തിരിച്ചറിവ് 2


ദുര്‍ലഭമായ മനുഷ്യ സ്നേഹത്തിന് വേണ്ടി യാചിക്കുന്നവരുടെ കൂട്ടത്തില്‍ തന്റെ ആത്മാവിനെ കാണേണ്ടി വരുന്ന നിരപരാധിയായ ഞാന്‍. ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന തിരിച്ചറിവുണ്ടാക്കുന്നത് എനിക്ക് നഷ്ടപ്പെടുന്ന എന്റെ പ്രണയങ്ങളെ കാണുമ്പോള്‍ മാത്രമാണ്. പലര്‍ക്കുമായി തീറെഴുതിക്കൊടുത്ത എന്റെ ആത്മാവിനു നിലനില്‍ക്കാന്‍ ഞാന്‍ പല വഴികളിലായി പകുത്തു കൊടുത്ത എന്റെ സ്നേഹങ്ങള്‍ മതിയാവാതെ വരുമ്പോള്‍... ലജ്ജയില്ലാതെ സ്വയം വിഡ്ഢിയാവുമ്പോള്‍... മനസ്സിന്റെ കുറ്റബോധങ്ങളിലെ ഒഴിഞ്ഞ ശവപ്പറമ്പുകളില്‍ നിന്നൊരു ചോദ്യമുയര്‍ന്നു വരുന്നു....

"തന്റെ മനസ്സൊരു കൂട്ടിക്കൊടുപ്പുകാരനും, തന്റെ ആത്മാവൊരു വേശ്യയും ആയിരുന്നോ എന്ന ചോദ്യം."



തിരിച്ചറിവ്

ഞാന്‍ നിന്റെ മനസ്സിനെ പ്രണയിക്കുന്നു, നിന്റെ അളവുകളെ കാമിക്കുന്നു, നിന്റെ സ്വാര്‍ത്ഥയെ വെറുക്കുന്നു.  ദാരിദ്ര്യം പിടിച്ച എന്റെ മനസ്സാണ് സ്നേഹത്തിന് വേണ്ടി യാചിക്കുന്നത് എന്ന തിരിച്ചറിവില്‍ ഞാന്‍ ഇപ്പോഴും എന്റെ തലയിണകളെ  പ്രണയിച്ചു കൊണ്ടിരിക്കുന്നു.

അപരിചിതര്‍


ജീവിക്കാന്‍ കേഴുന്ന പ്രണയങ്ങള്‍ എന്നും എന്നില്‍ അപരിചിതരായി വരും. പിന്നീട് ഒരു ചെറിയ നെടുവീര്‍പ്പിനിടയില്‍ ഒരു ജീവിതത്തിലേക്കു മുഴുവനായി അവരെന്റെ ആത്മാവിനെ അധീനമാക്കും, എന്റെ ചിന്തകളില്‍ അവരുടെ സ്വപ്നങ്ങളെ കെട്ടിയിടുകയും അവരുടെ സ്നേഹങ്ങള്‍ എന്റെ ആത്മാവിലേക്ക് ഊതി നിറക്കുകയും ചെയ്യും. ആവസ്ഥാന്തരങ്ങളില്‍ അവര്‍ ഗര്‍ഭം ധരിപ്പിക്കുന്ന എന്റെ ആത്മാവ് രാത്രികളില്‍ പ്രണയത്തിന്റെ സ്വപ്നങ്ങളെ പ്രസവിക്കുമ്പോള്‍ പിടയുന്ന നെഞ്ചുമായി ഞാന്‍ കണ്ണീര്‍ വാര്‍ക്കും. ക്രമേണ അവര്‍ക്ക് മടുക്കുമ്പോള്‍ വീണ്ടും ക്രിയാത്മകമായ അപരിചിതത്വത്തിലേക്ക് അവര്‍ മടങ്ങുകയും ചെയ്യും.

നാളെകളില്‍ എന്റെ സ്വപ്നങ്ങളെ വഞ്ചിച്ചു ഞാന്‍ ഉറങ്ങാന്‍ കിടക്കും. പക്ഷെ ക്രിയാതമാകമായ എന്റെ ഉപബോധം സര്‍ഗ്ഗശേഷിയുള്ള സ്വപ്നങ്ങക്ക് വേണ്ടി അവിഹിതം നടത്തി പുതിയ സ്വപ്നങ്ങളെ സൃഷ്ടിച്ച് എന്നെ വീണ്ടും കാമുകനാക്കും. പരിണാമത്തില്‍ അക്ഷരങ്ങളിലും മിഴി മുനകളിലും എന്റെ പ്രണയം ജീവനോടെ തുടിക്കും.

പരസ്പരം അടുത്തറിയുന്നവര്‍. കണ്ടിട്ടും കാണാത്ത പോലെ.. മിണ്ടാന്‍ തോന്നിയിട്ടും മിണ്ടാതെ.. അരികിലുണ്ടെന്ന് സമാധാനിച്ചു കഴിയുന്നവര്‍. മനസ്സില്‍ ഒളിപ്പിച്ചു കിടത്തിയിട്ടും അറിയാതെ മുട്ടിവിളിക്കുന്ന അപരിചിത സ്നേഹങ്ങള്‍ക്ക് പറയാന്‍ ഒരുപാട് ഉണ്ടെന്നറിഞ്ഞിട്ടും ഈ അപരിചിതത്വത്തിന്റെ പുതിയ കുപ്പായത്തില്‍ ഞാന്‍ മിന്നി ശോഭിച്ചു വിളറി നില്‍ക്കുന്നു.

ശുഭം.

ഹോട്ട് ചോക്ക്ലറ്റ്‌

വിധു വരുന്ന ദിവസമാണ് ഇന്ന്. അവളുടെ വിവാഹ ശേഷം ആദ്യമായി തന്നെ കാണണം എന്ന് പറഞ്ഞപ്പോള്‍ മനസ്സില്‍ പഴയ ഓര്‍മ്മകള്‍ ഒന്നൊന്നായി കടന്നു വന്നു. നിത്യമായി ആര്‍ക്കും വേണ്ടതിരുന്ന സിദ്ധാര്‍ത്ന്റെ അഭിലാഷങ്ങളും സ്വപ്നങ്ങളും ചെറിയ ചെറിയ സംഭാഷണങ്ങള്‍ക്കിടയില്‍ വിലക്ക് വാങ്ങിയ വിധു പെട്ടെന്നൊരു ദിവസം അവന്റെ നെഞ്ചു പൊളിച്ചു അവളുടെ പുതിയ ജീവിതത്തിലേക്ക് ഓടുകയായിരുന്നു. പെട്ടെന്നുള്ള ആഘാതം സിദ്ധാര്‍ത്നെ നിര്‍വികാരനാക്കി. അര്‍ത്ഥമില്ലാതെ അലയുന്ന ഒരു കര്‍ക്കിടകത്തിലെ കാറ്റിനെപ്പോലെ സിദ്ധാര്‍ഥ് നടന്നു. പുഞ്ചിരിക്കുന്ന മുഖങ്ങള്‍ക്കു തിരിച്ചു കൊടുക്കാന്‍ മറുചിരികള്‍ തീര്‍ന്നപോലെ സിദ്ധാര്‍ഥ് പരിചയമുള്ളവരെ അവജ്ഞയോടെ കടന്നു പോവും. എന്തുകൊണ്ട് ഞാനിങ്ങനെയായി എന്നാലോചിക്കുമ്പോള്‍ ഓര്‍മ്മവരുന്ന വിധുവിന്റെ മുഖം.

പിന്നെ വളരെ പെട്ടെന്ന് സിദ്ധാര്‍ഥ് അവളെ മറക്കുകയായിരുന്നു. മറവികള്‍ക്ക് മറുമരുന്ന് പുതിയ അനുഭവങ്ങളെ ക്ഷണിക്കുകയാണെന്ന പുതിയ അറിവില്‍ മഴ നനഞ്ഞും അതിലലിഞ്ഞും പല ദിവസങ്ങളിലായി അവളെ തീര്‍ത്തും മറന്നു കളഞ്ഞു. സിദ്ധാര്‍ഥ് ചില നേരത്ത് ഒരു സിഗരിറ്റില്‍ പഴയ ഓര്‍മകളെ തിരി കൊളുത്തി ഒരു ചെറു ചിരിയോടെ അതില്‍ത്തന്നെ എരിച്ചു തീര്‍ത്തു. നിദ്രയില്‍ സ്വപ്നസങ്കല്‍പത്തിലൂടെ ആഗ്രഹസംപൂര്‍ത്തി നേടുന്ന മനസ്സിന്റെ മേലെ മൂടിയിട്ട കിടക്ക വിരിപ്പ് മാറ്റിയിടുമ്പോള്‍ ശബ്ദമില്ലാതെ ഏങ്ങലിടിച്ചു കരയുന്ന മനുഷ്യന്റെ നഗ്നമായ ഹൃദയം പിടക്കുന്ന സ്വപ്നം സിദ്ധാര്‍ത്ഥന്റെ രാത്രികളെ ആലോസരപ്പെടുത്തി. അലസമായ ഓരോ ദിവസങ്ങളും സിദ്ധാര്ഥ് ഒരു അഭയാര്‍ഥിയെ പോലെ ഇന്ന് വരെ ജീവിച്ചു തീര്‍ത്തു.

*************

തൊപ്പിയിട്ട് ഊരവളച്ചു നില്‍ക്കുന്ന കോഫീ ഷോപ്പ് ജീവനക്കാരന്‍ മുന്നില്‍ വന്നപ്പോള്‍ സിദ്ധാര്‍ത്ഥന്‍ മനുഷ്യനായി.

"വണ്‍ ഹോട്ട് ചോക്ക്ലറ്റ്‌" ഓര്‍ഡര്‍ കൊടുത്ത് വിധുവിന്റെ മുഖത്ത് നോക്കി അവളോട്‌ അവള്‍ക്കിഷ്ടമുള്ളത് പറയാന്‍ എന്നവണ്ണം. പണ്ട് അവളോട്‌ ചോദിക്കാതെ രണ്ടു ഹോട്ട് ചോക്ക്ലറ്റ് ഓര്‍ഡര്‍ ചെയ്യാറുള്ളതാണ്.

വിധു വല്ലാണ്ടായി. മുന്നിലെ മെനു എടുത്തു ഒന്ന് വിരലോടിച്ച ശേഷം ഒന്ന് അമാന്തിച്ചു നിന്നൂ.

"എനിക്കും ഹോട്ട് ചോക്ലേറ്റ് മതി"

സിദ്ധാര്‍ഥ് ഒരു ചിരി വരുത്തി. ആ ചിരിയുടെ പകുതി അവള്‍ കടമെടുത്തു പറഞ്ഞു.

"നീയി ചോക്ക്ലറ്റ് മോന്തി മോന്തി നിന്റെ കവിള്‍ തടിപ്പിച്ചു നടന്നോ"

ഒന്ന് തലയാട്ടി, സിദ്ധാര്‍ഥ് മിണ്ടിയില്ല. സിദ്ധാര്‍ത് അവളെ കാണുകയായിരുന്നു. വിധു പഴയതിലും ഭംഗി കൂടിയിരിക്കുന്നു. പണ്ടത്തെ അവളുടെ ശുഷ്ക്കിച്ച മുലകളല്ല ഇപ്പോള്‍. അശേഷം മാറിയിരിക്കുന്നു, കണ്ണുകളുടെ തിളക്കം, പുതിയ രീതിയിലുള്ള വസ്‌ത്രധാരണം, ആഭരണങ്ങള്‍.


*************

ഹോട്ട് ചോക്ലേറ്റ്‌ നുണയുന്നതിനിടയില്‍ വിധു ചോദിച്ചു "എന്താ സിദ്ധാര്‍ഥ് ഇത് വരെ കാണാത്ത പോലെ?"

വീണ്ടും തലയാട്ടി, ഒന്നിമില്ല എന്നാ ഭാവത്തില്‍.
അവളെന്തോക്കെയോ ചോദിച്ചു കൊണ്ടിരുന്നു, ജോലിയെ കുറിച്ച്, വീട്ടില്‍ അച്ഛനെ കുറിച്ച്, സിദ്ധാര്‍ത്ന്റെ സാമുറായ്‌ ബൈക്കിനെ കുറിച്ച്. എല്ലാത്തിനും തലയാട്ടിയും മൂളിയും സിദ്ധാര്‍ഥ് ഉത്തരം കൊടുത്തു.

പിന്നെ മൗനം.

സിദ്ധാര്‍ഥന്റെ ചെവിയില്‍ കോഫി ഷോപ്പിന്റെ മൂകതക്കപ്പുറത്തുനിന്നും പഴയ ഓര്‍മകളിലെ വിധുവിന്റെ ചിരികള്‍ മുഴങ്ങിക്കേട്ടു. അവളുടെ ചുണ്ടുകള്‍ ഉരയുമ്പോള്‍ പണ്ട് മനസ്സില്‍ താലോലിച്ച ആ ചിരികളില്‍ ഓര്‍മകളുടെ വേറൊരു അറ്റത്തേക്ക് സിദ്ധാര്‍ത് മാഞ്ഞു പോയി. ഓര്‍മകളില്‍ കാമാതുരനായ സിദ്ധാര്‍ത്ഥ് അവളുടെ ദേഹത്ത് സ്വാതന്ത്യം കാണിച്ചതും, ക്ഷമ ചോദിച്ചു കരഞ്ഞതും, അവള്‍ സാന്ത്വനിപ്പിച്ചതും എല്ലാം. നഷ്ടപെടാന്‍ സിദ്ധാര്‍ത്ഥന് ഒന്നുമില്ലായിരുന്നു, വിധു; പരമാര്‍ത്ഥം! അവള്‍ക്കായിരുന്നു എല്ലാം നഷ്ടപ്പെട്ടത്. പക്ഷെ ആലസ്യം എനിക്കും.

*************

"നീ എന്തിനാ എന്നെ ഒറ്റക്കാക്കിപ്പോയത്" സിദ്ധാര്‍ഥ് ഒരു കുട്ടിയായി, പണ്ട് LKGയില്‍ അച്ഛന്‍ വിട്ടു പോമ്പോള്‍ കരഞ്ഞതുപോലെ കരയാന്‍ തോന്നി സിദ്ധാര്‍ത്ഥന്. ചോദിക്കണംന്നു കരുതിയതയിരുന്നില്ല. അറിയാതെ വായില്‍ നിന്ന് വീണു പോയതാണ്.

സിദ്ധാര്‍ത്ഥന്റെ ചോദ്യം വിധു കേള്‍ക്കാത്തെപോലെ ഇരുന്നു, കീഴ്ച്ചുണ്ട് പല്ലും കൂട്ടി കടിച്ചു. വിധുവിന്റെ മുഖം മാറി, ചെവിയിലേക്ക് വീണു കിടന്ന ചുരുണ്ട മുടിയിഴക് പിന്നിലേക്ക്‌ കോരിയൊതുക്കി, അവള്‍ ബദ്ധപ്പെട്ടു. പറയാന്‍ ഉത്തരമില്ലാതെ സിദ്ധാര്‍ത്തിനു കീഴടങ്ങുന്നപോലെ ഒന്നുകൂടി ഒതുങ്ങി ഇരുന്നു. മുഖം താഴ്ത്തി മേശയില്‍ വീണ ചോക്ലേറ്റ്‌ തുള്ളികളെ വിരലുകള്‍ കൊണ്ട് ഒന്നുകൂടി പരത്തി.

വിധുവിന്റെ ഭാവമാറ്റം കണ്ടപ്പോള്‍ സിദ്ധാര്‍ത്ഥനു ദയ തോന്നി. അവന്‍ ഔപചാരികത വീണ്ടെടുത്തു.

"സോറി വിധു."

അത്യാദരപൂര്‍വ്വം സിദ്ധാര്‍ത് വിളിച്ചു. "വിധു"

നിറഞ്ഞ കണ്ണുകളോടെ കണ്ണീരൊപ്പി അവള്‍ പറഞ്ഞു "its ok, സിദ്ധാര്‍ത്, i am all right"

"എനിക്ക് പോണം സിദ്ധാര്‍ഥ്, ഞാന്‍ ഇപ്പൊത്തന്നെ വൈകി." വിധു പറഞ്ഞു.

*************

ഓട്ടോയില്‍ കയറുന്നതിനു മുമ്പ് വിധു സിദ്ധാര്‍ഥ്നോട് ചോദിച്ചു.
"എന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ?"

chase your dreams.


"നിങ്ങള്‍ നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക"
എന്തൊരു മനോഹരമായ ഉപദേശം. നൂറില്‍ നൂറു തികച്ച ശേഷം സച്ചിന്‍ ഒരു അഭിമുഖത്തില്‍ ഒരു കുട്ടിക്ക് ഇപ്പൊ എന്ത് ഉപദേശം കൊടുക്കും എന്ന് ചോദിച്ചപ്പോ സച്ചിന്‍ പറഞ്ഞത് ഇങ്ങിനെയായിരുന്നു.
"നിങ്ങള്‍ നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക" എന്നായിരുന്നു. സച്ചിന്‍ എന്ന പ്രതിഭയെ ഞാന്‍ എത്രത്തോളം ഇഷ്ടപെടുന്നു എന്നത് കൊണ്ടാവാം ഇതെനിക്ക് മഹത്തായ വാക്യമായി തോന്നുന്നത്.

എന്തെല്ലാം കൊണ്ട് ഒരു  വ്യക്തിയെ ഇഷ്ടപെടണം എന്നത് അയാളുടെ ഗുണങ്ങളെ അടിസ്ഥാനപെടുത്തിയാവണം.അല്ലെ?

യുദ്ധം ജയിച്ച രാജാവിന്റെ മുഖത്ത് പ്രത്യേക സന്തോഷമോ ഉത്സാഹമോ കണ്ടില്ല. ഹെല്‍മെറ്റ്‌ ഊരി ബാറ്റിന്റെ പിടി കൊണ്ട് ഹെല്‍മെറ്റ്‌ലെ BCCI ഇന്ത്യന്‍ ലോഗോയെ തൊട്ടു കാണിച്ചു. എന്റെ രാജ്യത്തിന് വേണ്ടിയാണ് ഇതെന്ന മട്ടില്‍. അത്ര വിനയം, അതും ക്രിക്കറ്റിന്റെ ദൈവത്തില്‍ നിന്ന്. അത് കണ്ടു ഞാന്‍ കരഞ്ഞ പോലെയായി.

എന്റെ ഇഷ്ട കളിക്കാരന്‍ ദ്രാവിഡ്‌ ആണെങ്കില്‍ പോലും(ദ്രാവിഡിനോളം സാങ്കേതികത ലോകത്തിലെ ഒരു ബാറ്റ്സ്മാനും അവകാശപെടാന്‍ ഇല്ല എന്ന് ഇപ്പഴും ഞാന്‍ വിശ്വസിക്കുന്നു), എന്നിരുന്നാലും സച്ചിന്‍ എന്റെയുള്ളിലെ ക്രിക്കറ്റ്‌ ആണ്. ക്രിക്കറ്റ്‌ എനിക്ക് ഭ്രാന്തും. ഞാന്‍ സച്ചിനെ ഇഷ്ടപെടുന്നത് അദ്ദേഹത്തിന്റെ പ്രതിഭയെക്കാളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയാവും. ഒരു തരം ഭ്രാന്തുള്ള ആരാധന.

പതിവ് പോലെ അന്ന് ഞാന്‍ നേരെത്തെ ഉണര്‍ന്നു. എനിക്കുറപ്പായിരുന്നു ഇന്ന് സച്ചിന്‍ നൂറില്‍ നൂറു തികയ്ക്കും എന്നുള്ളത്. അത് കൊണ്ട് തന്നെ ഞാന്‍ അര മണിക്കൂര്‍ മുന്‍പ് തന്നെ ടീവിയുടെ മുന്പിലിരുന്നു. നൂറു തികക്കുന്നത് വരെ ക്ഷമയോടെ കളി കണ്ടു. കൂക്കി ആര്‍ത്തു വിളിച്ചു  ഞാന്‍ ആ സെഞ്ച്വറിയെ വരവേറ്റു.  ഒരു വര്‍ഷത്തെ കാത്തിരിപ്പായിരുന്നു അത്. എന്നിട്ടും അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യേക ഭാവ വിത്യാസം ഒന്നുമില്ലാ എന്നത് എന്നെ അത്ഭുതപെടുത്തി. മനസംഘര്‍ഷങ്ങളെ ക്ഷമയോടെ സമന്വയിപ്പിച്ച് സന്തോഷത്തെയും ദുഖത്തെയും ഒരേ പോലെ ശരീരത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുക എന്നത് അയാളുടെ ജ്ഞാനത്തെയും അയാളുടെ ആത്‌മര്‍പ്പണത്തെയുമാണ് എന്നെ ഓര്‍മിപ്പിച്ചത്.

വ്യക്തിഗുണ സമ്പന്നതയും, ദൃഢഭക്തിയുള്ള ഒരു ക്രിക്കറ്റ്‌ ആചാര്യന്‍. ഈ പോസ്റ്റ്‌ അദ്ദേഹത്തിനോടുള്ള ആദരവിലും, ക്രൂരമായ ആരാധനയിലും മുക്കി തേച്ചു സമ്മര്‍പ്പിക്കുന്നു.

മൈ ലൈഫ് ..


പാകപെടുത്താത്ത മുഖഭാവങ്ങള്ക്ക് ഉപ്പിലിട്ട മാങ്ങയുടെ പുളി‍, ഇനിയും വരക്കാത്ത ചിത്രങ്ങള്ക്കുള്ള ഉജാല ഇനി ഞാന്‍ എവിടെ നിന്ന് വാങ്ങും‍, ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ല് വരുന്ന ദിവസത്തെ ഞാന്‍ പേടിച്ചു. വീണ്ടും ഒരു മാര്‍ച്ച് മാസം. അന്നും അമ്പലമുറ്റത്തെ ആല്‍ തറയില്‍ നിന്ന് ഒരായിരം ഒട്ടകപക്ഷികള്‍ ചിറകടിച്ചു പറന്നു.  ഇനിയും മനസ്സില്‍ ഒരായിരം ചോദ്യങ്ങള് മാത്രം ബാക്കിയാക്കി അന്നത്തെ ജവാനും തീര്‍ന്നു‍.

സ്വപ്നങ്ങളില്‍ ആര്‍ത്തിരമ്പുന്ന തിരമാലകള്‍ക്ക്‌ നടുവില്‍ ഞാന്‍ മൂത്രമൊഴിച്ചു. അവിലും വെള്ളത്തില്‍ പഞ്ചസാര കുറവെണെന്നു പറഞ്ഞു ഒബാമ എന്നെ ചീത്ത വിളിച്ചു. കെട്ടുപ്രായം കഴിഞ്ഞ അയാളുടെ പെണ്‍കുട്ടികളെ ഞാന്‍ സ്വപ്നത്തില്‍ പക തീര്‍ക്കാന്‍ വേണ്ടി മാത്രം ബലാല്‍സംഗം ചെയ്തു. ഗോണ്ടോനാമയുടെ തീരങ്ങളില്‍ ഞാന്‍ ചോര ചര്ദ്ധിച്ചു വീണു. മൂത്ത് പാകമായ കുംബളങ്ങകള്‍ വെട്ടി ബിരിയാണി ചെമ്പില്‍ നിറച്ചു. ദേഷ്യത്തോടെ നില്‍ക്കുന്ന എന്റെ ഹമ്മറിനെ ഞാന്‍ ശാന്തതയോടെ നോക്കി.

പകല്‍ വെളുത്തു. സൂര്യന്‍ dude ആയി വന്നു. വൈകുന്നേരം എന്റെ അലസതക്ക് സമാനമായി മഞ്ഞു പെയ്യുന്നു. മാഡ്രിഡ്‌ല്‍ നിന്ന് ഹ്യൂസ്ക വരെ ഒറ്റയ്ക്ക് കാറോടിക്കുമ്പോള്‍ എസിയുടെ തണുപ്പില്‍ കുളിരാര്‍ന്നിരിക്കുമ്പോള്‍ പരിപ്പുവടകളും കട്ടന്‍ ചായയും എന്റെ മനസ്സിനെ ഇക്കിളി പെടുത്തി. ഒന്ന് മുഖം മിനുക്കാന്‍ വേണ്ടി മാത്രം മനസ്സിന്റെ ഫ്രീസറില്‍ വച്ച ചോര കട്ട പിടിച്ച പ്രണയങ്ങളെ ഞാന്‍ ചൂട് വെള്ളത്തിലിട്ടു.

സമാന്തരമായി പിന്നിലേക്ക്‌ ഓടുന്ന കാഴ്ചകള്‍, വഴിയില്‍ മഞ്ഞു വീണു നനഞ്ഞ ഒറ്റക്ക് നില്‍ക്കുന്ന ഭംഗിയുള്ള മരങ്ങള്‍ക്ക് എന്നെക്കാളും സങ്കടമുള്ള പോലെ തോന്നി. വണ്ടി നിര്‍ത്തി ഒരു മരത്തെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാന്‍ തോന്നി. മുന്നിലേക്ക്‌ നീങ്ങുന്ന ഓരോ മരങ്ങള്‍ക്കും അവളുടെ രൂപം. അതെ, ചൂടുവെള്ളം തട്ടിയ പ്രണയം, അതിന്റെ സുഖം എന്റെ മനസ്സിന് ലഹരി പിടിപ്പിച്ചു തുടങ്ങിയിരിക്കുന്നു.

പുലര്കാലങ്ങള്‍


ചിലനേരത്ത് പ്രണയത്തെ നിശബ്ധമാക്കുന്ന ചില മൌനങ്ങള്‍ അതിന്റെ അര്‍ഥങ്ങള്‍, പിന്നെയും പ്രണയിക്കാന്‍ തോന്നുമ്പോഴും വേണ്ടായെന്നു വിലക്കുന്ന രണ്ടും കെട്ട മനസ്സിന്റെ സങ്കടങ്ങള്‍, ആരോടും പറയാതെ ഒറ്റയ്ക്ക് നടക്കുമ്പോള്‍ കണ്ണില്‍ നിന്ന് ഒലിച്ചിറങ്ങുന്ന ഉപ്പുരസമുള്ള ജലകണങ്ങള്‍. അവള്‍ മാഞ്ഞു പോയേക്കാം.. വിരുന്നു പോയേക്കാം.. പക്ഷെ എന്റെ സ്വപ്ങ്ങള്‍ക്ക് അവളെ മറക്കാന്‍ കഴിയില്ലല്ലോ...

ഞാന്‍ തൊടുക്കുന്ന സ്വപ്നങ്ങള്‍


എന്നെ തോല്‍പ്പിക്കുന്ന സ്വപ്‌നങ്ങള്‍...
അല്ല, അങ്ങിനെയല്ല തുടങ്ങേണ്ടത്.....

പുലരാന്‍ കഴിയാത്ത ചതിയുടെ സ്വപ്നങ്ങള്‍ രാത്രികളില്‍ ശുഷ്കാന്തിയോടെ മാളവികയെ കാത്തിരിക്കുന്നുണ്ടാവും. എന്നിട്ടവ പുലരുവോളം മാളവികയുടെ ഉപബോധത്തെ കബളിപ്പിക്കും, ഉറക്കത്തില്‍ കളങ്കമില്ലാത്ത ചിരികള്‍ വിടരുന്ന അവളുടെ മുഖം കണ്ട് ആ വഴിതെറ്റിപ്പിക്കുന്ന ചതിയന്‍ സ്വപ്നങ്ങള്‍ കൂട്ടത്തോടെ അവളെ പരിഹസിക്കും.

ഉണരുമ്പോള്‍ മാളവിക എന്നത്തെയും പോലെ എന്നെ ശപിക്കും, ഞാനുള്ള സ്വപ്നങ്ങള്‍ എന്നും മാളവികയെ ചതിച്ചുകൊണ്ടേ ഇരിക്കും. അല്ലെങ്കിലും അത് അങ്ങിനെയാണല്ലോ. ഞാനാണല്ലോ ചതിയന്‍, ഞാന്‍ തൊടുക്കുന്ന സ്വപ്നങ്ങളും ചതിയുടെ സ്വപ്‌നങ്ങളാവണം.

രണ്ടു കഥകള്‍


നഷ്ടപെടുന്നത്
--------------------
സ്വപ്‌നങ്ങള്‍ അധികമായി, അവ തുളുമ്പി തുടങ്ങി. തിക്കിയും തിങ്ങിയും സ്വപ്‌നങ്ങള്‍ പതഞ്ഞു തുടങ്ങിയപ്പോള്‍ ഒരു ചെറിയ സ്വപ്നം താഴെ വീണു. താഴെ വീണ സ്വപ്നം പിടഞ്ഞു മരിച്ചു. പിറ്റേന്ന് അയാള്‍ കിടക്കുമ്പോള്‍ തന്റെ തലയിണയെ മുറുക്കി കെട്ടിപിടിച്ചു കിടന്നു, അവളുടെ മുഖം കാണിക്കുന്ന ഒരു സ്വപ്നത്തെ പോലും പിരിയുന്നത് അയാള്‍ക്ക്‌ സഹിക്കാന്‍ പറ്റില്ലായിരുന്നു.


യാത്ര
-----------
അയാള്‍ വേഗത്തില്‍ നടന്നു, ഇനിയും എത്ര ദൂരം, കാല്‍ കുഴയുന്നു, നടത്തം നിര്‍ത്താന്‍ തോന്നിയില്ല, ഇരുള്‍ വീഴുന്നതിനു മുന്‍പ് ഇനിയും കുറെ ദൂരം, "വേഗം", "വേഗം" അയാളുടെ മനസ്സ് പറഞ്ഞു. ചിന്തകള്‍ക്ക് കൊളുത്തിട്ടു മനസ്സിനെ ദൂരത്തേക്ക് എറിഞ്ഞയാള്‍ നടത്തത്തിന് ആക്കം കൂട്ടി. ഇരുട്ടിനെ പ്രണയിക്കുന്ന വെളിച്ചം അവളില്‍ അലിയാനായി തിരക്ക് കൂട്ടി. അയാള്‍ ആലോചിച്ചു .. എന്തെ തനിക്ക് മാത്രം ഒരിക്കലും തീരാത്ത ഒറ്റപെട്ട യാത്ര.  ഗര്‍ഭിണികളായ ഉരുളന്‍ കല്ലുകളെ അയാള്‍ ശപിച്ചു. അയാളുടെ വിണ്ടുകീറിയ കാലുകള്‍ നിലത്തമരുമ്പോള്‍ ഭൂമി ദേവിയുടെ കറുത്ത മുലക്കണ്ണികള്‍ പാല്‍ ചുരത്തി. ഇരുളിലും കാഴ്ചയുള്ളവനായി അയാള്‍ നടന്നു.. എങ്ങോട്ടെന്നില്ലാതെ...