അറിഞ്ഞും അറിയാതെയും ഞങ്ങള്‍ സ്നേഹിച്ചത് വെറുതെയാവുമോ എന്ന് ഞങ്ങള്‍ ഭയന്നിരുന്നില്ല! "എന്തിനു വെറുതെ" ഞങ്ങള്‍ എന്നും ചോദിക്കുന്ന ചോദ്യമാണിത്. ഓരോരോ ദിവസങ്ങളും കടന്നുപോകുന്നത് ഞങ്ങളങ്ങനെ നെടുവീര്‍പ്പോടെ നോക്കിയിരുന്നു. മഴയത്തും വെയിലത്തും ഞങ്ങള്‍ സ്നേഹിച്ചുനടന്നപ്പോള്‍ പിരിയുമെന്നറിയാമായിട്ടും അതറിയാത്തപോലെ ഞങ്ങള്‍ സ്നേഹിച്ചു. വീണ്ടും ഞങ്ങള്‍ ഞങ്ങളോടുതന്നെ ചോദിക്കുമായിരുന്ന എന്തിനു വെറുതെ ഇങ്ങനെ ജീവിക്കണം? പക്ഷെ പിരിയുന്ന നാള്‍ വരെയും സ്നേഹിച്ചു കഴിയാമല്ലോ എന്നായിരുന്നു രണ്ടുപേരുടെയും ഉത്തരങ്ങള്‍.
കണ്ണുനീരുകള്‍ പാഴാക്കാതെ ഞങ്ങള്‍ മൂകതയെ ചിരികളില്‍ പൂഴ്ത്തി. മിഴികളിലൂടെ ഉത്തരങ്ങള്‍ കൈമാറി അകലം സൂക്ഷിച്ചും പൊടി ശ്വസിച്ചും നടന്നു. വഴിയെ പോകുന്നവര്‍ ഞങ്ങളുടെ സ്നേഹത്തെ സഹതാപത്തോടെ നോക്കി. കളഞ്ഞുപോയ എന്തോ തിരയുന്ന പോലെ ഞങ്ങള്‍ നടിച്ചു. തൊണ്ണൂറുകളിലെ നിരാശാ കാമുകീകാമുകന്‍മാരെപ്പോലെ ഞങ്ങള്‍ കയറിയിറങ്ങിയ തീരങ്ങളിലെ തിരകള്‍ ഞങ്ങളുടെ ദുഃഖകഥകള്‍ ഏറ്റുപാടി. ഞങ്ങളുടെ മനസ്സിന്റെ അകലങ്ങള്‍ക്കിടയില്‍ ആര്‍ത്തിരമ്പുന്ന ആഴക്കടലില്‍ കണ്ണീരിന്റെ മഴ നിര്‍ത്താതെ പെയ്തു. ഞാനറിയാതെ അവളും, അവളറിയാതെ ഞാനും കരഞ്ഞു. വീണ്ടുമൊരു തിരിച്ചറിവ് ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ അകലാന്‍ ശ്രമിക്കുമ്പോഴും മനസ്സിന്റെയുള്ളിലെ സ്നേഹം ഒരു വിങ്ങലായി, വേദനയായി തിരികെ വന്നു.
പിന്നീടെപ്പോഴോ ഞങ്ങളെടുത്ത തീരുമാനം മരണത്തിന്റെ മണമുള്ളതായിരുന്നു. സ്നേഹത്തിന്റെ അവസാനം മരണമാണെന്ന തിരിച്ചറിവ് കിട്ടിയതുമുതല്‍ ഞങ്ങള്‍ പരസ്പരം പ്രണയത്തെ വെറുക്കാന്‍ ശ്രമിച്ചു. അങ്ങനെയാണ് ഞങ്ങള്‍ തീവണ്ടിയുടെ മുന്നില്‍ച്ചാടി മരണം വരിക്കാന്‍ തീരുമാനിച്ചത്.
അന്നത്തെ ദിവസം മരിക്കാനായിമാത്രം എണീറ്റ ഞങ്ങള്‍ വഴിതെറ്റാതെ നേരേ പോയത് റെയില്‍പ്പാളത്തിലേക്കായിരുന്നു. ട്രെയിനിന്റെ ഒച്ചകേട്ട ഞങ്ങള്‍ ആദ്യം മരണം വരിക്കുന്നത് ആരെന്നു തീരുമാനിക്കാനായി അടുത്ത ട്രെയിന്‍ വരുന്നതുവരെ കാത്തിരിക്കാന്‍ തീരുമാനിച്ചു. ഞങ്ങളെ മരണത്തിലേക്ക് നയിക്കാതെ ആ ട്രെയിന്‍ പാഞ്ഞു പോവുമ്പോള്‍ നിരാശയോടെ ഞങ്ങള്‍ ഞങ്ങളുടെ പ്രണയത്തെ വീണ്ടും ശപിച്ചു. അടുത്ത വണ്ടിക്കുവേണ്ടി കാത്തിരുന്ന ഞങ്ങള്‍ ഒരുമിച്ചു മരിക്കാനുള്ള തീരുമാനത്തിലെത്തി. സമയം കാത്തിരുന്ന ഞങ്ങളുടെ മരണം തേടി ഒരു തീവണ്ടിയും വന്നില്ല, അന്നത്തെ ഒടുക്കത്തെ ട്രെയിന്‍ തടയല്‍ സമരം കാരണം ഞങ്ങള്‍ ആത്മഹത്യാശ്രമം പിന്നീടൊരു ദിവസത്തേക്ക് മാറ്റിവെച്ച് മടങ്ങി.
പിന്നീടൊരിക്കലും ഞങ്ങള്‍ പരസ്പരം കണ്ടിട്ടില്ല, കാണാന്‍ ശ്രമിച്ചിട്ടുമില്ല.