വിരൂപത

കാല്പനികതയുടെ താഴവരകളില്‍ എവിടെയോ തളിരിട്ട പ്രണയത്തില്‍ മുങ്ങിത്താഴന്ന എന്റെ മനസ്സിനു ഇനി തിരിച്ചു വരാന്‍ കഴിയില്ല. സ്വപ്നങ്ങളുടെ കിളിവതിലുകളില്‍ ഒളിഞ്ഞുനോക്കുന്ന നേര്‍ത്ത വികാരമായി അതെന്നെ മടക്കുകളില്ലാത്ത മേഘകെട്ടുകളിലെക്ക് പൂര്‍ണ്ണമായും താഴ്ത്തിയിരിക്കുന്നു. എന്റെ പഴയ ജന്മത്തെ പൊതിഞ്ഞു കിടക്കുന്ന ഓര്‍മ്മകളും നിരാശകളും എന്നെ വരിഞ്ഞു കെട്ടിയിരിക്കുന്നു. ഞാനെന്ന സത്വം അതിലാണ്ട് കിടക്കുന്നു.

ഗാഢമായ നിശ്ശബ്ദതയില്‍ എന്റെ മനസ്സ് കരയുമ്പോഴും ഒരു കോണില്‍ അവളുടെ നേര്‍ത്ത ചിരികള്‍ എനിക്ക് കേള്‍ക്കാം..

എനിക്കൊരു തിരിച്ചുവരവ്...  അതില്ല. പുതിയ ലോകത്ത് എന്റെയീ എളിയ വിരൂപതയില്‍ ഞാന്‍ സന്തുഷ്ടനാണ്.. അതില്‍ ഞാന്‍ ആനന്ദം കണ്ടത്തുന്നു.. 

നിഴലുപറ്റി ഞാനും നീയും.

മൗനത്തിലുറങ്ങുന്ന പ്രണയത്തിന്‍റെ പക്ഷികള്‍ കാണുന്ന സ്വപ്നങ്ങളുണ്ട്‍. അതിലെന്നും ഋതുക്കളുടെ പിറകെയായി വരുന്ന മനസ്സിന്‍റെ നൊമ്പരങ്ങളുമുണ്ട്‍. അതിനിടയില്‍ സ്വപ്നങ്ങളുടെ നിഴലുപറ്റി ഞാനും നീയുമുണ്ട്.

നിരാലംബമായ സ്വപ്നങ്ങളെ കൂട്ടുപിടിച്ച് നീയെന്‍റെ മനസ്സിനെ പ്രണയത്തിന്‍റെ സങ്കീര്‍ണ്ണതകളിലേക്ക് കൂട്ടിക്കൊണ്ടുപോവും. വഴിതെറ്റിയ കുട്ടിയെപ്പോലെ ഞാനവിടെ പക്ഷികളുടെ സ്വപ്നങ്ങളെ തിരയുന്ന നേരം അതിനുള്ളിലെവിടെയോ തേങ്ങുന്ന നിന്‍റെ സ്വപ്‌നങ്ങങ്ങളെ നീ കാണിച്ചു തന്നു‍.

നീ തടങ്കലിലിട്ട നിന്‍റെ പ്രണയ സ്വപ്‌നങ്ങളെ.