേഹത്തെ സഹതാപത്തോടെ നോക്കി. കളഞ്ഞുപോയ എന്തോ തിരയുന്ന പോലെ ഞങ്ങള്‍ നടിച്ചു. തൊണ്ണൂറുകളിലെ നിരാശാ കാമുകീകാമുകന്‍മാരെപ്പോലെ ഞങ്ങള്‍ കയറിയിറങ്ങിയ തീരങ്ങളിലെ തിരകള്‍ ഞങ്ങളുടെ ദുഃഖകഥകള്‍ ഏറ്റുപാടി. ഞങ്ങളുടെ മനസ്സിന്റെ അകലങ്ങള്‍ക്കിടയില്‍ ആര്‍ത്തിരമ്പുന്ന ആഴക്കടലില്‍ കണ്ണീരിന്റെ മഴ നിര്‍ത്താതെ പെയ്തു. ഞാനറിയാതെ അവളും, അവളറിയാതെ ഞാനും കരഞ്ഞു. വീണ്ടുമൊരു തിരിച്ചറിവ് ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ അകലാന്‍ ശ്രമിക്കുമ്പോഴും മനസ്സിന്റെയുള്ളിലെ സ്നേഹം ഒരു വിങ്ങലായി, വേദനയായി തിരികെ വന്നു.

പിന്നീടെപ്പോഴോ ഞങ്ങളെടുത്ത തീരുമാനം മരണത്തിന്റെ മണമുള്ളതായിരുന്നു. സ്നേഹത്തിന്റെ അവസാനം മരണമാണെന്ന തിരിച്ചറിവ് കിട്ടിയതുമുതല്‍ ഞങ്ങള്‍ പരസ്പരം പ്രണയത്തെ വെറുക്കാന്‍ ശ്രമിച്ചു. അങ്ങനെയാണ് ഞങ്ങള്‍ തീവണ്ടിയുടെ മുന്നില്‍ച്ചാടി മരണം വരിക്കാന്‍ തീരുമാനിച്ചത്.

അന്നത്തെ ദിവസം മരിക്കാനായിമാത്രം എണീറ്റ ഞങ്ങള്‍ വഴിതെറ്റാതെ നേരേ പോയത് റെയില്‍പ്പാളത്തിലേക്കായിരുന്നു. ട്രെയിനിന്റെ ഒച്ചകേട്ട ഞങ്ങള്‍ ആദ്യം മരണം വരിക്കുന്നത് ആരെന്നു തീരുമാനിക്കാനായി അടുത്ത ട്രെയിന്‍ വരുന്നതുവരെ കാത്തിരിക്കാന്‍ തീരുമാനിച്ചു. ഞങ്ങളെ മരണത്തിലേക്ക് നയിക്കാതെ ആ ട്രെയിന്‍ പാഞ്ഞു പോവുമ്പോള്‍ നിരാശയോടെ ഞങ്ങള്‍ ഞങ്ങളുടെ പ്രണയത്തെ വീണ്ടും ശപിച്ചു. അടുത്ത വണ്ടിക്കുവേണ്ടി കാത്തിരുന്ന ഞങ്ങള്‍ ഒരുമിച്ചു മരിക്കാനുള്ള തീരുമാനത്തിലെത്തി. സമയം കാത്തിരുന്ന ഞങ്ങളുടെ മരണം തേടി ഒരു തീവണ്ടിയും വന്നില്ല, അന്നത്തെ ഒടുക്കത്തെ ട്രെയിന്‍ തടയല്‍ സമരം കാരണം ഞങ്ങള്‍ ആത്മഹത്യാശ്രമം പിന്നീടൊരു ദിവസത്തേക്ക് മാറ്റിവെച്ച് മടങ്ങി.

പിന്നീടൊരിക്കലും ഞങ്ങള്‍ പരസ്പരം കണ്ടിട്ടില്ല, കാണാന്‍ ശ്രമിച്ചിട്ടുമില്ല.

Weird Dreams!

I’m busy running to catch-up my weird dreams.
As of I’m in the middle of your story.
Yet your lips "in" and my lips "out". 

Rays from your eyes burned my love. 
When tears washed your face.
I drowned in your tears.

My destination itself seems to be lost in the tracks.
Where am I? And where are you?
I’m lost in my dreams!

കഥയില്ലാത്തവരുടെ കഥകള്‍ !


മേഘങ്ങള്‍ക്കിടയിലൂടെ ബൈക്കോടിക്കുമ്പോള്‍ എന്റെ എകാഗ്രതക്കുമേല്‍ ചാരിവെച്ചിരുന്ന അവളുടെ അമ്മിഞ്ഞയുടെ ഭാരംകൊണ്ട് ഞാന്‍ വളഞ്ഞിരുന്നു. അവളെന്നെ പിന്നില്‍നിന്ന് ഒട്ടിയമര്‍ന്നു ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു.

അവളുടെ താടിയെല്ല് എന്റെ തോളില്‍ അമര്‍ത്തിയും എടുത്തും എന്തോ പേരിടാത്ത ആത്മസുഖം അനുഭവിക്കുന്നതായി തോന്നി.

മേഘക്കെട്ടുകള്‍ക്കിടയിലൂടെ താഴെക്കാണുന്ന അവലോസ് പാടങ്ങളും, തേക്കിന്‍ കാടുകളും കണ്ടപ്പോള്‍ ഞാനിത്തിരി റൊമാന്റിക്‌ ആയി. ഞാന്‍ അവളോട്‌ അവളുടെ മനസ്സിളക്കാന്‍ ചോദിച്ചു.

"നിനക്കറിയ്യോ എനിക്ക് നിന്നോട് എത്ര സ്നേഹം ഉണ്ടെന്ന്?"

"ഉം"

തിരിച്ചൊരു മൂളല്‍ മാത്രം. അതെനിക്കറിയാമായിരുന്നു, ആ മൂളല്‍ മാത്രെമേ ഉണ്ടാവൂ എന്ന്. പിന്നെ അവളെന്നോട് പറഞ്ഞു.

"നിനക്കറിയില്ലേ ഞാന്‍ നിന്നെ സ്നേഹിക്കുന്നില്ലാന്ന്"

ഞാന്‍ ചിരിച്ചു. അവളൊന്നുകൂടി അമ്മിഞ്ഞ പുറകിലമര്‍ത്തി എന്നെ ചുറ്റിപ്പിടിച്ചിരുന്നു. ഞാന്‍ ഒന്നൂകൂടി വളഞ്ഞ് ഇരുന്നു. താടിയെല്ല് അമര്‍ത്തിയും എടുത്തും അങ്ങനെ. ബൈക്ക്  മേഘങ്ങള്‍ക്കിടയിലൂടെ വളഞ്ഞും തിരിഞ്ഞും അങ്ങനെ എങ്ങോട്ടോക്കെയോ പോയി.

----------------------

സമയം പോയതറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ അവളെന്റെ നെഞ്ചില്‍ തലവെച്ച് ഉറങ്ങുന്നു.

അവളെ തട്ടിയെണീപ്പിച്ചു.

"അതെ! ഇപ്പൊ ഇറങ്ങിയില്ലേല്‍ എനിക്കെന്റെ KLM മിസ്സ്‌ ആവും."

മനസ്സിലാമനസ്സോടെ അവളെണീറ്റു. പിന്നെ ധൃതിയില്‍ എയര്‍പോര്‍ട്ടിലെക്ക്.

ബോര്‍ഡിംഗ് വാങ്ങി വന്നപ്പോഴേക്കും അവള്‍ അക്ഷമയായി കാത്തിരിക്കുന്നുണ്ടായിരുന്നു.

  "ഇയാള്‍ക്കിപ്പത്തന്നെ പോണോ, ഒരു പത്തു മണിക്കൂര്‍ കഴിഞ്ഞു പോയാപ്പോരെ?"

എനിക്ക് ചിരി വന്നു. ഒരു നിമിഷം നിര്‍ത്തി അവള്‍ തുടര്‍ന്നു.

"ഐ മീന്‍ നെക്സ്റ്റ് ഫ്ലൈറ്റിനു പോയാപ്പപ്പോരെന്ന് ‍"

"നെക്സ്റ്റ് ഫ്ലൈറ്റിനു പോയാല്‍ എനിക്കെന്റെ പെരുന്നാള്‍ മിസ്സാവും"

അവളെന്തെലും പറയുന്നതിനുമുമ്പ് ഞാനവളുടെ ഇരുകവിളത്തും അമര്‍ത്തി ഉമ്മവെച്ചു. അവള്‍ക്കതില്‍ സന്തോഷമോ ദുഖമോ എന്നല്ല പ്രത്യക ഭാവ വത്യാസമൊന്നും ഉണ്ടായിരുന്നില്ല.

"തിരിച്ചൊരു ഉമ്മകിട്ടാനുള്ള വല്ല വകുപ്പുമുണ്ടോ? നീയിതെന്നും വാങ്ങാന്നല്ലാതെ എന്നെലും തിരിച്ചു തന്നിട്ടുണ്ടോ? "

"എനിക്കിതിന്റെയൊന്നും അവശ്യമില്ലല്ലോ, ഞാനൊന്നും ഇയാളോട് ചോദിച്ചിട്ടും ഇല്ല, പിന്നെന്താ! "

ഞാനും മൌനം അവലംബിച്ചു. ഇതുതന്നയാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നതും. കൂടുതലൊന്നും അവള്‍ മിണ്ടില്ല, പറയില്ല, സമ്മതിക്കില്ല. എല്ലാം ഞാന്‍ പറയണം, കൊടുക്കണം. അവള്‍ ചുമ്മാ ആത്മരതിയില്‍ മുങ്ങിക്കളിച്ച് അങ്ങനെയിരിക്കും.

  "ഇനി ഇയാള്‍ ഒന്നരമാസം കഴിഞ്ഞേ വരൂ അല്ലെ?"

"ഉം" ഞാന്‍ മൂളി.

  "ഇനി വരുമ്പോ എനിക്കൊരു കഥ പറഞ്ഞു തരണം, ഇതുവരെ വേറെ ആരോടും പറയാത്ത കഥ, സ്വപ്നങ്ങളുടെയും മേഘങ്ങളുടെയും ഇടയില്‍ ജീവിക്കുന്നവരുടെ കഥ! കഥയില്ലാത്തവരുടെ കഥകള്‍ "

"ഉം" ഞാന്‍ പിന്നേം മൂളി.

ഞാന്‍ കഥ പറയാറുണ്ട്‌. എന്റെതന്നെ കഥകള്‍, ഉള്ളതും ഇല്ലാത്തതും വെച്ചുള്ള കഥകള്‍. പക്ഷെ ഇവളോട് ഞാനൊരിക്കലും ഒരു കഥയും പറഞ്ഞിട്ടില്ല. എന്നിട്ടും ഇവളെങ്ങനെ ഇതെല്ലാം. എന്നെ അടുത്തറിയുന്ന ആരേലും പറഞ്ഞു കാണുമോ, എനിക്ക് അതിന്റെ പിന്നാലെ പോവാന്‍ സമയമില്ലായിരുന്നു. എത്രയും പെട്ടെന്ന് നാട്ടിലെത്തുക എന്നതായിരുന്നു മനസ്സില്‍. ചിന്തകള്‍ക്ക് വേലികെട്ടി വരുമ്പോഴേക്കും എന്റെ ബോര്‍ഡിംഗ് അനൌണ്സ്മെന്റ് വന്നു.

"ഞാന്‍ പോവട്ടെ" എന്ന് പറഞ്ഞതെ ഒള്ളൂ.

തിരിച്ചു നടന്നു അവള്‍ ആക്കൂട്ടത്തില്‍ മറഞ്ഞിരുന്നു. ഉച്ചത്തില്‍ പേര് വിളിച്ചാലും അവള്‍ അവള്‍ കേള്‍ക്കില്ല. ഇനി കേട്ടാലും അവള്‍ തിരിഞു നോക്കുകയോ കൈവീശുകയോ ചെയ്യില്ല. ഫ്ലൈറ്റില്‍ ഇരിക്കുമ്പോള്‍ അവളെ വിളിക്കാന്‍ തോന്നി, വിളിച്ചില്ല. എളുപ്പത്തില്‍ ഒരു SMS അയച്ചു.

"will miss U, as i said i dont know... kisses"

അതിനു മറുപടി ഞാന്‍ പ്രതീക്ഷിച്ചില്ല, കാരണം അതിനു മറുപടിയില്ല. എനിക്ക് സന്ദേഹങ്ങളും ഇല്ല! ഈ സൌഹൃദത്തിനും പ്രണയത്തിനും ഇടയില്‍ ഒരു വന്യതയുണ്ട് അതായിരുന്നു അവള്‍. അവളെ മൌനങ്ങളിലും നോട്ടങ്ങളിലും വാക്കുകളിലും നിഴലിക്കുന്ന നിസ്സംഗഭാവങ്ങളില്‍ എന്തോ ഉണ്ട്, ഞാന്‍ എന്നെ തേടുന്ന വഴികളില്‍ മറന്നു വെച്ച എന്തോ ഒന്ന്.

as i said, i dont know what is that!

ചില സ്വാതന്ത്ര്യദിന ചിന്തകള്‍ : ചര്‍ച്ച



















[സുഹൃത്ത്] താങ്കള്‍ ഇത് കണ്ടോ?

"ഒരു സിനിമയില്‍ പറഞ്ഞ പോലെ ക്രിക്കറ്റ്‌ കളി കാണുമ്പോളും യുദ്ധം ഉണ്ടാവുംമ്പോളും മാത്രമേ പലര്‍ക്കും ദേശ സ്നേഹം ഉണ്ടാവുന്നുള്ളൂ വച്ചാ എന്താ ചെയ്യാ ?? അത് പോലെ സ്വാതന്ത്ര്യ ദിനമാവുമ്പോള്‍ ഫേസ്ബുക്കില്‍ ഇന്ത്യന്‍ കൊടി ഇട്ട കൊണ്ടോ മുഖത്ത് ത്രിവര്‍ണ്ണ നിറം പൂശിയത് കൊണ്ടോ പ്രകടിപ്പിക്കേണ്ടത് ആണോ യഥാര്‍ത്ഥ രാജ്യസ്നേഹം ??"

{ഞാന്‍} ഞാന്‍ വായിച്ചു.

[സുഹൃത്ത്] ഇങ്ങനെയുള്ളതിനെപ്പറ്റി എന്താണ്  താങ്കളുടെ അഭിപ്രായം?

{ഞാന്‍} എനിക്കിതിനോടു പ്രത്യേക മമതയോന്നുമില്ല, പക്ഷെ ഈ ചോദ്യം പ്രസക്തമാണ് താനും.

[സുഹൃത്ത്] ശ്രദ്ധിക്കപ്പെടാന്‍ കുറെയെണ്ണം ഇതേ പോലെ ഓരോന്ന് പറയുന്നുണ്ട്.

{ഞാന്‍} എനിക്ക് നിസ്സംഗതയാണ് തോന്നുന്നത്.

[സുഹൃത്ത്] ഒരു ദിവസം ഇങ്ങനൊക്കെ വെച്ചതുകൊണ്ട് എന്താണ് പ്രശ്നം?

{ഞാന്‍} എന്ക്കീ സ്വാതന്ത്ര്യത്തിന്റെ ഒരു വികാരവും തോന്നുന്നില്ല.

[സുഹൃത്ത്] അത് അതിനു മുന്‍പ് ഇല്ലാത്തതു കൊണ്ടാവാം!

{ഞാന്‍} അങ്ങനെയല്ല, ശരിക്കുമോര്‍ത്താല്‍ നമ്മള്‍ സ്വതന്ത്രരാണോ? എനിക്ക് ഞാന്‍ സ്വതന്ത്രനാണെന്ന് തോന്നുന്നില്ല. ബ്രിട്ടീഷില്‍ നിന്ന് നമ്മള്‍ സ്വതന്ത്രരായി അത് ശരിയാണ്.

[സുഹൃത്ത്] അതെങ്കിലും കിട്ടിയില്ലേ?

{ഞാന്‍} അതെ! അത് നല്ല കാര്യം തന്നെ.

[സുഹൃത്ത്] ഒന്നോര്‍ത്തു നോക്കൂ. ഇങ്ങനെ പോലും സ്വാതന്ത്ര്യം ഇല്ലാത്ത എത്ര രാജ്യങ്ങളുണ്ട് നമ്മുക്ക്  ചുറ്റും.

{ഞാന്‍} പക്ഷെ നമ്മളെക്കാളും സ്വാതന്ത്ര്യം അനുഭവിക്കുന്ന എത്ര രാജ്യങ്ങള്‍ ഉണ്ട്, അതും വിസ്മരിക്കരുത്.

[സുഹൃത്ത്] ഇവിടെ നമ്മുക്ക് സമരം ചെയ്യാനും അഭിപ്രായം പറയാനുമുള്ള സ്വത്യന്ത്രമുണ്ട്. അതൊന്നുമില്ലാത്ത എത്ര രാജ്യങ്ങള്‍ ഉണ്ട്. നമ്മള് അനുഭവിക്കുന്നതിനേക്കാള്‍ ഉള്ളതുണ്ടാകാം ഇത്രയെങ്കിലും കിട്ടി എന്നത് ഇതിനേക്കാള്‍ ഉള്ള രാജ്യങ്ങള്‍ ഉണ്ട് എന്നതിനേക്കാള്‍ പ്രസക്തമാണ്.

{ഞാന്‍} താരതമ്യപ്പെടുത്തിയല്ല സ്വാതന്ത്ര്യം അളക്കേണ്ടത്. ഞാന്‍ / നീ എന്ന പൗരസ്വാതന്ത്ര്യം, നിര്‍ഭയത്വം, സ്വന്തം അവകാശങ്ങള്‍ ആരോടും യാചിക്കാതെ കിട്ടുന്ന അവസ്ഥ അതാവണം സ്വാതന്ത്ര്യം.

[സുഹൃത്ത്] അതൊക്കെ ഇവിടുത്തെ ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടല്ലേ? അതിനു സ്വാതന്ത്ര്യം നേടാന്‍ കഷ്ടപ്പെട്ടവരുമായി എന്ത് ബന്ധം?

{ഞാന്‍} ഇതുപോലുള്ള നമ്മളനുഭവിക്കുന്ന ഓരോ പ്രശ്നങ്ങളും സ്വാതന്ത്ര്യലബ്ധിയോടുള്ള അനാദരവായിട്ടേ എനിക്ക് കാണാന്‍ കഴിയൂ. പക്ഷെ അതേസമയം സ്വാതന്ത്ര്യസമരസേനാനികളെ ഞാന്‍ ധീരതോയോടെ സ്മരിക്കുന്നു.

[സുഹൃത്ത്] അതിനുള്ള ദിനമായി ആചരിക്കുന്നു എന്നുള്ള പ്രത്യേകതയെങ്കിലും ഈ ദിനം അര്‍ഹിക്കുന്നില്ലേ?

{ഞാന്‍} അതിലുമപ്പുറം. ഞാന്‍ സ്വാതന്ത്ര്യം എന്താണെന്നു ചിന്തിക്കുമ്പോള്‍, രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളെയോര്‍ത്തു; ഭരണഘടന ഉണ്ടാക്കിയതിനു ശേഷവും പൊതുജനം അനുഭവിക്കുന്ന കഷ്ടതകളെയും ഓര്‍ക്കുമ്പോള്‍, ചിലപ്പോഴെങ്കിലും എനിക്ക് ബ്രിട്ടിഷ് ഭരണമായിരുന്നു ഭേദം എന്ന് തോന്നിപ്പിക്കുന്ന ഒരവസ്ഥയുണ്ടെങ്കില്‍, അത് മനസ്സിനെ പിടിച്ചു കുലുക്കുന്നുവെങ്കില്‍; നമ്മളെന്തിനു സ്വാതന്ത്ര്യം നേടി അല്ലങ്കില്‍ അവരെന്തിനു സ്വാതന്ത്ര്യം തന്നു എന്ന ചോദ്യം മനസ്സില്‍ ഉയരുന്നു. എന്റെ അഭിപ്രായത്തില്‍ ഒരു പ്രത്യേക അവധി ദിവസം പ്രഖ്യാപിച്ചും പതാക പൊന്തിച്ചും ഈ ദിനത്തെ സ്മരിക്കേണ്ട ആവശ്യമില്ലാ എന്നാണ് തോന്നുന്നത്.

[സുഹൃത്ത്] അവധി കൊടുക്കാതിരുന്നാല്‍ അത് തീരുമോ? അവധിയും ഇതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

{ഞാന്‍} പറഞ്ഞു വന്നത് സ്വാതന്ത്ര്യദിനത്തില്‍ പ്രത്യകമായി രാജ്യസ്നേഹത്തിന്റെ ആവശ്യമില്ലാ എന്നാണ്, പതാക പൊന്തിക്കലും അവധി ആഘോഷിക്കലുമല്ല രാജ്യസ്നേഹം.

[സുഹൃത്ത്] രാജ്യസ്നേഹം എന്നും എല്ലാവരുടെ മനസ്സിലും ഉണ്ട്. എന്ന് കരുതി എന്നും ഇതുപോലെ ആചരിക്കാന്‍ പറ്റുകയുമില്ലല്ലോ.


{ഞാന്‍} പ്രതീകാത്മകമായ ഒരു ഓര്‍മ്മ പുതുക്കല്‍ മാത്രമായി ഈ ദിനത്തെ കാണണം, അതിനു ഇമ്മാതിരി സ്പെഷ്യല്‍ രാജ്യസ്നേഹം ആവശ്യമുണ്ടോ? യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മറച്ചു വെച്ച് സ്വാതന്ത്ര്യമനുഭവിക്കാതെ നമ്മള്‍ സ്വതന്ത്രരാണ് എന്ന് വിളിച്ചു പറയുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളത്.

[സുഹൃത്ത്] എല്ലാ പ്രശ്നങ്ങളും മാറിയിട്ട് ഇതിനൊന്നും കഴിഞ്ഞു എന്ന് വരില്ല.


{ഞാന്‍} പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ എങ്ങനെ സ്വാതന്ത്ര്യം ആഘോഷിക്കാനാവും എന്നതായിരുന്നു എന്റെ ചിന്ത. പക്ഷെ സുഹൃത്ത് പറയുന്നത് പോലെ ഷോ ഓഫിനു വേണ്ടി ജാഡ പോസ്റ്റുകള്‍ പോസ്ടുന്നതിനെ ഞാനും എതിര്‍ക്കുന്നു. ഒരാള്‍ അങ്ങനെ പറഞ്ഞു എങ്കില്‍ അതും നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അഭിപ്രായസ്വാതന്ത്ര്യം. നിങ്ങള്‍ ഇവിടെ കാണിക്കുന്ന ആര്‍ജവം അവിടെ ചെന്ന് കാണിക്കുക. പ്രതികരിക്കുക! നിങ്ങളും എന്നെപ്പോലെ ഒരു യഥാര്‍ത്ഥ രാജ്യസ്നേഹിയാനെന്നു തോന്നുന്നു. ഈ വാഗ്വാദം തുടരുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങള്‍ക്ക് എന്റെ ആശംസകള്‍! ജയ്‌ ഹിന്ദ്‌!

[സുഹൃത്ത്] സ്വാതന്ത്ര്യദിനാശംസകള്‍! ജയ്‌ ഹിന്ദ്‌!

മറന്നുപോയി



നിങ്ങള്‍ എല്ലാവരെയും മറന്നിരിക്കുന്നു!
നിങ്ങള്‍ സ്നേഹിച്ചിരുന്നു എന്നു പറഞ്ഞവരെ!
നിങ്ങള്‍ സത്യമായി സ്നേഹിച്ചവരെയും..
നിങ്ങളെ സത്യമായി സ്നേഹിച്ചവരെയും..

എന്റെ അറിവില്‍ എന്നെയായിരുന്നു അവസാനം നിങ്ങള്‍ മറന്നത്. മതിയാംവണ്ണം നിങ്ങള്‍ എന്നെയും മറന്നു തുടങ്ങുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ മറഞ്ഞിരുന്നു കണ്ടതെല്ലാം നിങ്ങളുടെ നിഴലുകളെയായിരുന്നു. നിങ്ങളുടെ ചുണ്ടുകള്‍ വേര്‍പെടുന്ന നേരം ഞാന്‍ മരിച്ചിരുന്നു.

ഗദ്ദാഫിയുടെ മരണം.




നീലയും വെള്ളയും ഇഴപിരിഞ്ഞ കോള്‍ഗേറ്റ് പേസ്റ്റ് ഉണ്ടായിട്ടും പല്ലുതേക്കാതെ ഗദ്ദാഫി നടന്നു. ഭാണ്ഡമെടുത്തു ഞരങ്ങിയും മൂളിയും ഗദ്ദാഫി വെറുതെ എങ്ങോട്ടെന്നില്ലാതെ നടന്നു. സൂര്യന്‍ മഞ്ഞളിച്ച പകലറിയാതെ, സ്വപ്നങ്ങളുടെ പകനിറഞ്ഞ രാത്രിയറിയാതെ നടന്നു. പൈപ്പുവെള്ളവും പരിപ്പുവടയും കഴിച്ചു വയറുനിറച്ച് തന്നോടുതന്നെ എന്തൊക്കെയോ പറഞ്ഞുനടന്നു. രാത്രികളില്‍ നിലാവില്‍ സ്വപ്‌നങ്ങള്‍ വെന്തുമണത്ത ചുടുകാറ്റില്‍ ലീലാവതിയുടെ ഓര്‍മകളില്‍ നീറിപ്പുകഞ്ഞു കരഞ്ഞു.

അന്നൊരിക്കല്‍ ഇരുട്ടുമൂടിയ സ്വപ്നങ്ങളുടെ ഇടയിലൂടെ അപരിചിതനായി നടക്കുമ്പോഴും ലീലാവതിയുടെ ഓര്‍മ്മകളെ ഒളിക്കാന്‍ ഗദ്ദാഫിയുടെ തുന്നിക്കെട്ടിയ കമ്പിളിപ്പുതപ്പുകള്‍ മതിയായില്ല. ലീലാവതിയുടെ ഓര്‍മ്മകളില്‍ തട്ടിത്തടഞ്ഞു വീണ ഗദ്ദാഫിയുടെ മനസ്സ് പതറി വീണു, മനസ്സിന്റെ ഉയരമുള്ള മതിലുകള്‍ക്കുള്ളിലടക്കപ്പെട്ട ആ മൃദുവികാരം തേങ്ങുന്നതുകണ്ടു ഗദ്ദാഫി അതിഘോരമായി വ്യസനിച്ചു. എന്നിട്ട് ഗദ്ദാഫി മനസ്സില്‍ ആരോടെന്നില്ലാതെ പറഞ്ഞു.
"ലീലാവതിയില്ലതെയും ഗദ്ദാഫിക്ക് ജീവിക്കണം"

അങ്ങനെ ഇരുളിന്റെ ഇരുട്ടിന് ആഴം കൂടുന്ന നേരത്ത് ഗദ്ദാഫി സാല്‍വ കഫേയിലെ ഒരു ഷവര്‍മ്മ ഓര്‍ഡര്‍ ചെയ്തു. പൈപ്പുവെള്ളംകൂട്ടി ചവച്ചരച്ചു ഷവര്‍മ്മ കഴിച്ചു. വരാനിരിക്കുന്ന സമയങ്ങളെ ഗദ്ദാഫി പേടിച്ചില്ല! കഴിഞ്ഞ ദിവസങ്ങളുടെ ആവര്‍ത്തനം മാത്രമാണ് ഗദ്ദാഫിയെ പേടിപ്പിച്ചത്. പിന്നെയും നിലാവില്‍ എന്തെന്നറിയാതെ അലയുന്ന ഒരു നോവുപാട്ടായി ഗദ്ദാഫി അലഞ്ഞുകൊണ്ടിരുന്നു.

പിന്നെ, പുതുവഴികളില്‍ ഉറങ്ങിയെണീറ്റപ്പോള്‍ ഇടറിവീണ ഗദ്ദാഫി ഒരു മറയത്ത്‌ ഒതുങ്ങിക്കൂടി, ചുമച്ചു, ചര്‍ദ്ധിച്ചു വേദനയോടെ ആരോടും പറയാതെ തണുത്തു മരിച്ചു. പകലുകള്‍ ഉണര്‍ന്നപ്പോള്‍ ഒരുകൂട്ടം ഉറുമ്പുകള്‍ വന്നു ഗദ്ദാഫി ചര്‍ദ്ധിച്ച സ്വപന്ങ്ങളെ എങ്ങോട്ടോ താങ്ങിക്കൊണ്ടുപോയി. തെണ്ടിത്തിരിഞ്ഞ ദിവസങ്ങളുടെ വിദൂരതയില്‍ ഗദ്ദാഫി കണ്ട സ്വപ്നങ്ങളുടെ ഓര്‍മയില്‍ ബാക്കിയായത് ലീലാവതി മാത്രമായിരുന്നു.

ഓഫ്‌: ലംഭോധരന്റെ ഭാര്യയാണെങ്കിലും ലീലാവതിക്ക് ഇപ്പോഴും ഗദ്ദാഫിയോടാണ് സ്നേഹം.